ആത്മകഥായനം-ആസ്വാദനം-3

ആത്മകഥായനം-ആസ്വാദനം-3

ഇതിന്നിടെ ഞാൻ ഇടയ്ക്കൊക്കെ വില്യമിന്റെ അമ്മയെക്കുറിച്ചുള്ള എഫ്ബി പോസ്റ്റുകൾ വായിക്കാറുണ്ട്. അതുകൊണ്ടായിരിക്കാം, ആത്മകഥായനം എന്ന ഈ പുസ്തകം ഇറങ്ങിയപ്പോൾ എന്തായാലും ഒരു കോപ്പി വാങ്ങണമെന്ന് കരുതിയത്. അമ്മയോടുള്ള അയാളുടെ കുമ്പസാരവുമാണല്ലോ ആത്മകഥായനം. ഈ  പുസ്തകത്തെക്കുറിച്ച് ചോദിച്ചാൽത്തന്നെ അദ്ദേഹം എന്നോട് കാര്യമായി പ്രതികരിക്കാറുമില്ല.

എനിക്ക് ഓൺലൈൻ കച്ചവടം വലിയ പരിചയമില്ല. ഒടുവിൽ അനിയത്തിയുടെ മകളോട് പറഞ്ഞ് ഫ്ലിപ്കാർട്ടിൽനിന്ന് ആത്മകഥായനം സ്വന്തമാക്കി. വായിച്ചാൽ മനസ്സിലാകുമോ എന്നൊരു ചെറിയ പേടിയുമുണ്ടായിരുന്നു, ഈ പുസ്തകം വാങ്ങുമ്പോൾ. പക്ഷേ, വായിച്ചുകഴിഞ്ഞപ്പോൾ ആത്മകഥായനം എന്നെ അത്ഭുതപ്പെടുത്തി.

ആത്മകഥായനത്തിന്റെ ആഖ്യാനസങ്കേതം കുമ്പസാരമാണ്. കുമ്പസാരം രഹസ്യവുമാണ്. എന്നാൽ, സി. ടി. വില്യം തന്റെ ജീവിതത്തിലെ പതിനെട്ട് കുമ്പസാരരഹസ്യങ്ങൾ നമുക്കുമുന്നിൽ തുറന്നുവെക്കുമ്പോൾ അതൊക്കെ പരസ്യമാവുന്നു.

നരസിംഹമൂർത്തിയായ അച്ഛന്റെയും, ജീവിതം തുന്നിച്ചേർക്കുന്ന അമ്മയുടെയും ചിത്രങ്ങൾ ഇതിലുണ്ട്. ജലന്ധറിൽ പട്ടാളക്കാരനായിരുന്ന അച്ഛന്റെ മകനായാണ് വില്യം ജനിക്കുന്നത്. അവിടം മുതൽ കുമ്പസാരരഹസ്യങ്ങൾ വില്യമിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ജീവിതത്തിന്റെ ഏതാണ്ട് സന്ധ്യയിലാണ് വില്യം കുമ്പസാരിക്കുന്നത്. അതേക്കുറിച്ച് ആത്മകഥായനം ഇങ്ങനെ പറയുന്നു.

“ഇതിനിടയിൽ അമ്മ വിജയിച്ചു. ഒപ്പം ഞാനും കാലത്തിന്റെ നീതിസാരം ജയിച്ചു. അമ്മയും ഞാനും പരസ്പരം കുമ്പസാരക്കൂടില്ലാതെ കുമ്പസരിച്ചു. പാശ്ചാത്താപത്തിന്റെ ജപമാലയുരുട്ടി അമ്മ ‘ഞാൻ പിഴയാളി’ ചൊല്ലി, ജീവിതത്തിന്റെ മറുകര കീഴടക്കി. എന്നാൽ പാപപരിഹാരങ്ങളുടെ ജപമാലയുരുട്ടിയും ‘ഞാൻ പിഴയാളി’ ചൊല്ലിയിട്ടും ജീവിതത്തിന്റെ മറുകരയിലെത്താനാവാതെ ഞാൻ ഇപ്പോഴും കഴിഞ്ഞുകൂടുന്നു. കുമ്പസാരക്കൂടിന്റെ അസ്വസ്ഥമായ പരിസരങ്ങളിൽ തന്നെയാണ് ഞാൻ.”

തുടരും….