മിനി യൂറോപ്പും, ടൂർ കമ്പനി തട്ടിപ്പും.

മിനി യൂറോപ്പും, ടൂർ കമ്പനി തട്ടിപ്പും.
04 Feb 2025

ഇതാണ് മിനി യൂറോപ്പിലേക്കുള്ള പ്രധാന കവാടം. മുന്നിൽ ഒരു കൊടിയും പിടിച്ച് പോകുന്നതാണ് എന്റെ ഗൈഡ്, വെങ്കിട്ട്. പറഞ്ഞുകേട്ട അത്ര ഗൌരവമൊന്നും ഈ ഭൂപ്രദേശത്തിന് കാണാനില്ല. ബെൽജിയത്തിലെ പ്രസിദ്ധമായ ആറ്റോമിയത്തിനു സമീപമാണ് ഈ മിനി യൂറോപ്പ്. ഈ വഴികൾക്കും പ്രദേശങ്ങൾക്കും അത്ര വെടിപ്പും വൃത്തിയൊന്നുമില്ല. വീഡിയോ കാണാം.

ദാ ഈ കുറ്റിക്കാട്ടിൽ ഒരു ബോഡ് വച്ചിട്ടുണ്ട്. ഈ കാണുന്നതാണ് ഇവിടുത്തെ ടിക്കറ്റ് കൌണ്ടറും പ്രവേശനകവാടവും. ഇവിടെയൊന്നും കാര്യമായ ദീപാലങ്കാരങ്ങളില്ല. സഞ്ചാരികളുടെ തിരക്കും കാണാനില്ല. ഈ ദിശാസൂചകങ്ങളിൽ ആംസ്റ്റർഡാം, സ്റ്റോക്ക്ഹോം, ലക്സംബർഗ്ഗ്, റോമാ എന്നൊക്കെ എഴുതിവച്ചിട്ടുണ്ട്.

പ്രവേശനപാസ്സുകൾ സ്കാൻ ചെയ്താൽ അകത്ത് പ്രവേശിക്കാം.  ഇതൊരു കുഞ്ഞു പാർക്കാണ്. കൃത്യമായി പറഞ്ഞാൽ ബ്രസ്സൽസിൽ. പ്രസിദ്ധമായ ആറ്റോമിയത്തിന് അടുത്തുള്ള ബ്രൂ പാർക്ക് എന്റർടെയിൻമെന്റ് പാർക്ക്. അതുകൊണ്ടുതന്നെ, ഈ പാർക്കിൽ എവിടെനിന്നു നോക്കിയാലും നമുക്ക് ആറ്റോമിയത്തിന്റെ ദൃശ്യങ്ങൾ കാണാം.

ഇത് അത്ര വലിയ പ്രമാദമായ പാർക്കൊന്നുമല്ല. ഒരു സാധാരണ പാർക്ക്. യൂറോപ്പ് ടൂർ ഓപ്പറേറ്റർമാർ പാവം ഇന്ത്യക്കാരെ പറ്റിച്ച് കാശുവാങ്ങി സമയം കളയുന്ന ഒരു പാർക്ക്. മിനി യൂറോപ്പ് എന്ന ഓമനപ്പേരിട്ട ഒരു തട്ടിപ്പ് പാർക്ക്. ഞാൻ പെട്ടു. നിങ്ങൾ പെടാതിരിക്കാനാണ് ഈ വീഡിയോ ഞാൻ കാണിക്കുന്നത്.

യൂറോപ്യൻ യൂണിയനിലെ 27 അംഗരാഷ്ടങ്ങളിലെ ഏകദേശം 80 നഗരങ്ങളേയും 350 സുപ്രധാന കെട്ടിടങ്ങളേയും 1 അനുപാതം 25 എന്ന ഏറ്റവും ചുരുങ്ങിയ അളവിൽ ഈ പാർക്കിൽ പുനരാവിഷ്കരിച്ചിരിക്കുന്നു, എന്നതാണ് ഈ പാർക്കിന്റെ പ്രത്യേകത.

