ഇന്ത്യയുടെ അഭിമാനമായി സൂറയുടെ നൃത്തച്ചുവടുകൾ

ഇന്ത്യയുടെ അഭിമാനമായി സൂറയുടെ നൃത്തച്ചുവടുകൾ
22 Jan 2024

കോസ്റ്റ സറീനയുടെ വിലകൂടിയ ഔദാര്യത്തിന്മേൽ ഞങ്ങളുടെ ലക്ഷദ്വീപ് യാത്ര ഏതാനും മണിക്കൂറുകളിലേക്ക് പരിമിതപ്പെടുത്തിയിരുന്നു. പല സഞ്ചാരികളും ചെന്നിറങ്ങിയ അഗാത്തിയിലെ തീരങ്ങളിലും നേരിയ തിരമാലകളിലും യാനപാത്രങ്ങളിലും ദ്വീപിന്റെ പാനപാത്രങ്ങളിലുമായി മണിക്കൂറുകളെ ഹണിമൂണുകളാക്കിയിരുന്നു. വീഡിയോ കാണാം

എന്റെ നർത്തകി സൂറയെ നിങ്ങൾ മറന്നുവോ എന്തോ. എന്നാൽ അവളും കൂട്ടുകാരി ആൾഡേലും കൂട്ടരുമാണ് ഈ അഗാത്തിയുടെ ആധിപത്യം ഏറ്റെടുത്തതെന്നും തോന്നും അവരുടെ ആഘോഷതിമിർപ്പുകൾ കണ്ടാൽ. അവരുടെ മൊബൈൽ ക്യാമറകളുടെ ഗർഭപാത്രങ്ങളിൽ സെൽഫികളും റീലുകളും ജന്മമെടുത്തുകൊണ്ടേയിരുന്നു.

ഗോവൻ പ്രണയതീരങ്ങളെ ഓർമ്മിപ്പിക്കുമാറ് അഗാത്തിയിലെ തീരങ്ങൾ പ്രണയതീരങ്ങളാവുകയായിരുന്നു. സായ്പുമാരും മദാമമാരും, നാണത്താൽ നനഞ്ഞുകിടന്ന അഗാത്തി തീരങ്ങളേയും നേർത്ത തിരമാലകളേയും പിന്നേയും പിന്നേയും ലജ്ജിപ്പിച്ചുകൊണ്ടിരുന്നു. തീരങ്ങളിലെ തെങ്ങിൻതലപ്പുകൾ അതൊക്കെ കണ്ടുകണ്ട് നയനഭോഗാവസ്ഥയിൽ മോഹാലസ്യപ്പെട്ടിരുന്നു. അഗാത്തിയിലെ യാനപാത്രങ്ങളത്രയും പിന്നെ തീരത്തെ ശയ്യാതലങ്ങളും സഞ്ചാരികളുടെ തുറന്നുവച്ച രതിയുടെ അന്തപ്പുരങ്ങളായി.

കപ്പലിൽ ചെന്നെത്താനുള്ള മണികൾ മുഴങ്ങി. സഞ്ചാരികൾ കുഞ്ഞുകുഞ്ഞു കൂട്ടമായി കപ്പലിലേക്ക് ചേക്കേറി. അവിടെ അപ്പോഴും നാലുമണി ചായയും കാപ്പിയും പലഹാരങ്ങളും സഞ്ചാരികളെ കാത്തുകിടന്നിരുന്നു. അഗാത്തിയിലെ ഇളനീരിൽ വിശപ്പുവറ്റിച്ച സഞ്ചാരികൾ അതൊക്കെ ആർത്തിയോടെ അകത്താക്കി. കുട്ടികൾ അപ്പോഴും നിർഭയരായി കടലും നോക്കി പലതും പലതും നുണഞ്ഞുകൊണ്ടേയിരുന്നു.

