ആത്മകഥായനം-ആസ്വാദനം-2

ആത്മകഥായനം-ആസ്വാദനം-2

“എഴുതാതിരിക്കാൻ ആവില്ല” എന്നൊരു അവസ്ഥയിൽ സി. ടി. വില്യം നടത്തുന്ന തന്റെ ആത്മാവിലേക്കുള്ള യാത്രയാണ് ആത്മകഥായനം. അമ്മയോടുള്ള ഒരു മകന്റെ കുമ്പസാരം. പരസ്യമായ കുമ്പസാരം. വില്യമിന്റെ പരസ്യ കുമ്പസാരത്തിന്റെ വിങ്ങലുകളും കുറ്റബോധങ്ങളുടെ തേങ്ങലുകളും ആ പരസ്യകുമ്പസാരത്തിൽ നാം കേൾക്കുന്നുണ്ട്. ഞാനും അത് കേൾക്കുന്നു.

എങ്ങനെയാണ് ഞാൻ ഈ പുസ്തകത്തിലേക്ക് എത്തിയതെന്നു പറയട്ടെ. സി. ടി. വില്യം കുറച്ചുകാലമായി എന്റെ FB സുഹൃത്താണ്. അപ്രിയസത്യങ്ങൾ പേടിയില്ലാതെ വളരെ ചുരുങ്ങിയ വരികളിൽ അദ്ദേഹം എഴുതുന്നത് കാണ്ടിട്ടുണ്ട്. ചില വരികൾ ശ്രദ്ധിച്ച് വീണ്ടും വായിക്കണം, നമുക്കതിന്റെ അർത്ഥം മനസ്സിലാകാൻ.

ഒരിക്കൽ അദ്ദേഹത്തോട് എഴുതിയ പുസ്തകങ്ങളെക്കുറിച്ച് ഞാൻ ചോദിച്ചിരുന്നു. കൗടില്യന്റെ അർത്ഥശാസ്ത്രത്തെ അധികരിച്ച് എഴുതിയ, “മാനവ വിഭവ വികസന തത്ത്വചിന്തയും അർത്ഥശാസ്ത്രവും” എന്ന അദ്ദേഹത്തിന്റെ പ്രഥമ കൃതി മലയാളത്തിലെ ആ വിഭാഗത്തിലെ ഒരു ഗവേഷണഗ്രന്ഥമാണ് അത്. ഭരണകർത്താക്കൾക്കൊരു പാഠപുസ്തകമാണത്.  

ഡോ. ശശി തരൂരിന്റെ പ്രൌഡമായ ആമുഖത്തോടെ ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇറങ്ങിയിട്ടുണ്ട്.  KAUTILYA UNLEASHED എന്ന ഈ ഗ്രന്ഥം പെൻഗ്വിനാണ് പുറത്തിരക്കിയത്. ഈ പുസ്തകം ഒൺലൈനിൽ ലഭ്യമാണ്.

ഈ ഗവേഷണഗ്രന്ഥം കൂടാതെ പന്ത്രണ്ടോളം പുസ്തകങ്ങൾ അദ്ദേഹം എഴുതിയതായി മനസ്സിലാക്കാനായി. അവയിലൊന്ന് “വിലാപത്തിന്റെ ഇലകൾ” കേരള സർവ്വകലാശാലയുടെ ബിരുദവിദ്യാർത്ഥികൾക്ക്  റഫറൻസ് പാഠപുസ്തകമായിരുന്നു, എന്നും അറിയാൻ കഴിഞ്ഞു. അതൊന്നും ഞാൻ വായിച്ചു നോക്കിയിട്ടില്ല. ആ പുസ്തകങ്ങളൊന്നും എനിക്ക് മനസ്സിലാവില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നെ അമ്പരപ്പെടുത്തിയത് മറ്റൊന്നാണ്. താൻ എഴുതിയ പുസ്തകങ്ങൾ  വാങ്ങണമെന്നോ വായിക്കണമെന്നോ  അയാൾ ഒരിക്കലും പറഞ്ഞിട്ടില്ല. എനിക്കയാൾ ഒരു പുസ്തകം പോലും അയച്ചുതന്നതുമില്ല.

തുടരും….