കപ്പലിൽ നിന്നൊരു സൂര്യാസ്തമനം

കപ്പലിൽ നിന്നൊരു സൂര്യാസ്തമനം
01 Jun 2023

അത്യാധുനിക ഗതാഗത സംവിധാനങ്ങളിൽ ഏഷ്യയിലെ തന്നെ വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണ് നമ്മുടെ കേരളം. റെയിൽ ഗതാഗതത്തിൽ വേഗതയുടെ വന്ദേ ഭാരത് ഓടിത്തുടങ്ങി. കൊച്ചി മെട്രോ റെയിൽ പോലെ തന്നെ കൊച്ചി വാട്ടർ മെട്രോയിലും വൻ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് കേരളം. വീഡിയോ കാണാം.

ബാലാരിഷ്ടതകളെല്ലാം മറികടന്ന് 2023 ഏപ്രിൽ മാസത്തിൽ തന്നെ കേരളത്തിന്റെ വാട്ടർ മെട്രോ കൊച്ചിക്കായലിലും കടലിലുമായി ഒഴുകിത്തുടങ്ങി. ഇനി അടുത്ത നാളുകളിൽ ഏകദേശം 78 അത്യന്താധുനിക യാനപാത്രങ്ങൾ 16 ജലപാതകളിലൂടെ 38 ടെർമിനലുകൾ വഴി നാടും ഉൾനാടും സാംസ്കാരിക-വാണിജ്യ സമ്പർക്കത്തിലാവും. 819 കോടി രൂപയാണ് കൊച്ചി വാട്ടർ മെട്രോ പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്. ഇന്തോ-ജർമ്മൻ ഫിനാൻഷ്യൽ കോർപ്പറേഷന്റേതാണ് ധനസഹായം. ഈ പദ്ധതി പൂർണ്ണമായും നടപ്പിലാവുമ്പോൾ കൊച്ചി പരിസരത്തുള്ള  ഏകദേശം 33000 ദ്വീപ് നിവാസികൾക്ക് പ്രയോജനപ്പെടും. അങ്ങനെയങ്ങനെ കേരളം വളരുകയാണ്.

അതേസമയം, കേരള ഷിപ്പിങ്ങ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ (KSINC) ലിമിറ്റഡ് അവരുടെ ജലഗതാഗത ജൈത്രയാത്ര തുടരുകയാണ്. 1974-ൽ സ്ഥാപിതമായ കേരള ഷിപ്പിങ്ങ് കോർപ്പറേഷനും (KSC) 1975-ൽ സ്ഥാപിതമായ കേരള ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷനും (KINCO) കൂടിച്ചേർന്നുണ്ടായതാണ് കേരള ഷപ്പിങ്ങ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ (KSINC) ലിമിറ്റഡ്.

കേരളത്തിൽ ആഡംബര കപ്പൽ യാത്രക്ക് സമാരംഭം കുറിച്ച കേരള ഷിപ്പിങ്ങ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ (KSINC) ലിമിറ്റഡിന്റെ ആഡംബരകപ്പലുകളാണ്. രണ്ട് സാഗരറാണിയും ഒരു നെഫർടിട്ടിയും. അതിൽതന്നെ നെഫർടിട്ടി ആഡംബരത്തിന്റെ മോഡിക്കപ്പലാണ്. ഈ കപ്പലുകളൊക്കെ ഇന്നും അവിരാമം അനർഗ്ഗളം കൊച്ചിക്കായലിലും കടലിലുമായി തിരയിളക്കുകയാണ്. സാധാരണക്കാർക്കായുള്ളതാണ് ഈ നെഫർടിട്ടി. 2500 രൂപ മുടക്കി ടിക്കറ്റ് എടുത്താൽ അഞ്ചുമണിക്കൂർ കടലിന്റെ നെഞ്ചകത്തിലിരുന്ന് കടൽക്കിനാവുകൾ കാണാം. പാടിയും ആടിയും തിന്നും കുടിച്ചും ഊർജ്ജത്തിന്റെ ഒടുങ്ങാത്ത കലവറയുമായി തീരമണയാം.

ഞാൻ ഇപ്പോഴുള്ളത് നെഫർടിട്ടിയിലാണ്. കടലിന്റെ കരളിലിരുന്ന് സൂര്യസ്തമനം കാണാനുള്ള ടിക്കറ്റാണ് ഞാൻ എടുത്തിരിക്കുന്നത്. വൈകീട്ട് 4 മണിക്ക് കടലിലേക്ക് ഇഴയും നെഫർടിട്ടി. പിന്നെ സൂര്യാസ്തമനവും കണ്ട് രാത്രി 9 മണിക്ക് തീരത്തെത്താം. എന്നുപറഞ്ഞാൽ 5 മണിക്കൂറും കടലിൽ പെയ്തിറങ്ങുന്ന സ്വർഗ്ഗം കാണാം. ഇതൊക്കെ സംഭവിക്കുന്നത് നമ്മുടെ കൊച്ചു കേരളത്തിലാണെന്നത് മറക്കണ്ട. കേരളം ഇപ്പോൾ പഴയ കേരളമല്ല. പുതിയ ആഡംബര വികസിത കേരളമാണ്.

അതൊക്കെ ശരിയാണെങ്കിലും മലയാളിയുടെ പൌരാവകാശത്തിന്റെ ഭാഷയിൽ, കേരള ഷിപ്പിങ്ങ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ (KSINC) ലിമിറ്റഡിനെ വിമർശിക്കാതിരിക്കാൻ കഴിയുന്നില്ല. അതേസമയം അവരുടെ മികവിനെ പ്രകീർത്തിക്കുയും ചെയ്യട്ടെ.

വൈകീട്ട് 4 മണിക്കാണ് യാത്ര ആരംഭിക്കുന്നതെങ്കിലും യാത്രക്കാർക്കുള്ള  അറിയിപ്പിലും നിർദേശങ്ങളിലും പറയുന്നത് 3 മണിക്ക് ബോൾഗാട്ടി IWAI ടെർമിനൽ ജട്ടിയിൽ ഹാജരാകാനാണ്. 3.45 ന് ശേഷം പ്രവേശനം ക്ലോസ് ചെയ്യുമെന്നും അറിയിപ്പിൽ പറയുന്നു. അങ്ങനെ 3-നും 3.45-നും ഇടക്ക് ഇവിടെ യെത്തുന്ന യാത്രക്കാരുടെ കാര്യം കഷ്ടമാണ്. വൃത്തിഹീനമായ അവിടുത്തെ ചുറ്റുപാടുകളിൽ എരിപൊരി വെയിലത്ത് വിർത്തൊലിച്ച് കഴിയണം, യാത്രക്കാർ. 2500 രൂപ കൊടുത്ത് വാങ്ങിയ ആഡംബരയാത്രാ ടിക്കറ്റുമായി നരകയാതന അനുഭവിക്കുകയും വേണം അവർ. ഈ യാത്രക്കാർക്കായി ഒരു ഷെഡ്ഡെങ്കിലും കെട്ടി യാത്രക്കാർക്ക് തണലായെങ്കിൽ സീറ്റി സ്കാനിന് കേരള ഷിപ്പിങ്ങ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ (KSINC) ലിമിറ്റഡിനെ ഇങ്ങനെ പഴി ചാരേണ്ടി വരില്ലായിരുന്നു.

വെയിലുകൊണ്ട് ക്ഷീണിച്ച വൃദ്ധരും അംഗപരിമിതരും സ്ത്രീകളും കുട്ടികളും അവിടെ നിന്ന് മറ്റു വാഹനങ്ങൾ വിളിച്ച് അടുത്തുള്ള തണൽ തേടി പോകുന്നത് സീറ്റി സ്കാനിന്റെ വീഡിയോ പകർത്തി. യാത്രക്കാരുടെ ഈ അവസ്ഥയിൽ ആ കപ്പലിന്റെ സെക്യൂരിറ്റി ജീവനകക്കാർക്ക് പോലും വേദനയുണ്ടായിരുന്നു. അതേസമയം കപ്പലിന്റെ ഉത്തരവാദിത്തമുള്ള സർക്കാർ സാറന്മാരോട് പറഞ്ഞപ്പോൾ അവർ പതിവുപോലെ സർക്കാർ ദാർഷ്ട്യത്തിൽ തന്നെ ആക്രോശിച്ചു. സീറ്റി സ്കാൻ പറയുന്നു, അധികൃതർ ഇടപെടണം. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കണം.

അങ്ങനെ കപ്പലിന്റെ അകത്തളങ്ങളിലേക്ക് വരവേറ്റ യാത്രക്കാർക്ക് സ്വാഗതപാനീയവും നൽകി ഹൃദ്യമായ സ്വീകരണം. പിന്നെ അവതാരകന്റെ കപ്പൽ വിശേഷങ്ങളും യാത്രാപദ്ധതികളുടെ വർത്തമാനങ്ങളും. അതുകഴിഞാൽ പിന്നെ ഗായകസംഘത്തിന്റെ വരവായി. പിന്നെ നാം കരയും കടലും മറന്ന് ഏതോ പഞ്ചനക്ഷത്ര ഹോട്ടലിലെന്നോണം മതിമറന്നാസ്വദിക്കുന്നു.

