സന്തോഷം വിതക്കുന്ന ഡിസ്നി കുട്ടികൾ, ഡിസ്നിലാന്ഡ്-ഭാഗം-4

22 Jan 2025
ഞാനിപ്പോൾ നടന്നുപോയിക്കൊണ്ടിരിക്കുന്നത് ഡിസ്നിലാന്ഡ് പാർക്കിന്റെ പ്രധാനവീഥിളിലൂടെയാണ്. ഇവിടെ ഇന്ന് നല്ല തിരക്കാണ്. സഞ്ചാരികളൊക്കെ വലിയ ആഹ്ളാദത്തിലാണ്. തണുത്ത വെയിൽ വീഴ്ത്തുന്ന ഛായാതലങ്ങളിലൂടെ കുട്ടികളും മുതിർന്നവരും തുള്ളിച്ചാടി നടക്കുകയാണ്. വീഡിയോ കാണാം.
ദാ വലതുവശത്ത് കാണുന്നത് കാസീസ് കോർണർ. അതൊരു ഹോട്ടലും ബാറുമാണ്. ഇടതുവശത്ത് ഈ പൂത്തൂണിന്നരികെ കാണുന്നത് ഇവിടുത്തെ പ്രസിദ്ധമായ ജിബ്സൺ ഗേൾ ഐസ് പാർലറാണ്.
ഇന്ന് രാവിലെ ഞാൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ചത് ഇവിടെ നിന്നായിരുന്നു. ഒരു പ്രത്യേകതരം ബ്രഡ്ഡ് പിളർന്ന് അതിൽ ചീസും ബട്ടറും പിന്നെ ഒരുപാട് പഴങ്ങളും പച്ചക്കറികളും കുത്തിനിറച്ച ബർഗ്ഗർ എന്ന് തോന്നിപ്പിക്കുന്ന എന്തോ ഒന്നായിരുന്നു ഞാൻ കഴിച്ചത്. ഇവിടുത്തെ സ്പെഷ്യൽ ഐസ്ക്രീമുകളാണ്.
ഞാൻ ഡിസ്നിലാന്ഡ് സന്ദർശിക്കുന്നത് സംപ്തംബർ മാസത്തിലായിരുന്നു. ഡിസ്നിലാന്ഡിന് ഇത് പാട്ടുകാലമാണ്. ഡിസ്നി മ്യൂസിക്ക് ഫെസ്റ്റിവൽ നടക്കുന്നത് സംപ്തംബറിലാണ്. ഏപ്രിൽ മുതൽ സപ്തംബർ വരെയാണ് ഈ പാട്ടുകാലം, ആഘോഷിക്കുക. ഇപ്പോൾ നിങ്ങൾ പശ്ചാത്തലത്തിൽ കേട്ടുകൊണ്ടിരിക്കുന്നതും ഡിസ്നി സംഗീതമാണ്.
അതുകൊണ്ട് എനിക്ക് ആ മനോഹര ഡിസ്നി പാട്ടുകാലം ആസ്വദിക്കാനായി. സംഗീതം പെയ്യുന്ന ഈ കാലത്ത്, ഡിസ്നി പാർക്ക് മുഴുവനും സംഗീതത്തിൽ നീരാടും.
എല്ലാ കുട്ടിവണ്ടികളും അതുന്തുന്ന അച്ഛനമ്മമാരും കുട്ടികളും നേരെ പോകുന്നത് ഞാൻ നേരത്തെ നിങ്ങൾക്ക് കാണിച്ചുതന്ന ഉറങ്ങുന്ന സുന്ദരകൊട്ടാരമുറ്റത്തേക്കാണ്. അവിടെനിന്നാണ് ഇന്നത്തെ സംഗീതപരിപാടികൾ ആരംഭിക്കുക.
എല്ലാവരുടേയും തലയിൽ മിക്കിമൌസിന്റേയും മിന്നിമൌസിന്റേയും തലപ്പാവുകളുടെ പകർന്നാട്ടം കാണാം. ഡിസ്നി ലാന്ഡിലെ മുഴുവൻ കഥാപാത്രങ്ങളും ഇന്ന് അവരുടെ തനത് വേഷപ്പകർച്ചയിൽ ഈ പാർക്കിന്റെ പ്രധാന സഞ്ചാരപഥങ്ങളിലൂടെ ആടിയും ചാടിയും പാടിയും തകർക്കും.
ഈ പെൺകുട്ടി ആഘോഷിക്കുന്നത് കണ്ടുവോ. അതെല്ലാം മറ്റൊരുവൾ പിറകിൽ നിന്ന് വീഡിയോയിൽ പകർത്തുന്നുമുണ്ട്.
ഇന്നിവിടെ ഏറ്റവും പുതിയ ബാന്റുകൾ അണിനിരക്കും. ഡിസ്നിലാന്ഡിന്റെ മുഴുവൻ സംഗീതവും ഹിറ്റ് പാട്ടുകളും ഇന്നിവിടെ അലയടിക്കും.
ഇത് ഇവിടുത്തെ പ്രധാന കവാടത്തിന്നരികെയുള്ള ഒരു ഓപ്പണെയർ റസ്റ്റോറന്റാണ്. ഇവിടെ ഇപ്പോൾ നല്ല തിരക്കാണ്. എല്ലാവരും മ്യൂസിക്ക് ഫെസ്റ്റിവെല്ലിന് മുമ്പ് ഭക്ഷണം കഴിക്കുകയാണ്. ഇനി ഫെസ്റ്റിവൽ തീർന്നിട്ടേ ഭക്ഷണം കഴിക്കാനാവൂ. ഫെസ്റ്റിവൽ ഒന്നൊതുങ്ങണമെങ്കിൽ ഏകദേശം മൂന്നുമണിയെങ്കിലും ആവും.
ഞാൻ വളരെ ബുദ്ധിമുട്ടിയാണ് ഈ ഉറങ്ങുന്ന കൊട്ടാരമുറ്റത്ത് എത്തിയത്. ഇന്നിവിടെ വലിയ ജനക്കൂട്ടമാണ്. സെക്യൂരിറ്റിക്കാർ ആരേയും അങ്ങോട്ട് കടത്തിവിടുന്നില്ല. എന്റെ വേഷവും ക്യാമറയും കണ്ടാവണം, എന്നെ ചിലരെങ്കിലും അങ്ങോട്ട് കടത്തിവിട്ടത്.
ദാ സംഗീതക്കാഴ്ചകൾ ഒരുങ്ങി. ഇവിടെ നിറയെ ഫ്ലോട്ടുകളാണ്. ഈ ഫ്ലോട്ടുകളിലാണ് ബാന്റും സംഗീതവും. സംഗീതോപകരണങ്ങളാലും സംഗീത ചിഹ്നങ്ങളാലും അലംകൃതമാണ് ഈ ഫ്ലോട്ടുകൾ. പശ്ചാത്തലത്തിൽ കൂറ്റൻ സ്പീക്കറുകളും ഡിസ്ക്കോ ലൈറ്റുകളും കാണാം. പ്രധാന വിഥികളിലേക്ക് ആരേയും കടത്തിവിടുന്നില്ല. സഞ്ചാരികളാരും അങ്ങോട്ടേക്ക് പോകുന്നുമില്ല. നല്ല അച്ചടക്കമുള്ള വരാണ് വിദേശികൾ എന്നും നമുക്ക് മനസ്സിലാവും. എല്ലാ സഞ്ചാരികളും അവരുടെ തലയും മെയ്യും സംഗീതത്തിനൊപ്പം ആടിയുലക്കുകയാണ്. കുട്ടികളും ആനന്ദത്തിലാണ്.
മിക്കി മൌസും മിന്നി മൌസും ഡോണാൾഡ് ഡക്കും പീറ്റും മോണയും മിഗ്വേലും പ്ലൂട്ടോയും ഹോറസ്സും പിന്നെ കരീബിയൻ കപ്പൽകൊള്ളക്കാരും ഇവിടെ ബാന്റിനൊപ്പം പ്രത്യേകം അലങ്കരിച്ച ഫ്ലോട്ടുകളിൽ നിന്ന് നൃത്തം വക്കും. ചിലപ്പോഴെങ്കിലും അവർ ഫ്ലോട്ടുകളിൽ നിന്ന് ഇറങ്ങിവന്ന് കാഴ്ചക്കാരായ കുട്ടികളോടൊപ്പവും നൃത്തം വക്കും.
വേറേയും നൃത്തസംഘങ്ങൾ ഉണ്ടിവിടെ. അവരൊക്കെ എവിടേനിന്നൊക്കെയോ പ്രത്യക്ഷരാവുന്നു. എന്നിട്ട് ഈ സഞ്ചാരികൾക്ക് മുന്നിൽ വന്ന് നൃത്തം വക്കുന്നു.
ദാ ഡൊണാൾഡ് ഡക്ക് അയാളുടെ നൃത്തപ്രകടനങ്ങൾ കാഴ്ചവച്ചുതുടങ്ങി. ദാ അവിടെ ഒരു പ്ലാറ്റ്ഫോമിലും നൃത്തസംഘങ്ങൾ സജീവമാണ്. ആ നർത്തകരുടെ കയ്യിൽ ഓരോ ബോക്സുകളും കാണുന്നുണ്ട്. ദാ അവരിപ്പോൾ ആ പ്ലാറ്റ്ഫോംമിൽ നിന്ന് താഴേക്കിറങ്ങിവന്ന് നൃത്തം ചെയ്യുകയാണ്.
അവരുടെ നൃത്തം കഴിഞ്ഞു. അവർ ആ ബോക്സുകളുമായി ജനങ്ങളിലേക്ക് എത്തുന്നു. കുഞ്ഞുകുട്ടികൾക്ക് പറക്കും ഉമ്മകൾ കൈമാറുന്നു. എന്റെ മുന്നിൽ നില്ക്കുന്ന ഈ അമ്മയ്ക്കും മോനും കിട്ടി നർത്തകിയുടെ പറക്കും ഉമ്മകൾ.
ദാ ഡോണാൾഡ് ഡക്ക് ജനങ്ങളിലേക്ക് വരുന്നു. എല്ലാവരും സന്തോഷത്തിലാണ്. പക്ഷേ, അവൻ മറ്റൊരു ഫ്ലോട്ടിൽ കയറി, മറ്റൊരു പ്രകടനം കാഴ്ചവക്കാൻ.
ഉറങ്ങുന്ന സുന്ദരകൊട്ടാരം ഇപ്പോൾ ഉറങ്ങുകയല്ല, ഉണർന്നിരിക്കുകയാണ്.അതോ, ഡിസ്നി സംഗീതത്തിൽ ഉറഞ്ഞുതുള്ളുകയാണോ.
എന്റെ മുന്നിൽ നില്ക്കുന്ന അമ്മയും മോനും എന്റെ ക്യാമറക്ക് മുഖം തന്നു. ആ കുഞ്ഞിന്റെ പേരു് ഡോണ എന്നാണെന്ന് അമ്മ എന്നെ ബോദ്ധ്യപ്പെടുത്തി.
ദാ മറ്റൊരു ഫ്ലോട്ടുകൂടി വരുന്നുണ്ട്. ആ ഫ്ലോട്ടുകൂടി കടന്നുപോയപ്പോൾ എല്ലാവരും അതിന്റെ പിറകിൽ ചേർന്നുനടന്നു. ഈ പരിപാടിയുടെ അവസാനമായെന്ന് തോന്നുന്നു. എല്ലാവരും ആ സംഗീതത്തിന് ചുവടുവച്ചുകൊണ്ട് ആ സംഗീതപ്രദക്ഷിണത്തിൽ സജീവമായി.
