ഞാനിപ്പോൾ വർക്കലയുടെ തീരങ്ങളിലാണ്. തിരമാലകളുടെ പാദസരക്കിലുക്കം കേട്ടുകൊണ്ടിരിക്കുകയാണ്. ഈ തിരമാലകളുടെ ഒരു ശേല് ഞാൻ മറ്റൊരു കടൽതീരങ്ങളിലും കണ്ടിട്ടില്ല. പാറക്കെട്ടുകൾക്ക് മുകളിലൂടെ കേരളപച്ചയുടെ ഛായാതലങ്ങളിലാണ് ഇവിടെ തിരമാലകൾ കടലിനും തീരത്തിനുമിടയിൽ സ്വച്ഛസുന്ദരമായി പരിലസിക്കുന്നത്. വീഡിയോ കാണാം
തിരുവനന്തപുരത്തു നിന്ന് 51 കിലോമീറ്റര്‍ വടക്കും കൊല്ലത്തു നിന്ന് 37 കിലോമീറ്റര്‍ തെക്കുമാണ് വര്‍ക്കല. ഇവിടുത്തെ കടല്‍ത്തീരങ്ങള്‍ സഞ്ചാരികളുടെ കളിയോടങ്ങളുടെ പാലാഴിയാണ്. പാരഗ്ലൈഡിങ്ങ് തുടങ്ങി ഒട്ടേറെ ജലോല്ലാസകേളികളും ഇവിടെ സഞ്ചാരികളെ കാത്ത് കിടക്കുന്നു.

ഈ കടൽതീരങ്ങളും, ലവണ ജല ഉറവകളും വർക്കലക്ക് മാത്രം സ്വന്തമാണ്. ശിവഗിരി മഠം, വിഷ്ണു ക്ഷേത്രം, ആയുര്‍വ്വേദ റിസോര്‍ട്ടുകള്‍, മറ്റു താമസ സൗകര്യങ്ങള്‍, ഒട്ടേറെ ആയുര്‍വേദ ഉഴിച്ചില്‍ കേന്ദ്രങ്ങള്‍ എന്നിവ വര്‍ക്കലയുടെ അഹങ്കാരമാണ്. കൂടാതെ ഒട്ടറെ പ്രകൃതി ചികിത്സാ കേന്ദ്രങ്ങളും ആയുര്‍വേദ റിസോര്‍ട്ടുകളും വര്‍ക്കലയുടെ ആകർഷകാഭരണങ്ങളാണ്.
പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം വളരെ പ്രസിദ്ധമാണ്. ബ്രഹ്മാവിൽ നിന്നുണ്ടായ ശാപത്തിൽ നിന്നും, ദേവഗണങ്ങൾക്ക് മോക്ഷം നേടിക്കൊടുക്കുന്നതിനായി പൂജാകർമ്മം നടത്തുന്നതിന് ഉചിതമായൊരു സ്ഥലം കണ്ടുപിടിക്കാൻ നാരദമഹർഷി തന്റെ വൽക്കലം ഊരിയെറിയുകയും, അത് ചെന്ന് പതിച്ച സ്ഥലം മോക്ഷപൂജ നടത്തുന്നതിന് തെരഞ്ഞെടുത്തുവെന്നും അങ്ങനെ നാരദന്റെ വൽക്കലം പതിച്ച നാട് ആണ് വർക്കല എന്നു വിളിക്കപ്പെട്ടതെന്നും പാപനാശകർമ്മങ്ങൾ നിർവ്വഹിക്കാൻ തെരഞ്ഞെടുത്ത സ്ഥലമാണ് പാപനാശം കടൽത്തീരമെന്നും ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. “ദക്ഷിണ കാശി” എന്നാണ് പാപനാശം കടൽതീരം അറിയപ്പെടുന്നത്.

മരിച്ചുപോയവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്ന തിരമാലകളാണ് പാപനാശം തീരത്തുള്ളത്. ഇവിടെ പരേതാത്മാക്കൾക്കുള്ള ശേഷക്രിയാമന്ത്രങ്ങളും ശാന്തികർമ്മങ്ങളും തിരമാലകൾപോലെ എപ്പോഴും വന്നുകയറിപോവുന്നു.
വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്. കടലോരത്തുള്ള ഒരു സ്വാഭാവിക ഉറവയാണത്രേ പാപനാശം. അതുകൊണ്ടാണ് ഈ കടലിന് പാപനാശം കടല്‍ എന്ന പേരു വന്നതെന്നും പറയപ്പെടുന്നു. ഈ പാപനാശിനി ഉറവയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നു കരുതുന്നു.
ഈ ഉറവയില്‍ കുളിയും ജപവും കേരളത്തിനകത്തും പുറത്തും പ്രശസ്തമാണ്. അതുകൊണ്ടുതന്നെ ഈ പാപനാശം കടപ്പുറം തന്ത്രിമാരെ കൊണ്ടും ശാന്തിമാരെ കൊണ്ടും പരേതരുടെ ഉറ്റവരാലും ഉടയവരാലും സമൃദ്ധമായിരിക്കും എപ്പോഴും. തന്ത്രിമാരിൽ ചിലരുമായി സംസാരിക്കുകയും ചെയ്തു.
ഇവിടെ ബലിതർപ്പണം സാധാരണമാണ്. ഇവിടെ ഈറനുടുത്തവരുടെ ഈറനണിഞ്ഞ കണ്ണുകളും ഇടറിവീഴുന്ന ഗദ്ഗദങ്ങളും പൂജാസാമഗ്രികളുടെ മരണഗന്ധവും ഒരു ശ്മശാനാന്തരീക്ഷം സൃഷ്ടിക്കുന്നു, എപ്പോഴും. എല്ലാത്തിനും സാക്ഷിയായി ഇവിടുത്തെ ഓളവും തീരവും അതെല്ലാം നിരന്തരമായി നെഞ്ചേറ്റുന്നു.
ഇവിടുത്തെ പാറക്കുന്നുകൾ അഥവാ ക്ലിഫ്ഫുകൾ പ്രസിദ്ധമാണ്. ഇതു പോലുള്ള ഭൂപ്രകൃതിയുള്ള തെക്കൻ കേരളത്തിലെ ഏക സ്ഥലമാണ് വർക്കല അവസാദ ശിലകളാലും ലാറ്ററൈറ്റ് നിക്ഷേപങ്ങളാലും സമൃദ്ധമായ ഈ ക്ലിഫ്ഫുകൾ കേരള തീരത്തിലെ അന്യാദൃശമായ ഒരു ഭൗമ പ്രത്യേകതയാണ്. കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. ഈ ഭൂമിശാസ്ത്ര രൂപവത്കരണം ‘വർക്കല രൂപവത്കരണം’ എന്നാണ് ഭൗമശാസ്ത്രജ്ഞർക്കിടയിൽ അറിയപ്പെടുന്നത്.

കടലിൽ നിന്ന് ഉയർന്നുനില്ക്കുന്ന ഇത്തരം പാരക്കെട്ടുകൾ തീർക്കുന്ന ഇടനാഴിയിലൂടെ നാഴികകൾ നടന്നളന്നാൽ കടലിന്റെ അപാരത നമ്മിൽ നിറയുന്നത് കാണാം. ഈ ഇടനാഴിയുടെ ഓരങ്ങളിൽ റിസോർട്ടുകളും റസ്റ്റോറന്റുകളും നിറയെ കാണാം.മറ്റ് കടകമ്പോളങ്ങളും നിറയെ കാണാം. രാത്രി ദീപാലംകൃതമായ ഇവിടെ ഗോവൻ കടൽതീരങ്ങളോട് സമാനത പുലർത്തുന്നത് കാണാം.
ഇവിടെ അടുത്താണ് ശിവഗിരി. ശ്രനാരായണഗുരുദേവന്റെ സമാധി ഇവിടെയാണ്. ശിവഗിരി ആശ്രമത്തിലെ സ്വാമി സച്ചിദാനന്ദയെ കണ്ടു. അല്പം സംസാരിച്ചു. ശ്രീനാരായണഗുരുവിലേക്ക് അടുത്തും അകന്നും കുറേ സമയം ചെലവഴിച്ചു. ഈ ചിത്രീകരണത്തിന്റെ സമ്പൂർണ്ണവീഡിയോകൾക്കായി സീറ്റിവില്യസ്കാൻ സന്ദർശിക്കുക.

പാപനാശം കടപ്പുറത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുവർക്കല ശ്രീ ജനാർദ്ദനസ്വാമി മഹാക്ഷേത്രം. കടല്‍ത്തീരത്തെ അഭിമുഖമായി, പാറക്കെട്ടുകള്ക്കിടയില്ലാണ് ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിന്റെ സ്ഥാനം. പിതൃതർപ്പണത്തിന് പേരുകേട്ട ക്ഷേത്രമാണ് ശ്രീ ജനാർദ്ദനസ്വാമി മഹാക്ഷേത്രം.
ജനാർദ്ദനസ്വാമി എന്ന രൂപത്തിലാണ് ഇവിടെ മഹാവിഷ്ണുവിനെ ആരാധിക്കുന്നത്. “ജനങ്ങളെ ആശ്രയിപ്പിക്കുന്നവൻ” അല്ലെങ്കിൽ “ഭക്തരുടെ പ്രാർത്ഥന കേൾക്കുന്നവൻ” എന്നാണ് ജനാർദനൻ എന്ന പേരിന്റെ അർത്ഥം. ആറടി ഉയരം വരുന്ന ചതുർബാഹുവിഗ്രഹത്തിൽ, ലക്ഷ്മീദേവിയ്ക്കും ഭൂമീദേവിയ്ക്കുമൊപ്പം കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ.

ഈ ക്ഷേത്രത്തിന് ഏകദേശം ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ അത് വ്യക്തമാക്കാനുള്ള രേഖകൾ കുറവാണ്. പിന്നീടെപ്പോഴോ ഒരു കാലത്ത് ക്ഷേത്രം വിദേശികളുടെയും മറ്റും ആക്രമണത്തിൽ തകർന്നുപോയിരുന്നു. ആ ഗരിമയോടെതന്നെ ഈ ക്ഷേത്രം ഇന്നും വർണ്ണരാജികൾ വിരിച്ചിവിടെ നിലകൊള്ളുന്നു.