പിന്നീട് നാം ആ കപ്പലിന്റെ മുകൾ നിലയിലേക്ക് ആനയിക്കപ്പെടുന്നു. പിന്നെയെല്ലാം ആകാശത്തിനും കടലിനുമിടക്കാണ് സംഭവിക്കുന്നത്. അവതാരകൻ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും, നമ്മുടെ ചാനൽ അവതാരകരെ പോലെ തന്നെ. നമുക്കിവിടെ കായലും കടലും ആവോളം ആസ്വദിക്കാം. കായലോളങ്ങളിലും കടലലകളിലും നമുക്ക് ഊയലാടാം. പാടാം, ആടാം, തിന്നാം, കുടിക്കാം. ആനന്ദത്തിന്റെ തിരകളെ തൊട്ടും തലോടിയും തിമിർത്താടി ഉല്ലസിക്കാം.

ഇടവേളയിൽ ചായയും സ്നാക്ക്സും രുചിച്ച് ഇങ്ങനെ ഒഴുകവേ അവതാരകൻ പറഞ്ഞുതരുന്ന മനോഹരങ്ങളായ കടൽക്കഥകളും കടംകഥകളും ആസ്വദിക്കാം. നാം ഇന്നോളം കേൾക്കാത്ത കഥകളാവാം അവ. ചിലപ്പോൾ കടലറിവുകളുടെ കണങ്ങളുമാവാം. അതോടൊപ്പം പ്രൊഫഷണൽ ഗായകരുടെ പാട്ടും കേൾക്കാം, ആട്ടവും കാണാം. കടലിന്റെ വ്യത്യസ്തഭാവങ്ങളിൽ അലിയിച്ചുചേർക്കുന്ന ഭാവഗാനങ്ങളാവാം അവ. അല്ലെങ്കിൽ തിരമാലകളെ തോല്പിച്ചുകൊണ്ടുള്ള നൃത്തച്ചുവടോടെയുള്ള അടിപൊളി നമ്പറുകളുമാവാം. അവരോടൊപ്പം നമുക്കും ആടാം പാടാം. നമ്മുടെ പാട്ടിനും ആട്ടത്തിനുമൊപ്പം സൂര്യന്റെ വെള്ളിച്ചിലങ്കകൾ ഓളങ്ങളിൽ അഴിച്ചുമാറ്റി തങ്കച്ചിലങ്കകളണിയുന്നതും കാണാം.

കൊച്ചിയുടെ ഉൾനാടുകൾ ചുറ്റി കടലിന്റെ അപാരതകൾ താണ്ടി കൊച്ചിയുടെ വികസനത്തിന്റെ വിജയക്കൊടി പാറിക്കുന്ന കൂറ്റൻ രമ്യഹർമ്യങ്ങൾ കണ്ടുകണ്ട് നാമങ്ങിനെ കടലിന്റെ നെഞ്ചകത്തിലെത്തും. പിന്നെ കടൽ സ്വർഗ്ഗമാവും, അല്ല, സ്വർഗ്ഗം കടലിലേക്ക് താണിറങ്ങും. നാം ആനന്ദ-പരമാനന്ദാവസ്ഥയിൽ ആറാടും.

ആനന്ദോത്സവത്തിന്റെ കാര്യത്തിൽ നമ്മുടെ പെൺകുട്ടികൾ തന്നെയാണ് ഇക്കാലത്ത് മുന്നിൽ. പുരുഷന്മാരിൽ ആൺകുട്ടികൾക്ക് ഇതിലൊന്നും വല്യേ താത്പര്യം കാണാനില്ല. പിന്നെ അല്പമെങ്കിലും താത്പര്യം കാണുന്നത് മദ്ധ്യവയസ്കർക്കാണ്. പിന്നെ തീരെ ചെറിയ കുട്ടികൾക്കും.

ഏതോ കോളജിലെ പെൺകുട്ടികളാണ് ഇവർ എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ പരിചയപ്പെട്ടപ്പോഴാണ് മനസ്സിലായത്, ഇവരൊക്കെ എന്റെ നാട്ടിലെ പുതിയ അമ്മമാരാണെന്ന്. സത്യത്തിൽ ഈ അമ്മമാരില്ലെങ്കിൽ ഈ കപ്പൽ ഉറങ്ങുമായിരുന്നു. ഈ കപ്പലിനെ ഉണർത്തി ആനന്ദോത്സവത്തിൽ ആറാടിച്ച എന്റെ നാട്ടിലെ ഈ അമ്മമാർക്ക് സീറ്റി സ്കാനിന്റെ ആദരം. അഭിവാദ്യം.

കപ്പലിന്റെ മുകൾ പരപ്പിൽ ആനന്ദനൃത്തം തകർക്കുമ്പോൾ കടൽപരപ്പിൽ സൂര്യകിരീടം പതുക്കെപ്പതുക്കെ മുത്തമിടുയായിരുന്നു. പക്ഷേ ആർക്കുവേണം കടലിൽ താഴുന്ന സൂര്യനെ. എല്ലാവരും കപ്പലിന്റെ മേലാപ്പിലേക്ക് ഇറങ്ങിവന്ന സ്വർഗ്ഗത്തെ കയ്യിലും മെയ്യിലും അണിയുകയായിരുന്നു. സീറ്റി സ്കാനിന്റെ ഈ ക്യാമറ ഒപ്പിയെടുത്ത ചിത്രങ്ങളില്ലായിരുന്നെങ്കിൽ ഈ സൂര്യാസ്തമനം ഒരു ദൃശ്യരേഖപോലും ആവില്ലായിരുന്നു.

അതിന്നിടെ ആരൊക്കെയോ കപ്പലിന്റെ സമൃദ്ധമായ റസ്റ്റോറന്റിലും  മത്തുപിടിച്ച ബാറിലുമായി കയറിയിറങ്ങി. അവർ ആ കപ്പലിനുമാത്രമായി തിന്നും കുടിച്ചുമിരുന്നു. നാവികസംസ്കാരത്തിന്റെ ആർഭാടമായി അവിടെ ഗിത്താറിൽ നിന്ന് ആർദ്രതയുടെ ഗാനവീചികൾ ഒഴുകിയിറങ്ങി.

അമ്മയും അച്ചനും ചേച്ചിയും ചേട്ടനും മുത്തശ്ശനും മുത്തശ്ശിയുമില്ലാതെ ഈ കുഞ്ഞുമോൾ എന്തൊക്കെയോ മുഖത്തും വായിലുമായി അലങ്കരിച്ചുകൊണ്ടിരുന്നു. ഈ കുഞ്ഞിന്റെ കൂടെ വന്നവരൊക്കെ കപ്പലിൽ എവിടെയൊക്കെയോ ആനന്ദലഹരിയിൽ അലയുന്നുണ്ടാവണം. ഈ ആനന്ദോത്സവത്തിന്റെ ലഹരിയലെവിടെയോവച്ച് കപ്പൽ ആരുമറിയാതെ തീരമണയുകയായിരുന്നു. ഇപ്പോൾ ഇവിടെ ഗായകരില്ല. ഗായകസംഘവുമില്ല. ഇപ്പോൾ ഈ കപ്പൽ അപ്പാടെ ഒരു ഓർക്കസ്ട്രയായി മാറിക്കഴിഞ്ഞു. കപ്പൽ സഞ്ചാരികൾ മുഴുവനും ഗായകസംഘമായി പരിണാമം കൊണ്ടു. തുടക്കത്തിൽ ആലസ്യത്തിൽ നിഷ്ക്രിയരായ പുരുഷന്മാരിൽ ലഹരി മൂത്തു. പിന്നെ ആ കപ്പൽ ഒരു ഡിസ്കൊ തീയ്യറ്റർ ആവുകയായിരുന്നു. പതിനായിരക്കണക്കിന്ന് വാട്സിൽ അവരുടെ സിരകളിലൂടെ ശബ്ദവും ആട്ടവും വിദ്യുത് തരംഗങ്ങളായി പ്രവഹിച്ചു. കപ്പൽ തീരമണഞ്ഞു. അപ്പോഴും ആ കപ്പലിന്റെ പ്രകാശരേണുക്കൾ കടലിൽ മറ്റൊരു കപ്പൽ ഒഴുക്കി. യാത്രക്കാർ ആത്മഗതം പോലെ ഉരുവിട്ടു, നെഫർടിട്ടിയിലേക്ക് താണിറങ്ങിയ സ്വർഗ്ഗം മേൽപ്പോട്ട് തന്നെ പറന്നുപോയിക്കാണുമോ.

Share

admin

Leave a Reply

Your email address will not be published. Required fields are marked *