വരിക്കാശ്ശേരിയിലെ മംഗലശ്ശേരി കാണാം

വരിക്കാശ്ശേരിയിലെ മംഗലശ്ശേരി കാണാം
05 Apr 2023

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനു സമീപം മനിശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന വരിക്കാശ്ശേരി മന പ്രസിദ്ധമാണ്. ഞാനിപ്പോൾ ഈ മനയിലുണ്ട്. ഭാരതപ്പുഴയുടെ തീരത്താണ് ഈ ഭാരതീയ ശില്പം സ്ഥിതി ചെയ്യുന്നത് എന്നതും പ്രസിദ്ധം തന്നെ. കേരളത്തിൽ ഒരുപാട് ഇത്തരം നിർമ്മിതികളൊക്കെ ഉണ്ടെങ്കിലും വരിക്കാശ്ശേരി മന അറിയപ്പെടുന്നത് മലയാള സിനിമയുടെ ഔദാര്യത്തിന്മേലാണ്. ഇത് സത്യത്തിൽ മലയാളിയുടെ കാഴ്ചപ്പാടിന്റെ ഒരു ദുരന്തമാണ്. കാരണം ഈ മന അല്ലാതെ തന്നെ അറിയപ്പെടാവുന്നതും അറിയപ്പെടേണ്ടതുമാണ്. അതുതന്നെയാണ് വരിക്കാശ്ശേരി മനയുടെ സവിശേഷതയും. വീഡിയോ കാണാൻ

പാലക്കാട് നിന്നും 35 കിലോമീറ്റർ ദൂരമുണ്ട് വരിക്കാശ്ശേരി മനയിലേക്ക്‌. തൃശ്ശൂരിൽ നിന്നെങ്കിൽ 43 കിലോമീറ്ററും. ഒറ്റപ്പാലം കഴിഞ്ഞ് ഷൊർണൂർ ഭാഗത്തേക്ക് അൽപ്പം കൂടി മുന്നോട്ടുപോയാൽ മനിശ്ശേരിയിലെത്തും. അവിടെ നിന്നും ഇടത്തോട്ടൊരു  ചെറുറോഡുണ്ട്. ഈ റോഡിലൂടെ ഏതാണ്ട് ഒരു കിലോമീറ്റർ പോയാൽ വലതുവശത്ത് കാണാം വരിക്കാശ്ശേരി മന. ഇടതുവശത്തായി വാഹനങ്ങൾ പാർക്ക് ചെയ്യാം.

എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് ഇവിടെ സന്ദർശകർക്ക് പ്രവേശനമുള്ളത്. സിനിമാ ഷൂട്ടിങ്ങ് ഉള്ള ദിവസങ്ങളിൽ പ്രവേശനം അനുവദിക്കുന്നതല്ല. ഇത് സഞ്ചാരികൾക്ക് ഒരു പാരയാണ്. അതുകൊണ്ട് നേരത്തെ തന്നെ മനയിൽ ഷൂട്ടിങ്ങില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം വേണം വരിക്കാശ്ശേരി മനയിലേക്ക് യാത്ര തിരിക്കാൻ. അല്ലെങ്കിൽ സഞ്ചാരികൾക്ക് നിരാശപ്പെടേണ്ടിവരും.

വരിക്കുളഞ്ചേരി എന്നത് ലോപിച്ചാണത്രെ വരിക്കാശ്ശേരി ഉണ്ടായത്. കോഴിക്കോട് സാമൂതിരിയോട് കൂറ് പുലർത്തിയ ഒരു ബ്രാഹ്മണ കുടംബമായിരുന്നു ഈ മനകുടുംബമെന്ന് പഴമക്കാർ പറയുന്നു. ഈ മനയുടെ യഥാർത്ഥ അധികാരി കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നൊരു കലാസഹൃദയനായിരുന്നു. വാസ്തുവിദ്യയോട് അപാരവും പുരോഗമനപരവുമായ ആദരവും ആസക്തിയുമുണ്ടായിരുന്ന നമ്പൂതിരിപ്പാടിനെ ശില്പിതമ്പുരാൻ എന്നത്രെ ഈ പ്രദേശത്തുകാർ വിളിച്ചുപോന്നിരുന്നത്.

നൂറ്റാണ്ടുകൾക്കു മുൻപ് കലക്കകണ്ടത്തൂർ കുടുംബത്തിന് സാമൂതിരി സമ്മാനമായി നൽകിയ സ്ഥലത്താണ് ഈ മന നിലകൊള്ളുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരിക്കണം ഈ കുടുംബം ഇന്നിവിടെ കാണുന്ന വരിക്കാശ്ശേരി വിശേഷണത്തോടുകൂടിയുള്ള ഈ മന നിർമ്മിക്കുന്നത്.

6 ഏക്കറിൽ നിറഞ്ഞുവിലസുന്ന ഈ മന നിൽക്കുന്ന സ്ഥലത്തിന് ഏകദേശം 300 വർഷത്തെ പഴക്കമുണ്ടെന്നും പറയപ്പെടുന്നു. മൂന്നു നിലകളുള്ള ഈ മനക്ക് കേരളീയ വാസ്തുവിദ്യാ സങ്കേതമായ നാലുകെട്ട് ശീലാണ് പ്രഥമദൃഷ്ട്യ അനുഭവപ്പെടുന്നതെങ്കിലും ഈ നിർമ്മിതിക്ക് പാശ്ചാത്യ വാസ്തുവിദ്യാ സങ്കേതമായ വിക്ടോറിയൻ ശിലിന്റെ പകർന്നാട്ടവും പ്രകടമാണ്. ഇത്തരത്തിലൊരു പകർന്നാട്ടത്തിന് കാരണം,  ഈ മനയുടെ പ്രധാന ശില്പസംവിധായകനായ കൃഷ്ണൻ നമ്പൂതിരിപ്പാടിനുണ്ടായ പാശ്ചാത്യദർശനമായിരിക്കണം. കൃഷ്ണൻ നമ്പൂതിരിപ്പാടിന് അക്കാലത്ത് മദിരാശിയിൽ നിന്നുള്ള ഫൈൻ ആർട്സ് പരിജ്ഞാനമുണ്ടായിരുന്നുവത്രെ.

ചെങ്കല്ലിൽ നിർമ്മിച്ച ഓട് മേഞ്ഞ ഈ നാലുകെട്ടിന് കൂടുതലും ഭാരതീയത വിളിച്ചോതുന്ന 74 മുറികളുണ്ട്. രണ്ടു പത്തായപ്പുരകൾ, കളപ്പുര, വിശാലമായ പൂമുഖം, കുളം, പടിപ്പുര മാളിക തുടങ്ങിയവ ഈ മനയുടെ മാറ്റ് കൂട്ടുന്നു. സിനിമാക്കാരുടെയും മറ്റു കച്ചവട ദൃശ്യമാധ്യമക്കാരുടേയും കടന്നുകയറ്റം കൊണ്ട് ഈ ഭാരതീയ ശില്പത്തിന് അല്പം മങ്ങലേറ്റിട്ടുണ്ടെങ്കിലും ഒരുപരിധി വരെ ഈ മന ഇന്നും സംരക്ഷിച്ചുപോരുന്നു. ഒറ്റപ്പാലത്തെ അറിയപ്പെടുന്ന ആനപ്രേമിയും ആനയുടമയുമായ വി. ഹരിദാസാണ് മനയുടെ ഉടമസ്ഥൻ. ഒരു ട്രസ്റ്റിന്റെ കീഴിലാണ് മനയുടെ സംരക്ഷണവും, നടത്തിപ്പും നടന്നുപോരുന്നത്. വരിക്കാശ്ശേരി മനകുടുംബക്കാർക്ക് ട്രസ്റ്റിൽ അർഹമായ സ്ഥാനവും, നിശ്ചിത പങ്കാളിത്തവും കൊടുത്തിട്ടുണ്ട്.

