തൊട്ടുവിശ്വാസി തോമാശ്ലീഹായുടെ പള്ളി

തൊട്ടുവിശ്വാസി തോമാശ്ലീഹായുടെ പള്ളി
27 Jul 2022

ക്രൈസ്തവർ തൊട്ടുവിശ്വാസി എന്ന് വിളിച്ചുപോരുന്ന വിശുദ്ധ തോമേസ് ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളിലെ ഒരു പള്ളി കൂടി പരിചയപ്പെടുത്തുകയാണ് സീറ്റി സ്കാൻ. പാലയൂർ പള്ളിയുടെ പുരാണം നേരത്തെ പറഞ്ഞിരുന്നുവല്ലോ. ഇത് വടക്കൻ പറവൂരിലെ കോട്ടക്കാവ് മാർതോമ പള്ളിയുടെ കഥ.

ഏഴരപള്ളികളിലെ ഈ പള്ളിയും എഡി 52-ൽ വിശുദ്ധ തോമാസ് ശ്ലീഹ സ്ഥാപിച്ചതായാണ് വിശ്വസിച്ചുപോരുന്നത്. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സുവിശേഷ പ്രചാരണത്തിന് വളക്കൂറുള്ള മലബാർ പ്രദേശം ശ്ലീഹ തെരഞ്ഞെടുത്തതും എടുത്തുപറയത്തക്കതാണ്. ഈ പള്ളിയെ കൂടാതെ,  കൊടുങ്ങല്ലൂരിലും പാലയൂരും കൊല്ലത്തും നിരണത്തും നിലക്കലും പിന്നെ കേരള-തമിഴ്നാട് അതിർത്തിയിലെ തിരുവിതാംകോടും വിശുദ്ധ തോമാസ് ശ്ലീഹ പള്ളികൾ സ്ഥാപിച്ചതായാണ് ക്രൈസ്തവ വിശ്വാസം. ഇതിൽ തിരുവിതാംകോട് പള്ളിയും മലയാറ്റൂർ, അരുവിത്തുറ പള്ളികളും അരപ്പള്ളിയായി അറിയപ്പെടുന്നു.

പേഴ്സ്യയിൽ നിന്നെത്തിയ മാർ സബോറും മാർ പ്രോതും ഒമ്പതാം നൂറ്റാണ്ടിൽ തന്നെ കേരളത്തിൽ മലങ്കരയിൽ എത്തിയതായും ഇവിടെ പള്ളികൾ സ്ഥാപിച്ചതായും പറയപ്പെടുന്നുണ്ട്. കോട്ടക്കാവ് പള്ളി അതിലൊന്നാമതാണെന്നും പിന്നീട് പുതുക്കിപ്പണിതതാണെന്നും വിശ്വസിച്ചുപോരുന്നു. മാർ സബോറും മാർ പ്രോതും പിന്നീട് വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുകയും ശേഷം ഇവരുടെ നാമധേയത്തിലാണ് ഈ പള്ളി അറിയപ്പെട്ടിരുന്നതത്രെ. ഈ പള്ളിയുടെ മുൻവശത്തുതന്നെ ഗ്രാനൈറ്റിൽ കൊത്തിവച്ച പേഴ്സ്യൻ കുരിശ് ഈ വിശ്വാസത്തെ ബലപ്പെടുത്തുന്ന ശിലാരേഖയാണെന്നും ചിലർ അവകാശപ്പെടുന്നു.

എഡി 880-ൽ കൊത്തിയെടുത്തതാവണം ഈ കുരിശെന്ന വാദവും നിലനില്ക്കുന്നു. ഇതുകൂടാതെ വിശുദ്ധന്റേതെന്ന് പറയപ്പെടുന്ന ഒരു മരക്കുരിശ് 18-ാം നൂറ്റാണ്ടുവരെ ഇവിടെ ഉണ്ടായിരുന്നതായും വിശ്വസിച്ചുപോരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഇതെല്ലാം നശിച്ചതായും പറയപ്പെടുന്നുണ്ട്. പിന്നീട്  വർദ്ധിച്ചുവന്ന ഭക്തരെ ഉൾക്കൊള്ളുന്നതിനായാണ് 2002 ആഗസ്റ്റ് 15-ന് ഈ പള്ളി അവസാനമായി പുതുക്കിപ്പണിതതെന്നും പറയുന്നു.

പറവൂർ ഗ്രാമത്തിൽ നിന്നുള്ള വിശുദ്ധ യാക്കോവിന്റെ ശിഷ്യനെന്ന് അവകാശപ്പെടുന്ന യാക്കോവ് എന്നൊരു പുരോഹിതൻ 1556-ഫെബ്രുവരി 18-ന് എഴുതിതീർത്ത ഒരു പുസ്തകത്തെ കുറിച്ചുള്ള വത്തിക്കാൻ രേഖകളും മേൽസൂചിതമായ വാദത്തെ ന്യായീകരിക്കുന്നതായും പറയപ്പെടുന്നുണ്ട്. പുരാതന കൃതിയായ റമ്പാൻ പാട്ടിലും പ്രബലമായ ഇത്തരം സൂചനകൾ കാണുന്നുണ്ടത്രെ.

കോട്ടക്കാവ് എന്ന പേരിന്റെ പിന്നിലെ ചരിത്രവും ചിന്തനീയമാണ്. ക്രിസ്ത്വാബ്ദത്തിന്റെ ആരംഭകാലത്ത്‌ പറവൂരിന്റെ പടിഞ്ഞാറെ അതിർത്തി മുഴുവനും കായലായിരുന്നുവത്രെ. കൊടുങ്ങല്ലൂർ, മാല്യങ്കര, പറവൂർ എന്നിവ കായൽ തീരവുമായിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രദേശം കോട്ടക്കായൽ  എന്ന് വിളിച്ചുപോന്നിരുന്നു. പിന്നീട് ഈ പള്ളി വന്നതിൻ ശേഷമാണ് കോട്ടക്കാവ് ഉണ്ടായതെന്നും സ്ഥലനാമപുരാണം പറയുന്നു. അക്കാലത്ത്‌ ഇവിടെ നിഠയെ ബ്രാഹ്മണരായിരുന്നു. പട്ടമന പറവൂർ പിണ്ടിനിവട്ടത്ത്‌ സ്വരൂപം എന്ന്‌ വിളിക്കപ്പെടുന്ന ഒരു നമ്പൂതിരി കുടുംബമായിരുന്നു അക്കാലത്തെ ഇവിടുത്തെ നാടുവാഴികൾ.

വിവിധയിടങ്ങളിൽ സുവിശേഷ പ്രചാരണം നടത്തിയ വിശുദ്ധ തോമാസ് ശ്ലീഹ അങ്ങനെ ഒരുനാൾ കോട്ടക്കാവിലെത്തിയപ്പോൾ ബ്രാഹ്മണാധിപത്യമുള്ള  അവിടെ ഒരു ഉത്സവം നടക്കുകയായിരുന്നുവത്രെ. വേഷത്തിലും രൂപത്തിലും പ്രത്യേകത തോന്നിയ ശ്ലീഹയെ, ബ്രാഹ്മണർ സംശയദൃഷ്ടിയോടെ കാണുകയും ഒരു ഭ്രാന്തനോടെന്ന പോലെ പെരുമാറുകയും പരിഹസിക്കുകയും ചെയ്തുവത്രെ. പിന്നീട് ശ്ലീഹ അവിടെ ഒരു അത്ഭുതം കാണിച്ചു. തീർത്ഥക്കുളത്തിലെ വെള്ളമെടുത്ത് ശ്ലീഹ ആകാശത്തേക്ക് വിതറിയപ്പോൾ വെള്ളം അന്തരീക്ഷത്തിൽ ഘനീഭവിച്ചുനിന്നത്രെ. ശ്ലീഹ ദൈവത്തിന് സമർപ്പിച്ച വെള്ളം ദൈവം സ്വീകരിച്ചതുകൊണ്ടാണ് അത് അന്തരീക്ഷത്തിൽ നിശ്ചലമായതെന്ന് ശ്ലീഹ സമർത്ഥിച്ചു. അത്ഭുതം കണ്ട ബ്രാഹ്മണർ പിന്നെ മോമോദീസ സ്വീകരിച്ച് വിശുദ്ധ തോമാസ് ശ്ലീഹയുടെ ശിഷ്യരായെന്നാണ് കഥ. ഇത്തരത്തിൽ ആയിരത്തിൽപരം ബ്രാഹ്മണരെ മാമോദീസ മുക്കിയതായാണ് ക്രൈസ്തവ വിശ്വാസം. ചില വൈദികർക്ക് ശ്ലീഹ പട്ടം കൊടുത്തതായും പറയപ്പെടുന്നുണ്ട്.

പുതിയ പള്ളിയുടെ പുറകുവശത്ത് സംരക്ഷിക്കപ്പെട്ടുപോരുന്ന പഴയ പള്ളിയോട് ചേർന്ന്, പടിഞ്ഞാറുഭാഗത്തുള്ള തീർത്ഥക്കുളത്തിൽ വച്ചാണ് വിശുദ്ധ തോമാസ് ശ്ലീഹ ബ്രാഹ്മണരേയും മറ്റു വിശ്വാസികളേയും മാമോദീസ മുക്കിയതെന്നും ക്രൈസ്തവർ വിശ്വസിച്ചുപോരുന്നു. കുളത്തിനുചുറ്റും തീർത്തിട്ടുള്ള ആനമതിൽ ചരിത്രപ്രസിദ്ധമാണ്. ഈ തീർത്ഥക്കുളവും പരിസരങ്ങളും ശ്ലീഹയുടെ കഥ പറയുന്ന വിധം കലാവിഷ്കാരം നടത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര പരിപാലനമില്ലാതെ അനാഥമാക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ.

1308-ൽ പുതുക്കിപ്പണിത പള്ളി, പിന്നീട് ഈ നൂറ്റാണ്ടിൽ പുനരുദ്ധരിച്ചതാണെന്നും പറയപ്പെടുന്നു.  ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പയാണ് 1575-ൽ ഈ പള്ളിയുടെ അൾത്താരയക്ക് പ്രിവലെജഡ്  അൾത്താര എന്ന പൂർണ്ണ ദണ്ഡ വിമോചനം കൽപ്പിച്ചത്. ലോകത്തിലെ തന്നെ അപൂർവ്വം ചില ദേവാലയങ്ങൾക്ക് മാത്രമേ ഇത്തരം പ്രിവലെജഡ്  അൾത്താര എന്ന പൂർണ്ണ ദണ്ഡ വിമോചനം കൽപ്പിച്ചിട്ടുള്ളുവത്രെ. ഇവിടെ വന്ന്‌ സർവ്വവും സമർപ്പിച്ച്‌ പ്രാർത്ഥിക്കുന്നവർക്ക്‌ അനുഗ്രഹഫലങ്ങൾ ലഭിക്കുമെന്ന്‌ അനേകർ സാക്ഷ്യപ്പെടുത്തുന്നു.

തോമാശ്ലീഹ ഇവിടെ എത്രകാലം ഭാരതത്തിൽ താമസിച്ചുവെന്നതിന്‌ വ്യക്തമായ തെളിവുകളില്ലെങ്കിലും എ ഡി 72- ൽ മരണമടഞ്ഞതായി വിശ്വസിച്ചുപോരുന്നു. ഒരു വേടന്റെയോ ബ്രഹ്മണന്റെയോ അമ്പേറ്റ് രക്തസാക്ഷ്യം വരിച്ചതായാണ് വിശ്വസിച്ചുപോരുന്നത്.

ആദ്യത്തെ ലത്തീൻ മെത്രാനായിരുന്ന ഫാദർ ഫ്രാൻസിസ് റോസിന്റെ പാദസ്പർശമേറ്റ ദേവാലയഭൂമികൂടിയാണ് കോട്ടക്കാവ് ദേവാലയം. 1557ൽ പോർച്ചുഗലിലെ കാറ്റലോനിയയിൽ ജനിച്ച ഫാദർ റോസ് സുറിയാനി ക്രൈസ്തവർക്കിടയിൽ സർവ്വാദരണീയനായിരുന്നു. 1599 നവംബർ 5-ന് ഫാദർ റോസ് അങ്കമാലി മെത്രാപ്പോലീത്തയായി വാഴ്തപ്പെട്ടു.

അക്കാലത്തെ പോർച്ചുഗീസ്-ഡച്ച് ആക്രമണ-പ്രത്യാക്രമണങ്ങളെ തുടർന്ന് സുരക്ഷ കണക്കിലെടുത്ത് ഫാദർ റോസ് അങ്കമാലിയിൽ നിന്ന് കോട്ടക്കാവിലെത്തിയതാണ്. ഫാദർ റോസിനും ദേവാലയത്തിനും സംരക്ഷണം തീർക്കുന്നതിനായിരിക്കണം ഇവിടെ ആനമതിൽ തീർത്തത്. കോട്ടക്കായൽ കോട്ടക്കാവ് ആവുന്നത് ഇങ്ങനെയുമാവാം.

1624 ഫെബ്രുവരി 14-ന ഞായറാഴ്ച ഫ്രാൻസിസ്‌ റോസ്‌ മെത്രാൻ കാലം ചെയ്തു. പഴയ പള്ളിയുടെ അൾത്താരയിൽ പിതാവിനെ സംസ്ക്കരിച്ചു. ഇതേക്കുറിച്ചള്ള വട്ടെഴുത്ത്‌ ലിപിയിൽ രേഖപ്പെടുത്തിയ ശിലാ ലിഖിതം ഇന്നും പഴയ പളളിയുടെ ചുമരിൽ കാണാം.

വട്ടെഴുത്ത്‌ ശിലാലിഖിതം ഇങ്ങനെ: “മാറൻ ഈശോമിശിഹാ പിറന്നിട്ട്‌ 1624 മകരഞ്ഞായർ നോമ്പുതുടങ്ങുന്ന ഞായറാഴ്ച അസ്തമിച്ച്‌ 8 നാഴിക രാവുചെന്നപ്പോൾ ശുദ്ധമാന കത്തോലിക്ക അക്കലേച്ചയുടെ കൂട്ടത്തിൽ പെട്ട മലങ്കര നസ്രാണികളുടെ മേൽപ്പട്ടക്കാരൻ ഫ്രാൻചീസ്‌ റോസു മെത്രാൻ കാലം ചെയ്തു”

മറ്റു ക്രൈസ്തവ ദേവാലയങ്ങളെ  അപേക്ഷിച്ച് കോട്ടക്കാവിലെ ദേവാലയത്തിൽ ഏറെ വിചിത്രമായ ഒരു എഴുന്നെള്ളിപ്പ് ഉണ്ടെന്ന വസ്തുത എടുത്തുപറയത്തക്കതാണ്. കെട്ടിടം പണിയുമ്പോൾ നിർമ്മാണത്തിന്റെ കൃത്യമായ അളവുകൾ നിശ്ചയിക്കുവാൻ ഉപയോഗിക്കുന്ന ‘മട്ടം’ ഇവിടെ എഴുന്നെള്ളിക്കുന്ന പതിവുണ്ട്. ക്രൈസ്തവ ചരിത്രം പറയുന്നത് കൊട്ടാരം പണിയാൻ കൂടിയാണ് മാർ തോമാസ് ശ്ലീഹ ഭാരതത്തിൽ വന്നെന്നാണ്. ശ്ലീഹായുടെ ശിൽപങ്ങളിൽ മട്ടം ചിത്രീകരിച്ചുകാണുന്നുണ്ട്‌. തോമാശ്ലീഹാ ഉപയോഗിച്ചിരുന്ന മട്ടം, തോമാശ്ലീഹായെ കൊല്ലുവാൻ ഉപയോഗിച്ച കുന്തം, യേശുവിന്റെ തിരുമുറിവിൽ തൊട്ട വിരൽ എന്നിവയാണ്‌ മട്ടം എഴുന്നള്ളിപ്പിനായി ഇവിടെ പ്രദർശിപ്പിക്കുന്നത്‌. ഭവന നിർമ്മാണത്തിലുള്ള തടസ്സങ്ങൾ നീങ്ങുവാനും, കുടുംബ പ്രശ്നങ്ങൾ തീരുന്നതിനും കോട്ടക്കാവിലെ മട്ടം എഴുന്നള്ളിപ്പ് പ്രാർത്ഥന  ഫലപ്രദമെന്ന വിശ്വാസവും ഇവിടെ വരുന്ന ഭക്തർക്കുണ്ട്.

കേൾക്കാം കോട്ടക്കാവ് പള്ളിപുരാണം. കൂടുതൽ എഡ്യൂ വീഡിയോകൾക്ക് സീറ്റി സ്കാൻ സബ്സ്ക്രൈബ് ചെയ്യുക, മുടങ്ങതെ കാണാൻ ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *