ആത്മകഥായനം-ഒരു വായനക്കാരിയുടെ ആസ്വാദനകുറിപ്പ്

ആത്മകഥായനം-ഒരു വായനക്കാരിയുടെ ആസ്വാദനകുറിപ്പ്

ഞാൻ ഒരു സാധാരണക്കാരിയായ വായനക്കാരിയാണ്. വായിച്ച പുസ്തകം ഇഷ്ടമായെങ്കിൽ ഒരു ആസ്വാദനകുറിപ്പ് എഴുതുക എന്റെ വായനയുടെ പൂർണ്ണതയാണ്.

എന്റെ ആസ്വാദനകുറിപ്പിനെ മലയാളസാഹിത്യ വിമർശനമായോ നിരൂപണമായോ ആരും കണക്കാക്കേണ്ടതില്ല. കാരണം, അത്തരത്തിലൊക്കെ ആധികാരികമായി എഴുതാനുള്ള അറിവോ കഴിവോ എനിക്കായിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എങ്കിലും ഒരു സാധാരണ വായനക്കാരി എന്ന നിലയിൽ, വായനാനുഭവം പങ്കുവെക്കാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ് പലപ്പോഴും ഞാൻ ഇത്തരത്തിലുള്ള ആസ്വാദന കുറിപ്പുകൾ എഴുതുന്നത്.

എന്റെ കാഴ്ചപ്പാടിൽ, ഒരു ആത്മകഥ നമുക്ക് വഴികാട്ടിയായിരിക്കണം. സത്യങ്ങൾ തുറന്നുപറഞ്ഞും സ്വന്തം തെറ്റുകൾ ഏറ്റുപറഞ്ഞും, താൻ വീണ പടുകുഴികളിൽ മറ്റുള്ളവർ വീണുപോകാതിരിക്കാൻ വഴിയിൽ വെളിച്ചം തെളിച്ചുവെക്കുന്നതായിരിക്കണം അത്. ആത്മകഥാകാരനും ആത്മകഥയും വായനക്കാരിൽ ഒരു പുതുവെളിച്ചവും തെളിച്ചവും പ്രദാനം ചെയ്യണം.

എന്നാൽ അടുത്തകാലത്ത് വായിച്ച ചില ആത്മകഥകളിൽനിന്ന് അത്തരമൊരു ആത്മവെളിച്ചവും തെളിച്ചവും എനിക്ക് ലഭിച്ചില്ല. പകരം, പരസ്പരം ചെളിവാരിയെറിഞ്ഞതിന്റെ കൂരിരുട്ടും മൂടലുമാണ് അനുഭവപ്പെട്ടത്. അങ്ങനെയൊരു ഘട്ടത്തിൽ ഇനി ഒരു ആത്മകഥയും വായിക്കേണ്ട എന്ന് തീരുമാനമെടുത്ത ഒരു വായനക്കാരിയാണ് ഞാൻ.

ഓർമയായ പി. കുഞ്ഞിരാമൻ നായർ, ചെറുകാട് തുടങ്ങി ഓർമയിൽ തങ്ങിനിൽക്കുന്ന പലരുടെയും ആത്മകഥകൾ ഇഷ്ടത്തോടെ വായിച്ചിട്ടുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ വായനക്കുശേഷം, എന്നെ ഏറ്റവും ആകർഷിച്ച ആത്മകഥയാണ് സി.ടി വില്യമിന്റെ ആത്മകഥായനം.

സി.ടി വില്യമിന്റെ ആത്മകഥായനം അത്തരത്തിൽ ആത്മവെളിച്ചവും തെളിച്ചവും വീശുന്ന ഒരു കൃതിയാണ്.  അതൊരു മകന്റെ അമ്മയോടുള്ള പരസ്യ കുമ്പസാരമാണ്. വില്യം അങ്ങനെതന്നെയാണ് ഈ പുസ്തകത്തിന്റെ പൂമുഖത്ത് കുറിച്ചിട്ടുള്ളത്.

തുടരും….