2.5 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ പാർക്കിൽ പ്രതിവർഷം മുന്നര ലക്ഷം സന്ദർശകർ വന്നുപോകുന്നു, എന്നാണ് കണക്ക്. കൂടുതലും, ഇന്ത്യയടക്കമുള്ള അവികസിത രാജ്യങ്ങളിൽ നിന്നുള്ളവരാവാനാണ് സാധ്യത.

1989-ലാണ് ഈ പാർക്ക്, അന്നത്തെ ബെൽജിയം രാജകുമാരൻ ഫിലിപ്പ് ലോകത്തിന് സമർപ്പിക്കുന്നത്. 3 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പാർക്കിന് അന്ന് ചെലവായത് 50 ദശലക്ഷം ബെൽജിയം ഫ്രാങ്കാണ്. പിന്നീട് 2005-ൽ ഈ പാർക്ക് പരിഷ്കരിക്കുകയുണ്ടായത്രെ.

ഓസ്ട്രിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം പാർക്കുകൾ സ്ഥാപിച്ചിട്ടുള്ള ജോഹനസ്സ് എ ലോറിൻ തന്നെയാണ് ഈ പാർക്കിന്റേയും ശില്പി. ബിസിനസ്സ് തന്നെയായിരുന്നു ലോറിന്റെ ലക്ഷ്യം. പിന്നീട് ബിസിനസ്സ് പച്ചപിടിക്കാത്തതിനെ തുടർന്ന്, 1988-ൽ ഈ പദ്ധതി വാലിബി എന്നൊരു ബിസിനസ്സ് ഗ്രൂപ്പ് ഏറ്റെടുക്കുകയായിരുന്നു.

അതേസമയം വാലിബി ഗ്രൂപ്പ് മറ്റൊരു അമ്യൂസ്മെന്റ് പാർക്ക് പദ്ധതിയുമായി മുന്നോട്ട് പോകുകയും, മിനി യൂറോപ്പ് പദ്ധതി ഒരു മിനി പദ്ധതിയായി ഇവിടെ നിലനിർത്തുകയുമായിരുന്നു.

പ്രകൃതിയേയും പ്രകൃത്യേതര വസ്തുക്കളേയും ജീവൻ സ്ഫുരിക്കുന്ന തരത്തിൽ ത്രിമാന സൌന്ദര്യത്തോടെ, സാങ്കേതിക തികവോടെ ആവിഷ്കരിച്ച്, യൂറോപ്പിനെ അനുഭവിപ്പിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, ലക്ഷ്യപ്രാപ്തിയിലെത്തിയില്ല. ഇപ്പോൾ ഈ പാർക്കിന് വേണ്ടത്ര പരിപാലനം ഇല്ലെന്ന് തന്നെ പറയാം.  ഈ പാർക്ക് കാണുമ്പോൾ തന്നെ ഇക്കാര്യം നമുക്ക് ബോധ്യമാവും. മാത്രമല്ല, ഇന്ന് ഈ പാർക്ക് നഷ്ടത്തിലുമാണ്.

പാർക്ക് നഷ്ടത്തിലായ സാഹചര്യത്തിൽ ഈ പാർക്ക് അടച്ചുപൂട്ടാൻ ഉത്തരവായതാണ്. പിന്നെ എങ്ങിനേയോ അതിങ്ങനെ കുടരുകയാണ്, അടച്ചുപൂട്ടൽ ഭീഷണിയുടെ അകമ്പടിയോടെ. ഇതൊന്നും അറിയാത്ത ഇന്ത്യൻ ടൂർ കമ്പനിക്കാരും അവരുടെ ഗൈഡുമാരും പാവപ്പെട്ട ഇന്ത്യൻ സഞ്ചാരികളെ ഈ ആർക്കും വേണ്ടാത്ത പാർക്ക് കാണിച്ച് പറ്റിക്കുകയാണ്, ഇന്നും.

ബെൽജിയം, ബ്രിട്ടൺ, ഡച്ച്, ഫ്രഞ്ച്, ജർമ്മൻ, പോർച്ചുഗീസ്, സ്പാനിഷ് കലാകാരന്മാരാണ് യൂറോപ്പിലെ അനശ്വര പ്രതീകങ്ങളെ ഇത്തരത്തിൽ ഇവിടെ മോഡലുകളാക്കിയത്.  എപ്പോക്സി പശ ഉപയോഗിച്ചുകൊണ്ടുള്ള സിലിക്കോൺ മോൾഡിങ്ങ് സമ്പ്രദായത്തിലാണ് ഇതെല്ലാം ആവിഷ്കരിച്ചിരിക്കുന്നത്. ചിലതെല്ലാം കല്ലും മാർബിളും ഉപയോഗിച്ചും നിർമ്മിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തിയതായും കാണുന്നു.

ഇവിടുത്തെ പല സ്മാരകങ്ങളും യൂറോപ്യൻ യൂണിയനിലെ പല രാഷ്ട്രങ്ങളും സ്പോൺസർ ചെയ്തവയാണ്. സീറ്റിവില്യംസ്കാൻ യൂറോപ്പ് വീഡിയോകളിൽ നിങ്ങൾ കണ്ട ഒട്ടുമിക്കവാറും കാഴ്ചകളുടെ കഞ്ഞുകുഞ്ഞു മോഡലുകളാണ് ഈ പാർക്കിൽ നാം കാണുന്നത്.

ഫ്രാൻസിലെ എയ്ഫൽ ടവറും മറ്റു കെട്ടിട സമുച്ഛയങ്ങളും, ജർമ്മനിയിലെ പള്ളികളും, കൊട്ടാരങ്ങളും, സ്വിസ്സ് താഴ്വാരങ്ങളും, ബെൽജിയത്തിലെ പ്രൌഡഗംഭീര സൌദങ്ങളും, മറ്റു പടിഞ്ഞാറൻ യൂറോപ്പിലെ ചേതോഹരമായ ഓർമ്മകളുടെ സ്മാരകങ്ങളും നമുക്കിവിടെ കാണാം. ഓടുന്ന ട്രെയിനുകളും, പായുന്ന കപ്പലുകളും, ഇഴയുന്ന ബോട്ടുകളും കാണാമിവിടെ.

അതേസമയം, ഈ പാർക്ക് തീരെ പരിപാലിക്കുന്നില്ലെന്നതിനുള്ള വ്യക്തമായ വേദനിപ്പിക്കുന്ന അടയാളങ്ങളും നമുക്കിവിടെ കാണാം.

ചുരുക്കിപ്പറഞ്ഞാൽ രണ്ടുമണിക്കൂർ കൊണ്ട് നമുക്ക് ഏകദേശം യൂറോപ്പ് മുഴുവനും കാണാമെന്നതാണ് മിനി യൂറോപ്പ് പാർക്കിന്റെ അത്ഭുതം. അതിസമർത്ഥമായി വീഡിയോഗ്രാഫ് ചെയ്താൽ ആർക്കും ഇതൊരു പാർക്ക് ചിത്രീകരണമാണെന്ന് പറയാനേ കഴിയില്ല. ഈ വീഡിയോ കാണുമ്പോഴും നിങ്ങൾക്ക് അത് മനസ്സിലാവുന്നുണ്ടാവണം.

ഞാൻ ഈ വീഡിയോ കാണിക്കുന്നതെന്തെന്നാൽ, നമ്മുടെ ഭാരതത്തിലും, ചുരുങ്ങിയപക്ഷം കേരളത്തിലും ഇത്തരത്തിലുള്ള മിനി ഭാരതവും കേരളവും രൂപകല്പന ചെയ്താൽ അതിന് യൂറോപ്പിനേക്കാൾ സ്വീകാര്യത കിട്ടുമെന്നുള്ളതുകൊണ്ടാണ്. ലോകാന്തര കാഴ്ചക്കാരും ഉണ്ടാവാനുള്ള സാധ്യതയും കാണുന്നുണ്ട് ഞാൻ.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *