വാർത്തയല്ലിത് ജീവിതം

06 Mar 2021
തൃശൂർ. കോവിഡ് ചികിത്സാ നിർവ്വഹണത്തിലും അനുബന്ധ ആരോഗ്യപ്രവർത്തനത്തിലും സംസ്ഥാന സർക്കാരിനെ വിമർശിച്ചും വാർത്ത എഴുതിയതുമായ തൃശൂരിലെ മുതിർന്ന പത്രപ്രവർത്തകൻ തന്റെ കോവിഡ് ചികിത്സാനുഭവത്തിൽ എല്ലാം തിരുത്തി കുമ്പസാരിക്കുന്നു. കുമ്പസാരക്കുറിപ്പ് പരസ്യപ്പെടുത്താൻ സീറ്റി വില്യം ഡോട് കോമിന് എഴുതിത്തന്ന് പത്രപ്രവർത്തകൻ.
ഇന്ത്യയിൽ തന്നെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ചൈനയിലെ വുഹാനിൽ നിന്ന് തൃശൂരെത്തിയ മെഡിക്കൽ വിദ്യാർത്ഥികളിലാണ് 2020 ജനുവരി 30-ന് ആദ്യ കോവിഡ് സ്ഥിരീകരിച്ചത്. സംഭവത്തിന്റെ ഗൌരവം കണക്കിലെടുത്തുകൊണ്ട് കേരളത്തിൽ സംസ്ഥാന ദുരന്ത പ്രഖ്യാപനം നടന്നെങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനെ തുടർന്ന് അധികം താമസിക്കാതെ ദുരന്ത പ്രഖ്യാപനം പിൻവലിക്കുകയായിരുന്നു.
പിന്നീടങ്ങോട്ട് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ചിട്ടയോടുകൂടിയ ജാഗ്രതയെതുടർന്ന് സംസ്ഥാനം താൽക്കാലികമായെങ്കിലും കോവിഡ് മാഹാമാരിയിൽ നിന്ന് മുക്തമാവുകയും ലോകവ്യാപകമായ പ്രശംസക്ക് പാത്രിഭൂതമാവുകയും ചെയ്തു.
പിന്നീടെപ്പോഴോ കോവിഡ് ജാഗ്രതാ പ്രവർത്തനങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെടുകയും കേരളം അവിശ്വസനീയമാം വിധം കോവിഡ് മഹാമാരിയുടെ പിടിയിലമരുകയുമാണുണ്ടായത്. അതിന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കേരളം, ഇന്ത്യയിലെ കോവിഡ് ബാധിത സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്നു.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിൽ കേന്ദ്രസംഘം കേരളത്തിലെത്തിയതിനെ തുടർന്ന് ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ഏറ്റവും പുതിയ കോവിഡ് കണക്കുകൾ പറയുന്നു. സ്ഥിതിവിവരക്കണക്കുകൾ ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കെ കേരളത്തിലെ കോവിഡ് മഹാമാരി നിയന്ത്രണങ്ങളെ കുറിച്ചും ചികിത്സാരീതികളെകുറിച്ചും പുറത്തുവിട്ടുകൊണ്ടിരിക്കുന്ന കോവിഡ് കണക്കുകളെ കുറിച്ചും ഒരുപാട് വിമർശനങ്ങൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു.
ഇതിന്നിടെയാണ് തൃശൂരിലെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകനായ സക്കീർ ഹുസൈൻ താൻ അനുഭവിച്ച കോവിഡ് ചികിത്സാനുഭവത്തെകുറിച്ച് സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെ പ്രശംസിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് സീറ്റി വില്യം ഡോട് കോമിന് ചിത്രങ്ങൾ സഹിതം അയച്ചുതരുന്നത്. സക്കീർ ഹുസൈന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ചിത്രങ്ങൾ സഹിതം താഴെ കൊടുക്കുന്നു.
തൃശൂർ മെഡിക്കൽ കോളജാശുപത്രി മെയിൻ ബ്ലോക്കിലെ കോവിഡ് വിഭാഗത്തിൽ എത്തുമ്പോൾ തെല്ല് ആശങ്കയുണ്ടായിരുന്നു. അവിടെ നല്ല സേവനവും ശ്രദ്ധയുമാണെന്ന് സഹപ്രവർത്തകർ പറഞ്ഞിരുന്നെങ്കിലും മറ്റു ചില ഉന്നത കേന്ദ്രങ്ങളിൽ നിന്ന് ശുഭസൂചകമായ വിവരങ്ങളായിരുന്നില്ല കിട്ടിയത്. ഗവ. മെഡിക്കൽ കോളജാശുപത്രിയാകുമ്പോൾ അതിൻ്റേതായ പോരായ്മകളും പ്രശ്നങ്ങളും ഉണ്ടാകുമെന്നും പ്രിൻസിപ്പൽ അടക്കമുള്ളവരുടെ ഫോൺ നമ്പർ കരുതിക്കോളൂ എന്നും പറഞ്ഞ ഉന്നത ഉദ്യോഗസ്ഥരുണ്ടായിരുന്നു. എന്നിൽ ആശങ്കയുണ്ടാക്കിയത് ഇതൊക്കെയാണ്.
പക്ഷെ, വാർഡിൽ എത്തിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിക്കു തുല്യമായ എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. തൃശൂർ എം.പി. ഫണ്ട് ഉപയോഗിച്ചുള്ള സംവിധാനങ്ങൾ. ടോയ്ലറ്റ് അടക്കം നല്ല വൃത്തി. നല്ല സേവനം, പരിചരണം, ശ്രദ്ധ. സാമാന്യം മോശമില്ലാത്ത ഭക്ഷണം.

എനിക്ക് കാര്യമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നില്ല. രണ്ടാം ദിവസം ഡോക്ടർ സമീപിച്ച് തൊട്ടടുത്ത പഴയ ബ്ലോക്കിലേക്ക് എന്നെ മാറ്റിക്കോട്ടെ എന്ന് ചോദിച്ചു. മാറ്റുകയാണെന്ന് അറിയിക്കുകയല്ല ചെയ്തത്. പുതിയ ബ്ലോക്ക് ഐ.സി.യു. സൗകര്യമുള്ളതാണെന്നും രോഗാവസ്ഥ മൂർഛിച്ചവർക്കു വേണ്ടി ബെഡുകൾ മാറ്റിവെക്കാനാണ് ചോദിക്കുന്നതെന്നും ഡോക്ടർ വിശദീകരിച്ചു. അവിടെ ഡോക്ടറും മറ്റു ആരോഗ്യ പ്രവർത്തകരുമുണ്ടെന്നും ഇവിടത്തെ സേവനം അവിടെയും കിട്ടുമെന്നും ഡോക്ടർ പറഞ്ഞു. എന്തെങ്കിലും പ്രശ്നങ്ങൾ വികസിക്കുകയാണെങ്കിൽ നിമിഷങ്ങൾക്കകം ഇങ്ങോട്ടു കൊണ്ടുവരുമെന്നും ഡോക്ടർ പറഞ്ഞു. മാറ്റിക്കോളൂ എന്ന് ഞാൻ സമ്മതം നൽകി.
ചെസ്റ്റ് ആശുപത്രി എന്നറിയപ്പെടുന്ന പഴയ ബ്ലോക്ക് എനിക്കറിയാം. അവിടത്തെ ചിത്രം മനസിൽ വന്നപ്പോൾ ഉള്ള് ഒന്നു പിടഞ്ഞു. അനുഭവിക്കുക തന്നെ എന്ന് അൽപം നിരാശയോടെ ചിന്തിച്ച് ഞാൻ ആമ്പുലൻസിൽ കയറി. ഞാൻ അടക്കം എട്ട് പേരെ പഴയ ബ്ലോക്കിലേക്ക് മാറ്റി.
അവിടെ എത്തിയപ്പോൾ എൻ്റെ അത്ഭുതം ഇരട്ടിച്ചു. വാർഡിലെ കട്ടിലുകളും ബെഡുകളും മുതൽ ചൂല് വരെ പുത്തൻ. എല്ലാം വടക്കാഞ്ചേരി എം.എൽ.എ.യുടെ ആസ്തി ഫണ്ട് ഉപയോഗിച്ച് തയാറാക്കിയവ. ഡോക്ടറും നഴ്സുമാരും മറ്റു ജീവനക്കാരും എന്തും ചെയ്യാൻ തയാറായ മനസോടെ സമീപിക്കുന്നവർ. രോഗിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞതുപോലെയുള്ള പെരുമാറ്റം.
വൃത്തിയാണ് എന്നെ ഞെട്ടിച്ച മറ്റൊരു കാര്യം. ടോയ്ലറ്റ് വളരെ വൃത്തിയോടെ കിടക്കുന്നു. മനസിലെ ചിത്രം വേറെയായിരുന്നു.

നഴ്സിങ് മുറിയിൽ ഇന്ധക്ഷൻ കുക്കർ ഉപയോഗിച്ച് ഇടക്കിടെ കുടിവെള്ളം തിളപ്പിച്ച് വാർഡിൽ എത്തിക്കുന്ന ജീവനക്കാർ. ഇക്കാര്യത്തിൽ ചിലർ പറഞ്ഞത് ചൂടുള്ള കുടിവെള്ളം കിട്ടാൻ പ്രയാസമാണ് എന്നായിരുന്നു. സമയത്തിന് മുമ്പേ തന്നെ ജീവനക്കാർ ഭക്ഷണവുമായി എത്തും. എല്ലാവർക്കും കിട്ടിയെന്ന് വിളിച്ച് ചോദിച്ച് ഉറപ്പാക്കും. ചുമയും കഫക്കെട്ടുമുള്ളവർക്ക് പ്രത്യേക ശ്രദ്ധ.
സ്വകാര്യ ആശുപത്രികളെ പിന്നെ എന്തിന് ആശ്രയിക്കണം എന്ന് എനിക്ക് തോന്നി. ഏതായാലും ഇങ്ങോട്ട് പുറപ്പെടും മുമ്പ് എന്നോട് ചിലത് പറഞ്ഞ ഉന്നതരെ ഞാൻ വിളിച്ചു പറഞ്ഞു: നിങ്ങൾക്ക് കിട്ടിയ വിവരങ്ങൾ മുച്ചൂടും തെറ്റാണ്. മറിച്ചാണ് കാര്യങ്ങൾ