ഞാൻ ലോകത്തിന്റെ നെറുകയിൽ
01 Nov 2023
ലേയിലെ ഈ പെട്രോൾ പമ്പിൽ നിന്ന് ആവശ്യത്തിന് പെട്രോൾ നിറച്ചാണ് എല്ലാവരുടേയും കർദുങ്ങല ചുരം യാത്ര ആരംഭിക്കുക. വാഹനങ്ങൾ ചുരം കയറാനുള്ള മുൻകരുതലുകളും ഇവിടെ തുടങ്ങുന്നു. സംഘങ്ങളായി വരുന്നവർ യാത്ര പ്ലാൻ ചെയ്യുന്നതും ഇവിടെനിന്നായിരിക്കും. വീഡിയോ കാണാം.
ഇനി ഞാനും സീറ്റി സ്കാനും പിന്നെ നിങ്ങളും ലോകത്തിന്റെ നെറുകെയിലേക്കാണ് പോകുന്നത്. മാനം തൊട്ടുനില്ക്കുന്ന കർദുങ്ങല ചുരം നമ്മൾ ഒരുമിച്ച് അനുഭവിക്കാൻ പോകുകയാണ്.
ടിബറ്റ് ഭാഷയിൽ ലഡാക്ക് എന്നാൽ ചുരങ്ങളുടെ നാട് എന്നാണ് അർത്ഥം. 19300 അടി ഉയരത്തിലുള്ള ഏറ്റവും ഉയരം കൂടിയ ഉമ്ലിങ്ങ് ലാ ചുരവും 17582 അടി ഉയരത്തിലുള്ള രണ്ടാമത്തെ ഉയരം കൂടിയ കർദുങ്ങ് ലാ ചുരവുമടക്കം ഒമ്പത് ചുരങ്ങളാണ് ഇവിടെയുള്ളത്. പക്ഷേ, കർദുങ്ങ ലാ ചുരം വാഹനഗതാഗതയോഗ്യമാണ്. ലോകത്തിലെ തന്നെ ഉയരം കൂടിയ ഗതാഗതയോഗ്യമായ ഉയരം കൂടിയ ചുരവുമാണ്. മറ്റു ചുരങ്ങളിൽ സോജിലാ ചുരവും ചാങ്ങ്ലാ ചുരവും റോതാങ്ങ് ചുരവും പ്രധാനപ്പെട്ടവയാണ്. അതേ ആരേയും അതിശയിപ്പിക്കുന്ന ലോകത്തിലെ തന്നെ ഭയാനക ചുരങ്ങളുടെ നാടാണ് ലഡാക്ക്.
ഇവയിൽ കർദുങ്ങല ചുരം വരെയാണ് സഗമമായ വാഹനഗതാഗതത്തിന് സൌകര്യമുള്ളൂ. പിന്നെ അങ്ങോട്ട് കർദുങ്ങലയെ താരതമ്യപ്പെടുത്തിയാൽ, സഞ്ചാരയോഗ്യമായ റോഡില്ല. എന്നാലും സാഹസികമായ യാത്ര നടത്താം. നമ്മുടെ പട്ടാളത്തിന്റെ വാഹനങ്ങളൊക്കെ ഇതുവഴി പോകുന്നുണ്ട്. അതുകൊണ്ട് സാഹസികരായ സഞ്ചാരികൾക്കും പോകാം. എന്നിരുന്നാലും പലരും കർദുങ്ങല തൊട്ടാൽ പിന്നെ ന്യൂബ്ര പോലുള്ള താഴ്വാരങ്ങൾ കണ്ടുമടങ്ങുകയാണ് പതിവ്.
ശരിക്കും ആപൽക്കരമാണ് ഈ യാത്ര. കാരണം റോഡിന്റെ ഇരുഭാഗത്തും മഞ്ഞ് നിറഞ്ഞിരിക്കും. സൂക്ഷിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ പതിനായിരക്കണക്കിന് അടിയിലേക്കായിരിക്കും വാഹനങ്ങൾ ചെന്ന് പതിക്കുക. സത്യം പറയട്ടെ, ഉള്ളിലെ കിളി പലവട്ടം പറന്നുപോയി തിരിച്ചുവന്ന അനുഭവമാണിവിടെ.
മഞ്ഞിൽ പൊതിഞ്ഞ ഈ പർവ്വതക്കാഴ്ചകൾ പരമാനന്ദകരമാണ്. പലരും വാഹനം നിർത്താനാവുന്നിടത്ത് വാഹനങ്ങൾ നിർത്തുന്നതും ചിത്രങ്ങൾ എടുക്കുന്നതും കാണാം. ഇവിടുത്തെ കാലാവസ്ഥ പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുകൾ ഉള്ളവരാരും വാഹനങ്ങൾ നിർത്തില്ല. അവരുടെയൊക്കെ ലക്ഷ്യം കർദുങ്ങല മാത്രമായിരിക്കും.
എന്നിട്ടും, ഈ റോഡിലൂടേയും സൈക്കിളോടിച്ചുപോകുന്ന അതി സാഹസികരെ കാണാം നമുക്ക്. ഇടയ്ക്കിടെ ജനവാസ കേന്ദങ്ങളും ബൌദ്ധ പ്രാർത്ഥനാലയങ്ങളും ബൌദ്ധ സ്തൂപങ്ങളും കാണാം.
നാമിപ്പോൾ തെക്കൻ പുള്ളു ചെക്ക് പോസ്റ്റെത്തി. ഇവിടെ ഈ കാണുന്നതൊക്കെ നമ്മുടെ പട്ടാളക്യാമ്പുകളും ബിആർഒ യുടെ ഓഫീസും മറ്റുമാണ്. ഇനിയാണ് മഞ്ഞിന്റെ കാഠിന്യം കൂടുക. പ്രണവായു കുറയുക. ഇടക്കിടെ സിന്ധുനദിയും കാണാം. മഞ്ഞുകാഴ്ചകൾക്കായി ഞാൻ കാർ നിർത്തി. വേറേയും കുറേ പേർ ഇവിടെ വാഹനങ്ങൾ നിർത്തി മഞ്ഞിൽ കളിച്ചും കുളിച്ചും യാത്രയെ ആസ്വദിക്കുന്നുണ്ട്.
ഇവിടെ ചിലേടങ്ങളിലൊക്കെ സഞ്ചാരികൾക്കായി വിശ്രമകേന്ദ്രങ്ങൾ കാണാം. കട്ടൻ ചായയും കാപ്പിയും അത്യാവശ്യം ചെറുകടികളും ലഭ്യമാണ്. ഇതൊരു പഞ്ചാബി ദാബയാണ്. ഈ വിശ്രമകേന്ദത്തിന്റെ പിറകിലൂടെ സിന്ധുനദിയുടെ ഒരു കൈവഴി ഒഴുകുന്നുണ്ട്.
ഇതൊരു ലുക്കൌട്ട് പോയന്റാണ്. പലരും ഇവിടെ നിന്ന് ചിത്രങ്ങളും സെൽഫികളും എടുക്കുന്നുണ്ട്. ഇവിടെയൊന്നും പക്ഷേ മഞ്ഞില്ല. സിന്ധുവിന്റേതാവാം കൊച്ചുകൊച്ചു കൈവഴികൾ കാണാം. ദൂരെദൂരെ പർവ്വതങ്ങളിറങ്ങിവരുന്ന വാഹനങ്ങൾ കാണാം. ആ കാഴ്ച കാണുമ്പോഴാണ് നാമും ഇറങ്ങിവന്ന, ദുരന്തം ഒളിപ്പിച്ചുവച്ച ആ റോഡുകലെ ദുസ്വപ്നം പോലെ കാണുന്നത്. പിന്നേയും പിന്നേയും കാണാം ഒളിച്ചുകളിക്കുന്ന, കളിപ്പിക്കുന്ന കുറുമ്പിനദി സിന്ധുവിനെ. അവിടവിടെയായി സഞ്ചാരികൾ വാഹനങ്ങൾ നിർത്തി കാഴ്ചകളെ ചിത്രങ്ങളാക്കുന്നുണ്ട്. അവിടവിടെ അത്യപൂർവ്വമായ പച്ചസ്ഥലികൾ കാണാം, മനുഷ്യാധിവാസത്തിന്റെ സാഹസിക അടയാളങ്ങളും കാണാം. വന്ധ്യവും വിജനവുമായ പർവ്വതങ്ങളിലൂടെ കളിപ്പാട്ടങ്ങൾ പോലെ വാഹനങ്ങൾ വട്ടമിട്ടുരുളുന്നത് കാണാം.
കർദുങ്ങല അടുത്തുതുടങ്ങിയതിന്റെ ലക്ഷണങ്ങൾ കാണാൻ തുടങ്ങി. സഞ്ചാരികളിൽ പലരും കർദുങ്ങലാഘോഷം ആരംഭിച്ചുകഴിഞ്ഞു. ചിലരൊക്കെ ആ ആഘോഷം കണ്ടുമടങ്ങുന്നതും കണ്ടു. വീണ്ടും സിന്ധുനദിയുടെ കൈവഴികൾ കണ്ടു. ആ കൈവഴിയരുവികളിൽ സഞ്ചാരികൾ മുങ്ങിപ്പൊങ്ങുന്നതും നമുക്ക് കാണാം.
സിന്ധു നദീതടവും ഷ്യോക്ക് നദീതടവും തലോടി ഉയർത്തിയ വടക്കൻ ലഡാക്കിലാണ് കർദുങ്ങല ചുരം. ലേയിൽ നിന്ന് 39 കിലോമീറ്റർ. ലേയിൽ നിന്ന് 24 കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കൻ പുള്ളു കാണാം. അതാണ് ആദ്യത്തെ ചെക്ക് പോസ്റ്റ്. പിന്നെ സാഹസികമായ ഉയരങ്ങൾ കീഴടക്കിയാൽ കർദുങ്ങല ചുരം തൊടാം. പിന്നെ താഴോട്ടിറങ്ങിയാൽ വടക്കൻ പുള്ളു ചെക്ക് പോസ്റ്റ്. പിന്നെ അതിമനോഹരമായ ന്യൂബ്ര താഴ്വാരങ്ങളിലേക്കിറങ്ങാം.
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ വാഹനസഞ്ചാരയോഗ്യമായ ഈ റോഡ് 1976-ലാണ് നിർമ്മിച്ചത്. 1988-ലാണ് ഈ റോഡ് ജനങ്ങൾക്ക് സമർപ്പിച്ചത്. ന്യൂബ്ര താഴ്വാരങ്ങൾക്കപ്പുറമുള്ള സിയാച്ചിൻ ഹിമഭൂമിയിലേക്കുള്ള അടിസ്ഥാന സൌകര്യങ്ങളൊരുക്കുന്നതിനുവേണ്ടിയാണ് സത്യത്തിൽ ഈ റോഡ് നിർമ്മിച്ചത്. പിന്നീട് ഈ റോഡ് എല്ലാവർക്കുമായി തുറന്നുകൊടുക്കുകയായിരുന്നു. ബിആർ ഒ (BRO) ബോർഡർ റോഡ് ഓർഗനൈസേഷനാണ് ഈ റോഡിന്റെ അറ്റകുറ്റപ്പണികളും പരിപാലനവും ഏറ്റെടുത്തിരിക്കുന്നത്. ഹിമഭൂമിയിലൂടെയുള്ള റോഡായതുകൊണ്ട് അറ്റകുറ്റപ്പണികളും പരിപാലനവും ഏറെ ദുഷ്കരമാണ്. എന്നിരുന്നാലും ബിആർ ഒ (BRO) അവരുടെ ജോലി സ്തുത്യർഹമായി തന്നെ നിർവ്വഹിച്ചുപോരുന്നുണ്ട്.
ഈ റോഡ് വരുന്നതിനുമുമ്പ് പതിനായിരക്കണക്കിന് കുതിരകളും ഇരട്ടമുതുകുള്ള ഒട്ടകങ്ങളും ഈ വഴി കടന്നുപോകാറുള്ളതായി ചരിത്രകാരൻമാർ പറയുന്നു. ലേക്ക് തെക്കുനിന്നുള്ള ചരക്കുകൾ, പ്രധാനമായും പരുത്തിയും കമ്പളിയും സുഗന്ധവ്യജ്ഞനങ്ങളും സ്വർണ്ണവും വെള്ളിയും കറപ്പും വരെ ഇതുവഴി കടന്നുപോയിട്ടുണ്ടത്രെ. മാത്രമല്ല, രണ്ടാം ലോക മഹായുദ്ധകാലത്ത് ഇതുവഴി ചൈനയിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിക്കൊണ്ടുപോയതായും പറയുന്നു.
ഈ റോഡിന്റെ ഗതിരേഖ നോക്കിയാൽ ഏതാണ്ടൊരു പിരമിഡ് പോലെയിരിക്കും. 39 കിലോമീറ്ററിൽ മാത്രം വ്യാപരിക്കുന്ന ഈ റോഡിന്റെ തെക്കും വടക്കും പുള്ളു എന്നറിയപ്പെടും. ഈ ചെക്ക് പോസ്റ്റകളിൽ നിന്ന് അനുവാദം വാങ്ങിവേണം ഇതുവഴിയുള്ള യാത്രകൾ നടത്താൻ. ലഡാക്കി പൌരന്മാർക്ക് യാത്രക്ക് അനുമതി ആവശ്യമില്ല. പിരമിഡ്ന്റെ തുഞ്ചത്താണ് കർദുങ്ങല ചുരം. ഉയരം 17582 അടിയാണ്. പിരമിഡിന്റെ അടിവാരങ്ങളായ പുള്ളു മുതൽ പുള്ളു വരെ മിക്കവാറും മഞ്ഞിൽ മൂടപ്പെട്ടുകിടക്കും.
ഇതുവഴി വാഹനങ്ങൾ ഓടിക്കുക ദുഷ്കരമാണ്. അതുകൊണ്ടുതന്നെ നല്ല പരിശീലനം സിദ്ധിച്ച ഡ്രൈവർമാർക്കേ ഇതുവഴി വാഹനമോടിക്കാനാവൂ. എങ്കിലും മിടുക്കന്മാരായ സാഹസിക സഞ്ചാരികൾ ഇതുവഴി അനായാസമായി വാഹനമോടിക്കുന്നതായും കാണാം. എന്റെ ഡ്രൈവർ സ്റ്റാൻസിൻ മിടുക്കനായ സാരഥിയാണ്.
ഹൃദയസംബന്ധമായ രോഗമുള്ളവർക്കും രക്തസമ്മർദ്ദങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉള്ളവർക്കും ഈ യാത്ര ആപൽക്കരമാണ്. മാത്രമല്ല, ഉയരങ്ങളിലെത്തുമ്പോഴുണ്ടാവുന്ന അസ്വസ്ഥതകൾ അഥവാ ഹൈ ആൾടിട്യൂഡ് സിക്ക്നസ്സ് (High Altitude Sickness) ഉള്ളവർക്കും ഈ യാത്ര സുഖകരമാവില്ല. മരണം വരെ ചിലപ്പോൾ സംഭവിക്കാം.
അതുകൊണ്ട് 2022 മുതൽ ലേയിൽ എത്തുന്നവർക്ക് രണ്ട് ദിവസം കാലാവസ്ഥാ പൊരുത്തപ്പെടൽ അഥവാ അക്ലമറ്റൈസേഷൻ (Acclimatization) നിർബന്ധമാക്കിയിട്ടുണ്ട്. ഈ കാലയളവിൽ ചില മരുന്നുകളും നിർദേശിക്കപ്പെടാറുണ്ട്. മാത്രമല്ല, കാലാവസ്ഥാ പൊരുത്തപ്പെടൽ അഥവാ അക്ലമറ്റൈസേഷനു (Acclimatization) ശേഷം ഉയരങ്ങൾ താണ്ടുമ്പോൾ യാതികർ ഓക്സിജൻ സിലിണ്ടറുകൾ കരുതുന്നതും നല്ലതാണ്. കാരണം, തെക്കൻ പുള്ളു മുതൽ വടക്കൻ പുള്ളു വരെ ഓക്സിജന്റെ അളവ് വളരെ കുറഞ്ഞിരിക്കും.
ഒരു കുറ്റി ഓക്സിജൻ സിലിണ്ടറും രണ്ട് മാസ്കും കൂടി 2000 രൂപ കൊടുത്താൽ കിട്ടും. നാം ഈ സിലിണ്ടർ ഉപയോഗിച്ചാലും ഇല്ലെങ്കിലും സിലിണ്ടർ മടക്കിക്കൊടുക്കണം. ഉപയോഗിക്കാത്ത സിലിണ്ടറിന് പണം മടക്കിക്കിട്ടുന്നതല്ല. ഭാഗ്യവശാൽ എനിക്ക് ഈ സിലിണ്ടർ ഉപയോഗിക്കേണ്ടിവന്നില്ല. കാരണം എനിക്ക് കുറഞ്ഞ ഓക്സിജനിൽ യാത്ര ചെയ്യത്തക്കവിധം ഞാൻ ആ കാലാവസ്ഥയോട് പൊരുത്തപ്പെട്ടിരുന്നു.
ഇവിടുത്തെ റോഡുകൾക്ക് യാതൊരുവിധ സുരക്ഷയും ഉറപ്പുതരാനാവില്ല. സമീപങ്ങളിലെ പർവ്വതാഗ്രങ്ങൾ ഏതുസമയത്തും നിലംപതിക്കാം, റോഡ് തടസ്സപ്പെടാം. എപ്പോൾ വേണമെങ്കിലും പർവ്വതങ്ങളിലെ മഞ്ഞുരുകി മിന്നൽ പ്രളയങ്ങളുണ്ടാവാം, റോഡ് ഇല്ലാതാവാം.
എന്റെ യാത്രയിലും പലേടങ്ങളിലായി എനിക്ക് ഇത്തരം അനുഭവങ്ങളുണ്ടായി. പർവ്വതങ്ങളിലെ മഞ്ഞുരുകി മിന്നൽ പ്രളയം വഴി റോഡ് നഷ്ടപ്പെട്ടിരുന്നു. ചിലേടങ്ങളിൽ പർവ്വതശിഖരങ്ങൾ ഇടിഞ്ഞുവീണ് റോഡ് കാണാനില്ലായിരുന്നു. പക്ഷേ അതൊക്കെ ബി ആർ ഒ ക്കാരും പട്ടാളക്കാരും കൂടി ദൈവദൂതരെപ്പോലെ എത്രയും പെട്ടെന്ന് തന്നെ നേരെയാക്കിയിരുന്നു. അപ്പോഴൊക്കെ നാമറിയാതെ തന്നെ നമ്മുടെ കൈകൾ അവർക്ക് സല്യൂട്ട് കൊടുത്തിരുന്നു.
ബി ആർ ഒ അധികൃതരും ഇന്ത്യൻ പട്ടാളവും നമ്മുടെ സഹായത്തിനെത്തും എന്നതുമാത്രമാണ് ഈ യാത്രയിലെ ഒരാശ്വാസം. ആ ഒരു ആശ്വാസത്തിന്റെ പിൻബലത്തിൽ മാതമേ നമുക്ക് കർദുങ്ങലയെ പ്രാപിക്കാനാവൂ.
ദാ റോഡ് തടസ്സപ്പെട്ടു. മിന്നൽ പ്രളയമാവാം, പർവ്വതശിഖരങ്ങൾ നിലം പൊത്തിയതുമാവാം. ഇനി പട്ടാളക്കാർ വരണം, വഴി തുറക്കാൻ. അവരിപ്പോൾ എത്തുമെന്ന വിശ്വാസത്തിൽ സഞ്ചാരികൾ ടെൻഷനില്ലാതെ ചുറ്റുമുള്ള പർവ്വതങ്ങളെ ആലിംഘനം ചെയ്തും ആശ്ലേഷിച്ചുമിരുന്നു. ദാ വഴി തുറന്നു. ഇന്ത്യൻ പട്ടാളത്തിന് സ്വസ്തി.
കർദുങ്ങല ചുരമിറങ്ങി ഞാൻ വിണ്ടും ലേയിലേക്ക്. അതായത് 17000 അടി ഉയരത്തിൽ നിന്ന് 12000 അടി ഉയരത്തിലുള്ള ലേയിലേക്ക്. ഓക്സിജന്റെ അളവ് സാധാരണ തലത്തിലെത്തി. ശ്വസകോശങ്ങൾക്കും അതൊരാനന്ദമായി. ഇതാണ് ഞാൻ കർദുങ്ങലക്ക് പോകുമ്പോൾ പെട്രോളടിച്ച പമ്പ്. ഇപ്പോൾ ഇവിടെ തിരക്കില്ല. ഇനി ആരും ഇന്ന് കർദുങ്ങല പോകില്ല. സന്ധ്യയായി. എന്നാലും ഇവിടെ ഇരുട്ട് പടർന്നില്ല. അതങ്ങനെയാണ്. ലേയിലെ പകലും രാത്രിയും നമുക്ക് പ്രവചിക്കാനാവില്ല. അതെല്ലാം ഇവിടം ചുറ്റപ്പെട്ട പർവ്വതങ്ങൾ പറയും.