സ്വിറ്റ്സർലണ്ടിലും പിണറായിയോ!?

സ്വിറ്റ്സർലണ്ടിലും പിണറായിയോ!?
27 Sep 2024

ഇപ്പോൾ ഞാൻ നിൽക്കുന്നത് സ്വിറ്റ്സർലണ്ടിലെ ലൂസേൺ നഗരത്തിലാണ്. സ്വിറ്റ്സർലണ്ടിലെ അതിമനോഹരമായ നഗരമാണ് ലൂസേൺ. ഫ്രഞ്ച് വിപ്ലവമടക്കം ഒരുപാട് വിപ്ലവങ്ങൾക്ക് സാക്ഷിയാണ് ഈ നഗരം. ലൂസേൺ സ്വിറ്റ്സർലണ്ടിന്റെ ഒരു സചിത്ര അടയാളമാണ്. നിലവിലെ ജനസംഖ്യ 82000 മാത്രം. ഈ നഗരം ഉൾക്കൊള്ളുന്ന ജില്ലയുടെ പേരും ലൂസേൺ എന്ന് തന്നെയാണ്. മൊത്തം 19 മുനിസിപ്പാലിറ്റികളുള്ള ഈ ജില്ലയിലെ ജനസംഖ്യ 220000 എന്നും കണക്കാക്കപ്പെടുന്നു. വീഡിയോ കാണാം

ജർമ്മൻ ഭാഷയാണ്  ഇവിടുത്തെ ഔദ്യോഗിക ഭാഷ. എന്നിരുന്നാലും പഠിക്കാൻ വളരെ പ്രയാസമുള്ള സ്വിസ്സ് ഭാഷ കൂടി കലർന്ന ഒരുതരം ജർമ്മൻ സ്വിസ്സ് ഭാഷയാണ് ഇവിടെ പ്രചാരത്തിലുള്ളത്. സാമ്പത്തികം, ഗതാഗതം, സംസ്കാരം പിന്നെ മാദ്ധ്യമരംഗം എന്നിവക്കാണ് ഇവിടെ മുൻതൂക്കം.

ദാ കാണുന്ന ഗോപുരമില്ലേ, അതിനോടനബന്ധമായാണ് ലൂസേണിലെ പ്രസിദ്ധമായ ചേപ്പൽ മരപ്പാലം (Chapel Bridge) സ്ഥിതിചെയ്യുന്നത്. മലയാളികളാണെന്ന് തോന്നുന്നു, അവർക്ക് ഈ മരപ്പാലമല്ല, വിഷയം, സെൽഫിയാണ്. ഇവർ ഇവിടെ സെൽഫിയെടുത്ത് തിമിർക്കുകയാണ്. ഈ മരപ്പാലം ടൂറിസ്റ്റുകൾക്കുള്ളതാണ്. അതുകൊണ്ടുതന്നെ പുഷ്പാലംകൃതമാണ്. ഇരുവശങ്ങളിലും ഒഴുകുന്നത് റിയുസ്സ് നദിയാണ്.

ഇവിടുത്തെ മരപ്പാലങ്ങൾ പ്രസിദ്ധമാണ്. അക്ഷരാർത്ഥത്തിലും മരത്തടികൾക്കൊണ്ടും മരപാളികൾകൊണ്ടും നിർമ്മിതമാണ്. ഈ തടികളിലും മരപ്പാളികളിലും ഏതോ സഞ്ചാരികൾ അവരുടെ വികൃതികളും ആലേഖനം ചെയ്തുകാണുന്നുണ്ട്. ഈ പാലത്തിന്റെ ഇടതും വലതുമായി ലൂസേണിന്റെ പഴയതും പുതിയതുമായ നഗരക്കാഴ്ചകൾ കാണാം.

കപ്പേളപ്പാലം അഥവാ ചേപ്പൽ പാലം (Chapel Bridge), കോടതിപ്പാലം അഥവാ കോർട്ട് പാലം (Court Bridge), പിന്നെ പതിരുപാലം അഥവാ ചാഫ് പാലം (Chaff Bridge) എന്നിവയാണ് ഇവിടുത്തെ പ്രധാന മരപ്പാലങ്ങൾ. കപ്പേളയുമായി ബന്ധപ്പെട്ടതുകൊണ്ടാണ് കപ്പേളപാലം എന്ന് വിളിക്കുന്നത്. അതുപോലെ കോടതിയുമായി ബന്ധപ്പെട്ടതുകൊണ്ടാണ് കോടതിപ്പാലം ഉണ്ടായത്. ഇവിടെ ഒരു കാലത്ത് നിറയേ കർഷകരായിരുന്നു. അവർ ധാന്യങ്ങളെല്ലാം കുത്തി പതിരുനീക്കി ഒരു പാലത്തിൽ നിക്ഷേപിച്ചിരുന്നത്രെ, അങ്ങനെയാണ് പതിരുപാലം അഥവാ ചാഫ് പാലം (Chaff Bridge) ഉണ്ടായത്

എന്നിരുന്നാലും സർവ്വ ഐശ്വര്യത്തോടേയും പെരുമയോടേയും ഇന്നും ഇവിടെ സംരക്ഷിച്ചുപോരുന്ന പാലം കപ്പേളപ്പാലം അഥവാ ചേപ്പൽ പാലം (Chapel Bridge) തന്നെയാണ്.  ഈ പാലത്തിന്റെ വലതുവശത്ത് ഉണ്ടായിരുന്ന സെയിന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ സാമീപ്യമാണ് ഈ പാലത്തിന് ചേപ്പൽ പാലം (Chapel Bridge) എന്ന പേരു് കൊടുത്തത്. ഇന്ന് പക്ഷേ അത്തരം പല അടയാളങ്ങളും ഇവിടെയില്ല. എല്ലാം കാലം മായ്ച്ചുകളഞ്ഞിരിക്കുന്നു. ജർമ്മൻ ഭാഷയിൽ കേപ്പൽ ബ്രൂക്ക് എന്നത്രേ പറയപ്പെടുന്നത്. പ്രതിദിനം ഏകദേശം 15000 പേരെങ്കിലും ഈ പാലത്തിന്റെ മരപ്പാളികളിൽ അവരുടെ പാദസ്പർശം അടയാളപ്പെടുത്തുന്നുണ്ടാവണം.

ബഹുവർണ്ണ പൂക്കളാൽ അലങ്കരിച്ച, ഈ പാലത്തിന്റെ ഒരു വശത്ത്  113 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗോപുരവും കാണാം. ജലഗോപുരം അഥവാ വാട്ടർ ടവ്വർ (Water Tower) എന്നാണ് ഈ ഗോപുരം അറിയപ്പെടുന്നത്. പണ്ട് കാലത്ത് ഈ ഗോപുരം ഒരു തടവറയായി ഉപയോഗിച്ചതായി പറയുന്നുണ്ട്. പിന്നീട് യുദ്ധക്കോപ്പുകളുടെ ഒരു മ്യൂസിയവും ഒരു പ്രാദേശിക ട്രഷറിയും ഇവിടെ പ്രവർത്തിച്ചിരുന്നു. എന്തായാലും ഇപ്പോൾ ഇവിടുത്തെ ചില സായുധവിഭാഗങ്ങളുടെ താമസസ്ഥലവും കൊച്ചുകൊച്ചു സ്വിസ്സ് സ്മാരകഫലകങ്ങളുടെ കച്ചവടകേന്ദ്രവുമാണ് ഈ ഗോപുരം.

ഈ പാലത്തിന്റെ നിർമ്മിതിയുടെ കൃത്യമായ തീയ്യതി ലഭ്യമല്ലെങ്കിലും ഏകദേശം 1365-ലാവണം ഈ പാലം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. റിയുസ്സ് നദിയുടെ വലതുതീരത്തായാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഈ പരിസരത്തുനിന്നാൽ പിലാറ്റസ്, റിജി, സ്വിസ്സ് ആൽപ്സ് പർവ്വതനിരകൾ കാണാം. ഒരുപാട് യുദ്ധക്കെടുതികളും, 1993-ലെ മഹാഗ്നിപ്രളയവും കൂടി ഈ പാലത്തിന്റെ പകുതിയോളം ഇല്ലാതാക്കിയിരുന്നു. നേരത്തെ 890 അടി നീളമുണ്ടായിരുന്ന ഈ പാലത്തിന് ഇപ്പോൾ 692 അടി മാത്രമാണുള്ളത്.

മേൽകൂരയുള്ള ഈ പാലം അതുകൊണ്ടുതന്നെ ലോകപ്രസിദ്ധമാണ്, മേൽകൂരയുടെ ത്രികോണമരഫലകങ്ങളിൽ സ്വിസ്സ് സംസ്കൃതിയും ബൈബിൾ ബിംബങ്ങളും കൂടിക്കലർന്ന 158 ബഹുവർണ്ണ ചിത്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ യുദ്ധവും, 1993-ലെ തീയും കുറേയൊക്കെ നശിപ്പിച്ചുകളഞ്ഞു. എല്ലാം കഴിഞ്ഞ് ഇപ്പോൾ അവശേഷിക്കുന്നത് കേവലം 47 ചിത്രങ്ങൾ മാത്രം. ഹാൻസ് ഹെൻറിക്ക് വാഗ്മാൻ (Hans Heinrich Wägmann) എന്ന ചിത്രകാരൻ വരച്ചതാണ് ഈ ബഹുവർണ്ണ ചിത്രങ്ങൾ. പലരും സ്പോൺസർ ചെയ്തതിന്റെ ഫലമായാണ് ഹാൻസിന് ഈ ചിത്രങ്ങൾ ആലേഖനം ചെയ്യാൻ കഴിഞ്ഞതെന്നും പറയപ്പെടുന്നു. മാപ്പിൾ മരവും ഇന്ത്യൻ മരവും ഇവിടെ ഉപയോഗിച്ചതായും പറയപ്പെടുന്നുണ്ട്.

ദാ ഇവിടം മുതലുള്ള മേൽകൂരമേലൊന്നും ബഹുവർണ്ണചിത്രങ്ങൾ കാണാനില്ല. പല സഞ്ചാരികളും പാലത്തിന്റെ അറ്റം കണ്ട് മടങ്ങുകയാണ്. പാലത്തെകുറിച്ചുള്ള വിവരങ്ങളും വിശദാംശങ്ങളും അവിടവിടെ കുറിച്ചിട്ടുണ്ട്. പാലം അവസാനിക്കുന്നിടത്തായി സ്വീറ്റ് പാർലറുകളും സുവനീർ ഷോപ്പുകളും സ്നാക്ക് ബാറുകളും കാണാം.

ഈ ഗൈഡ് നിൽക്കുന്നത് കണ്ടോ. ഇവർ ഗൂഗിൾ നോക്കി പറയാനുള്ളതെല്ലാം സഞ്ചാരികളോട് ബസ്സിൽ വച്ച് ഒരു വഴിപാട് പോലെ പറഞ്ഞിട്ടുണ്ടാവണം. അതിനുശേഷം സഞ്ചാരികളെ ഇവിടെ മേയാൻ വിടുന്നു. ഇതാണ് ഗ്രൂപ്പ് ടൂറുകളുടെ പരിമിതിയും ഗതികേടും. ഇനി അവർ നിശ്ചിതസമയത്ത് ഇവിടെ എത്തണം, ഈ പാലം കണ്ടാലും കണ്ടില്ലെങ്കിലും. ഈ തിരക്ക് പിടിച്ച് പോകുന്ന സഞ്ചാരികളൊക്കെ അതിന്റെ ഭാഗമാണ്. അതാണ് ഗൈഡഡ് ടൂർ കൾച്ചർ.

ഇവിടെയാണ് ഈ പാലം അവസാനിക്കുന്നത്. ഇവിടെയും പലതും കാണാനുണ്ട്. പഠിക്കാനുണ്ട്. ഈ കാണുന്ന റിയുസ്സ് നദിക്കും ഈ കെട്ടിടങ്ങൾക്കും നിങ്ങളോട് പറയാൻ ഒരുപാട് ചരിത്രമുണ്ട്. അതൊന്നും പറഞ്ഞുതരുന്ന പണി ഈ ഗൈഡുമാർക്കില്ല. അവർക്കതൊന്നും അറിയുകയുമില്ല.

ഞാൻ കപ്പേളപാലത്തിന്റെ ദൃശ്യങ്ങൾ മതിവരുവോളം പകർത്തി. പഴയ ലൂസേണും പുതിയ ലൂസേണും കുറേയൊക്കെ വായിച്ചെടുത്തു. പിന്നെ റിയുസ്സ് നദിയുടെ തീരത്തുകൂടെ ഇങ്ങനെ നടന്നു. പുതിയ ഇരുമ്പുപാലങ്ങൾ കണ്ടു. അവ കാണിച്ചുതരുന്ന പഴയ കെട്ടിടങ്ങൾ കണ്ടു. എല്ലാം കണ്ട് മൂകസാക്ഷിയായി ഒഴുകുന്ന റിയുസ്സ് നദിയേയും മതിയാവോളം കണ്ടു. ഞാൻ ആ മരപ്പാലത്തിനോട് വിട പറയുകയായിരുന്നു. പാലം എന്നോടും.

അവസാനം വീണ്ടും ഞാൻ ലൂസേൺ തെരുവിലെത്തി. അവിടെ അപ്പോഴും പാലം കാണാത്തവർ വലിയവലിയ കച്ചവടകേന്ദ്രങ്ങളിൽ നിന്ന് ഒന്നും വാങ്ങാനാവാതെ വിറങ്ങലിച്ച് അന്തം വിട്ട് നിൽക്കുന്നുണ്ടായിരുന്നു. പുതിയ സഞ്ചാരികളൊക്കെ അങ്ങനെയാണ്. അവർ തെരുവിൽ നിന്ന് തെരുവിലേക്ക് ഇങ്ങനെ പോയ്ക്കൊണ്ടിരിക്കും, യന്ത്രമനുഷ്യരെപോലെ.

ഈ ബോഡ് കണ്ട ഏതോ മലയാളി പറഞ്ഞു, ദാ ഇവിടെയുമുണ്ടോ നമ്മുടെ പിണറായി!?. എന്ത് ചെയ്യാം. മലയാളി അങ്ങനെയാണ്. വിവാദങ്ങളെ കാണൂ, അതേ കേൾക്കൂ, എന്നും എവിടേയും. കഷ്ടം എന്നല്ലാതെ എന്തുപറയാൻ?

1993-ലെ മാഹാഗ്നിക്ക് ശേഷം 3.4 ദശലക്ഷം ഫ്രാങ്ക് ചെലവഴിച്ചാണ് ഈ പാലത്തെ ഈ കാണുന്ന തരത്തിൽ നവീകരിച്ച് നിലനിർത്തിയത്. ഈ മരപ്പാലത്തിന്റെ കഥ തൽക്കാലം ഇവിടെ അവസാനിപ്പിക്കട്ടെ.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *