കോട്ട കാക്കുന്ന മഞ്ഞുമാതാവ്

കോട്ട കാക്കുന്ന മഞ്ഞുമാതാവ്
20 Jul 2022

ലോകത്തമ്പാടുമുള്ള ക്രൈസ്തവർക്ക് മരിയ പ്രതിഷ്ടകൾ അനവധിയാണ്. നിത്യസഹായ മാതാവ് മുതൽ വ്യകുല മാതാവ് വരെ വൈവിദ്ധ്യമാർന്ന മരിയ സങ്കല്പങ്ങളാണ് ഇന്നുള്ളത്. കേരളത്തിലും ഈ സങ്കല്പങ്ങളൊക്കെ നില നില്ക്കുന്നുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു മരിയ സന്നിധിയിലാണ് ഞാനിപ്പോൾ നില്ക്കുന്നത്. സാക്ഷാൽ മഞ്ഞമ്മ എന്നറിയപ്പെടുന്ന മഞ്ഞുമാതാവിന്റെ തിരുസന്നിധിയിൽ.

എറണാകുളം വൈപ്പിൻ ദ്വീപിൽ പള്ളിപ്പുറം കോട്ടക്കരികെയാണ് ഈ സവിശേഷമായ മഞ്ഞുമാതാവിന്റെ ദേവാലയം സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാർ പണികഴിപ്പിച്ച സാക്ഷാൽ പോർച്ചുഗീസ് വാസ്തകലയിലധിഷ്ടിതമായ ദേവാലയമാണിത്.

ചരിത്രവും പൈതൃകവും പള്ളിയുറങ്ങുന്ന പെരിയാറിന്റെ ഓരത്താണ് മഞ്ഞുമാതാവ് അനേകായിരം ഭക്തർക്ക് അനുഗ്രഹങ്ങൾ ചൊരിയുന്നത്. ചരിത്രപൈതൃക സ്ഥലിയായ പള്ളിപ്പുറം കോട്ടയുടെ സംരക്ഷണയിലും  സുരക്ഷയിലുമാണ് ഈ ദേവാലയം.

1341-ൽ പെരിയാറിലുണ്ടായ അഭൂതപൂർവ്വമായ ഒരു വെള്ളപ്പൊക്കത്തിൽ രൂപം കൊണ്ടതാണത്രെ വൈപ്പിൻ ദ്വീപ്. കൊച്ചി അഴിമുഖം മുതൽ കൊടുങ്ങല്ലൂർ അഴിമുഖം വരെ നീണ്ടുകിടക്കുന്ന ദ്വീപോരങ്ങൾക്ക് 25 കി.മി. നീളമുണ്ട്. വൈപ്പിൻ കരയുടെ വടക്കേ അറ്റത്ത് മുനമ്പത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് പള്ളിപ്പുറം.

കാടുപിടിച്ചുകിടന്ന ഈ പ്രദേശം കാലക്രമേണ ജനാധിവാസ ഭൂമികയാവുകയായിരുന്നു. കൂടുതലും കൈസ്തവരായിരുന്നുവെന്ന് ഇവിടെ ഉണ്ടായിരുന്ന കടലാറ്റ് കുരിശുപള്ളി സാക്ഷ്യം പറയുന്നു. പള്ളിയോട് ചുറ്റപ്പെട്ടുകിടന്ന പ്രദേശമായതുകൊണ്ടാണ് ഈ പ്രദേശം പള്ളിപ്പുറം എന്നറിയപ്പെടാൻ തുടങ്ങിയത്.

പള്ളിപ്പുറത്തിന്റെ ചരിത്രമിങ്ങനെ- 1500-ാമാണ്ടിൽ കോഴിക്കോട് സാമൂതിരിയുമായി തെറ്റപ്പിരിഞ്ഞ പോർച്ചുഗീസുകാർ കൊച്ചിയിലെത്തിയതിൻ ശേഷമാണ് പള്ളിപ്പുറം ചരിത്രമാവുന്നത്. 1503-ൽ കൊച്ചി മഹാരാജാവിന്റെ അനുവാദത്തോടെ പോർച്ചുഗീസുകാർ ഇവിടെ ഒരു കോട്ട തീർത്തു. എട്ടുകോണോടുകൂടി നിർമ്മിച്ച ഈ കോട്ടയാണ് പിന്നീട് അയക്കോട്ടയെന്നും വട്ടക്കോട്ടയെന്നും വിളിച്ചുപോന്നിരുന്നത്. ചരിത്ര-പുരാവസ്തു രേഖകളിൽ ഇപ്പോളത് പള്ളിപ്പുറം കോട്ടയാണ്.

കോട്ട കെട്ടി ഇവിടെ സ്ഥിരതാമസമാക്കിയ മരിയ ഭക്തരായ പോർച്ചുഗീസുകാർ 1507-ൽ പണിതീർത്ത ഈ പള്ളി 1557-ൽ കൊച്ചി രുപത നിലവിൽ വന്നതോടെ ഏറ്റടുക്കുകയായിരുന്നു. അതേസമയം 1602-ൽ ഡച്ചുകാർ ഈ കോട്ടയും പള്ളിയും കൈവശപ്പെടുത്തിയെങ്കിലും പോർച്ചുഗീസുകാർ തന്നെ അതൊക്കെ തിരിച്ചുപിടിക്കുകയും പള്ളിയെ കുറേക്കൂടി മോടിപിടിപ്പിക്കുകയും ചെയ്തു. 1823-ൽ ഈ പള്ളിയുടെ അറ്റകുറ്റപ്പണികൾ നടത്തിയതായ രേഖകളുണ്ടെന്ന് പറയപ്പെടുന്നു.

പിന്നീട് ഒരു നൂറ്റാണ്ടിനുശേഷം ഈ പള്ളി പുതുക്കിപ്പണിതതായും ആദ്യ പള്ളിയുടെ അൾത്താര പുതുക്കിപ്പണിത പള്ളിയലേക്ക് അങ്ങനെത്തന്നെ പുനപ്രതിഷ്ഠിക്കുകയുമാണ് ഉണ്ടായത്.

ഈ പള്ളിയിലെ പ്രതിഷ്ഠാരൂപത്തിനും ഏറെ പ്രത്യേകതകളുണ്ട്. വിശുദ്ധ ലൂക്ക വരച്ച മാതാവിന്റെ ആദ്യ ചിത്രത്തിന്റെ അനുകരണരൂപമാണത്രെ ഈ പള്ളിയിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഈ ചിത്രം പോർച്ചുഗീസുകാർ സംഭാവന ചെയ്തതാണത്രെ.

ഇത്രയും ചരിത്രം. ഇനി ഐതീഹ്യത്തിലേക്ക് കടക്കാം. മഞ്ഞുമാതാവിന്റെ ഐതീഹ്യം. അതിങ്ങനെ. 18-ാം നൂറ്റാണ്ടിൽ മൈസൂർ പട്ടാളം പള്ളിപ്പുറം കോട്ട പിടിക്കാൻ വന്നപ്പോൾ ഒരു അത്ഭുതം സംഭവിച്ചത്രെ. മൈസൂർ പട്ടാളം കോട്ട വളഞ്ഞപ്പോൾ അവിടം മുഴുവൻ മാതാവ് മഞ്ഞുമൂടി അത്ഭുതം സൃഷ്ടിച്ചു. അങ്ങനെ കോട്ടയെ ശത്രുക്കളിൽ നിന്ന് രക്ഷിച്ചുവത്രെ. അങ്ങനെയാണ് ഈ മാതാവിന് മഞ്ഞുമാതാവ് എന്ന പേരു് വന്നത്.

2012-ൽ ബസിലിക്കയായി പ്രഖ്യാപിച്ച ഈ മഞ്ഞുമാതാവിനെ കാണാൻ അനേകം മരിയ ഭക്തരും സന്ദർശകരും ഇവിടെ എത്തുന്നുണ്ട്.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *