പൊൻമുട്ടയിടുന്ന പുലിമുട്ടുകൾ

പൊൻമുട്ടയിടുന്ന പുലിമുട്ടുകൾ
05 Apr 2022

തീരങ്ങളിലേക്ക് ചീറിപ്പാഞ്ഞെത്തുന്ന തിരമാലകൾ പ്രത്യേകിച്ചും വർഷക്കാലങ്ങളിൽ തീരദേശങ്ങളിൽ വൻ നാശം വിതക്കുക പതിവാണ്. തീരദേശങ്ങളിലെ മനുഷ്യരേയും അവരുടെ സ്ഥാവരജംഗമ വസ്തുക്കളെല്ലാം അപ്പോൾ കടലെടുക്കും. തീരദേശവാസികളെ കണ്ണീരിലാഴ്ത്തുന്ന ഈ ദുരന്ത പ്രതിഭാസം എല്ലാ വർഷവും തുടന്നുകൊണ്ടേയിരിക്കും.

അപ്പോഴൊക്കെ സർക്കാരും മാധ്യമങ്ങളും ഈ ദുരന്തം റിപ്പോർട്ട് ചെയ്യാൻ മാത്രമായി ഇവിടെയെത്തും. പിന്നീടങ്ങോട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പെരുമഴക്കാലമാവും. അതിന്റെ ഭാഗമായാണ് പുലിമുട്ട് നിർമ്മാണമെന്ന തീരദേശ ദുരിതാശ്വാസ പദ്ധതി  രൂപം കൊള്ളുക. ശാസ്ത്രീയമായി പറഞ്ഞാൽ തീരങ്ങളേയും തീരദേശവാസികളേയും തിരമാലകളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്ന ഒരു പ്രതിരോധ ചിറയാണ്  പുലിമുട്ട് അഥവാ തരംഗരോധി.

2016-ലെ സർക്കാർ ഔദ്യോഗിക കണക്കനുസരിച്ച് തൃശൂരിലെ  വാടാനപള്ളി കടലോര പ്രദേശത്ത് കടലാക്രമണം തടയുന്നതിനായി 840 മീറ്ററോളം കടൽഭിത്തി നിർമ്മാണത്തിനും പുനരുദ്ധാരണത്തിനുമായി 4.08 കോടി രൂപയാണ് വകയിരുത്തിയത്.

2010 മുതൽ തുടങ്ങി 2016 വരെ ഏകദേശം 1.50 കോടി രൂപ ചെലവഴിച്ചതായും സർക്കാർ രേഖകൾ പറയുന്നു. പിന്നീടുവന്ന പ്രളയകാലഘട്ടത്തിൽ പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായും വേറേയും കോടികൾ ചെലവഴിച്ചതായാണ് അറിയാൻ കഴിയുന്നത്. ലഭ്യമായ കണക്കിന്റെ അനുപാതമെടുത്താൽ തന്നെ ഇതിനകം ഏകദേശം 10 കോടി രൂപയെങ്കിലും കടലിൽ കല്ലെറിഞ്ഞ വകയിൽ നാം ചെലവഴിച്ചുകാണണം.

അതേസമയം ഇവിടെ ഇപ്പോഴും പണി പൂർത്തിയാവാത്ത നാല് പുലിമുട്ടുകളാണ് ഇന്നുള്ളത്. എല്ലാം കടലെടുത്തുപോയ ഇവിടുത്തെ പാവം ജനങ്ങളുടെ ദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാരിന്റെ പുലികൾ കടിച്ചുകീറിയെടുത്തത് കോടികളാണെന്ന് ഇവിടുത്തെ ദുരിതബാധിതർ വ്യസനസമേതം പ്രതിഷേധത്തോടെ തന്നെ ഉറക്കെ സാക്ഷ്യം പറയുന്നുണ്ട്.

കൂറ്റൻ ലോറികളിൽ ഇറക്കുന്ന കല്ലിന് ഇല്ലാത്ത കണക്കെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പുലിമുട്ടിനുവേണ്ടി തൂക്കിയിറക്കിയ കല്ല് തന്നെ വീണ്ടും ലോറിയിൽ കയറ്റി വീണ്ടും വീണ്ടും തൂക്കിയിറക്കി കള്ളക്കണക്കുണ്ടാക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.

ഓരോ വർഷവും കടൽ തീരങ്ങളിൽ നിക്ഷേപിക്കുന്ന കൂറ്റൻ മണൽമലകളും മണൽ മാഫിയകൾ രാപകലില്ലാതെ കൊണ്ടുപോകുന്നുവെന്ന് തീരദേശവാസികൾ ആരോപിക്കുന്നു.

ഉത്തരവാദപ്പെട്ടവർ ആരുംതന്നെ ഈ പ്രദേശത്തേക്ക് വരാറില്ലെന്നും തീരദേശപ്രദേശങ്ങളും തീരദേശവാസികളും അനാഥമാക്കപ്പെടുകയാണെന്നും ആരോപണമുണ്ട്.

ഏതു ദുരിതത്തിനും ഭക്ഷ്യകിറ്റിലൂടെ മാത്രം ആശ്വാസ മറുപടി പറയുന്ന സർക്കാർ കേൾക്കണം ഈ മനുഷ്യർ പറയുന്നത്. അവർ പറയുന്നത് ഇത്രമാത്രം.

ഞങ്ങളെ കടലിലേക്ക് എറിഞ്ഞുകൊടുക്കരുത്. ഞങ്ങളെ ഇവിടെ നിന്നൊഴിപ്പിക്കണം. ഞങ്ങളെ പുനരധിവസിപ്പിക്കണം. ഞങ്ങളുടെ ഇവിടെയുള്ള ഭൂമിക്കും പുരയിടത്തിനും മാന്യമായ വിലതരണം. ഇപ്പോൾതന്നെ കോടിക്കണക്കിന് രൂപ കടലിൽ കല്ലിട്ട് കായം കലക്കുന്ന സർക്കാർ അതിലൊരു ചെറിയ വിഹിതം മാത്രം ഞങ്ങൾക്ക് തന്നാൽ മതി, ഞങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാൻ.

അവർ പിന്നേയും പിന്നേയും പറയുന്നു, സർക്കാരിനും അതുതന്നെയാണ് ലാഭം. അങ്ങനെ സർക്കാരും ഞങ്ങളും രക്ഷപ്പെടും.

പക്ഷേ, പ്രശ്നം അവിടെ മാത്രം ഒതുങ്ങതല്ല. സർക്കാരിന്റേയും ജനങ്ങളുടേയും രക്ഷപ്പെടലല്ല ഇവിടുത്തെ പ്രശ്നം. പ്രശ്നം പക്ഷേ ഇതാണ്. കടൽ ഭിത്തിയും പുലിമുട്ടും പദ്ധതികളുമെല്ലാം സർക്കാരിനും സർക്കാർ അനുബന്ധ ഏജൻസികൾക്കും കരാറുകാർക്കും ഒരു കറവപ്പശുവാണ്, പൊൻമുട്ടയിടുന്ന താറാവാണ്. ആ പശുവിനേയും താറാവിനേയും അവർക്ക് സംരക്ഷിക്കണം. അതിന് ജനങ്ങൾ സംരക്ഷിക്കപ്പെടാതെ തന്നെ കഴിയണം.

ജനങ്ങൾ പറയുംപോലെ,  ജനങ്ങളുടെ ചെറിയ വിഹിതം കൊടുത്തുകൊണ്ട് ഈ പ്രശ്നം പരിഹരിച്ചാൽ പിന്നെ ഇവരുടെയൊക്കെ വലിയ വിഹിതം ആരുകൊടുക്കും.

സത്യത്തിൽ തുറമുഖങ്ങളെയും തുറമുഖ കവാടങ്ങളേയും തിരമാലകളിൽ നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ ചിറയാണ് തരംഗരോധി അഥവാ പുലിമുട്ട്.

ശക്തമായ തിരമാലകളിൽ നിന്ന് തീരത്തിനു സംരക്ഷണം നൽകുന്ന ദ്വീപുകളും മുനമ്പുകളുമാണ് പ്രകൃത്യാലുള്ള തരംഗരോധികൾ.

അതേ സമയം  മനുഷ്യാധിവാസമുള്ള തീരദേശ പ്രദേശങ്ങളിലും തുറമുഖ പ്രദേശങ്ങളിലും ഖനന പ്രദേശങ്ങളിലും കടൽ ക്ഷോഭങ്ങൾ വിതക്കുന്ന ദുരന്തങ്ങൾക്ക് പരിഹാരമായും വ്യത്യസ്ത  ആകൃതിയിലും വലിപ്പത്തിലും  കൃത്രിമമായി ഇത്തരം പുലിമുട്ടുകൾ  ലോകത്താകമാനം നിർമ്മിക്കാറുണ്ട്. എന്നാൽ കേരളത്തിലെ പുലിമുട്ടുകൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണെന്ന് പറയേണ്ടിവരും. ഒരിക്കലുമൊരിക്കലും പൂർത്തിയാവാത്ത, കറവ വറ്റാത്ത ഒരു ഭീമൻ പദ്ധതിപ്പശുവായി അതിങ്ങനെ പരിലസിക്കുകയാണ്. കടൽ ക്ഷോഭങ്ങളുടെ സ്ഥിരം ബർമ്യൂഡകളിൽ നിന്ന് ഒരിക്കലുമൊരിക്കലും രക്ഷ പ്രാപിക്കാനാവാത്ത വിധം നമ്മുടെ തീരദേശവാസികൾ അനന്തമായ ദുരിതത്തിലും കഴിയുകയാണ്.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *