കൺനിറയെ ബിനാലെ കാണാം

കൺനിറയെ ബിനാലെ കാണാം
21 Mar 2023

ഈ മെട്രോ റെയിലും പിടിച്ച് കൺനിറയെ കലയുടെ കർപ്പൂരനാളവും പ്രതീക്ഷിച്ച് ചിലരെങ്കിലും പോവുന്നത് ഫോർട്ട് കൊച്ചിയിലേക്കാണ്. ഈ ജങ്കാറിലും പലരും പോവുന്നതും ജൂതവിസ്മയങ്ങളുടെ അതേ ഫോർട്ട് കൊച്ചിയിലേക്ക് തന്നെ. കാരണം, അവിടെയാണ് കലാത്ഭുങ്ങളുടെ കൊച്ചി-മുസിരീസ് ബിനാലെ നടക്കുന്നത്. സിരകളിൽ മഷിയും തീയും തിളച്ചുമറിയുന്ന കലയുടെ ബിനാലെ. വീഡിയോ കാണാൻ

കൊച്ചി-മുസിരിസ് ബിനാലെ ഏഷ്യയിലെ മികച്ച കലോത്സവമാണ്. കേരളത്തിന്റെ അഭിമാനോത്സവമാണ്. രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന കലോത്സവങ്ങളെയാണ് പൊതുവെ ബിനാലെ എന്ന് പറയുക. എന്നിരുന്നാലും മലയാളിക്കിന്ന് ബിനാലെ ഏഷ്യയിലെ തന്നെ മികച്ചതും ലോകശ്രദ്ധ പിടിച്ചുപറ്റിയതുമായ ഒരു സമകാലിക കലാപ്രദർശന മേളയാണ്, മാമാങ്കമാണ്. കൊച്ചി-മുസിരിസ് ബിനാലെയാണ്.

കൊച്ചി, ബിനാലെ ഫൌണ്ടേഷൻ അഥവാ KBF കേരള സർക്കാരിന്റെ സമ്പൂർണ്ണ ഭാഗധേയത്തോടെ ആഘോഷിക്കപ്പെടുന്ന ഒരു ലോകോത്തര കലാപ്രദർശനമാണ്. ഇന്ത്യയിലെ കലയും സംസ്കാരവും അനുബന്ധ വിദ്യാഭ്യാസ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധതയോടെ, ഒട്ടും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റാണ് കൊച്ചി ബിനാലെ ഫൌണ്ടേഷൻ.

കൊറോണകാലമായതുകൊണ്ട് 2020-ൽ നടക്കേണ്ട ബിനാലെ നടന്നില്ല. അങ്ങനെ മാറ്റിവക്കപ്പെട്ട ബിനാലെയാണ് ഇപ്പോൾ കൊച്ചിയിലെ വിവിധ വേദികളിലായി നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് ഈ കലോത്സവത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.

പെയിന്റിംഗ്, ശിൽ‌പം, ഫിലിം, ഇൻ‌സ്റ്റാളേഷൻ‌, നവമാധ്യമ കലാസങ്കേതങ്ങൾ‌, പ്രകടന കല എന്നീ കലാമധ്യമങ്ങളിലൂടെ സമകാലിക സ്വഭാവത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള കലാസൃഷ്ടികളാണ് ഇവിടെ‌ പ്രദർശിപ്പിക്കുന്നത്.

ആസ്പിൻ വാൾ, പെപ്പർ ഹൌസ്, കാശി ആർട്ട് കഫേ, കബ്രാൾ യാഡ്, ഡേവിഡ് ഹാൾ എന്നിവയാണ് പ്രധാനപ്പെട്ട പ്രദർശന വേദികൾ. ചെറുതും വലുതുമായ വേറേയും വേദികളുണ്ട് ഇവിടെ. അങ്ങനെ മൊത്തം 14 വേദികൾ.

ഇപ്പോൾ നടക്കുന്ന മുസിരീസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഏതാണ്ട് അഞ്ച് മാസം വരെ നീണ്ടുനിൽക്കും. ഫോർട്ട് കൊച്ചിയുടെ പലപല വേദികളിൽ നടന്നുവരുന്ന  ബിനാലെയുടെ പ്രമേയം ഇങ്ങനെ,  നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും. പ്രമേയം പോലെതന്നെ നമ്മുടെ സിരകളിലും തലച്ചോറിലും വർണ്ണവിസ്മയങ്ങളും ശിലാവിഷ്കാരങ്ങളും ദൃശ്യസാക്ഷാത്കാരങ്ങളും ശബ്ദവിന്യാസങ്ങളും നവോത്ഥാന സംവേദനങ്ങളുടെ തീ കോരിയിടുന്നുണ്ട്. ചിലയിടങ്ങളിലെങ്കിലും അതിനൊക്കെ അപവാദമായി കരിയും പുകയും നമ്മുടെ സംവേദനക്ഷമതക്ക് അപമാനവുമാവുന്നുണ്ട്. കലയുടെ മാരിവിൽ ശോഭയിൽ നമുക്കതൊക്കെ സൌകര്യപൂർവ്വം വിസ്മരിക്കാം.

കൊറോണയെ തുടർന്ന്, നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി മുസിരീസ് ബിനാലെ ഫോർട്ട് കൊച്ചിയിൽ  മഷിയെഴുതുമ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരുടെ 200 കലാസൃഷ്ടികൾ അരങ്ങിലൊരുങ്ങിക്കഴിഞ്ഞു.

സിംഗപ്പൂരിൽ നിന്നുള്ള ഷുബിഗി റാവുവാണ് ഇത്തവണത്തെ ക്യുറേറ്റർ. 2012 ൽ തുടങ്ങിയ കൊച്ചി ബിനാലെയുടെ പത്താം വാർഷികമാണ് ഇത്തവണത്തേത്. 2018 ല്‍ ആറുലക്ഷം പേരാണ് ബിനാലെക്ക് സാക്ഷ്യം വഹിച്ചതെങ്കിലും ഇത്തവണ അതിന്റെ പതിന്മടങ്ങ് സന്ദർശകരെ ലക്ഷ്യം വക്കുന്നുണ്ട് സംഘാടകർ. വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപയും മുതിര്‍ന്നവർക്ക് 150 രൂപയുമാണ് പ്രവേശന നിരക്ക്.

2010-ൽ മുംബൈ ആസ്ഥാനമായി പ്രവർത്തച്ചിരുന്ന കലാകാരന്മാരായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവരിലൂടെയാണ് യഥാർത്ഥത്തിൽ ബിനാലെ ജന്മമെടുക്കുന്നത്. വെനീസിലെ ബിനാലെ മാതൃകയായിരുന്നു ഇവരുടെ മനസ്സിൽ. കേരളത്തിന്റെ മനോഹരമായ തീരദേശഭൂമിയെ കലയുടെ വെനീസാക്കി മാറ്റാൻ പിന്നെ അധികം നാൾ വേണ്ടിവന്നില്ല.

കലയുടെ കാമുകനായ സഖാവ് എം.എ. ബേബിയാണ് പിന്നീട് ബോസിന്റേയും റിയാസിന്റേയും ആശയത്തെ സമകാലിക കേരളത്തിന്റെ മണ്ണിന്നനുകൂലമായി വ്യാഖ്യാനിച്ചതും പ്രാവർത്തികമാക്കിയതും.

അങ്ങനെ 2012-ൽ അന്നത്തെ കേരള സർക്കാർ കൾച്ചർ സെക്രട്ടറിയായിരുന്ന ഡോ. വേണു ഐ.എ.എസിന്റെ ഭരണനിർവ്വഹണ പാഠവത്തിലാണ് ആദ്യത്തെ കൊച്ചി-മുസിരിസ് ബിനാലെക്ക് സമാരംഭം കുറിച്ചത്. അക്കാലത്ത് കൊച്ചി-മുസിരിസ് ബിനാലെ ഒരു സ്വകാര്യ ടസ്റ്റ് മാത്രമായിരുന്നു. ആസ്പിന്‍വാള്‍ ഹോം ബിനാലെയുടെ സ്ഥിരം വേദിയായതും അന്നുമുതൽക്കാണ്.

അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന എം.എ. ബേബി ആദ്യ ബിനാലെക്കായി അഞ്ച് കോടി രൂപ വകയിരുത്തിയത് വിവാദമായിരുന്നു. സർക്കാർ പ്രാതിനിധ്യമില്ലാത്ത സ്വകാര്യ ട്രസ്റ്റിന് ഫണ്ട് അനുവദിച്ചതാണ് വിവാദമായത് പിന്നീട്, 2017 മുതൽ, ബിനാലെ ട്രസ്റ്റിൽ മൂന്ന് സർക്കാർ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി പ്രശ്നപരിഹാരം കണ്ടെങ്കിലും വിവാദങ്ങൾ ഇന്നും പുകഞ്ഞുകൊണ്ടേയിരിക്കുന്നു.

വസ്തുതകൾ ഇങ്ങനെയൊക്കെ ആണെങ്കിലും ബിനാലെയുടെ ജന്മനക്ഷത്രത്തിന് എന്തോ പ്രശ്നമുണ്ട്, അല്ലെങ്കിൽ മലയാളിയുടെ ജന്മനക്ഷത്രത്തിന് എന്തോ ദോഷമുണ്ട്. കാരണം, ബിനാലെ അന്നും ഇന്നും വിവാദങ്ങളുടെ കരിയെഴുത്തിൽ തന്നെ നിൽക്കുകയാണ്. അതിൽ കൂടുതലും സാമ്പത്തിക വിവാദമെന്നത് കലക്കും സംസ്കാരത്തിനും അപവാദമാണ്, അപമാനമാണ്. കോവിഡിന് മുമ്പ് നടന്ന ബിനാലെക്കുവേണ്ടി അഹോരാത്രം പണിയെടുത്തവരുടെ കൂലിപ്പണം,  ഏകദേശം ഒരു കോടിയിൽ പരം രൂപ ഇപ്പോഴും പൂർണ്ണമായി കൊടുത്തുതീർത്തിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. ആ പണിയാളന്മാർ, ലോകപ്രശസ്തരായ കലാകാരന്മാർ മഷിയെഴുതിയ ക്യാൻവാസുകൾക്ക് മുമ്പിൽ കരിമഷിക്കോലങ്ങളായി സമരം ചെയ്ത കഥ മലയാളികൾ ഇന്നും മറന്നുകാണാൻ വഴിയില്ല.

സർക്കാർ ദാനം ചെയ്ത ഏഴു് കോടിയിൽ നിന്നുകൊണ്ട് ബിനാലെ അന്ന് പിരിച്ചെടുത്ത ബജറ്റ് തുകയായ 30 കോടിക്ക് കണക്കുണ്ടായിരുന്നി ല്ലെന്നതായിരുന്നു പ്രധാന ആരോപണം. ബിനാലെ ഫണ്ട് കൈകാര്യം ചെയ്തതിലെ പിഴവ്, അഴിമതി, രേഖാമൂലം സൂക്ഷിക്കാത്ത കണക്കുകൾ, ചിലരുടെ പൊങ്ങച്ഛത്തിന്നായി നടത്തിയ ധൂർത്ത്, ഫണ്ട് വക മാറ്റൽ തുടങ്ങിയവയാണ് ബിനാലെയെ കോടതി കയറ്റിയതും ജനകീയ കോടതിയിലും സമൂഹമാധ്യമങ്ങളിലും വിചാരണക്ക് വിധേയമാക്കിയതും. എന്നാൽ ഈ ആരോപണങ്ങളെയെല്ലാം പതിവുപോലെ തള്ളുകയായിരുന്നു അന്നത്തെ ബിനാലെ മേധാവി തെരേസ ജെയ്ഫർ.

ബിനാലെ ഒരു സമ്പൂർണ്ണ ജനാധിപത്യ കലോത്സവമാണ്. സമൂഹത്തെ ഐക്യപ്പെടുത്തേണ്ട, മേലാളനും കീഴാളനുമില്ലാത്ത സൌഹൃദത്തിന്റെ സംശുദ്ധ രാഷ്ട്രീയമാണെന്നൊക്കെയാണ് അന്നും ഇന്നും ബിനാലെയെ വിശേഷിപ്പിക്കുന്നത്. എന്നാൽ സത്യവും വസ്തുതകളും അതല്ല. എന്തൊക്കെ നന്മകൾ ഉണ്ടെന്ന് ബിനാലെ അവകാശപ്പെടുന്നുണ്ടോ അതൊന്നും പൂർണ്ണമായി ഇന്നില്ല എന്നതാണ് പരക്കെയുള്ള ആരോപണം. കലയിൽ ഉണ്ടാവാൻ പാടില്ലാത്ത മേലാളത്തവും കീഴാൾ അടിമത്തവും അവിടെ കൊടികുത്തിവാഴുകയാണത്രെ. തൊഴിലിടങ്ങളിലെ ജനാധിപത്യവും ഇവിടെ മാനഭംഗം ചെയ്യപ്പെടുന്നതായും ആരോപണമുണ്ട്.

സർക്കാർ പ്രാതിനിധ്യസ്വഭാവമൊക്കെ ഉണ്ടെങ്കിലും, ബിനാലെ ഇന്നും ഒരു കുത്തക സ്വകാര്യകമ്പനി പോലെയാണെന്ന് പരക്കെ വിമർശനമുണ്ട്. ധൂർത്തടിക്കുന്ന പൊതുപണത്തിന് കണക്കുകളില്ലെന്നതും ആരോപണ പട്ടികയിൽ മുഖ്യസ്ഥാനം വഹിക്കുന്നു.

ജനാധിപത്യപരമായി കലാകാരന്മാരെ ബിനാലെയിലേക്ക് കൊണ്ടുവരുന്നതിൽ പൊറുക്കാനാവാത്ത പിഴവുണ്ടെന്നാണ് പലരും പറയാതെ പറഞ്ഞുവക്കുന്നത്. കാരണം, അവർക്കൊക്കെ കലയിലെ മേലാളന്മാര പേടിയാണ്. അവരുടെ ഭാവി കലാമേലാളരുടെ തുലാസ്സിലാണ് തുങ്ങിക്കിടക്കുന്നത്. കഴിവുള്ള പല കലാകാരന്മാർക്കും ബിനാലെയിലേക്ക് പ്രവേശനം നിഷേധിക്കുകയോ അവരെ നിരോധിക്കുകയോ ചെയ്തിരിക്കുന്നുവെന്നതും ആരോപണം തന്നെ. ബിനാലെയുടെ സംഘാടനവും പാളിപ്പോയതായി വിമർശനമുണ്ട്. ഈ ആരോപണങ്ങളൊക്കെ അക്കമിട്ട് നിരത്തി 60-ളം കലാകാരന്മാർ ഒപ്പിട്ട നിവേദനം ബിനാലെക്കും സർക്കാരിനും സമർപ്പിച്ചതായും അറിയുന്നു. അതേസമയം ബിനാലെ അധികൃതർ എല്ലാ ആരോപണങ്ങളും പതിവുപോലെ തള്ളുകയാണ്. ബിനാലെ മുഴുവനായി കണ്ടുതീരുമ്പോൾ ഈ ആരോപണങ്ങളിൽ പലതും നമുക്ക് ശരി വക്കേണ്ടയായി വരുന്നു എന്നതും സത്യമാണ്.

ഫോർട്ടുകൊച്ചിയിൽ അവിടവിടെയായി ചിതറിക്കിടക്കുന്ന ബിനാലെ ഗ്യാലറികൾ കാണുക എളുപ്പമല്ല. പല വേദികളിലേക്കും എത്തിപ്പെടുക ദുഷ്കരമാണ്. ഓട്ടോറിക്ഷയും ഇരുച്ചക്രവാഹനങ്ങളൊന്നും തന്നെ ഈ വേദികളിലേക്ക് പോകില്ല. ദുർഘടം പിടിച്ച വഴികളിലൂടെ വേണം അത്തരം ഗ്യാലറികളിൽ എത്തിപ്പെടാൻ. വെയിലുകൊണ്ട് നടന്നുപരവശരായി ആ വേദികളിൽ ചെന്നുചേരുമ്പോൾ നിരാശയായിരിക്കും ഫലം. അത്രക്കും മോശമാണ് ഇവിടങ്ങളിലെ കലാസൃഷ്ടികളും അവ സ്ഥാപിച്ചിട്ടുള്ള പരിസരങ്ങളും. മാത്രമല്ല, ഏറെ വൃത്തിഹീനമാണ് ഇവിടം മുഴുവനും.

അന്താരാഷ്ട്ര കലാപ്രദർശന വേദികൾക്കുള്ള ശരാശരി നിലവാരം പോലും ഇവിടെ പല വേദികൾക്കുമില്ല. പല വേദികളും വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. അവിടവിടെ കുമ്മായം പൂശിയെന്നതൊഴിച്ചാൽ മറ്റൊന്നും തന്നെ ഇവിടങ്ങളിൽ ചെയ്തിട്ടില്ല. അനിവാര്യമായ പശ്ചാത്തല സംവിധാനങ്ങളും കൃത്യമായ വെളിച്ചത്തിന്റെ പകർച്ചയും പലയിടത്തുമില്ല. കാഴ്ചക്കാർക്ക് കലയുടെ കാതൽകാഴ്ചകൾ വിവരിച്ചുകൊടുക്കാൻ പ്രാപ്തരായ ആരുംതന്നെ ഈ വേദികളിലൊന്നിലും ഇല്ലെന്നത് ബിനാലെ സംഘാടനത്തിന്റെ അക്ഷന്തവ്യമായ പിഴവാണ്, പോരായ്മയാണ്.

ബിനാലെയോട് ബന്ധമില്ലാത്ത ഒരുപാട് സ്ഥിരം കലാപ്രദർശന വേദികളുണ്ട് കൊച്ചിയിൽ. സത്യം പറഞ്ഞാൽ ബിനാലെയുടെ നിലവാരത്തെ വെല്ലുവിളിക്കുന്ന അത്യുന്നത കലാസൃഷ്ടികളാണ് ഈ പ്രദർശനവേദികൾ നമുക്ക് കാണിച്ചുതരുന്നത്. ഉത്തമകലയുടെ ഉദയസൂര്യരൂപം കാഴ്ചവക്കുന്ന ഇത്തരം കലാസൃഷ്ടികൾക്കുമുന്നിൽ ബിനാലെ അസ്തമിക്കുന്നതും നമുക്ക് കാണാം. ഈ അനുഗ്രഹീത കലാകാരന്മാരുടെ അമർത്തിപിടിച്ച രോഷവും നമുക്കിവിടെ കേൾക്കാം. പക്ഷേ അവരാരും ആരുടെ ക്യാമറക്ക് മുന്നിലും വരില്ല. കാരണം, അവർക്ക് ബിനാലെയിലെ വരേണ്യകലാ തമ്പുരാക്കന്മാരെ ഭയമുണ്ട്. ഈ തമ്പുരാക്കന്മാർ അവരെ ഉന്മൂലനം ചെയ്യുമെന്ന ഭയം.

ബിനാലെയിലെ പല ഗ്യാലറികളും നിലവാരമില്ലാത്തതാണെന്ന് പറയേണ്ടിവരും. കുട്ടികളുടെ ഗ്യാലറികൾ മൊത്തം നിലവാരത്തകർച്ചയെ കാണിക്കുന്നുണ്ട്. പലർക്കും കല ഉള്ളുതൊട്ട അനുഭവമോ ആവിഷ്കാരമോ അല്ല എന്നതാണ് പ്രശ്നം. നമ്മുടെ കലാമാധ്യമങ്ങൾ പ്രൊപ്പഗാണ്ട ഫലകങ്ങളായി അധപ്പതിക്കുന്നത് കാണാം. പലതും കേവലം രാഷ്ട്രീയ പരസ്യപ്പലകകളായ നോക്കുകുത്തികളാവുന്നുണ്ട്. സമൂഹമാധ്യമത്തിന്റെ ഭാഷയിൽ പറഞ്ഞാൽ വൈറലാക്കാൻ മാത്രം ഉദേശിച്ചുള്ള കേവലം ക്രാഫ്റ്റുകളാവുന്നുണ്ട് പല കലാസൃഷ്ടികളും.

പെയിന്റിംഗ്, ശിൽ‌പം, ഫിലിം, ഇൻ‌സ്റ്റാളേഷൻ‌, നവമാധ്യമ കലാസങ്കേതങ്ങൾ‌, പ്രകടന കല എന്നീ കലാമധ്യമങ്ങളിൽ ഏതുമാവട്ടെ അവയിൽ പലതും കേവലം വൈറൽ വ്യായാമങ്ങളായി ചുരുങ്ങുകയാണ് അഞ്ചാം പതിപ്പിലെ ബിനാലെയിൽ. പലർക്കും ഇതൊക്കെ വിളിച്ചുപറയണമെന്നുണ്ട്, പക്ഷേ ധൈര്യമില്ല. കാരണം, അവരെ ഇവിടുത്തെ വ്യവസ്ഥാപിത കലാകാരന്മാർ കലാധമന്മാർ എന്ന് മുദ്ര ചാർത്തിയേക്കാം, ഒരുപക്ഷേ അവരെ ഉന്മൂലനം ചെയ്തേക്കാനും സാധ്യതയുണ്ട്.

പക്ഷേ ഒരു കാര്യം വ്യക്തമാണ്. പല ദേശീയ-അന്തർദേശീയ കലാസ്നേഹികളും കലാകാരന്മാരും കലാരാധകരും കലാ വിദ്യാർത്ഥികളും ഒരേ സ്വരത്തിൽ സീറ്റി സ്കാനിനോട് പറഞ്ഞു, ബിനാലെയുടെ നിലവാരത്തിന്റെ ഗ്രാഫ് പിന്നോട്ടാണ് കുതിക്കുന്നതെന്ന്. അപ്പോഴും അവരൊന്നും ക്യാമറയുടെ മുന്നിൽ അതൊക്കെ പറയാനുള്ള ധൈര്യം കാണിക്കുന്നില്ല, ഉന്മൂലനഭയം കൊണ്ടുതന്നെയാവണം അവരുടെ ഭയവിഹ്വലതകൾ..

അപ്പോഴും സീറ്റി സ്കാൻ പറയുന്നു, ബിനാലെ നന്നാവും, നന്നാക്കാനാവും, ലോകപ്രശസ്തമായ വെനീസിലെ ബിനാലെയോളം തന്നെ, പക്ഷേ ഉടച്ചുവാർക്കണം ബിനാലെയെ അടിമുടി. അതിന് ആർജ്ജവമുള്ള കലാകാരന്മാർ മുന്നോട്ടുവരണം. ഭരണകൂടങ്ങളുടെ ശമ്പളം വാങ്ങാത്ത കലാകാരന്മാർ. ഭരണകൂടങ്ങളുടെ ഉച്ചിഷ്ടം വിഴുങ്ങാത്ത നട്ടെല്ലുള്ള സുകൃതം ചെയ്ത കലാകാരന്മാർ. അവർക്കായി നമുക്ക് കാത്തിരിക്കാം, ബിനാലെയുടെ പുതിയ പതിപ്പിനായും.

 

Share

ct william

Leave a Reply

Your email address will not be published. Required fields are marked *