തുർതുക്കിലെ ആരിഫിന്റെ ഗോതമ്പപ്പത്തിന്റെ മോസ്ക രുചി

തുർതുക്കിലെ ആരിഫിന്റെ ഗോതമ്പപ്പത്തിന്റെ മോസ്ക രുചി
23 Dec 2023

ഞാനിപ്പോഴും തുർതുക്കിലാണ്. ആ ഇരുമ്പുപാലം പകുത്തുവച്ച പാതിഗ്രാമം അളന്നെടുക്കുകയാണ്. സമയം, ഏതാണ്ട് ഉച്ചയായി. പച്ചവിരിപ്പിട്ട ഇവിടം ഉച്ച അപ്രസത്കമാണ്. എങ്കിലും കേരളത്തിന്റെ സമയമുറ എന്നോട് ഉച്ചയൂണ് ആവശ്യപ്പെട്ടുതുടങ്ങി.

തുർതുക്ക് ഒരു പർവ്വതഗ്രാമം മാത്രമല്ല, ഭാരതീയത്തിന്റെ നേർക്കാഴ്ച കൂടിയാണ്. ബാൾടി സംസ്കാരത്തിന്റെ പരിഛേദമാണ്. ചരിത്രസ്ഥലിയാണ്. അത്തരം കഥകളൊക്കെ ഞാൻ തുർതുക്കിന്റെ രണ്ടാം പാതി കാണുമ്പോൾ പറയാം. വീഡിയോ കാണാം

ഇപ്പോൾ ഞാൻ പറയുന്നത് ഒരു ലഡാക്കി തനത് രുചിയെ കുറിച്ചാണ്. തുർതുക്ക് നമുക്ക് തരുന്നതും അത്തരം രുചിഭേദങ്ങളാണ്. ഇവിടം നിറയേ ബാൾടി രുചിക്കൂട്ടുകളുടെ അടുക്കളകളാണ്. ബാൾടി കിച്ചൺ എന്നാണ് ഇന്നാട്ടുകാർ അത്തരം അടുക്കളയെ അടയാളപ്പെടുത്തുന്നത്. അതൊക്കെ രുചിച്ചറിയുന്നതിനും അനഭവിച്ചറിയുന്നതിനും ഇവിടം നിറയേ കൊച്ചുകൊച്ചു റിസോർട്ടുകളും ഹോംസ്റ്റേകളുമുണ്ട്. ഈ പർവ്വതഗ്രാമത്തെ ഗ്രാമമല്ലാതാക്കുന്നതും അത്തരം പരിഷ്കൃത നിർമ്മിതികളാണ്.

ഇതൊരു കുടുംബശ്രി കിച്ചൺ പോലുണ്ട്. ഇവിടെ എഴുതിവച്ചിരിക്കുന്നതും ഏതാണ്ട് അങ്ങനെതന്നെ. ഞാൻ ഇത് ഷൂട്ട് ചെയ്യുന്നത് കണ്ടാവണം ഒരു ലഡാക്കി വനിത വന്ന് ബോഡിലെ വിഭവങ്ങൾ വിശദീകരിക്കാൻ തുടങ്ങി. എനിക്കൊന്നും മനസ്സിലായില്ല. ആകെ മനസ്സിലായത് ഇപ്പോൾ അവിടെ ആപ്രിക്കോട്ട് പഴങ്ങളുടെ കാലമല്ലെന്നാണ്, അതും ആംഗ്യഭാഷയിൽ നിന്ന്.

ദാ ഈ കുന്ന് കയറിയാൽ തുർതുക്കിന്റെ പാതിഗ്രാമം തീരുകയാണ്. ഇവിടെ ഒരു ബാൾടി കിച്ചണുണ്ട്. കിച്ചൺ എന്ന് പറയുന്നതിനേക്കാൾ റസ്റ്റോറന്റ് എന്ന് വിളിക്കുന്നതാവും ശരി. അത്രക്കും പരിഷ്കൃതമാണ് ഈ റസ്റ്റോറന്റ്. ഒരു അത്യന്താധുനിക റിസോർട്ടിന്റെ ചന്തമുണ്ട് ഈ റസ്റ്റോറന്റിന്. നല്ല സുഖം പകരുന്ന ദാരുശില്പ ഇരിപ്പിടങ്ങൾ. അലങ്കാരങ്ങളും വാസ്തുശില്പ ചേരുവകളും അതിമനോഹരമാണ്. ഏതോ പഴയ ഹിന്ദി സിനിമയിലെ ഒരു സുൽത്താന്റെ സ്വീകരണമുറി പോലെ തോന്നും ഈ റസ്റ്റോറന്റ്. ഇവിടുത്തെ ഈ കുട്ടയൂഞ്ഞാലിൽ ഞാനൊന്ന് ആടിനോക്കി. പക്ഷേ, എനിക്ക് സുൽത്താനാവാനായില്ല.

രണ്ടോ മൂന്നോ ഗോവണി കയറിവേണം ഈ റസ്റ്റോറന്റിലെത്താൻ. അവിടെയിരുന്നാൽ വീണ്ടും നാം ഇനിയും അളന്നെടുക്കാനുള്ള തുർതുക്കിന്റെ മറുപാതി കാണാം. തുർതുക്കിനെ രണ്ടായി പകുത്തുവച്ച ഷ്യോക്ക് നദിയുടെ കൈവഴി നുരഞ്ഞുപതഞ്ഞൊഴുകുന്നത് കാണാം. അതിമനോഹരമായ തണുപ്പിച്ചെടുത്ത ഒരു പ്രകൃതിദൃശ്യമാണ് ഈ റസ്റ്റോറന്റ് നമ്മുടെ കണ്ണിന് സമ്മാനിക്കുനത്.

എന്റെ യാത്രകൾ ഏതുമാകട്ടെ, എങ്ങോട്ടുമാകട്ടെ, എന്റെ ഭക്ഷണക്രമം ആ ഭൂസ്ഥലിയുടേതായിരിക്കും. അതെനിക്ക് നിർബന്ധമാണ്. അങ്ങനെയാണ് ഞാൻ ചൈനയിലെ പച്ചതവളയും പച്ചകൊഞ്ചും ചതച്ചിട്ട കഞ്ഞി കുടിച്ചത്. ഇഴയുന്നതും ചാടുന്നതും പറക്കുന്നതുമായ സർവ്വതും പൊരിച്ചെടുത്തത് കഴിച്ചത്. അങ്ങനെയാണ് മലേഷ്യയിലെ മുളംകുറ്റിയിൽ വേവിച്ചെടുത്ത ചോറും ഇറച്ചിയും കഴിച്ചത്. അങ്ങനെയാണ് തായ്ലണ്ടിലെ പച്ചമണം വിടാത്ത മിനും ഇറച്ചിയും കഴിച്ചത്. അങ്ങനെയങ്ങനെ പോകുന്നു, എന്റെ ഭക്ഷ്യസഞ്ചാരം. ഇവിടേയും ഞാൻ കഴിക്കാൻ പോകുന്നത് ഈ പർവ്വതഗ്രാമത്തിന്റെ തനത് വിഭവമായ മോസ്കയും ചമ്മന്തിയും

ഡ്രൈവർ സ്റ്റാൻസിന് അതിനോടൊന്നും വലിയ താത്പര്യമില്ല. നമുക്ക് കഞ്ഞിയും കപ്പപുഴുക്കും ചമ്മന്തിയും താത്പര്യമില്ലാത്തതു പോലെയായിരിക്കണം അയാളുടെ നിലപാട്.  അയാൾ ഏതാണ്ട് പരിഷ്കൃതനായിക്കഴിഞ്ഞു. അയാൾ ഈ റസ്റ്റോറന്റിന്റെ ആ ദിവസത്തെ സ്പെഷ്യൽ വിഭവമായ രജ്മയും ചോറും ഓർഡർ ചെയ്തു. ഞാൻ ലഡാക്കി തനത് വിഭവമായ മോസ്കയും ചമ്മന്തിയും ഓർഡർ ചെയ്തു.

ലഡാക്കി തനത് ഗോതമ്പിൽ തയ്യാറാക്കിയ ഒരുതരം റൊട്ടിയോ അപ്പമോ ദോശയോ ആണ് മോസ്ക. ശുദ്ധമായ വാൽനട്ട് അരച്ചുണ്ടാക്കിയതാണ് അതിന്റെ കൂടെ വിളമ്പുന്ന ചമ്മന്തി. ഈ ഹോട്ടലിലെ പ്രധാന ഷെഫ് ആരിഫാണ്. പരിഷ്കൃതനായ ഒരു ചെറുപ്പക്കാരനാണ് ആരിഫ്. ഒരു കൂട്ടാളി ഷെഫുമുണ്ട് ആരിഫിനെ സഹായിക്കാൻ. എനിക്കുള്ള മോസ്കയും ചമ്മന്തിയും ആരിഫ് തയ്യാറാക്കി. സ്റ്റാൻസിനുള്ള രജ്മയും ചോറും ആരിഫിന്റെ കൂട്ടാളിയും ഉണ്ടാക്കി. നമുക്ക് ആരിഫിന്റെ അടുക്കളയിലേക്ക് പോകാം.

ആരിഫിനും സഹായിക്കും വെവ്വേറെ പാചകവിഭാഗമാണെന്ന് തോന്നുന്നു. രണ്ടുപോരും രണ്ടിടത്തായി പാചകത്തിലേർപ്പെടുന്നു. പരസ്പരം സംസാരങ്ങളില്ല. പാചകസംബന്ധിയായ ആശയവിനിമയങ്ങളും കണ്ടില്ല. ആരിഫാണ് മുഖ്യ പാചകക്കാരൻ എന്നുവേണം കരുതാൻ. അയാളുടേതാണ് ആ സ്ഥാപനം.

സമാന്യം സ്പീഡുണ്ട് അവരുടെ പാചകത്തിന്. പ്രത്യേകിച്ചും ആരിഫിന്റെ സഹായിക്ക്. അയാൾ ചിലപ്പോഴൊക്കെ അടുപ്പിൽ ഇന്ദ്രജാലം കാണിക്കുന്നുണ്ടായിരുന്നു. അനേകം അറകളുള്ള ഒരു മസാലത്തട്ടിൽ നിന്ന് അയാൾ ഒരു പൂജാരിയുടെ കൈവഴക്കത്തോടെ പലതും പലതും ആ അഗ്നിയിലേക്ക് ഹോമിക്കുന്നുണ്ടായിരുന്നു. എന്തായാലും അയാളുടെ ഹോമകുണ്ഡത്തിൽ നിന്ന് ആദ്യം സ്റ്റാൻസിനുള്ള രജ്മയും പോറും പിറന്നുവീണു.

ആരിഫ് വളരെ ശ്രദ്ധയോടെയാണ് ലഡാക്കി മോസ്ക ഉണ്ടാക്കുന്നത്. ആദ്യം വാൽനട്ട് ചമ്മന്തിയായിരുന്നു അയാൾ ഉണ്ടാക്കിയത്. വാൽനട്ട് ആദ്യം ചാന്തുപോലെ അരച്ചെടുത്തു. പിന്നെ സവാളയും തക്കാളിയും വേറെ അരച്ചെടുത്തു. പിന്നീട് ഒരു മാന്ത്രികന്റെ കൈവഴക്കത്തോടെ എനിക്ക് പിടിതരാതെ ചമ്മന്തി ഉണ്ടാവുകയായിരുന്നു.

അവസാനമാണ് മോസ്ക ഉണ്ടാക്കിയത്. ലഡാക്കി തനത് ഗോതമ്പ് പൊടിയെടുത്ത് ഒരു ഗവേഷണശാലയിലേതുപോലെ അയാൾ അത് റൊട്ടിക്കോ അപ്പത്തിനോ ദോശക്കോ പോലെ കലക്കിയെടുത്തു. പിന്നെ ദോശത്തട്ടിൽ വീഴ്ത്തി മോസ്ക ഉണ്ടാക്കി. എന്റെ മിനിമം പാചകവിവേകം ചോദ്യങ്ങളുന്നയിച്ചപ്പോൾ അയാൾ മോസ്കക്ക് വേറെയൊരു പേരിട്ടു-ലഡാക്കി പാൻ കേക്ക്. എന്തായാലും മോസ്ക മേശപ്പുറത്ത് പിറന്നു.

ഞാനും സ്റ്റാൻസിനും രജ്മയും ചോറും മോസ്കയും ഏതാണ്ട് അവസാനിപ്പിച്ചു. അവസാനമാണ് എനിക്ക് സ്റ്റാൻസിൻ എടുത്ത നിലപാടാണ് ശരിയെന്ന് മനസ്സിലായത്. ആ മേശപ്പുറത്ത് സത്യത്തിൽ ഉപ്പും മുളകും അകമ്പടി സേവിച്ച രജ്മയും ചോറും തന്നെയായിരുന്നു താരങ്ങൾ.

ആ റസ്റ്റോറന്റ് ഒന്നുകൂടി വലംവച്ച്, ഞങ്ങൾ ആരിഫിനോട് യാത്ര പറഞ്ഞിറങ്ങി. ഇനി തുർതുക്കിന്റെ മറുപാതി കാണണം. ആ വിശേഷങ്ങൾ വഴിയേ പങ്കുവക്കാം.

Share

admin

Leave a Reply

Your email address will not be published. Required fields are marked *