അഗാത്തിയിലെ നീലാകാശവും നീലജലാശയങ്ങളും

അഗാത്തിയിലെ നീലാകാശവും നീലജലാശയങ്ങളും
11 Jan 2024

കോസ്റ്റ സെറീന ഇങ്ങനെ ഒഴുകുകയാണ്. ഞങ്ങൾക്ക് ഇത് ആദ്യരാത്രിയാണ്. ആ സാഗരമെത്തയിൽ ഞങ്ങൾ അനന്തമായ രതിമൂർച്ചയിൽ അഴിഞ്ഞാടുകയായിരുന്നു. എപ്പോഴൊക്കെയോ ഞങ്ങൾ വീഞ്ഞും പഴച്ചാറുകളും പഴങ്ങളും ആസ്വദിച്ചങ്ങനെ ആലിംഗനബദ്ധരായി രാസലീലകളിൽ കഴിയുകയായിരുന്നു.

പകലിന്റെ വെള്ളിക്കീറുകൾ ഞങ്ങളുടെ നാണം നുണയാനെത്തിത്തുടങ്ങി. കിഴക്ക്, ഉറക്കമൊളിച്ച ചെങ്കണ്ണുമായി സൂര്യൻ ഞങ്ങളെ തുറിച്ചുനോക്കാൻ തുടങ്ങി. കോസ്റ്റ സെറീനയുടെ ആദ്യ പകൽ പിറക്കുയായിരുന്നു.

അങ്ങനെ ഞങ്ങൾ സെൽഫികളിൽ മുഴുകവേ, ദൂരെ ഒരു പച്ചക്കര കാണാനായി. ലക്ഷദ്വീപിന്റെ ലക്ഷണങ്ങൾ വെളിപ്പെട്ടുതുടങ്ങി. കടലിന്റെ ആഴം കുറഞ്ഞുവരുന്നതിനാലാവാം, കടൽ അശാന്തമായിരുന്നു. തിരമാലകൾ കപ്പലിനോട് കുറുമ്പ് കാണിക്കാൻ തുടങ്ങിയിരുന്നു. ദൂരെ ദ്വീപിന്റെ പച്ചക്കര കൂടുതൽ കൂടുതൽ തെളിയാൻ തുടങ്ങി. മറ്റൊരു കേരളക്കര പോലെ ദ്വീപിലെ തെങ്ങിൻതലപ്പുകൾ തലയാട്ടി ഞങ്ങളെ സ്വാഗതം ചെയ്യാൻ തുടങ്ങി. ഇനിയൊരു പകൽ ഞങ്ങൾക്ക് ലക്ഷദ്വീപ് സ്വന്തം. വീഡിയോ കാണാം

കോസ്റ്റ സെറീന ആഴക്കടലിൽ നങ്കൂരമിട്ടു. ഇനി ബോട്ടുകളിൽ വേണം ലക്ഷദ്വീപിന്റെ തീരമണയാൻ. ഇവിടെയിറങ്ങാനും ഞങ്ങളെ ലക്ഷദ്വീപ് തീരത്തിറക്കാനും ഏകദേശം 5000 രൂപ കോസ്റ്റ സെറീനക്ക് കൊടുക്കണം. ഇതൊക്കെയാണ് ഇത്തരം ആഡംബരക്കപ്പലുകളുടെ കച്ചവടരീതി. ലക്ഷദ്വീപിന്റെ അഗാത്തി തീരമിറങ്ങിയാൽ പിന്നെ സ്വന്തം ചെലവിൽ ദ്വീപ് കാണാം.

ഞാൻ കോസ്റ്റ സെറീനക്ക് 5000 രൂപ കൊടുത്തു. കപ്പൽ ഞങ്ങളെ ബോട്ടുകളിലേക്ക് പകർന്നു. അതൊരു വല്ലാത്ത പകരലായിരുന്നു. നല്ല റിസ്ക്കുണ്ടായിരുന്നു, ആ പകർച്ചക്ക്. കടൽ അന്നേരം അത്രക്കും പ്രക്ഷുബ്ദമായിരുന്നു. ബോട്ട് തിരമാലകളിൽ ഭയങ്കരമായി ഊയലാടി.  ഇനി ഏകദേശം 15 മിനിറ്റ് ഈ ബോട്ടുകളിൽ സാഹസിക കടൽസവാരി അനുഭവിക്കണം, ലക്ഷദ്വീപ് തീരത്തെത്താൻ.

ബോട്ടുകൾ ഒന്നൊന്നായി ലക്ഷദ്വീപിന്റെ അഴിമുഖത്തെത്തി. അവിടെ കപ്പലധികൃതർ ഒരുക്കിയ വർണ്ണാഭമായ ടെന്റുകൾ കാണാമായിരുന്നു. അവിടെനിന്ന് സ്വാഗതപാനീയവും നുണഞ്ഞ് കപ്പലധികൃതർ ഏർപ്പാട് ചെയ്ത ടാക്സി കാറുകളിൽ അഗാത്തി ദ്വീപിലെത്താം. അവിടെ ദ്വീപോരങ്ങളിൽ ഏതാണ്ട് വൈകും വരെ, അഗാത്തിയിലെ ആഹ്ളാദത്തിൽ ആറാടാം. അഗാത്തിയിലെ മറ്റുദ്വീപോരങ്ങൾ കാണേണ്ടവർക്ക് സ്വന്തം ചെലവിൽ കറങ്ങാം. അല്ലാത്തവർക്ക് ആറാട്ടം അഗാത്തിയിലെ ഇപ്പോഴുള്ള തീരത്ത് അവസാനിപ്പിക്കാം.

ഞാൻ എനിക്കായി ഏർപ്പാട് ചെയ്ത ടാക്സിയിൽ കയറി. ഒപ്പം ജോർജ്ജേട്ടനുമുണ്ടായിരുന്നു. ടാക്സിയുടെ മുൻസീറ്റ് ഞാൻ പിടിച്ചെടുത്തു. യാത്രയിൽ ഞാൻ ഇമ്മാതിരി കുറുമ്പൊക്കെ കാണിക്കും. കാരണം, എനിക്ക് ക്യാമറ വക്കാനും ഷൂട്ട് ചെയ്യാനും ഇത്തരം കുറുമ്പുകൾ കാണിച്ചേ മതിയാവൂ. മിക്കവാറും സഞ്ചാരികൾ എന്റെ ഈ കുറുമ്പ് പൊറുക്കാറുണ്ട്. എങ്കിലും അപൂർവ്വമായി ചില സൌഹൃദകലഹങ്ങൾ ചിലേടങ്ങളിലൊക്കെ ഉണ്ടായിട്ടുണ്ട്.

ടാക്സി അക്ഷരാർത്ഥത്തിൽ ദ്വീപിന്റെ തെങ്ങിൻ തോപ്പുകളിലൂടെ ഒരു കുളിർതെന്നലായി ഓടിക്കളിച്ചു. എനിക്ക് എന്റെ കുട്ടിക്കാലത്തെ കേരളം ഓർമ്മ വന്നു. അന്നൊക്കെ തെങ്ങിൻ തോപ്പുകളുണ്ടായിരുന്നു. ഇപ്പോഴില്ല. ഇപ്പോൾ തെങ്ങ് കാണണമെങ്കിൽ ലക്ഷദ്വീപിൽ തന്നെ വരണം. ഇതൊന്നും ഞാൻ വെറുതെ പറയുന്നതല്ല. പണ്ട്, ഏകദേശം നാല് പതിറ്റാണ്ട് മുമ്പ് കേരളത്തിലെ കയർ ബോഡിന് വേണ്ടി ഞാൻ ഒരു ഡോക്യുമെന്ററി എടുത്തിരുന്നു. അക്കാലത്ത് നല്ല തെങ്ങിൻ തോപ്പുകളുടെ ദൃശ്യങ്ങൾ പകർത്താനായി ഞാനും എന്റെ സംഘവും പൊള്ളാച്ചി വരെ പോകേണ്ടിവന്നു, നല്ല കേരള ദൃശ്യം പകർത്താൻ. ഇന്നാണെങ്കിൽ ഇവിടെത്തന്നെ വരേണ്ടിവരും. അത്രക്കും അനീതി കാണിച്ചുതുടങ്ങി മലയാളികൾ സ്വന്തം മലയാളനാടിനോട്.

ലക്ഷദ്വീപിലെ റോഡുകൾ മികച്ചതായിരുന്നു. അതുകൊണ്ടുതന്നെ യാത്രാസുഖവും മികച്ചതുതന്നെ. യാത്രകളിൽ മുൻസീറ്റ് പിടിച്ചെടുക്കുന്നതിൽ രണ്ട് ഗുണങ്ങളുണ്ട്. ഷൂട്ടിങ്ങിനുള്ള സൌകര്യം തന്നെ പ്രഥമം. പിന്നെ ഡ്രൈവറുമായുള്ള ചങ്ങാത്തത്തിലൂടെ ആ ഭൂസ്ഥലിയുടെ ഒരു ഏകദേശ ചിത്രവം ചരിത്രവും ചോദിച്ചറിയാം.

ഞാൻ ഈ ഡ്രൈവറുമായും ചങ്ങാത്തത്തിലായി. ഇവന് ഇംഗ്ലീഷുമറിയാം. അവൻ എനിക്ക് ലക്ഷദ്വീപിന്റെ കഥകൾ പറഞ്ഞുതരാൻ തുടങ്ങി. ഗൂഗിളിനപ്പുറം ഭൂസ്ഥലികളുടെ ചരിത്രം ഞാൻ സ്വന്തമാക്കുക ഇത്തരത്തിലാണ്. ദ്വീപ് ഞങ്ങൾ ആർക്കും വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് അവൻ കൂടെക്കൂടെ എന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഞാൻ ഒരു യൂട്യൂബറാണെന്ന് അവൻ മനസ്സിലാക്കിയിരിക്കണം. 

തെങ്ങും തണലും മണലും മണപ്പുറങ്ങളും നീലജലാശയങ്ങളും അപൂർവ്വമായി കാണുന്ന തീരെ പരിഷ്കൃതരല്ലാത്ത പച്ചമനുഷ്യരും കൂടി അവിടമൊരു ചെമ്മീൻ സിനിമയുടെ പരിസരമൊരുക്കിയിരുന്നു. ടാക്സി അഗാത്തിയെത്തി. ഞങ്ങളിറങ്ങി. അഗാത്തിയുടെ സംഗീതം ആ നീലജലാശയത്തിലെ കുഞ്ഞോളങ്ങളായി. ഇനി അഗാത്തിയുടെ അകത്തളങ്ങളിലേക്ക്.

ഇന്ത്യയുടെ തെക്കുപടിഞ്ഞാറു തീരത്തുനിന്ന് അതായത് കേരളത്തിലെ കോഴിക്കോട് നിന്ന് ഏകദേശം 400 കിലോമീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന ഒരു ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. ലക്ഷം ദ്വീപുകൾ എന്നൊക്കെയുള്ള ധ്വനിയുണ്ടെങ്കിലും, ഇവിടെ ആകെ 36 ദ്വീപുകളാണുള്ളത്. ഏതോ ദ്വീപുകൾ എപ്പോഴോ കടലെടുത്തതായും പറയപ്പെടുന്നു. അവശേഷിക്കുന്ന ദ്വീപുകളിൽ തന്നെ, ജനവാസമുള്ളത് ഏകദേശം പത്തോ പതിനൊന്നോ വരും.  അവയിങ്ങനെ- അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കൽപേനി, കിൽത്താൻ, മിനിക്കോയ്.

ഇപ്പോൾ ഞാനുള്ളത് അഗത്തിയിലാണ്. മറ്റു ദ്വീപുകൾ വിസ്തരിച്ച് കാണാൻ ഇപ്പോൾ നിവർത്തിയില്ല. കാരണം, ഈ കാഴ്ചകൾ കോസ്റ്റ സെറീനയുടെ ഔദാര്യക്കാഴ്ചയാണ്. എന്നിരുന്നാലും ഒരു ഓട്ടോറിക്ഷയിൽ കറങ്ങി ഞാൻ കുറേ വീഡിയോകൾ നിങ്ങൾക്കുവേണ്ടി ചിത്രീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ വച്ച് ഏറ്റവും വിസ്തൃതി കുറഞ്ഞ ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. കേവലം 32 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ ദ്വീപ് സമൂഹത്തിന്റെ വിസ്തൃതി. 1956-ൽ രൂപീകൃതമായി. 1973-ൽ ലക്ഷദ്വീപെന്ന് പേരുവിളിച്ചു. ജനസംഖ്യ ഏകദേശം 65000. 90 ശതമാനവും ഇസ്ലാം മതവിശ്വാസികളാണ്. 10 ശതമാനം ഇവിടെ ജോലിക്കും മറ്റുമായി വന്നുചേർന്ന മറ്റു മതസ്ഥരും. അറബിയും മലയാളവും കൂടിക്കലർന്ന ജസരിയാണ് ഇവിടുത്തെ ഭാഷ. പൊതുവെ പറഞ്ഞാൽ മലയാള ഭാഷ തന്നെ.

ആറാം നൂറ്റാണ്ടിൽ ബുദ്ധിസത്തിന് വേരോട്ടമുണ്ടായിരുന്ന ഇവിടം ഏഴാം നൂറ്റണ്ടോടെ ഇസ്ലാം പച്ചപിടിക്കുകയായിരുന്നു. ചേര-ചോള രാജാക്കന്മാർ വാണിരുന്ന ഇവിടം പോർച്ചുഗീസുകാർ കയ്യടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അക്കാലത്തെ കണ്ണൂർ രാജവംശത്തിലെ ചിറക്കൽ-കോലത്തിരി രാജാക്കന്മാരാണ് പോർച്ചഗീസുകാരെ ഈ ദ്വീപിൽ നിന്ന് തുരത്തിയത്. ഇത്രയും ഏകദേശ ചരിത്രം.

ഇവിടം നിറയേ തെളിമയാർന്ന നീലജലാശയങ്ങളാണ്. തെങ്ങുകൃഷിയും മത്സ്യബന്ധനവുമാണ് ഇവിടുത്തെ ജനങ്ങളുടെ ഉപജീവനമാർഗ്ഗം. ടൂറിസത്തിന്റെ സാധ്യതകൾ വന്നതോടെ റിസോർട്ടുകളും ഹോം സ്റ്റേകളും പടർന്ന് പന്തിലിച്ചിട്ടുണ്ട്. ഈ ദ്വീപിലൂടെ യാത്ര ചെയ്യുമ്പോൾ മനസ്സിലാവുന്ന ഒരു വസ്തുതയുണ്ട്, വേണ്ടത്ര അടിസ്ഥാന വികസനങ്ങൾ ഇനിയും ഈ ദ്വീപ് സമൂഹത്തിന് കൈവന്നിട്ടില്ല. ഇന്ത്യൻ പ്രസിഡന്റ് നിയമിച്ചിട്ടുള്ള ഒരു അഡ്മിനിസ്ട്രേറ്ററാണ് ഈ ദ്വീപ് സമൂഹത്തിന്റെ ഭരണാധിപൻ. ഈ ദ്വീപിന്റെ സംസ്കൃതിയിലും പ്രകൃത്യാലുള്ള സമ്പത്തിലും കൈ കടത്താൻ ദ്വീപുകാർ അനുവദിക്കുന്നില്ലെന്നതും ഒരു വസ്തുതയാണ്, സത്യമാണ്. ഇവിടെവിടെയോ ഉടക്കിയതായിരിക്കണം ഈ ദ്വീപ് സമൂഹത്തിന്റെ വികസന അജണ്ടകൾ എന്നും പറയേണ്ടിവരുന്നു,

ഈ ദ്വീപിലേക്ക് കാലുകുത്തിയാൽ പിന്നെ നമ്മുടെ കാതുകളിൽ ലയിച്ചുചേരുന്ന ഒരു സംഗീതമുണ്ട്. ചെറാവ് നൃത്തസംഗീതമാണത്. കാര്യമായ സംഗീതോപകരണങ്ങളൊന്നുമില്ല, ഒരു ഇലത്താളം മാത്രമുണ്ടാവും. പിന്നെ ശുദ്ധമലയാളത്തിലുള്ള ഒരു നാടൻ പാട്ടും.

സത്യത്തിൽ ഈ നൃത്തരൂപം ലക്ഷദ്വീപിന്റേതെന്ന് പറയുക വയ്യ. ഇത് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള ഒരു നൃത്തരൂപമാണ്. ഈ നൃത്തത്തിന്റെ മാതൃഭൂമി മിസോറം ആണ്. ആറോ എട്ടോ പേർ കാണും ഈ നൃത്തസംഘത്തിൽ. ഇവർക്ക്, മഞ്ഞയും പച്ചയും ചേർത്തുവച്ച, ഡ്രസ്സ് കോഡ് നിർബന്ധമാണ്.

ഇവിടെ ഇലത്താളക്കാരനടക്കം പത്തുപേരുണ്ട്. ആറുപേർ താഴെയിരുന്നുകൊണ്ട് അവരുടെ കയ്യിലെ മുളംകമ്പുകൾ ഒരു പ്രത്യേകതാളക്രമത്തിൽ ചലിപ്പിക്കന്നു. ആ ചലനഗതിക്കനുസരിച്ച് മുന്നുപേർ ആ മുളംകമ്പുകൾക്കിടയിലൂടെ നൃത്തം ചവിട്ടുന്നു. ഒപ്പം ഇലത്താളത്തിന്റെ അകമ്പടിയോടെ നാടൻപാട്ടും.

സഞ്ചാരികളിൽ ചിലർ ഇവർക്കൊപ്പം നൃത്തം ചെയ്യാൻ ശ്രമിക്കുന്നത് കാണാം. നർത്തകന്മാർ ക്ഷമയോടെ വാത്സല്യത്തോടെ സഞ്ചാരികളെ നൃത്തം പരിശീലിപ്പിക്കുന്നതും കാണാം.

നിറയെ സായ്പന്മാരും മദാമമാരും വിലസുന്ന ഈ സ്വച്ഛതീരങ്ങൾ ഗോവൻ തീരങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്. ഇവിടുത്തെ ടെന്റുകളിൽ ദ്വീപിന്റെ രസക്കൂട്ടകളും കൌതുകവസ്തുക്കളും കാണാം. പക്ഷേ, താരം ദ്വീപിലെ കേരം തന്നെ.

സാക്ഷാൽ നാളികേരത്തിന്റെ നാട് കേരളമല്ല, ഈ ദ്വീപാണെന്ന് നമുക്ക് പറയേണ്ടിവരും, ഇവിടെയെത്തുമ്പോൾ. ഈ ദ്വീപിന്റെ ഇളനീരിന് അത്രമാത്രം സ്വാദുണ്ട്. നമ്മുടെ നാട്ടിൽ ഇപ്പോൾ കൌതുകവസ്തുവായി വാഴ്ത്തിക്കൊണ്ടിരിക്കുന്ന ഫ്ലോട്ടിങ്ങ് ബ്രിഡ്ജുകൾ ഇവിടെ സുലഭമാണ്. ഗോവൻ തീരങ്ങളിൽ നാം കാണുന്ന ഒട്ടുമിക്കവാറും ജലകേളികൾ ഇവിടേയും കാണാം. ഒരുകാലത്ത് സായ്പന്മാരും മദാമമാരും കുത്തകയാക്കിക്കൊണ്ടുനടന്ന ആ ജലകേളികൾ ഇന്ന് എല്ലാവരും ആഘോഷമാക്കുന്നുണ്ട്.

തെങ്ങോലകളുടെ നേർത്ത സംഗീതത്തിൽ ഈ ദ്വീപിലെ തണുത്ത പൂഴിയും നീലജലാശയങ്ങളിലെ കുഞ്ഞോളങ്ങളും പൂഞ്ചിറകുവിടർത്തുന്നത് കാണാം, കേൾക്കാം.

ഞാൻ അഗാത്തിയിൽ നിന്ന് ഒരു ഓട്ടോറിക്ഷ വാടകക്കെടുത്താണ് കറങ്ങുന്നത്. അഗാത്തി മൂന്നുമണിക്കൂർ കറക്കിക്കാണിക്കാൻ ഓട്ടോക്കാർ വാങ്ങുന്നത് 800 രൂപയാണ്. കോസ്റ്റ സെറീന കപ്പലധികൃതർ അവിടെയിറങ്ങാൻ സഞ്ചാരികളിൽ നിന്ന് വസൂലാക്കിയ 5000 രൂപയേ അപേക്ഷിച്ച്, ഓട്ടോക്കാർ വസൂലാക്കുന്ന 800 രൂപ അത്രക്ക് കൂടുതലല്ലെന്ന് പറയേണ്ടിവരും.

അഗാത്തിയിലെ തീരങ്ങളിൽ നിന്ന് തീരങ്ങളിലേക്ക് ഓട്ടോറിക്ഷ ഓടിക്കൊണ്ടിരുന്നു. എല്ലാ തീരങ്ങൾക്കും ഒരേയൊരഴക്. നീലജലാശയങ്ങൾക്ക് നേർത്ത സിൽക്കഴക്. ആ അഴകിന്റെ ഒഴുക്കിനൊപ്പം സഞ്ചാരികളുടെ മൊബൈൽ ക്യാമറകൾ സെൽഫികളായൊഴുകി. സായ്പന്മാരും മദാമമാരും സിൽക്ക് ശില്പങ്ങലെപോലെ ആ തീരങ്ങൾക്ക് ചന്തം കൂട്ടി.

ഇവരെ കണ്ടുവോ, നേരത്തെ എന്റെ ക്യാമറക്കുമുന്നിൽ നൃത്തം വച്ച സൂറയും ആൾഡേലും കൂട്ടരുമാണ്. അവർ, അഗാത്തിയിലെ തീരങ്ങളെ കോരിത്തരിപ്പിക്കുന്നത് കാണാം.

മുടിയേറ്റ് കളിക്കുന്ന തെങ്ങുകളുടെ ഛായാതലങ്ങളിലൂടെ എന്റെ ഓട്ടോ ഓടിക്കൊണ്ടിരുന്നു. ഓരങ്ങളിൽ നീലാകാശവും നീലജലാശയങ്ങളും സ്ഥലജലവിഭ്രാന്തി വിതറിക്കൊണ്ടിരുന്നു. അഗാത്തിയുടെ അടരുകളിലൂടെ ഞങ്ങൾ പാറിപ്പറന്നു. വഴിയോരങ്ങളിലെ റിസോർട്ടുകളും ഹോം സ്റ്റേകളും എന്നെ വല്ലാതെ കൊതിപ്പിച്ചിരുന്നു.

നാളികേരത്തിന്റെ സാക്ഷാൽ നാട്ടിലെ നാലുകോലോലപ്പുരകൾ എന്നെ ശരിക്കും വിസ്മയിപ്പിച്ചു. കേരളമല്ല, നാളികേരത്തിന്റെ സാക്ഷാൽ നാടെന്ന ഒരു തിരിച്ചറിവ് എന്നെ വല്ലാതെ നാണം കെടുത്തി, ഈ അഗാത്തിയിൽ.

ഈ റിസോർട്ടുകളാണ് ഇവിടുത്തെ വിലകൂടിയ റിസോർട്ടുകൾ. ഇവിടെ ദിവസവാടക പതിനായിരങ്ങൾ വരും.

ആ ട്രൌസറിട്ട് പോകുന്നത് ജോർജ്ജേട്ടനാണ്. ട്രൌസർ ജോർജ്ജേട്ടനോട് പിണങ്ങിയ മട്ടുണ്ട്. ഒപ്പം നടക്കുന്നത് അഗാത്തിക്കാരനാണ്, ദ്വീപുകാരുടെ ശബ്ദമായ ഐഷ സുൽത്താനയുടെ അനുജനാണ്.

അങ്ങകലെനിന്ന് ഏതോ റിസോർട്ടിൽ നിന്ന് സംഗീതമൊഴുകുന്നുണ്ട്. ഈ കുടിലുകൾ വലം വച്ചുചെന്നപ്പോൾ അവിടെ കണ്ടുമുട്ടിയവരും കോസ്റ്റ സെറീനയിലെ സഞ്ചാരികൾ തന്നെ.

ജോർജ്ജേട്ടനും വേണ്ടേ, ഒരു ഉഷാറൊക്കെ. കൂളിങ്ങ് ഗ്ലാസ്സും മുട്ടിറക്കമുള്ള ട്രൌസിറുമിട്ട ജോർജ്ജേട്ടൻ ആഘോഷിക്കുകയാണ്.

അഗാത്തി, സമയ പരിമിതിക്കുള്ളിൽ കണ്ടുതീർത്തു. ഇനി തിരിച്ച് കപ്പലിലേക്ക്. കോസ്റ്റ സെറീനക്കാർ സഞ്ചാരികൾക്ക് വീണ്ടും ലഘുപാനീയം വിളമ്പി. കപ്പലിലേക്കുള്ള ബോട്ടുകൾ ഓന്നൊന്നായെത്തി. സഞ്ചാരികൾ കപ്പലിലേക്ക് യാത്രയായി. ദൂരെ ആഴക്കടലിൽ കോസ്റ്റ സെറീന സഞ്ചാരികളെ കാത്തുകിടന്നു. അഗാത്തിയോട് യാത്രപറഞ്ഞ് സഞ്ചാരികൾ. ഇനി മുംബൈ തീരത്തിലേക്ക്.

Share

admin

Leave a Reply

Your email address will not be published. Required fields are marked *