രാജകീയ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന മൂന്നുനിലകളോടുകൂടിയ നാലുകെട്ട് തന്നെയാണ് വരിക്കാശ്ശേരി മനയുടെ പ്രധാന ആകർഷണം. ബാഹ്യമായ ഭാരതീയ വാസ്തുശില്പ ചാരുതയേക്കാൾ ചോതോഹരമാണ് ഈ നാലുകെട്ടിന്റെ ഉൾക്കാഴ്ചകൾ. സ്ഥായിയായ കുളിരേകുന്ന ശില്പാന്തരീക്ഷമാണ് ഈ മന മുഴുവനും. മൂന്നു നിലകളിലായുള്ള വിശാലമായ മുറികളിലും നടുമുറ്റത്തും അകത്തളങ്ങളിലും പണ്ടെങ്ങോ അനുഗ്രഹീതരായ വാസ്തുശില്പികളുടെ ഉളികളിൽ നിന്ന് ഉതിർന്നുവീണ കൊത്തുപണികൾ തൂണുകളിലും മേലാപ്പുകളിലും ചുമരുകളിലുമിരുന്ന് നമ്മോട് ഭൂതകാല ചരിത്രം പറഞ്ഞുകൊണ്ടിരിക്കും.

വരിക്കാശ്ശേരി പടിയും കടന്ന് നാം ആദ്യം കാണുന്നത് ഈ  പ്രധാന നാലുകെട്ടാണ്. നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള ഈ മന, ഉത്തമ വാസ്തുശാസ്ത്രത്തിന്റെ കിഴക്കോട്ട് ദർശനം എന്ന ക്ലീഷേയോ കണക്കോ തെറ്റിച്ചുകൊണ്ട് പടിഞ്ഞാട്ട് ദർശനം കാഴ്ചവക്കുന്നു. ഈ നാലുകെട്ടിന്റെ പ്രധാന കമാനവും പൂമുഖവും പടിഞ്ഞാട്ടേക്ക് തുറന്നുവച്ചിരിക്കുന്നു.

ഈ പൂമുഖത്താണ് മംഗലശ്ശേരി നീലകണ്ഠൻ ചാരുകസേരയിൽ സിംഹഗർജ്ജനം നടത്തിയത്. ഇതേ പൂമുഖത്തും പടിഞ്ഞാറ്റിനിയിലുമായാണ് നീലകണ്ഠൻ മുറിവേറ്റ് വീണതും, സ്നേഹനിധിയായ വാര്യർ നീലകണ്ഠനെ ആശ്വസിപ്പിച്ചതും, മുറിവുകളുണക്കിയതും. ഈ പൂമുഖം സാക്ഷിനിർത്തിയാണ് നീലകണ്ഠൻ പ്രായശ്ചിത്തം കൊണ്ട് മഹത്വപൂർണ്ണനായതും.

ഈ പൂമുഖത്തുതന്നെയാണ് പ്രതികാര ദുർഗ്ഗയെ ഉള്ളിലൊതുക്കി ഭാനുമതി ചിലങ്കകൾ അണിഞ്ഞതും അഴിച്ചുമാറ്റിയതും ആടിത്തിമിർത്തതും, ആട്ടം നിർത്തിയതും. ഈ ഗോവണിപ്പടികൾക്ക് താഴെ എപ്പോഴോ ആണ് നീലകണ്ഠനും ഭാനമതിയും ഹൃദയാലിംഘനം കൊണ്ട് ഈ നാലുകെട്ടിനെ നാണിപ്പിച്ചതും കോരിത്തരിപ്പിച്ചതും നൊമ്പരപ്പെടുത്തിയതും. ഇതൊക്കെ സിനിമാക്കഥ. ഈ സിനിമാകഥകളുടെ അസുഖകരമായ തനിയാവർത്തനം തീർക്കാൻ ഇവിടെ ഇപ്പോഴും ന്യൂജെൻ നീലകണ്ഠന്മാരും ഭാനുമതിമാരും എത്താറുണ്ട്. അവരെയൊക്കെ വരിക്കാശ്ശേരി മനയിലെ കാര്യസ്ഥർ യഥാസമയം തന്നെ ആട്ടിപ്പായിക്കുന്നുമുണ്ട്.

ഇവിടെ ഈ പടിഞ്ഞാറ്റിനിയിലാണ് പണ്ടുപണ്ടൊരു കാലത്ത് വരിക്കാശ്ശേരി മനയിലെ ആഘോഷങ്ങളും ആർഭാടങ്ങളും കൊണ്ടാടിയിരുന്നത്. പിന്നെ ഈ വടക്കിനികോലായിലാണ് ആരൊക്കെയോ അടക്കം പറഞ്ഞതും. ഈ വടക്കിനിയോട് ചേർന്നാണ് വരിക്കാശ്ശേരി ഭക്തരുടെ തേവാരപ്പുര. ഈ തേവാരപ്പുരയിലാണത്രെ പൂജയും ഹോമവുമെല്ലാം നടന്നിരുന്നത്. തേവാരപ്പുരയുടെ പരിശുദ്ധി കണക്കിലെടുത്ത്, സിനിമാ ഷൂട്ടിങ്ങിനൊന്നും ഈ തേവാരപ്പുര കൊടുക്കില്ലെന്നാണ് അറിയാൻ കഴിയുന്നത്. എന്നിരുന്നാലും ഈ ഉമ്മറപ്പടികളിൽ ഇപ്പോൾ നടത്തിപ്പുകാരിൽ ആരോ ചിലർ കുത്താമ്പുള്ളി മുണ്ടും സെറ്റുമുണ്ടും കസവുസാരിയും വില്പനക്ക് വച്ചിട്ടുണ്ട്.

ഈ നടുമുറ്റവും പ്രൌഡഗംഭീരമാണ്. സിനിമക്കുവേണ്ടി ഈ നടുമുറ്റം പല പല രൂപഭാവങ്ങളിലായി ആവിഷ്കരിച്ചിട്ടുണ്ട്. ഇവിടെ ഷൂട്ട് ചെയ്ത സിനിമകളിൽ  അതൊക്കെ നമുക്ക് കാണാം. ആധുനിക വാസ്തുശീലുകളിൽ നാം അഹങ്കാരത്തോടെ പറയുന്ന ക്രോസ് വെന്റിലേഷൻ ഈ ജന്നലുകളിലൂടെയും വാതിലുകളിലൂടെയും അന്ന് സാധ്യമാക്കിയിരുന്നു എന്നത് ആശ്ചര്യകരം തന്നെ.  പുറത്തുനിന്നുള്ള  ഇഴജന്തുക്കളെ തടയാനായി ഈ ജന്നലുകളുടെ താഴെ പടികളിൽ അറക്കവാളിന്റെ മാതൃകയിൽ പിടിപ്പിച്ചിട്ടുള്ള ഈ ഫലകങ്ങൾ അക്കാലത്തെ പെരുന്തച്ഛൻമാരുടെ വാസ്തുമിടുക്ക് വിളിച്ചുപറയുന്നുണ്ട്.

പതിവുപോലെ കിഴക്കുരാശിയിൽ തന്നെയാണ് അടുക്കളയും അനുബന്ധ സംവിധാനങ്ങളും. മനയുടെ ഗരിമ വിളിച്ചോതുന്ന ഈ കിണറും ചക്രത്തുടികളും കിണറ്റിൻകരയും ഈ വേനലിലും കാഴ്ചക്കാർക്ക് കുളിരേകുന്നുണ്ട്. ജലസമൃദ്ധമാണ് ഇന്നും ഈ വരിക്കാശ്ശേരി കിണർ.

തീർത്ഥം എന്ന ചിത്രമാണ് വരിക്കാശ്ശേരി മനയിൽ ആദ്യമായി ചിത്രീകരിച്ചതെങ്കിലും, ദേവാസുരം എന്ന സിനിമയിൽ മോഹൻ ലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠന്റെ തറവാടായ മംഗലശ്ശേരിയാണ് വരിക്കാശ്ശശേരിയെ സിനിമാലോകത്തും പുറംലോകത്തും പ്രശസ്തമാക്കിയത്. പിന്നീട് ആറാം തമ്പുരാൻ, നരസിംഹം, ചന്ദ്രോത്സവം, രാവണപ്രഭു, രാപ്പകൽ, വല്യേട്ടൻ, ബസ് കണ്ടക്ടർ. ദ്രോണ, മാടമ്പി, സിംഹാസനം, മി. ഫ്രോഡ്, സിംഹാസനം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഒട്ടേറെ ചലചിത്രങ്ങൾ.

അപ്പോഴും നീലകണ്ഠനും മംഗലശ്ശേരി തറവാടും വരിക്കാശ്ശേരി മനയിൽ ഒരിക്കലും മരിക്കാത്ത ഓർമ്മചിത്രങ്ങളാവും, ശബ്ദരേഖകളാവും. വരിക്കാശ്ശേരി അനശ്വരമാവും.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *