ഫ്രഞ്ച് വിപ്ലവഗോപുരം കാണാം
by ct william
in Analysis, Audio Story, Foreign affairs, Human Rights, Life, Media, News, politics, Science, Social, Technology, Tourism, Uncategorized
28 Nov 2024
ഞാനിപ്പോഴുള്ളത് ഫ്രാൻസിലെ പാരീസിലാണ്. ഷാ ഡി മാഴ്സ് (Champ De Mars) പരിസരങ്ങളിലൂടെയാണ് ഞാനിപ്പോൾ കടന്നുപോയി ക്കൊണ്ടിരിക്കുന്നത്. ഈ സ്ഥലം പാരീസിലെ ഏറെ പച്ചപ്പുള്ള ഒരു പ്രദേശമാണ്. സത്യത്തിൽ ഇവിടം ഒരു കൃഷിയിടമാണ്. ഇന്നാട്ടുകാർ ചെടികളും പൂക്കളും പച്ചക്കറികളും കൃഷിചെയത് വില്പന നടത്തുന്ന ഒരു കാർഷിക ചന്തകൂടിയാണ് ഇവിടം. വീഡിയോ കാണാം.
മറ്റു യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ച് ഫ്രാൻസ് നഗരവീഥികൾ അത്രക്ക് മികച്ചതാണെന്ന് ഞാൻ പറയില്ല. റോഡുകളിലെ ശുചിത്തം അത്രക്കും പോര. ഫ്രാൻസിന്റെ തെരുവോരങ്ങളിൽ അവിടവിടെ നിരാലംബരായ മനുഷ്യരെ ഞാൻ കണ്ടു. മാലിന്യങ്ങളും കണ്ടു. ഫ്രഞ്ച് കെട്ടിടങ്ങളിലെ മുഷിഞ്ഞ ബാൽക്കണികൾ കണ്ടു. ബാൽക്കണികളിൽ ചിലേടങ്ങളിലൊക്കെ പൂക്കൾ വിതാനിച്ചുകണ്ടു. എന്നാലും പലതും മുഷിഞ്ഞും മുടിഞ്ഞും കാണപ്പെട്ടു.
അതേക്കുറിച്ച് പഠിച്ചപ്പോൾ മനസ്സിലാവുന്നത് ഇങ്ങനെ. ഫ്രഞ്ച് പ്രാചീനസ്വഭാവമുള്ള കെട്ടിടങ്ങൾ ഒന്നും തന്നെ പുനർനിർമ്മിക്കാനോ പുനരാവിഷ്കരിക്കാനോ ഇവിടുത്തെ പൌരൻമാർക്ക് അവകാശമോ അധികാരമോ ഇല്ലത്രെ. കെട്ടിടങ്ങളുടെ പിൻവശങ്ങളിൽ നിയമാനുസൃതം ചില അറ്റകുറ്റപ്പണികൾ നടത്തുവാനുള്ള സ്വാതന്ത്ര്യം മാത്രമേ താമസക്കാർക്ക് അനുവദിച്ചിട്ടുള്ളുവത്രെ.
ഇന്നിവിടെ ഫ്രഞ്ചുകാരുടെ ഒരു ദേശീയദിനറാലി നടക്കുകയാണ്. അതുകൊണ്ടുതന്നെ റോഡുകളിലെ ട്രാഫിക്ക് സംവിധാനം ആകെ താറുമാറായി കിടക്കുകയാണ്. മിക്കവാറും റോഡുകളെല്ലാം ബ്ലോക്കാണ്. ഞാൻ സഞ്ചിക്കുന്ന വാഹനവും ഈ ബ്ലോക്കിൽ പെട്ടിരിക്കുകയാണ്. ഈ റസ്റ്റോറന്റുകളിലൊന്നും കാര്യമായ സന്ദർശകരെ കാണ്മാനില്ല. വഴികളും ഏറെക്കുറെ വിജനമാണെന്ന് തന്നെ പറയാം.
എല്ലാ സഞ്ചാരികളേയും പോലെ ഞാനും ഐഫൽ ടവ്വർ ലക്ഷ്യം വച്ചാണ് യാത്ര ചെയ്യുന്നത്. ഇന്ന് ഐഫൽ ടവ്വറിൽ നല്ല തിരക്ക് പ്രതീക്ഷിക്കുന്നുണ്ടെന്ന് എന്റെ ഗൈഡും പറഞ്ഞിരുന്നു. ട്രാഫിക്ക് ജാമ്മിനെ തുടർന്ന് വാഹനങ്ങളൊക്കെ വഴിയിൽ തന്നെ കിടക്കുകയാണ്. ഇപ്പോൾ വാഹനങ്ങൾ അനങ്ങിത്തുടങ്ങി, എന്റെ വാഹനവും. ദൂരെ ഐഫൽ ടവ്വർ പതുക്കെപ്പതുക്കെ കാണാൻ തുടങ്ങി. നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച്, സമീപക്കാഴ്ചയിൽ റോഡിലെ മാലിന്യങ്ങളും കാണാൻ തുടങ്ങി. സർക്കാർ അധികൃതരുടേയോ, പോലീസിന്റേയെ ആവാം ബീക്കൺ ലൈറ്റുള്ള ചില വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്,
ദാ ഇവിടെ ഈ കാണുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ജാലകത്തിലൂടെ ഒരു നടരാജവിഗ്രഹം കാണുമ്പോൾ ഞാനെന്റെ ഇന്ത്യയെ ഓർക്കുന്നു.
ഐഫൽ ടവ്വർ ഇങ്ങനെ നമ്മുടെ കൺവെട്ടത്തുതന്നെയുണ്ട്. കുറച്ചുകൂടി മുന്നോട്ട് പോയാൽ നമുക്ക് ഒരു പാർക്ക് കാണാം. മാഴ്സ് ദേവന്, (അതായത്, സംസ്കൃതത്തിൽ മംഗളദേവൻ, ജ്യോതിശാസ്ത്രത്തിൽ, ചൊവ്വ, കുജൻ, കുജദേവൻ) സമർപ്പിച്ച റോമിലെ മാഴ്സ് ഫീൾഡിനെ ആധാരമാക്കി, ഈ പാർക്കിനും അതേ നാമകരണം തന്നെയാണ് ഫ്രഞ്ചുകാർ സ്വീകരിച്ചിട്ടുള്ളത്, മാഴ്സ് ഫീൾഡ്. ഇവിടം പണ്ട് ഫ്രഞ്ച് പട്ടാളത്തിന്റെ ട്രെയിനിങ്ങ് ഗ്രൌണ്ടായിരുന്നു. പിന്നീടാണ് ഇവിടം ഒരു പാർക്കായത്. ഇവിടേക്ക് റോഡ് മാർഗ്ഗവും മെട്രോ മാർഗ്ഗവും എത്താവുന്നതാണ്.
ഇവിടെയാണ് ഫ്രാൻസിലെ പ്രസിദ്ധമായ ഐഫൽ ടവ്വർ (Eiffel Tower) സ്ഥിതി ചെയ്യുന്നത്. ഈഫൽ ടവ്വർ എന്നും ഇതിനെ ചിലർ വിളിച്ചുപോരുന്നുണ്ട്. എന്തായാലും ഐഫൽ ടവ്വർ എന്നതാണ് ഫ്രഞ്ച് ശരി എന്ന് പറയാം. ഫ്രഞ്ച് വിപ്ലവകാലത്ത്, ഫ്രാൻസിലെ നഗരങ്ങളെ ശാക്തീകരിക്കുന്നതിനായി പ്രത്യേകമായി രൂപം കൊടുത്ത, ഒമ്പത് നഗരഭരണമേഖലയിലെ ഏഴാമത്തെ ഭരണമേഖലയിലാണ് ഐഫൽ ടവ്വർ സ്ഥിതി ചെയ്യുന്നത്. ഈ ഭരണമേഖലയുടെ വടക്കുപടിഞ്ഞാറായാണ് ഐഫൽ ടവ്വർ. തെക്ക്കിഴക്കായി ഫ്രാൻസിലെ സൈനികസ്കൂളും സ്ഥിതിചെയ്യുന്നു.
ഫ്രഞ്ച് ശീലിലുള്ള കെട്ടിടസമുച്ഛയങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും കാണാം. അതിന്നിടയിലൂടെ അപ്പപ്പോഴായി തല ഉയർത്തിനില്ക്കുന്ന ഐഫൽ ടവ്വർ കാണാം, നെറുകെയിൽ ഒളിമ്പിക്ക് വളയങ്ങളുമായി. ഈ രണ്ട് കെട്ടിടങ്ങളുടെ ഇടയിലൂടെ ഇത്തിരി നടന്നാൽ മതി നമുക്ക് ഐഫൽ ടവ്വറിലെത്താം. ഇവിടെ നിന്നാൽ ഐഫൽ ടവ്വർ മുഴുവനായും കാണാം. അതുകൊണ്ടാണ് പലരും ഇവിടെ നിന്ന് സെൽഫിയെടുക്കുന്നത്.
സമയം ഏതാണ്ട് സന്ധ്യയായി. വഴിയോരങ്ങളിലെ റസ്റ്റോറന്റുകളിൽ കുടകൾ നിവർന്നു. വെളിച്ചത്തിന്റെ മാലപ്പടക്കങ്ങൾ മിന്നിത്തുടങ്ങി. ഞാൻ ഐഫൽ ടവ്വറിന്റെ രാത്രിശോഭ അനുഭവിക്കാനും ആസ്വദിക്കാനുമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഭാഗ്യമുണ്ടെങ്കിൽ, ചുവപ്പ്, വെള്ള, നീല നിറങ്ങളിൽ, ദീപാലംകൃതമായ ഐഫൽ ടവ്വർ മിന്നുന്നത് കാണാമെന്ന് എന്റെ ഗൈഡ് പറയുന്നു. കാരണം എല്ലാദിവസവും വെളിച്ചം മിന്നണമെന്നില്ലത്രെ. അതാണത്രെ കീഴ്വഴക്കം.
ഇവിടമാണ് ഷാ ഡി മാഴ്സ്. പൂക്കളും പച്ചപ്പും വിതാനിച്ച ഇതിനപ്പുറമാണ് ഐഫൽ ടവ്വർ. ഈ പൂക്കളും ചെടികളുമെല്ലാം ആകാശത്തെ അമ്പരപ്പിക്കുന്ന ഐഫൽ ടവ്വർ ആസ്വദിക്കുകയായിരിക്കണം.
ഞാൻ സെക്യൂരിറ്റി ചെക്കപ്പിനുശേഷം ഐഫൽ ടവ്വറിന്റെ മടിത്തട്ടിലേക്ക് കടന്നു. ഇവിടെയെല്ലാം കനത്ത സുരക്ഷാവലയമുണ്ട്. ഇനിയുമുണ്ട് ഒരു സെക്യരിറ്റി ചെക്കപ്പുകൂടി. എങ്കിൽമാത്രമേ ഐഫൽ ടവ്വർ സന്ദർശിക്കാനാവൂ.
ലോകത്തിലെ മറ്റു ചരിത്രസ്മാരകങ്ങളെ അപേക്ഷിച്ച്, ഈ സ്മാരകം കാണണമെങ്കിൽ സന്ദർശകർക്ക് ടിക്കറ്റെടുക്കണം. മൂന്ന് ഘട്ടങ്ങളാണ്, അഥവാ നിലകളാണ് ഐഫൽ ടവ്വറിനുള്ളത്. ഒന്നാം നിലയിലേക്ക് 2 ഫ്രാങ്കും, രണ്ടാം നിലയിലേക്ക് മൂന്ന് ഫ്രാങ്കും, മൂന്നാം നിലയിലേക്ക് അഞ്ച് ഫ്രാങ്കുമാണ് ടിക്കറ്റ് നിരക്ക്. ഞായറാഴ്ചകളിൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുണ്ട്.
ദാ ഇവിടെ നിന്ന് ടിക്കറ്റെടുക്കണം. പിന്നെ ഒരു സുരക്ഷാ ചെക്കപ്പുകൂടി കഴിയണം. ഐഫൽ ടവ്വറിലേക്കുള്ള ഹൈഡ്രോളിക്ക് ലിഫ്റ്റിൽ കയറാൻ. ഇവിടെനിന്നാൽ ഹൈഡ്രോളിക്ക് ലിഫ്റ്റുകൾ വരുന്നതും പോകുന്നതും കാണാം. അതുവരെ എല്ലാവരും ഈ നീലാകാശവും ഉരുക്കുഗോപുരവും കണ്ടുകണ്ടിരിക്കും. എത്ര കണ്ടാലും ക്യാമറയിൽ പകർത്തിയാലും മതിവരാത്ത സ്വപ്നഗോപുരം.
ദാ ഈ കാണുന്നതാണ് ഐഫൽ ടവ്വർ. കാരിരുമ്പഴികൾ കൊണ്ട് നിർമ്മിച്ച ഈ ലോഹശില്പഗോപുരത്തിന് 1083 അടി ഉയരമുണ്ട്. ഏകദേശം 81 നിലയുള്ള ഒരിരുമ്പു കെട്ടിടമെന്നും വേണമെങ്കിൽ ഇതിനെ വിളിക്കാവുന്നതാണ്. പാരീസിലെ ഏറ്റവും ഉയരം കൂടിയ ഉരുക്കുഗോപുരമാണ് ഐഫൽ ടവ്വർ. വശങ്ങൾക്ക് 410 അടിയുള്ള ഒരു സമചതുരമാണ് ഈ ഗോപുരത്തിന്റെ ആധാരം അഥവാ അടിത്തറ. മൊത്തം 18038 ഉരുക്കഴികളാണ് ഐഫൽ ഗോപുരത്തിന്നായി സംയോജിപ്പിച്ചെടുത്തിട്ടുള്ളത്. കുതിരവണ്ടികളിലാണ് ഈ ലോഹഫലകങ്ങൾ നിർമ്മാണസ്ഥലത്തെത്തിച്ചത്. ഇവിടെ ഐഫൽ ടവ്വറിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട 72 ശാസ്ത്രജ്ഞന്മാരുടെ പേരുകൾ കൊത്തിവച്ചിട്ടുണ്ട്.
എന്റെ ഊഴമായി. ഐഫൽ ടവ്വറിലേക്കുള്ള എനിക്കുള്ള ലിഫ്റ്റ് വന്നു. ഏകദേശം 30 പേരെങ്കിലും ഒരു ലിഫ്റ്റിൽ കൊള്ളുമെന്ന് തോന്നുന്നു. ഇനി ഞാനും ഐഫൽ ടവ്വറിലേക്ക്. ഇവിടെനിന്നുള്ള കാഴ്ചകൾ അപാരമാണ്. സീനാ നദിയാണ് പശ്ചാത്തലത്തിൽ കാണുന്നത്. ഫ്രാൻസിലെ പ്രധാന നദിയാണ് സീന. ബോട്ടുകളും ക്രൂയിസ്സുകളും ഈ നദിയുടെ മാറിലൂടെ ഇഴയുന്നത് കാണാം. ഈ നദിയുടെ കൈവഴിയോരങ്ങളിലായി അരയന്നദ്വീപ് കാണാം. ഐഫൽ ടവ്വറിന്റെ സൌന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പല പരിഷ്കൃതനിർമ്മിതികളും പിന്നീട് ഈ പരിസരങ്ങളിലുണ്ടായി.
സൂര്യൻ അസ്തമിക്കാൻ തുടങ്ങി. മഞ്ഞപ്പൊന്നിൽ കുളിച്ചുനിന്ന സൂര്യൻ ഐഫൽ ടവ്വറിനെ പൊൻ ശോഭ കൊണ്ട് കുളിപ്പിച്ചു. ഷാ ഡി മാഴ്സ് നീലാകാശത്തിന് താഴെ നീലച്ചുതന്നെ കിടന്നു. ഐഫൽ ടവ്വറിന്റെ ഒന്നും രണ്ടും നിലകളിലായി സഞ്ചാരികൾ കയറിയിറങ്ങിക്കൊണ്ടിരുന്നു.
ഒന്നും രണ്ടും നിലകളിൽ റസ്റ്റോറന്റുകളും ഫ്രാൻസിന്റെ സുവനീർ ഷോപ്പുകളും കാണാം. മൊത്തം 1710 സ്റ്റെപ്പുകളാണ് ഉള്ളത്. 300 സ്റ്റെപ്പുകൾ വീതമുള്ള ആദ്യത്തെ രണ്ട് നിലകളിലേക്കും ലിഫ്റ്റ് സർവ്വീസുണ്ട്. 906 അടി ഉയരത്തിലുള്ള മൂന്നാം നിലയിലേക്ക് യൂറോപ്യൻ യൂണിയൻ പൊതുസമൂഹത്തിന് സന്ദർശനം അനുവദിക്കുന്നുണ്ടെങ്കിലും ഇപ്പോൾ സുരക്ഷ കണക്കിലെടുത്താവണം സന്ദർശനം അനുവദിക്കുന്നില്ല. ഈ മൂന്നാം നിലയിലായിരുന്നു, ഈ ഉരുക്കുഗോപുരത്തിന്റെ തച്ചനായ ഗസ്റ്റാവ് ഐഫൽ താമസിച്ചിരുന്നത്.
ഈ സ്വർണ്ണസായാഹ്നത്തിൽ ഐഫൽ ടവ്വർ പൊന്നുപൂശിക്കിടന്നു. സഞ്ചാരികളും പൊന്നിൽ കുളിച്ചുനടന്ന് ഐഫലിൽ നിന്നുള്ള ആകാശക്കാഴ്ചകളും താഴ്വാര കാഴ്ചകളും കൺനിറയേ കണ്ടു. ഇവിടെ സ്ഥാപിച്ചിട്ടുള്ള ടെലിസ്കോപ്പുകളിലൂടെ അവർ എല്ലാം അടുത്തും അകലേയുമായി ആസ്വദിച്ചു. സഞ്ചാരികൾ ഐഫലിലെ റസ്റ്റോറന്റുകളിലും ബാറുകളിലും സുവനീർ ഷോപ്പുകളിലും ആനന്ദോത്സവത്തിൽ ആറാടി. ഐഫലിന്റെ ഒന്നും രണ്ടും നിലകളിലെ സഞ്ചാരികൾ ആകാശവും ഭൂമിയും ഐഫൽ ടവ്വറുപോലും മറന്നു. എവിടേയും ഐഫൽ ടവ്വറിന്റെ മിനിയേച്ചറുകൾ സുവനീറുകളായി.
ഇനിയല്പം ചരിത്രം. ഷാ ഡി മാഴ്സിൽ ആദ്യമുണ്ടായത് ഫ്രഞ്ച് മിലിറ്ററി സ്കൂളായിരുന്നു. 1765- ലായിരുന്നു ഈ സൈനികസ്കൂളിന്റെ നിർമ്മാണം. ആങ്കെ ജാക്കസ്സ് ഗബ്രിയേൽ ആണ് ഈ സ്കൂൾ ഡിസൈൻ ചെയ്തത്. പിന്നീടാണ് ചരിത്രപ്രസിദ്ധമായ ഫോണ്ടൊണോയ് യുദ്ധം ഇവിടെ അരങ്ങേറുന്നത്. സൈനികസ്കൂൾ പരിസരം ഇന്ന് കമ്പിവേലി കെട്ടി ചരിത്രസ്മാരകമായി സംരക്ഷിച്ചുപോരുന്നു.
ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട് പല വിശേഷപ്പെട്ട ദിവസങ്ങൾക്കും സാക്ഷിയാണ് ഷാ ഡി മാഴ്സ്. 1790 ജൂലായ് 14-ലെ ഫെഡറേഷൻ ഡെ അഥവാ ബാസ്റ്റൈൽ ഡെ, 1791 ജൂലായ് 17-ലെ ഷാ ഡി മാഴ്സ് കൂട്ടക്കൊല ദിവസം,1791 നവംബർ 12-ലെ ആദ്യ ഗില്ലറ്റിൻ രക്തസാക്ഷിദിനം തുടങ്ങിയവയൊക്കെ ഷാ ഡി മാഴ്സിനെ ചരിത്രമാക്കുന്നുണ്ട്.
1930-ൽ ന്യൂയോർക്കിലെ ക്രിസ്ലർ കെട്ടിടം പൂർത്തിയാവുംവരെ, ഐഫൽ ടവ്വറായിരുന്നു ലോകത്തിലെ മനുഷ്യനിർമ്മിതമായ ഏറ്റവും ഉയരം കൂടിയ ഉരുക്കുനിർമ്മിതി. പിന്നീട് 1957-ൽ ഫ്രഞ്ചുകാർ ഈ ഗോപുരത്തിന് ഒരു ഏരിയൽ കൂടി പിടിപ്പിച്ചതോടെ വീണ്ടും ഐഫൽ ടവ്വർ ഉയരത്തിൽ ഒന്നാം സ്ഥാനത്തെത്തി. ഈ ടവ്വറിൽ നിരവധി റേഡിയോ-ടെലിവിഷൻ നിലയങ്ങളുടെ ട്രാൻസ്മിറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ചില ഫ്രഞ്ച് പത്രങ്ങളുടെ ഓഫീസും പ്രവർത്തിക്കുന്നുണ്ട്.
പല സാഹസങ്ങൾക്കും ഈ ടവ്വർ സാക്ഷിയായിട്ടുണ്ട്. ഈ ടവ്വറിന്റെ മുകളിലേക്ക് വിമാനം പറപ്പിച്ചവരുണ്ട്. ഈ ടവ്വറിൽ നിന്ന് താഴേക്ക് എടുത്തുചാടിയവരുണ്ട്. സാഹസത്തിന്നിടയിൽ ജീവഹാനി സംഭവിച്ചവരുമുണ്ട്. പല പ്രഗത്ഭരും പ്രശസ്തരും ഈ ടവർ കയറിയിറങ്ങി, പ്രശംസിക്കുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
1887-ൽ നിർമ്മാണം തുടങ്ങി 1889-ലാണ് ഐഫൽ ടവ്വറിന്റെ പണി പൂർത്തിയാവുന്നത്. ഗസ്റ്റാവ് ഐഫൽ എന്ന പേരുള്ള ഒരു എഞ്ചിനീയറാണ് ഈ ഉരുക്കുഗോപുരത്തിന്റെ ഡിസൈനറും ആർക്കിടെക്ടും. അതുകൊണ്ടുകൂടിയാണ് ഈ ഗോപുരത്തിന് ഐഫൽ ടവ്വർ എന്ന പേരുവന്നതും. വേറേയും എഞ്ചിനീയർമാരുടെ കഠിനപ്രയത്നവും സേവനവും ഉണ്ടായിരുന്നു ഈ ഗോപുരത്തിന്റെ നിർമ്മാണത്തിന് പിന്നിൽ. ഏതാണ്ട് 5000 സ്കെച്ചുകളാണ് ഇതിന്നായി എഞ്ചിനീയർമാർ വരച്ചെടുത്തത്.
ഈ ഗോപുര നിർമ്മാണത്തിന്നായുള്ള കരട് രേഖകൾ ഐഫൽ സർക്കാരിന് സമർപ്പിക്കുന്നത് 1985-ലാണ്. എന്നാൽ ആ ഘട്ടങ്ങളിലൊന്നും ഇതിന്റെ നിർമ്മാണം വേണ്ടത്ര പുരോഗതി പ്രാപിച്ചിരുന്നില്ല. പിന്നീട്, 1986-ൽ, ജൂൾസ് ഗ്രെവി, ഫ്രാൻസിന്റെ പ്രസിഡന്റായതിനുശേഷമാണ് കാര്യമായ പുരോഗതി നിർമ്മാണത്തിന് കൈവരിച്ചത്.
മൊത്തം ആറര ദശലക്ഷം മില്യൺ ഫ്രാങ്കാണ് ഐഫൽ ഗോപുരത്തിനായി അന്ന് വകയിരുത്തിയത്. അതിൽ ഒന്നര ദശലക്ഷം ഫ്രാങ്ക് മാത്രമാണ് സർക്കാർ ഈ ഗോപുരനിർമ്മാണത്തിന്നായി കൊടുത്തത്. ബാക്കി തുക ചെലവഴിച്ചത് ഗസ്റ്റാവ് ഐഫൽ തന്നെയായിരുന്നു. ഫ്രാൻസിലെ ക്രെഡിറ്റ് ഇന്ധസ്ട്രിയൽ കൊമേഴ്സിയൽ ബാങ്കാണ് ഐഫലിന് ധനസഹായം കൊടുത്തത്.
സർക്കാർ കരാറുപ്രകാരം നിർമ്മാണം പൂർത്തിയായ ദിവസം മുതൽ 20 വർഷത്തേക്ക് ഈ ഗോപുരത്തിൽനിന്നുള്ള വാണിജ്യസംബന്ധിയായ എല്ലാ വരുമാനങ്ങൾക്കും ഗസ്റ്റാവ് ഐഫലിന് അർഹതയും അവകാശവും അധികാരവും ഉണ്ടായിരിക്കുമെന്നും കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. സർക്കാരിന്റെ ഈ നിലപാടിനോട് ഫ്രഞ്ച് കലാകാരന്മാരും എഴുത്തുകാരും മാധ്യമപ്രവർത്തകരും കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
അവർ ഐഫൽ ഗോപുരത്തെ ഈജിപ്തിലെ പിരമിഡിനോടാണ് ഉപമിച്ചത്. ഐഫൽ ടവ്വർ കേവലം ഇരുമ്പുമാലിന്യം മാത്രമാണെന്നും അവർ വാദിച്ചിരുന്നു. ഗസ്റ്റാവ് ഐഫലിന് ഭ്രാന്താണെന്നും, ഗോപുരത്തിന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ, ഐഫൽ ടവ്വർ കൂട്ടആത്മഹത്യയിലേക്ക് നയിക്കുമെന്ന് വരെ എതിരാളികൾ ആരോപിച്ചിരുന്നു. എന്നാൽ, സർക്കാർ, ഫ്രഞ്ച് വിപ്ലവത്തിന്റെ സംശുദ്ധമായ ഒരു പ്രതീകമായി അതിനെ കാണുകയും ഐഫലിനെ ഐക്യകണ്ഠമായി പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു.
ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികത്തിന്, അതായത് 1889-ൽ ഫ്രാൻസിൽ സംഘടിപ്പിച്ച വേൾഡ് ഫെയറിൽ വച്ചാണ് ഐഫൽ ടവ്വർ ലോകത്തിന് സമർപ്പിച്ചത്. 1989 മാർച്ച് 31, ഉച്ചതിരിഞ്ഞ് 2:35-നായിരുന്നു ഈ ടവ്വർ ഉദ്ഘാടനം ചെയ്തത്. ഗസ്റ്റാവ് ഐഫലും മറ്റ് എഞ്ചിനീയർമാരും സർക്കാർ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അന്ന് ഈ ടവ്വറിന്റെ മൂന്നാം നിലയിലേക്ക്, ഒരു മണിക്കൂർ നടന്നുകയറിയാണ് ഉദ്ഘാടനകർമ്മം നിറവേറ്റിയത്. തത്സമയം രണ്ടാം നിലയിൽനിന്ന് 25 വെടികൾ മുഴങ്ങി. ഈഫൽ ടവ്വറിന്റെ നെറുകെയിൽ ഫ്രഞ്ച് പതാക പാറിപ്പറന്നു.
അക്കാലത്തും ഇന്നും പ്രദേശികമായി ഫ്രാൻസിന്റെ ഉരുക്കുവനിത എന്ന പേരിലാണ് ഐഫൽ ടവ്വർ അറിയപ്പെടുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഏകദേശം ആറ് ലക്ഷം സന്ദർശകർ ഇതിനകം ഐഫൽ ടവ്വർ ആസ്വദിച്ചിരിക്കുന്നു.
സീനാ നദിയുടെ തീരത്തെ ഈ ഉരുക്കുഗോപരത്തെ 1964-ൽ ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് 1991-ൽ യുനെസ്കോ ലോക പൈതൃക സ്മാരകവുമായി പ്രഖ്യാപിച്ചു. 60 ടൺ പെയിന്റ് വേണം ഈ ടവ്വർ ഛായം മുക്കിയെടുക്കാൻ. തവിട്ട് കലർന്ന ചെമ്പുനിറത്തിലാണ് ഈ ഗോപുരം നിറം പിടിപ്പിച്ചിട്ടുള്ളത്. മുകളിൽനിന്ന് ചെമ്പുനിറത്തിന്റെ നേരിയ ഷേഡിൽ നിന്ന്, താഴേക്ക് തനി തവിട്ട് കലർന്ന കടുത്ത നിറത്തിലേക്കുള്ള പകർന്നാട്ടമാണ് ഈ ടവ്വറിന്റെ വർണ്ണസങ്കലനം. ഐഫൽ ടവ്വർ ബ്രൌൺ എന്നൊരു വിഖ്യാത നിറത്തെക്കൂടി സമ്മാനിച്ചിട്ടുണ്ട് ഈ ഉരുക്കുഗോപുരം.
സൂര്യൻ അണയാറായി. ഐഫൽ ഗോപുരം ഉദിക്കാറായി. റസ്റ്റോറന്റുകളിൽ വെളിച്ചം വീണു. ഞാനിനി ഐഫൽ ഗോപുരത്തിൽ നിന്ന് താഴേക്ക് ഇറങ്ങുകയാണ്. ഇനി താഴെയാണ് ഷാ ഡി മാഴ്സിലെ സൂര്യനുദിക്കുക. ഐഫൽ ടവ്വർ പ്രകാശിക്കുക. അപ്പോഴും ഹൈഡ്രോളിക്ക് ലിഫ്റ്റുകൾ ഐഫൽ ടവ്വർ കയറിയിറങ്ങുന്നുണ്ട്. തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയെപോലെ ഐഫൽ ടവ്വർ പൊന്നിൽ കുളിച്ചുവന്നു. സെൽഫികളിൽ സഞ്ചാരികളും. ഐഫലിൽ നിന്ന് മടങ്ങവേ ആ രണ്ട് കെട്ടിടങ്ങൾക്കിടയിലൂടെ ഒരിക്കൽകൂടി ഞാൻ ഐഫലിനെ സ്വന്തമാക്കി.