ജടായുപാറ സഞ്ചാരികളെ വഞ്ചിക്കുന്നുണ്ടോ?

ജടായുപാറ സഞ്ചാരികളെ വഞ്ചിക്കുന്നുണ്ടോ?

ഞാനിപ്പോൾ ജടായു പാറയിലാണ്. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ഈ കൂറ്റൻ പാറ. ചടയമംഗലത്തോട് അടുക്കും തോറും സഞ്ചാരികൾക്ക് ഈ പാറ കാണാം. ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ജഡായു എർത്ത്സ് സെന്റർ അഥവാ ജഡായു നേച്ചർ പാർക്ക്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ വിനോദസഞ്ചാരപദ്ധതിയാണിത്. ഇടദിവസമായിട്ടും ഇവിടെ ഇന്ന് നല്ല തിരക്കാണ്.വീഡിയോ കാണാം

ആദ്യം ടിക്കറ്റെടുക്കണം. അതായത് 530 രൂപ മുടക്കി പ്രവേശനപാസ്സ് സ്വന്തമാക്കണം.. ജടായുപാറയിലേക്ക് കാൽനടയായും കേബിൾകാറിലിരുന്നും പോവാം. സഞ്ചാരികളിൽ കൂടുതൽ പേരും കേബിൾകാർ സൌകര്യം ഉപയോഗപ്പെടുത്തുന്നത് കാണാം. മുതിർന്നവർക്ക് പ്രവേശനഫീസിൽ ചെറിയൊരു ഇളവുണ്ട്. എന്നാലും ടിക്കറ്റ് നിരക്ക് അല്പം കത്തിയല്ലേ?

ടിക്കറ്റെടുത്തതിനുശേഷം സുരക്ഷാപരിശോധനക്ക് വിധേയരാവണം സഞ്ചാരികൾ. ഈ കെട്ടിടസമുച്ഛയത്തിന്റെ മുകളിലെ നിലയിൽ നിന്നാണ് കേബിൾകാർ പിടിക്കുക. ടിക്കറ്റ് കൌണ്ടർ പരിസരത്ത് വീഡിയോഗ്രാഫി പാടില്ലെന്നാണ് ആ സുരക്ഷാ ഉദ്യോഗസ്ഥ പറയുന്നത്. ജടായുപാറയിലാവാം. മുകളിലെ നിലയിൽ കേബിൾകാർ കാത്തിരിക്കുമ്പോൾ ജടായുപാറയിലെ ആകർഷകമായ പല കലാവിനോദങ്ങളും അവിടെ വച്ചിട്ടുള്ള ടീവിയിൽ കാണാം. പക്ഷേ, ജടായുപാറ കണ്ടുകഴിയുമ്പോഴാണ് ട്വിസ്റ്റ്. ഈ ടീവിയിൽ കണ്ടതെന്നും അവിടെ കാണില്ല. കാരണം, അതൊക്കെ പുരോഗമിച്ച് വരുന്നതേയുള്ളൂ. ഇവിടെയാണ് സഞ്ചാരികൾ വഞ്ചിക്കപ്പെടുന്നത്.

ഇവിടുത്തെ കേബിൾകാർ ബോഡിങ്ങ് സ്റ്റേഷനിൽ നിന്ന് ഒരേസമയം മൂന്ന് കേബിൾകാറാണ് ഷട്ടിൽ നടത്തുന്നത്. ഈ സംവിധാനമൊക്കെ കാണുമ്പോൾ നമുക്ക് മലേഷ്യയിലെ ജന്റിങ്ങ് കേബിൾകാർ സർവ്വീസ് ഓർമ്മവരും. നമ്മുടെ നാടും ടൂറിസത്തിൽ പുരോഗമിക്കുന്നതിന്റെ ലക്ഷണങ്ങളാണിതൊക്കെ എന്നും പറയേണ്ടിവരും.

എനിക്ക് കയറാനുള്ള കേബിൾകാർ എത്തി. 8-പേരാണ് ഒരു കേബിൾകാറിൽ സഞ്ചരിക്കുക. അതായത് ഒരേസമയം 24 സഞ്ചാരികൾ ജാടായു പാറയിലേക്ക് പതുക്കെ കുതിക്കും. കേവലം 10 മിനിറ്റുകൊണ്ട് കേബിൾകാർ ജടായുപാറയിലെത്തും.

ഈ കേബിൾകാർ വാങ്ങിയതിനുശേഷം ഇത് കഴുകിവൃത്തിയാക്കിയിട്ടില്ലെന്ന് വേണം കരുതാൻ. അത്രയ്ക്കും അഴുക്കുപിടിച്ചാണ് ഈ കേബിൾകാറിന്റെ സ്ഫടികജാലകങ്ങൾ. അതുകൊണ്ട് വീഡിയോഗ്രാഫിക്കോ ഫോട്ടോഗ്രാഫിക്കോ ഈ സഞ്ചാരം കൊള്ളില്ല. പലരും എന്നെപോലെ ക്യാമറ സെൽഫിമോഡിലാക്കുന്നു. ഈ വിഡിയോ കാണുന്ന ജടായുപാറയിലെ ഉടായിപ്പ് ഉദ്യോഗസ്ഥർ ഈ കേബിൾകാറിന്റെ സ്ഫടികജാലകങ്ങൾ ഇനിയെങ്കിലും കഴുകിവൃത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അങ്ങനെ ജടായുപാറ എത്തി. സഞ്ചാരികൾ ഇറങ്ങി. സെൽഫി ആഘോഷം തുടങ്ങി. വേറെ ചിലർ ഷൂട്ടിങ്ങും തകൃതിയാക്കി. ഇവിടെ ഇപ്പോൾ നല്ല വെയിലാണ്. കാക്ക പോലും ഇരിക്കാത്ത വെയിലാണ്. ഓർക്കുക ജടായുപാറയിലേക്ക് വരുന്നവർ ഉച്ചതിരിഞ്ഞ് വെയിൽ മങ്ങിയതിനുശേഷം വരുന്നതായിരിക്കും നല്ലത്.

പലരും കുട നിവർത്തിക്കാണുന്നുണ്ട്. ഞാൻ പതിവുപോലെ തൊപ്പിയിട്ടു. മലയാളികളേക്കാൾ ഇതരസംസ്ഥാനക്കാരാണ് കൂടുതലും. മലയാളികൾക്ക് സ്വന്തം നാട്ടിലെ ടൂറിസത്തോട് പുച്ഛമാണല്ലോ. ടൂർ കമ്പനിക്കാരാണ് സ്വന്തം നാട്ടിലെ ടൂറിസത്തിന്റെ പ്രധാന ശത്രൂക്കൾ. കാരണം, അവർക്ക് നാട്ടുകാരെ പറ്റിക്കണമെങ്കിൽ വിദേശടൂറിസം തന്നെ വേണം. അവരുടെ കീശ വീർപ്പിക്കുന്നതിനും വിദേശടൂറിസം വേണം. മലയാളികളുടെ പൊങ്ങച്ഛത്തിനും വിദേശടൂറിസം തന്നെ വേണം.   

64 ഏക്കറാണ് ഈ പാർക്കിന്റെ വിസ്തീർണ്ണം. ഇവിടെ ഒരു കൂറ്റൻ പക്ഷിശില്പമുണ്ട്. ജടായു എന്നറിയപ്പെടുന്ന, രാമായണ കഥയിലെ ഒരു ഭീമൻ പക്ഷിയാണിത്. പക്ഷിശിരസ്സും ഉടലും വേർപ്പെട്ട രീതിയിലാണ് ഈ ശില്പം നിർമ്മിച്ചിട്ടുള്ളത്. ഈ പക്ഷിപ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമയാണ്. 1400 മീറ്ററാണ് ഈ പക്ഷിശില്പത്തിന്റെ തറ വിസ്തീർണ്ണം. ഉയരം 21 മീറ്ററാണ്. നീളം 61 മീറ്ററും വീതി 46 മീറ്ററുമാണ്.

ജഡായു-രാവണയുദ്ധം ജഡായുപ്പാറയിൽ വെച്ചാണ് നടന്നതെന്നാണ് രാമായണാധിഷ്ഠിത വിശ്വാസം. വെട്ടേറ്റു വീണ ജഡായുവിനെ ഓർമപ്പെടുത്തും വിധമാണ് ഈ ശിൽപ സംവിധാനം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുള്ള ഈ പക്ഷിശിൽപം നിർമ്മിച്ചത് പ്രശസ്ത ചലചിത്ര സംവിധായകനായ രാജീവ് അഞ്ചലാണ്.

രാമായണത്തിലെ സീതാകഥാപാത്രത്തിന്റെ അന്തസ്സും ആദരവും ഉയർത്തിപ്പിടിക്കുന്ന ജടായുവിന്റെ ഈ ശില്പം, സ്ത്രീകളുടെ സംരക്ഷണത്തെയും അവരുടെ ബഹുമാനത്തെയും സുരക്ഷയെയും പ്രതീകവൽക്കരിക്കുന്നുണ്ട്.

മ്യൂസിയത്തിനു മുൻവശത്ത് ചിറകറ്റുവീണ ജടായുവിനെ വാങ്മയമായി ചിത്രീകരിക്കുന്ന ഒ.എൻ.വി-യുടെ കവിത,  മലയാളം , ഹിന്ദി , ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിൽ കാണാം. ഈ പദ്ധതിയുമായി ബന്ധപ്പെട്ടവരുടേയും രക്തസാക്ഷികളുടേയും ശിലാഫലകവും ഇവിടെ കാണാം.

ഈ കൂറ്റൻ ശില്പത്തിനുള്ളിലേക്ക് സഞ്ചാരികൾക്ക് കടന്നുചെല്ലാനുള്ള സംവിധാനമുണ്ട്. പൂർണമായും ശീതീകരിച്ച പക്ഷിയുടെ ഉൾവശത്തുകൂടി സഞ്ചരിച്ച് കൊക്കുവരെ ചെല്ലാം. തുടർന്ന് പക്ഷിയുടെ കണ്ണിലൂടെ പുറത്തെ കാഴ്ചകൾ കാണാമത്രേ. പക്ഷേ അതൊന്നും സഞ്ചാരികൾക്ക് ഇപ്പോൾ വിധിച്ചിട്ടില്ല. 

രാമായണകഥയിലെ ജടായുവിനെയാണ് ഇവിടെ ആവിഷ്കരിച്ചിരിക്കുന്നതെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഇതിനുപുറമേ, ഇവിടെ രാവണ-ജടായു യുദ്ധത്തിന്റെ ഒരു 6-ഡി തിയറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാൽ ഈ സംവിധാനമൊന്നും സമ്പൂർണ്ണമായി നടപ്പിലാക്കിയിട്ടില്ല. പല കമാനങ്ങളിലും “പ്രവേശനം ആരംഭിച്ചിട്ടില്ല, പണി പുരോഗമിക്കുന്നു” എന്ന ബോഡ് തൂക്കിയിട്ടുണ്ട്. അതുകൊണ്ട് എല്ലാവരും ഓയെൻവിയുടെ കവിതയെ തൊട്ടുവണങ്ങി ജടായിപാറയുടെ വിവിധങ്ങളായ കോണുകളിൽ നിന്ന് ഫോട്ടോയും വീഡിയോയും പിടിച്ച് തിമിർക്കുന്നു.

സത്യത്തിൽ സഞ്ചാരികളാരും തന്നെ നഗ്നനേത്രങ്ങൾകൊണ്ട് ഈ ശില്പം കാണുന്നില്ല. കാണുന്നത് മുഴുവനും മോബൈൽ ക്യാമറകളുടെ ദൃശ്യപ്രതലത്തിലൂടെയാണ്. ഒരർത്ഥത്തിൽ പറഞ്ഞാൽ സഞ്ചാരികളുടെ കാഴ്ചകളുടെ ദുരന്തമാണിതൊക്കെ.

നൂറുകോടി ചിലവിൽ പണിതുയർത്തിയ ഈ  ജടായു പാറയിലേക്ക് നടന്നുകയറുകയാണെങ്കിൽ നടപ്പാതയിലൂടെ ചെങ്കുത്തായ 826 ഒരുക്കകൾ കയറണം. അപൂർവ്വം ചില സാഹസിക സഞ്ചാരികൾ ഈ പാറയിലേക്ക് കുന്ന് കയറിവരുന്നത് ഈ പാറയുടെ ഉയരങ്ങളിലിരുന്ന് നമുക്ക് കാണാവുന്നതാണ്.

ഇവിടെ ഒരു ഡിജിറ്റൽ മ്യൂസിയവും ഒരു അഡ്വഞ്ചർ സോണും ആയുർവ്വേദ റിസോർട്ടും പദ്ധതിയുടെ ഭാഗമായി ഉണ്ടെന്ന് പറയപ്പെടുന്നു. പക്ഷേ, പലതും സമ്പൂർണ്ണമായി പ്രവർത്തിക്കുന്നില്ല. കാലാവസ്ഥ അനുകൂലമെങ്കിൽ മാത്രമാണ് കേബിൾ കാറടക്കമുള്ള സൌകര്യങ്ങളും നമുക്ക് ആസ്വദിക്കാനാവൂ.

ഈ പാറക്കെട്ടും പരിസരങ്ങളും ജടായുശില്പവും മനോഹരമാണ്. ഇവിടെനിന്നുള്ള പക്ഷിക്കൺ കാഴ്ചയും അപാരമാണ്. ഇത് നിർമ്മിച്ച രാജീവ് അഞ്ചൽ എന്ന ശില്പിയെ എത്ര നമിച്ചാലും നമുക്ക് മതിവരില്ല. അത്രയ്ക്കും സൂക്ഷ്മമായാണ് ആ കലാകാരൻ ഈ ശില്പം നിർമ്മിച്ചിട്ടുള്ളത്. ഈ പക്ഷിയുടെ ഓരോ തൂവലിലും ഈ കലാകാരന്റെ കയ്യൊപ്പ് വീണിട്ടുണ്ട്.

ഈ ടൂറിസം കേന്ദ്രം കണ്ടെത്തിയവരേയും നാം നമിക്കും. പക്ഷേ, ഇവിടുത്തെ ടൂറിസം സംവിധാനത്തിന്റെ പരാധീനതകളെ പരിഹരിക്കാനാവാത്ത അധികൃതരെ ശപിക്കാതെ നമുക്ക് ഈ ടൂറിസം കേന്ദ്രം കണ്ടുമടങ്ങനാവില്ലെന്നതും സത്യമാണ്. എന്നിരുന്നാലും സെൽഫിയും റീൽസും വ്ളോഗ്ഗും തിമിർത്ത് ഷൂട്ട് ചെയ്യുന്നവർക്ക് ഈ കേന്ദ്രം ഒരു പറുദീസ തന്നെയാണ്. 

ഈ പദ്ധതിയുടെ ആരംഭം ഇങ്ങനെ. ഈ പ്രദേശത്തെ ജലപ്രതിസന്ധി പരിഹരിക്കാൻ രണ്ട് കൂറ്റൻ പാറകളെ യോജിപ്പിച്ച് ഒരു ചെക് ഡാം നിർമിക്കുകയായിരുന്നു ആദ്യം ചെയ്തത്. അങ്ങനെ ഇവിടെ മഴവെള്ളം സംഭരിച്ചു. ജലം സമൃദമായതോടെ ജടായുപ്പാറയുടെ താഴ്വരകൾ ഹരിതാഭമായി. ഉത്തരവാദിത്ത വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി ഇതിനുസമീപത്തുള്ള വയലേലകളെ കൂട്ടിയിണക്കി കാർഷികമാതൃകയ്ക്ക് രൂപം നൽകുന്ന ഭാവി പദ്ധതിയും ആലോചനകളിലുണ്ട്. പക്ഷേ, അതൊന്നും ഇന്നും നടപ്പായിട്ടില്ല.

1999-ൽ  നിർമ്മാണം ആരംഭിച്ച ഈ പാർക്ക് 2017 ഡിസംബർ 5-നാണ് തുറന്നത്. 2018 ജൂലൈ 4-നാണ്  ഈ പാർക്ക് സന്ദർശകർക്കായി സമർപ്പിച്ചത്. അന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പാർക്ക് നാടിന് സമർപ്പിച്ചത്.

പാർക്കിന്റെ ആദ്യ ഘട്ടം ₹100 കോടി രൂപ അഥവാ 10 മില്യൺ US ഡോളർ ചെലവിൽ നിർമ്മിച്ചതായിരുന്നു. അതിൽ 3 കിലോമീറ്റർ വ്യാസമുള്ള സാഹസിക മേഖലയും ഉൾപ്പെടുന്നുണ്ട്.

ഇടിയും മഴയും മിന്നലും ഉണ്ടെങ്കിൽ  ജടായുപാറയും ചുറ്റുപാടും, സഞ്ചാരികൾക്ക് ആസ്വദിക്കാനാവാത്ത ഒരു ബാദ്ധ്യതയായി മാറും. എന്റെ സഞ്ചാരത്തിന് ആ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ഇടിയും മിന്നലും ചാറ്റൽമഴയും വന്നതോടെ കേബിൾകാർ സവ്വീസ് നിർത്തിവച്ചു. പിന്നെ സഞ്ചാരികൾ ബഹളം വച്ചതിനുശേഷം മാത്രമാണ് ഒരു ടെമ്പോവാനിന്റെ സഹായത്തോടെ ജടായുപാറയെന്ന വിനോദ സഞ്ചാരബാധ്യത പൂർത്തീകരിക്കാനായത്.

ടൂറിസം വകുപ്പിന്റെ അല്ലെങ്കിൽ ബന്ധപ്പെട്ടവരുടെ കടുത്ത അനാസ്ഥ ഈ വിനോദസഞ്ചാരകേന്ദ്രത്തിനുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ഈ പാറയും, ശിരസ്സും ഉടലും വേർപ്പെട്ട്, ചിറകരിഞ്ഞിട്ട ഈ പക്ഷിയുടെ ഗതികേടും, ഈ വിനോദസഞ്ചാരകേന്ദ്രത്തിന് ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഞാനും ഈ വിനോദസഞ്ചാര ചിത്രീകരണം അവസാനിപ്പിക്കട്ടെ.