എന്റെ പ്രണയവിചാരങ്ങൾ
by ct william
in Audio Story, Life, Social, Uncategorized
04 Feb 2025
പലരും എന്നേട് പ്രണയത്തെ കുറിച്ച് ചോദിക്കാറുണ്ട്. എല്ലാവർക്കും അറിയേണ്ടത് എന്റെ പ്രണയജീവിതത്തെകുറിച്ചാണ്. അല്ലാതെ പ്രണയത്തെ കുറിച്ചല്ല, അതാണ് സത്യം. മലയാളിയുടെ ഒളിഞ്ഞുനോട്ടം ഏറ്റവുമധികം പ്രകടമാവുക മറ്റുള്ളവരുടെ പ്രണയജീവിതങ്ങളിലാണ്. അതവിടെ നിൽക്കട്ടെ. നമുക്ക് പ്രണയത്തെ കുറിച്ച് സംസാരിക്കാം, ചിന്തിക്കാം. നമുക്ക് ഒരു ദിവ്യമായ പ്രണയകാലമുണ്ടായിരുന്നു, പണ്ട്. അതൊക്കെ പോയി. ഇന്ന് പ്രണയം കൂടുതലും പ്രായോഗികമാണ്, ഭൌതികമാണ്. പ്രണയം ഇന്ന് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിപോലെയാണ്. കമ്പനിനിയമം അനുശാസിക്കുന്ന എത്രയെങ്കിലും പങ്കാളികളാവാം ഈ കമ്പനിയിൽ. കമ്പനി ലാഭത്തിലോ, ചുരുങ്ങിയപക്ഷം ബ്രേക്കീവണിലോ പോകണമെന്ന് മാത്രം.ഭൂരിപക്ഷം പ്രണയങ്ങളും ബ്രേക്കീവണിലായിരിക്കും. അതേസമയം, സാമൂഹ്യനിയമാനുസൃതമുള്ള പങ്കാളി പലപ്പോഴും ഒരു സ്ലീപ്പിങ്ങ് പാർട്ണറോ, പങ്കാളിയോ ആവാം. ആ പങ്കാളി ഉറങ്ങാനോ ഉറക്കം നടിക്കാനോ വിധിക്കപ്പെട്ടവനോ വിധിക്കപ്പെട്ടവളോ ആയിരിക്കും. അതാണ് കമ്പനിനിയമം. ഈ പങ്കാളികൾ ഒട്ടുമിക്കവാറും സ്ലീപ്പിങ്ങ് ഡിവോഴ്സിലുമായിരിക്കും. എന്നുവച്ചാൽ ഉഭയസമ്മതപ്രകാരമുള്ള നിയമാനുസൃതമല്ലാത്ത ഡിവോഴ്സിനെയാണ് നാം സ്ലീപ്പിങ്ങ് ഡിവോഴ്സ് എന്നു വിളിക്കുന്നത്. അവസാനമായി,ഞാൻ പ്രണയത്തെ ഇങ്ങനെ താത്വീകരിക്കുന്നു. പ്രണയം, വിശുദ്ധന്റെ പാപവും, പാപിയുടെ വിശുദ്ധിയുമാണ്. ശലഭം അറിയാത്ത വീണപൂവാണ്, പ്രണയം. വീഡിയോ കാണാം.