ഇനി നമുക്ക് ഞാൻ പറയാൻ ബാക്കിവച്ച ഇത്തിരി ഡിസ്നിലാന്ഡ് ചരിത്രം കൂടി കേൾക്കാം.
ഞാൻ നേരത്തെ പറഞ്ഞല്ലോ ഫ്രാൻസിലെ ബുദ്ധിജീവികളും കർഷകരും ജനങ്ങളും ഡിസ്നിലാന്ഡിന്റെ ആരംഭകാലത്ത് വാൾട്ട് ഡിസ്നിക്ക് എതിരായിരുന്നു. ഡിസ്നിലാന്ഡ് അമേരിക്കക്കാരുടെ ഫ്രാൻസിലേക്കുള്ള കടന്നുകയറ്റമാണ്, സാമ്രാജ്യത്ത്വവൽക്കരണമാണ്, എന്നൊക്കെയായിരുന്നു അവരുടെ ആരോപണം.
എന്നാൽ, വാൾട്ട് ഡിസ്നി മുട്ടുമടക്കിയില്ല. അയാൾ അയാളുടെ ബിസിനസ്സിൽ ഉറച്ചുനിന്നു. തന്റേത് ബിസിനസ്സാണെന്നും, മറിച്ച് കടന്നുകയറ്റമോ സാമ്രാജ്യവത്കരണമോ ഒന്നുമല്ലെന്ന് അയാൾ പിൽക്കാലത്ത് പ്രഞ്ച് ജനതയെ ബോധ്യപ്പെടുത്തി.
അതുമായി ബന്ധപ്പെട്ട്, 2012-ലെ ഒരു സാമ്പത്തികപഠനത്തിൽ, ഡിസ്നിലാന്ഡ്, ഫ്രഞ്ച് സമ്പദ്ഘടനയിൽ നിർണ്ണായകമായ സംഭാവന നടത്തിയതായി തെളിഞ്ഞു. ടൂറിസം ഇനത്തിൽ തന്നെ, ഫ്രാൻസിന്, ഏകദേശം 37 ബില്യൺ നേടിക്കൊടുത്തതായും, 55000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും ഈ പഠനം അവകാശപ്പെടുകയുണ്ടായി. അതോടെ ഡിസ്നിലാന്ഡിന് ഫ്രാൻസിൽ പച്ചക്കൊടിയായി.
അവസാനം ബാങ്കുകളും ഫ്രഞ്ചുകാരും ഡിസ്നിലാന്ഡിനെ അംഗീകരിച്ചു, സ്വീകരിച്ചു. 1995-മുതൽ ഡിസ്നിലാന്ഡിന് പുതുമകളുണ്ടായി, ഡിസ്നിലാന്ഡ് ലാഭത്തിലായി. അതുവരെ യൂറോ ഡിസ്നിലാന്ഡ് എന്നറിയപ്പെട്ടിരുന്ന ഡിസ്നിലാന്ഡ്, പിന്നെ ഡിസ്നിലാന്ഡ് പാരീസായി.
പിന്നീട് കോവിഡ് കാലം വരെ ഡിസ്നിലാന്ഡ് പാരീസ് ലാഭനഷ്ടങ്ങളിലൂടേയും, ഫ്രഞ്ച് ആക്ടിവിസ്റ്റുകളുടെ പ്രതിരോധ-ഉപരോധങ്ങളിലൂടേയും കടന്നുപോയി. അപ്പോഴും ഡിസ്നിലാന്ഡ് പാരീസ് പരിഷ്കരിച്ചും വികസിപ്പിച്ചും ലോകസഞ്ചാരികൾക്കിടയിൽ പ്രിയപ്പെട്ടതായി.
കാലാന്തരത്തിൽ, ഡിസ്നിലാന്ഡ് പാരീസ്, അതിന്റെ വികസനമികവുകൊണ്ടും പരിഷ്കാരാവേഗം കൊണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റി. ഫ്രാൻസിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ സമ്പദ്ഘടനയിലേക്ക് മുതൽകൂട്ടുന്നതിൽ ഡിസ്നിലാന്ഡ് പാരീസ് മൻപന്തിയിലായി. അങ്ങനെ ഒരുപാട് അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കി, ഇന്ന് ലോകത്തിന്റെ നെറുകെയിൽ അന്തസ്സോടെ തല ഉയർത്തിനിൽക്കുകയാണ്, ഡിസ്നിലാന്ഡ് പാരീസ്.
ഇന്ന് ലോകത്തെമ്പാടുമുള്ള കുഞ്ഞുങ്ങളുടെ മുഖത്ത് നിഷ്കളങ്കമായ പൊട്ടിച്ചിരികൾ വിടർത്തുകയാണ് ഡിസ്നിലാന്ഡുകൾ. ഈ മിക്കി മൌസും മിന്നി മൌസും കൂടി ലോകത്തെ തന്നെ പ്രസന്നവദനരാക്കിക്കൊണ്ടിരിക്കുന്നു. ഈ ലോകം മുഴുവനും ഈ കൌതുക കാർട്ടൂൺ കുട്ടികളുടെ കൂടെയാണ് ഇന്ന്. ഇവിടെ ഒരു രാഷ്ട്രീയ കടന്നുകയറ്റവും സാമ്രാജ്യവത്കരണവുമില്ല.
ഈ കാർട്ടൂൺ കുട്ടികൾ കടന്നുകയറുന്നത് ലോകത്തിന്റെ മനസ്സിലേക്കും ഹൃദയത്തിലേക്കുമാണ്. ഇവർ തീർക്കുന്നത് ആനന്ദത്തിന്റെ സാമ്രാജ്യമാണ്.
ലോകനേതാക്കൾ കൈ വീശുന്നതുപോലെയല്ല, ഈ കാർട്ടൂൺ കുട്ടികൾ കൈകൾ വീശുന്നത്. ഇത് ആത്മാർത്ഥതയുടെ, നിഷ്കളങ്കതയുടെ കൈവീശലുകളാണ്. ലോകം ഇവരെ അംഗീകരിച്ചിരിക്കുന്നു. ലോകം ഇവരെ കേൾക്കുന്നു. ലോകം ഇവരിൽ ആനന്ദം കണ്ടെത്തുന്നു.
ഈ ലോകത്തിലെ ഒരു നേതാക്കൾക്കും, മനുഷ്യർക്ക് ഇന്നോളം വരെ, കൊടുക്കാൻ കഴിയാത്ത അത്രയും ആനന്ദവും മനസുഖവും മനസമാധാനവും ഈ കാർട്ടൂൺ കുട്ടികൾ ലോകത്തിന് കൊടുക്കുന്നു.
ഈ ഡിസ്നിലാന്ഡിലെ, ഈ ലോകജനതയുടെ ആലിംഗനങ്ങളിലും ആനന്ദാശ്രുക്കളിലും ഞാൻ ലോകസമാധാനം ഉറപ്പുവരുത്തിയ മിക്കി മൌസിനേയും മിന്നി മൌസിനേയും കാണുന്നു.
സഞ്ചാരികൾ ആനന്ദത്തോടെ പിരിയുകയാണ്. അവർ ഡിസ്നിലാന്ഡിലെ റെയിൽവേ സ്റ്റേഷനിൽ എത്തി മറ്റൊരു ആനന്ദയാത്രയുടെ പച്ചക്കൊടിക്കായി. ആ യാത്രാവിശേഷം ഞാൻ അടുത്ത എപ്പിസോഡിൽ പറയാം.
ലോകസഞ്ചാരങ്ങളുടെ അറിവനുഭവങ്ങൾ ആസ്വദിക്കാൻ സീറ്റിവില്യംസ്കാൻ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഷെയർ ചെയ്യുക. ആ ബെൽ ബട്ടൺ കൂടി അമർത്തിയാൽ, സീറ്റിവില്യംസ്കാൻ നിങ്ങളുടെ വിരൽതുമ്പെത്തെത്തും.