ലഡാക്ക്, ഭാരതീയൻറെ ഗർഭപാത്രം

ലഡാക്ക്, ഭാരതീയൻറെ ഗർഭപാത്രം
09 Aug 2023

ലഡാക്കിൽ ലാൻഡ് ചെയ്താൽ പിന്നെ ആദ്യം അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതിങ്ങനെ-ഇവിടെ പ്രാണവായു അതായത് ഓക്സിജൻ നന്നേ കുറവാണ്. അതേസമയം ഇവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞാൽ പിന്നെ കുറഞ്ഞ ഓക്സിജനിൽ നമുക്ക് ജീവിച്ചുപോകാം. ആ കാലാവസ്ഥാ പൊരുത്തപ്പെടലിനെയാണ് അക്ലമറ്റൈസേഷൻ എന്ന് പറയുന്നത്. അതായത് ലഡാക്കിൽ എത്തി താമസം തുടങ്ങിയാൽ രണ്ടുദിവസം യാത്രകൾ പാടില്ല. പകരം, താമസസ്ഥലത്തിൻറെ പരിസരപ്രദേശങ്ങളിൽ സാവധാനം നടന്നുനടന്ന് ലഡാക്കിൻറെ കാലാവസ്ഥയുമായി നമ്മൾ പൊരുത്തപ്പെടണം.

അങ്ങനെ പൊരുത്തപ്പെട്ടുകഴിഞ്ഞാൽ നാം ആദ്യം അനുഭവിക്കേണ്ടത് ഹിമശൃംഗങ്ങളല്ല, ആപ്രിക്കോട്ട് പഴങ്ങളുടെ പുളിയും മധുരവുമല്ല, മോട്ടോർ വാഹനങ്ങളിലൂടെയുള്ള സാഹസിക പ്രകടനങ്ങളുമല്ല, മറിച്ച്, ഓരോ ഭാരതീയൻറേയും തലച്ചോറിൽ ഭാരതീയതയുടെ ചുടുരക്തമോടിക്കലാവണം. ഓരോ ഭാരതീയനേയും അടങ്ങാത്ത, ഒടുങ്ങാത്ത ദേശീയതയിൽ ജ്ഞാനസ്നാനം ചെയ്യിക്കലാവണം. അങ്ങനെ നോക്കുമ്പോൾ ലഡാക്കിൽ നാം കാണേണ്ടവയിൽ പ്രഥമഗണനീയമാണ് ഹാൾ ഓഫ് ഫെയിം അഥവാ കീർത്തിയുടെ അകത്തളം. വീഡിയോ കാണാം

ഭാരതത്തിൻറെ യുവത കാണണം ലഡാക്കിലെ ഈ അകത്തളം. ഇവിടെ സ്ഥാപിച്ചിട്ടുള്ള ബുദ്ധശില്പത്തിൽ കൊത്തിവച്ചത് കേൾക്കണം ഈ യുവത. അതിങ്ങനെ-ആയിരം യുദ്ധങ്ങൾ ജയിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ് നിങ്ങൾ നിങ്ങളെ ജയിക്കുമ്പോൾ നേടുന്നത്. ആ ജയം ഒരു ശക്തിക്കും പിടിച്ചെടുക്കാനാവില്ല.

1986-ലാണ് ഈ ഭാരതീയ വീരേതിഹാസത്തിൻറെ അകത്തളം രാജ്യത്തിന് സമർപ്പിച്ചത്. ഭാരതം ഒരു തീവ്ര വികാരവും വിചാരവുമായി നമ്മിൽ പെയ്തിറങ്ങുന്ന ഒരു ഐതിഹാസിക കാഴ്ചബംഗ്ലാവ് കൂടിയാണ് ഹാൾ ഓഫ് ഫെയിം അഥവാ കീർത്തിയുടെ ഈ അകത്തളം. ഇന്ത്യൻ പട്ടാളത്തിൻറെ സാഹസികതയുടേയും ഇതിഹാസത്തിൻറേയും കീർത്തിമുദ്രയാണ് ഈ അകത്തളം. ഓരോ ഭാരതീയൻറേയും രക്തധമനികളിൽ പ്രകമ്പനം കൊള്ളിക്കുന്ന ഒരു ഐതിഹാസകാവ്യം കൂടിയാണ് ഈ കീർത്തിസ്ഥലം.

ലേ യിൽ നിന്നോ ലേ വിമാനത്താവളത്തിൽ നിന്നോ നടക്കാവുന്ന ദൂരമേ ഉള്ളൂ ഈ അകത്തളത്തിലേക്ക്. കൃത്യമായി പറഞ്ഞാൽ നാല് കിലോമീറ്റർ. ഇന്തോ-പാക്ക് യുദ്ധത്തിൽ മാതൃഭൂമിക്കുവേണ്ടി ആത്മാർപ്പണം നടത്തിയ ധീര ജവാൻമാർക്കുള്ള ജീവിക്കുന്ന സ്മാരകമാണ് ഈ അകത്തളം. ലേ-കാർഗിൽ റോഡിൽ സ്ഥിതിചെയ്യുന്ന ഇവിടെ, ഭാരതമണ്ണ് അഭിമാനപൂർവ്വം ഏറ്റുവാങ്ങിയ ജവാന്മാരുടെ ഉറ്റവരും ഉടയവരും, ഇടനെഞ്ചിൽ ദേശഭക്തിയുടെ ഒടുങ്ങാത്ത ആവേശവുമായി, ഇടതടവില്ലാതെ വന്നുപോകുന്നുണ്ട്. പിന്നെ രാജ്യത്തിൻറെ നാനാ ഭാഗങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളും ദേശഭക്തരും.

1999-ലെ കാർഗിൽ യുദ്ധത്തിൻറെ സ്പന്ദിക്കുന്ന സ്മാരകങ്ങൾ കാണാം നമുക്ക് ഈ ഹാൾ ഓഫ് ഫെയിം അഥവാ കീർത്തിയുടെ അകത്തളത്തിൽ. ലഡാക്ക് എന്ന തന്ത്രപ്രധാനവും ചരിത്രപ്രധാനവും സംസ്കാരസമൃദ്ധവുമായ ഭൂമികയുടെ നേർകാഴ്ചയും നേർസാക്ഷ്യവും കാണാം നമുക്കിവിടെ. ലഡാക്കിലെ മനുഷ്യരുടെ അവസ്ഥാന്തരങ്ങളുടെ മുഖങ്ങളും ആകാരവും അലങ്കാരങ്ങളും ആർഭാടങ്ങളും ആവിഷ്കാരങ്ങളും കാണാം നമുക്കീ കീർത്തിയിടങ്ങളിൽ. പണ്ടൊരു കാലത്ത് സിന്ധുനദീതടങ്ങളിൽ അധിവസിച്ചിരുന്ന ആര്യൻ വംശജരായ പർവ്വതഭൂമി നിവാസികളുടെ ചരിത്രവും ചലച്ചിത്രവും കാണാം നമുക്കിവിടെ.

ഹാൾ ഓഫ് ഫെയിംമിന് മൂന്ന് വിഭാഗങ്ങളാണ് ഉള്ളത്. യുദ്ധങ്ങളെ ഓർമ്മിപ്പിക്കുന്ന കാഴ്ചബംഗ്ലാവ് അഥവാ വാർ മ്യൂസിയം, യുദ്ധങ്ങളിൽ ജീവാർപ്പണം നടത്തിയവരുടെ സിമിത്തേരി അഥവാ വാർ സിമിട്രി, പിന്നെ യുദ്ധത്തിൻറെ സ്മാരക ഭൂമി അഥവാ ശൌര്യ സ്ഥൽ. ഇതെല്ലാം നിങ്ങളെ കാണിക്കുക സാധ്യമല്ല. കാരണം, ഇവിടെ ഏതെങ്കിലും തരത്തിലുള്ള ചിത്രീകരണം അനുവദനീയമല്ല. ലഡാക്ക് ഒരു പട്ടാളഭൂമി കൂടിയാണ്. അതുകൊണ്ടുതന്നെ വളരെ പരിമിതമായ ദൃശ്യാവിഷ്കാരങ്ങൾക്കേ സീറ്റി സ്കാനിന് കഴിഞ്ഞുള്ളൂ.

യുദ്ധങ്ങളെ ഓർമ്മിപ്പിക്കുന്ന കാഴ്ചബംഗ്ലാവ് അഥവാ വാർ മ്യൂസിയത്തിന് രണ്ട് നിലകളാണുള്ളത്. ആദ്യത്തെ നിലയെ പലതുമായി വിഭാഗീകരിച്ചിട്ടുണ്ടെങ്കിലും പ്രധാനമായും സമീപകാലങ്ങളിൽ നടന്ന യുദ്ധങ്ങളിൽ നാം പ്രയോഗിച്ച യുദ്ധക്കോപ്പുകളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഒപി വിജയ് ഗാലറി എന്നറിയപ്പെടുന്ന മുകളിലെ നിലയിൽ പ്രധാനമായും കാർഗിൽ യുദ്ധസംബന്ധിയായ ആയുധശേഖരങ്ങളും ജവാന്മാരുടെ വേഷവിധാനങ്ങളുമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഇതെല്ലാം കാണുമ്പോൾ തന്നെ നമുക്ക് രോമഹർഷമുണ്ടാവും. യുദ്ധങ്ങളുടെ നേർസാക്ഷ്യങ്ങൾ നാടകീയമായി നമുക്കുവേണ്ടി വാക്കുകൾ കൊണ്ടും ചലച്ചിത്രങ്ങൾ കൊണ്ടും അവതരിപ്പിക്കാൻ ഇവിടെ സമർത്ഥരായ ജവാന്മാരുണ്ട്.

രാജ്യം പരമവീരചക്ര കീർത്തിമുദ്ര പതിപ്പിച്ച സായുധ സിംഹങ്ങളുടെ നിലക്കാത്ത ഗർജ്ജനം കേൾക്കാം നമുക്കിവിടെ. അതുകൂടി കേൾക്കുമ്പോൾ, കാണുമ്പോൾ നമ്മൾ അറിയാതെ ഉച്ചത്തിൽ ഗർജ്ജിക്കും, വന്ദേ ഭാരതം. ഈ ഗാലറി കാണുമ്പോൾ നാം 20000 അടി മുകളിൽ മൈനസ് 50 ഡിഗ്രി തണുപ്പിൽ സിയാച്ചനിൽ 1984-ൽ തിരിയിട്ട 2003 വരെ നീറിപ്പടർന്ന ഐതിസാഹസിക യുദ്ധം കാഴ്ചവച്ച നമ്മുടെ പട്ടാളക്കാരെ ഓർക്കും, അഭിവാദ്യം ചെയ്യും.

1959-ൽ തുടങ്ങി 1962-ൽ അരങ്ങേറിയ ഇന്തോ-ചൈന യുദ്ധത്തിൻറെ സ്മാരകങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ആ യുദ്ധകാലത്ത് അമ്മയുടെ വയറ്റിൽ കിടന്ന ഞാൻ അമ്മയോടൊപ്പം ജലന്തർ പട്ടാള ബാരക്കിൽ ട്രെഞ്ചിൽ കഴിഞ്ഞ കഥയും ഞാൻ ഇവിടെ ഓർത്തെടുത്തു. ഒപ്പം പട്ടാളക്കാരനായ അപ്പന് ഒരു സല്യൂട്ടും കൊടുത്തു ഞാൻ.

തീർന്നില്ല, 2010-ലെ ലഡാക്കിലെ മഹാപ്രളയത്തിൻറെ തേങ്ങുന്ന സ്മാരകങ്ങളും കാണാം നമുക്കിവിടെ. വാർ മ്യൂസിയത്തിന് പുറത്തുകടന്നാൽ വിശാലമായ വിജയ് സ്ഥൽ എന്നറിയപ്പെടുന്ന ഒരു ഓപ്പൻ തീയറ്റർ കാണാം. ഇവിടെയാണ് ജവാൻമാർക്ക് പട്ടാളച്ചിട്ടയോടെ ആദരങ്ങൾ അർപ്പിക്കുക. കൺനിറയെ,കാതുകൾ നിറയെ അതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും അവിടെ എഴുതിവച്ചത് നാം നമ്മുടെ ഹൃദയത്തിലും എഴുതിവക്കും, ധീര ജവാൻമാർ മരിച്ചിട്ടില്ല, അവർക്കായി നാം വിലപിക്കരുത്, കാരണം, അവരിന്നും രാജ്യത്തിൻറെ സർവ്വാദരങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് നമ്മോടൊപ്പം ജീവിക്കുന്നു.

ഇനി നമുക്ക് ഹാൾ ഓഫ് ഫെയിൻറെ അവസാന ഭാഗം കാണാം. നൂറുകണക്കിന് പട്ടാളക്കാരുടെ ജീവൻ സ്ഫുരിക്കുന്ന സ്പന്ദിക്കുന്ന അസ്ഥിമാടങ്ങൾ. അപ്പോഴും നാം പറയും, ധീര ജവാൻമാർ മരിച്ചിട്ടില്ല, അവർക്കായി നാം വിലപിക്കരുത്, കാരണം, അവരിന്നും നമ്മുടെ ആദരമേറ്റ് ഭാരതത്തോടൊപ്പം ജീവിക്കുന്നു.

ഒടുവിൽ ഈ അകത്തളത്തിൻറെ ഓർമ്മയ്ക്കായ് നാം കൊച്ചുകൊച്ചു സ്മാരകങ്ങൾ വാങ്ങും ഇവിടുത്തെ സുവനീർ ഷോപ്പിൽ നിന്ന്. അവയെ കൈകളിലും മനസ്സിലും ഹൃദയത്തിലും ലാളിച്ചുകൊണ്ട് നാം ഈ അകത്തളത്തിൽ നിന്ന് പടിയിറങ്ങും, നൂറു ശതമാനം വീര്യമുള്ള ഭാരതീയനായി. അപാരതയുടെ ഭാരതീയത്തിൻറെ ഈ ലക്കം ഇവിടെ സമാപിക്കുന്നു.

Share

admin

Leave a Reply

Your email address will not be published. Required fields are marked *