കോസ്റ്റയിലെ അത്യന്താധുനിക കൊട്ടകങ്ങൾ ഒരിക്കലും കെട്ടുപോകാത്ത നിറമാലകളിൽ ആറാടിക്കൊണ്ടിരുന്നു. അവിടെ ചലച്ചിത്രങ്ങളും പാട്ടും കൂത്തും ആട്ടവും മാറിമറഞ്ഞ ചലനദൃശ്യങ്ങളായി. കൊട്ടകങ്ങളോട് ചേർന്നൊഴുകിയ പാനശാലകളിൽ ലഹരി പതഞ്ഞൊഴുകി. ആ ലഹരി മൊത്തിച്ചുവപ്പിച്ച ചുണ്ടുകളുമായി സഞ്ചാരികൾ കോസ്റ്റ സറീനയെ ഏതോ ആനന്ദത്തിൽ മയക്കിക്കിടത്തി. കപ്പൽ ആരുമറിയാതെ പിന്നേയും പിന്നേയും ഒഴുകാൻ തുടങ്ങി.

ഞാൻ എന്റെ ക്യാമറകളുമായി ആ കപ്പലിലെ കുസൃതിയുള്ള ഒളിഞ്ഞുനോട്ടക്കാരനായി ആരുമറിയാതെ ഇഴഞ്ഞുനടന്നു. അപ്പോഴാണ് ഈ മുംബൈ സുമുഖ സഞ്ചാരിയെ കണ്ടുമുട്ടിയത്. അവനോടൊപ്പം അവന്റെ പെൺകിടാവും ഉണ്ടായിരുന്നു. അവർ ഒരു ക്യാമറമാനെ കാത്തുകിടക്കുകയായിരുന്നു, ആ കപ്പലിന്റെ ആരും കാണാത്ത പതിനൊന്നാം നിലയിലെ ഡക്കിൽ.

അവരുടെ സ്വകാര്യതയുടെ സുതാര്യദൃശ്യങ്ങളത്രയും ഞാൻ അവരുടെ ക്യാമറകളിൽ പകർത്തിക്കൊടുത്തു. അതിനുള്ള പാരിതോഷികമായാണ് അവന്റെ കോസ്റ്റ സറീനയെ കുറിച്ചുള്ള ഈ മൊഴിയടയാളങ്ങൾ.

പിന്നേയും പിന്നേയും കോസ്റ്റ സറീനയെ അളന്നെടുത്തപ്പോഴാണ്, കപ്പലിന്റെ ഏതോ ഒരു റസ്റ്റോറന്റിൽ വച്ച് ഈ കസാക്കിസ്ഥാനി പെൺകുട്ടികളെ കണ്ടുമുട്ടിയത്. സൂറയും ആൾഡേലും. ക്യാമറ കണ്ടതും ഈ പെൺകുട്ടികൾ എന്നോട് കസാക്കിസ്ഥാനി കാര്യവിചാരങ്ങൾ പറയാൻ തുടങ്ങി. എന്റെ ചോദ്യങ്ങളെക്കാൾ കൂടുതലായിരുന്നു ഈ പെൺകുട്ടികളുടെ ഉത്തരങ്ങൾ.

അന്നോളം എനിക്ക് പരിചയമില്ലാത്ത കസാക്കിസ്ഥാനിലെ ഓരോ മുക്കും മൂലയും എനിക്ക് ഈ പെൺകുട്ടികൾ കാണിച്ചുതന്നു. കസാക്കിന്റെ ഭൂമിശാസ്ത്രവും നരവംശ ശാസ്ത്രവും സംസ്കാരവും കലയും സാഹിത്യവും വിശ്വസപ്രമാണങ്ങളും ഈ പെൺകുട്ടികൾ എന്റെ മുന്നിൽ തുറന്നുവച്ചു. ഇതൊക്കെ ആരോടെങ്കിലും പറയാനാവാതെ അവർ വീർപ്പുമുട്ടുകയായിരുന്നു എന്നുവേണം പറയാൻ.

അവർ പ്രധാനമായും പറഞ്ഞതും അതുതന്നെ. കസാക്കിസ്ഥാനിൽ അവർ കടുത്ത മാനസിക സമ്മർദ്ദങ്ങളിലാണെന്ന് അവർ പറയുന്നു. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ആ ഭൂസ്ഥലിയിൽ ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദമുള്ളയായി ഈ പെൺകുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുകൂടിയാണത്രെ അവർ ഇന്ത്യയിലേക്ക് വരുന്നത്. അവർ ഇന്ത്യയെ ഒരുപാട് ഇഷ്ടപ്പെടുന്നു. കാരണം, ഇന്ത്യയിൽ സമാധാനമുണ്ട്, മാനസിക സമ്മർദ്ദങ്ങളില്ല. അവർ ഇന്ത്യയിലെ സമാധാനം അനുഭവിക്കുന്നു, ആസ്വദിക്കുന്നു. അവരുടേത് മാത്രമായിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് അവർ വിമോചിതരാവുന്നു.

അവർ ഇന്ത്യയുടെ ധ്യാനവഴികളും യോഗാഭ്യാസങ്ങളും ഇഷ്ടപ്പെടുന്നു. പക്ഷേ, ഈ ഭാരതീയ വഴികളൊന്നും കസാക്കിസ്ഥാനിൽ അവർക്ക് തുറന്നുകിട്ടുന്നില്ലെന്ന് ഈ പെൺകുട്ടികൾ പരാതിപ്പെടുന്നു. ഈ പെൺകുട്ടികളിലുടെ എനിക്ക് എന്റെ ഭാരതത്തിൽ അഭിമാനം കൊള്ളുന്നതിനും ആദരം പുലർത്തുന്നതിനും ഒരവസരം കൂടിയുണ്ടായി. ഒരുവേള ഞാൻ എന്റെ ഭാരതത്തെ അഭിമാനിക്കാതെ പോയോ എന്ന കുറ്റബോധമുണ്ടായി, എന്നിൽ. നാം എത്രത്തോളം നമ്മുടെ ഭാരതത്തെ അറിയുന്നില്ലെന്നതും ഈ പെൺകുട്ടികൾ നമ്മേ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.

ഞാൻ അവർക്ക് കുറച്ചുകൂടി ഇന്ത്യയെ പകർന്നുകൊടുത്തു. ഞാൻ അവരെ വീണ്ടും വീണ്ടും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു. എപ്പോഴോ അവരെനിക്ക് സഹോദരിമാരായി. അവർ ഇന്ത്യക്കാരാവുകയായിരുന്നു. അവരുടെ മാനസീക സമ്മർദ്ദങ്ങൾ ഇന്ത്യയുടെ ശാന്തസമുദ്രോപരിതലങ്ങളിൽ ഉടഞ്ഞില്ലാതായി.

ആൾഡേൽ മനസ്സുതുറന്ന് ചിരിച്ചു. സൂറ എല്ലാം മറന്ന് എന്റെ മുന്നിൽ നൃത്തം വച്ചു. അവൾക്ക് കസാക്ക് നൃത്തവും ഭാരതീയ നൃത്തവും അറിയാം. ഞാൻ പറയാതെ, ആവശ്യപ്പെടാതെ സൂറ എന്റെ മുന്നിൽ കസാക്ക് നൃത്തമാടി. കസാക്കിസ്ഥാൻ സംഗീതജ്ഞനായ ഈവ്ജെനി ബർസ്കിലോവ്സ്കിയുടെ സിംഫണിയിൽ അവൾ ലാസ്യവതിയായി. സർഗ്ഗത്തിലെ ജയപ്രദയുടെ നൃത്തച്ചുവടുകളെ അവൾ ആവാഹിച്ചെടുത്തു. അവൾ എന്റെ മുന്നിൽ സർഗ്ഗത്തിലെ ജയപ്രദയായി ഉലഞ്ഞാടി. ലക്ഷ്മികാന്ത് പ്യാരെലാലിന്റെ സംഗീതത്തിൽ അവൾ ഇന്ത്യക്കാരിയായി.

Share

admin

Leave a Reply

Your email address will not be published. Required fields are marked *