ഒരു പതിറ്റാണ്ടിനുശേഷം ഞാൻ വീണ്ടും തായ് ലണ്ടിൽ എത്തുകയാണ്. തായ് ലണ്ടിന്റെ ആദ്യാനുഭവം ഞാൻ എന്റെ സ്വർഗ്ഗീയ നരകം എന്ന യാത്രാവിവരണ ഗ്രന്ഥത്തിൽ കുറിച്ചിരുന്നു.

ഇപ്പോഴത്തെ വരവിനെ രണ്ടാമൂഴം എന്നു വിളിക്കാനാവില്ല. കാരണം ഞാൻ തായ് ലണ്ടും പട്ടായയും ബാങ്കോക്കും ഈ ഊഴത്തിൽ സ്പർശിക്കുന്നതേയില്ല. ഇത് പുക്കറ്റിലേക്കുള്ള വരവാണ്. ക്രാബിയിലേക്കുള്ള പോക്കാണ്. രണ്ടും ഈയടുത്ത കാലത്ത് ടൂറിസം മാപ്പിൽ വന്ന ദ്വീപുകളാണ്.
അങ്ങനെ ഞാൻ പുക്കറ്റ് വിമാനത്താവളം തൊട്ടു. ഇത് അത്ര വലിയ വിമാനത്താവളമൊന്നുമല്ല. ഒരു കുഞ്ഞു വിമാനത്താവളമാണ്. അടിസ്ഥാന സൌകര്യങ്ങളൊന്നുമില്ല. ഞാൻ ഇവിടെ എത്തുന്നത്, ഏതാണ്ട് ഒമ്പത് മണിക്കാണ്.
എല്ലാ ടൂർ മാനേജർമാരെ പോലെ തന്നെ എന്റെ ടൂർ മാനേജരും രാവിലെ സഞ്ചാരികൾക്കുള്ള ഹോട്ടൽ മുറി നിഷേധിച്ചു. നിരുത്തരവാദ ടൂറിസത്തിന്, ഒരു ദിവസത്തെ ഹോട്ടൽ മുറിയിനത്തിൽ, ടൂർ മാനേജർക്ക് വാടക ലാഭം. പ്രഭാതകൃത്യങ്ങൾക്കായി സഞ്ചാരികളിൽ പലരും വിമാനത്താവളത്തിൽ തന്നെ ക്രാഷ് ലാന്ഡ് ചെയ്തു.
ഇവിടെ, ഇമിഗ്രേഷൻ കടമ്പ കടക്കുക പാടാണ്. ഒരു പൂരത്തിനുള്ള സഞ്ചാരികളുണ്ടിവിടെ. ഒന്നിനും ഒരു അടക്കും ചിട്ടയുമില്ല. ശ്വാസം മുട്ടുന്ന അന്തരീക്ഷമാണിവിടെ. പോരാത്തതിന് പ്രഭാതകൃത്യങ്ങൾ ശരീരം ആവശ്യപ്പെടാനും തുടങ്ങിയിരിക്കുന്നു. പുലർച്ചേ പോന്നതാണ് കൊച്ചിയിൽ നിന്ന്.
സത്യത്തിൽ എനിക്ക് ഇതൊന്നും കാണാൻ പറ്റുമായിരുന്നില്ല. ആ കഥ ഞാൻ നിങ്ങളോട് പറയാൻ മറന്നു പോയി. അതായത് എന്നെ പുക്കറ്റ് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ പിടി കൂടിയ കഥ. ഇനി ആ കഥ കൂടി പറയാം. അതിങ്ങനെ. നേരത്തെ സഞ്ചാരികളുടെ ഇമിഗ്രേഷൻ പ്രയാസങ്ങളെ ചിത്രീകരിക്കാൻ ശ്രമിച്ച എനിക്ക് പുക്കറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടി വീണിരുന്നു. ദൃശ്യം ചിത്രീകരിച്ച എന്നെ ഒരു ഉദ്യോഗസ്ഥ ബലമായി പിടിച്ചുകൊണ്ടുപോയി.
ഏതൊക്കെയോ ഇടനാഴികളിലൂടെ അവരെന്നെ ഒരു തടവുപുള്ളിയെപോലെ കൊണ്ടുപോയി. അവസാനം ഒരു ഇംഗ്ലീഷ് ബോർഡ് കാണിച്ചു. അനധികൃത ചിത്രീകരണം നടത്തിയവർക്കുള്ള ശിക്ഷ 2000 ബാത്ത് (ഏകദേശം 5000 രൂപ) എന്ന് ആ ബോർഡിൽ എഴുതിവച്ചിരുന്നു. അവർ എന്നോട് പണം ആവശ്യപ്പെട്ടു. വീഡിയോ കാണാം

എനിക്ക് ഇവരോടൊക്കെ ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടുണ്ടെന്നും അതുകൊണ്ട്, ഇംഗ്ലീഷ് അറിയാവുന്ന ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും ഞാൻ അപേക്ഷിച്ചു. അങ്ങനെ ഞാൻ ഒരു സുന്ദരിയായ സുരക്ഷാ ഉദ്യോഗസ്ഥയുടെ അടുത്തെത്തി. അവൾക്ക് ഇത്തിരി ഇംഗ്ലീഷ് അറിയാമായിരുന്നു. ഞാൻ അവളോട് ഇങ്ങനെ പറഞ്ഞു, “നിയമവിരുദ്ധമായി ചിത്രീകരണം നടത്തിയതിന് മാപ്പ്. പിന്നെ ഞാൻ ഈ നാട്ടിൽ വന്നത് പിഴ അടയ്ക്കാനല്ല. ഈ നാട് കാണാനും ഇവിടുത്തെ മനുഷ്യരെ അറിയാനും ഈ രാജ്യത്തിന്റെ സംസ്കാരം പഠിക്കുന്നതിനുമാണ്. ഞാനൊരു ഗവേഷകനായ സഞ്ചാരിയാണ്. അതിന് നിങ്ങൾ എന്നെ അനുവദിക്കണം.” എന്നെ കേട്ട ആ സുരക്ഷാ സുന്ദരി എന്നെ മറ്റൊരു കൌണ്ടറിൽ കൊണ്ടുപോയി എന്റെ വിരലടയാളങ്ങളും ചിത്രവും പകർത്തിയ ശേഷം എന്റെ പാസ്പോർട്ടിൽ മുദ്ര ചാർത്തി, ഹോട്ടലിലേക്ക് പോവാൻ അനുവദിച്ചു.
ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. അവർ എന്നെ നാട് കടത്തുകയാണോ എന്ന് ഞാൻ സംശയിച്ചു. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ പിന്നെ ഞാൻ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനെ സമീപിച്ചു. അയാൾക്കാണെങ്കിൽ ഭാഷയും വശമില്ലായിരുന്നു. ഞാൻ ഗൂഗിൾ ട്രാൻസ്ലേറ്റർ വഴി അയാളെ കാര്യം അറിയിച്ചു. അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു, നിങ്ങൾ പോയി പുക്കറ്റും ക്രാബിയും ആസ്വദിക്കൂ. പിന്നെ ഞാൻ എന്റെ ടൂർ മാനേജരേയും കാത്ത്, ഇമിഗ്രേഷൻ കൌണ്ടറുകൾക്ക് പുറത്ത് ഏറെ നേരം നിന്നു. ടൂർ മാനേജരുടെ ഇമിഗ്രേഷൻ ക്ലിയറൻസിന് പിന്നേയും സമയം വേണ്ടിവന്നു. എന്റെ ക്യാമറ എന്നെ സത്യത്തിലും രക്ഷിച്ചു, എന്നുവേണം പറയാൻ.
ഞാൻ വിമാനത്താവളത്തിന് പുറത്തുകടന്നു. സമയം ഏതാണ്ട് പതിനൊന്ന് മണിയായി. പ്രഭാതകൃത്യങ്ങൾ വൈകുന്നതിന്റെ പ്രക്ഷോഭങ്ങളിലേക്ക് ശരീരം പോയിതുടങ്ങി. എയർപോർട്ടിൽ ഞാനത് സാധിച്ചതുമില്ല. പ്രഭാതഭക്ഷണം വിളമ്പുന്ന നാലു നക്ഷത്ര ഹോട്ടലിൽ പ്രഭാതകൃത്യം ഭംഗിയായി നടത്താമെന്ന് കരുതി യാത്ര തുടർന്നു.
എന്റെ വാഹനം, പ്രഭാതഭക്ഷണം വിളമ്പുന്ന ബീച്ച് ഹോട്ടലിലേക്ക് പുറപ്പെട്ടു. പിന്നേയും ഏകദേശം അരമണിക്കൂർ എടുത്തു, ആ ഹോട്ടലിൽ എത്താൻ. അവസാനം ഞാൻ ഹോട്ടൽ എത്തി.
ആ ഹോട്ടലൊന്നും തരക്കേടില്ല. ഭക്ഷണവും മോശമല്ലായിരുന്നു. പക്ഷേ സഞ്ചാരികൾക്കുള്ള ടോയലറ്റ് സൌകര്യം ഹോട്ടലിന് പുറത്താണ് അനുവദിച്ചത്. സത്യം പറഞ്ഞാൽ, അവിടെ ഒരു പബ്ലിക്ക് കക്കൂസിൽ ജീവിതത്തിലെ ഏറ്റവും വൃത്തികെട്ട ചുറ്റുപാടിൽ ഞാൻ ആ വഴിപാടും കഴിച്ചു. ഇനി എന്നാണാവോ നമ്മുടെ നിരുത്തരവാദ ടൂറിസം, ഉത്തരവാദ ടൂറിസമാവുക. നമുക്ക് അതിന്നായി കാത്തിരിക്കാം.
ഈ ഹോട്ടൽ, ഒരു ബീച്ച് റിസോർട്ട് പോലെയോ വാട്ടർ തീം പാർക്ക് പോലെയോ ഉണ്ട്. ജലകേളീസമൃദ്ധമാണ് ഈ ഹോട്ടലും ചുറ്റുപാടുകളും. പക്ഷേ, അതൊന്നും അനുഭവിക്കാനോ ആസ്വദിക്കാനോ നേരമില്ല. കാരണം, പുക്കറ്റ് സിറ്റി ടൂർ പ്ലാൻ ചെയ്തിരുന്നു. ഞാൻ പുക്കറ്റ് സിറ്റിയിലേക്ക് പുറപ്പെട്ടു.
ഇനി നമുക്ക് പുക്കറ്റിന്റെ ഇത്തിരി ചരിത്രം കൂടി കേൾക്കാം. സാധാരണ ഗതിയിൽ ടൂറിസ്റ്റ് ഗൈഡാണ് ഇതൊക്കെ പറഞ്ഞുതരേണ്ടത്. എന്റെ ടൂറിസ്റ്റ് ഗൈഡ് അതിനൊന്നും പ്രാപ്തയല്ല. ടൂറിസ്റ്റ് ഗൈഡുകളൊന്നും വേണ്ടുംവിധം അവരുടെ സേവനം സഞ്ചാരികൾക്ക് കൊടുക്കാറില്ലല്ലോ. അവർക്ക് ഇതൊരു ജോലിയാണ്. അതുകൊണ്ട് ഞാൻ തന്നെ പറയാം.
നല്ല ചൂടുള്ള പകലിലൂടെ വാഹനം പുക്കറ്റിലൂടെ പാഞ്ഞു. റോഡിന്റെ ഇരുവശങ്ങളിലും റബ്ബർ തോട്ടങ്ങളും എണ്ണപ്പന തോട്ടങ്ങളും വാഴത്തോപ്പുകളും കാണാം. നല്ല റോഡായിരുന്നു എന്ന് പറയാതിരിക്കാനാവില്ല. നമ്മുടെ മന്ത്രിമാരൊക്കെ എത്രയോ വട്ടം ഇവിടെയൊക്കെ വട്ടം കറങ്ങിയിട്ടും എന്തേ നമ്മുടെ റോഡ് മാത്രം നന്നാവാത്തെ….. നമ്മൾ സ്വയം ചോദിച്ചുപോവും. ഇടയ്ക്കിടെ കെട്ടിടങ്ങൾക്കിടയിലൂടെ ബൌദ്ധക്ഷേത്രങ്ങളും കാണാം.
സ്വാതന്ത്ര്യത്തിന്റേയും ബുദ്ധമന്ദഹാസത്തിന്റേയും മാസ്മരികവും വിസ്മയകരവുമായ നാടാണ് തായ് ലണ്ട്. തായ് ലണ്ടിന്റെ തെക്കൻ പ്രവിശ്യകളാണ് പുക്കറ്റും ക്രാബിയും. ഇവ ദ്വീപുകളാണ്. ഇത്തരത്തിൽ മൊത്തം 32 ദ്വീപുകളുണ്ടിവിടെ. ഞാനിപ്പോൾ പുക്കറ്റിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നു. കൃത്യമായ ഉച്ഛാരണം ഫുക്കറ്റ് എന്നാണ്. ഫുക്കറ്റ് എന്നാൽ കുന്ന്, മുനമ്പ് എന്നൊക്കെയാണ് അർത്ഥം.
മലായ ഭാഷയിൽ ബുക്കിറ്റ് എന്നും ടോങ്ക എന്നും അറിയപ്പെടും. സരാസിൻ പാലത്തിനും, പാങ്നക്വാ പ്രവിശ്യക്കും, ആന്ഡമാൻ കടലിൽ സ്ഥിതിചെയ്യുന്ന തായ് ലണ്ടിന്റെ, പടിഞ്ഞാറൻ തീരത്തിനും ഇടയിലാണ് പുക്കറ്റ്. തൊട്ടടുത്തു തന്നെയാണ് ക്രാബി ദ്വീപും. ക്രബി എന്നാണ് ഇന്നാട്ടുകാർ വിളിക്കുക.
പണ്ടിവിടെ, വിയറ്റ്നാം തുടങ്ങിയ തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളിലെ മനുഷ്യരായിരുന്നു, കൂടുതലും. അതുകൊണ്ടുതന്നെ ആസ്ട്രൊനേഷ്യൻ ഭാഷയായിരുന്നു ഇവിടെ കൂടുതലും. അതായത് മലായ ഭാഷ. പിന്നീടാണ് ഇന്ന് നാം കാണുന്ന സയാമീസ് അഥവാ ശ്രീലങ്കൻ വേരുകളുള്ള തായ് ലണ്ടുകാർ ഇവിടേക്ക് വരുന്നത്.
ഈ ദ്വീപുകളിൽ വച്ച് രണ്ടാമത്തെ ചെറിയ ദ്വീപാണ് പുക്കറ്റ്. കേവലം 547 ചതുരശ്ര കിലോമീറ്ററിൽ ഒതുങ്ങും പുക്കറ്റ്. ജനസംഖ്യ ഏകദേശം നാലര ലക്ഷം. കൂടുതലും ബൌദ്ധവിശ്വാസികളാണ്. പണ്ടുകാലത്തെ ഇന്ത്യാ-ചൈന വ്യാപാര വഴിയായിരുന്നു പുക്കറ്റ്. പോർച്ചുഗൽ, ഫ്രാൻസ്, നെതർലണ്ടും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ഇവിടെ വ്യാപാരത്താവളം തീർത്തിരുന്നു. എന്നിരുന്നാലും ആരുംതന്നെ പുക്കറ്റിനെ അവരവരുടെ കോളനികളിൽ ചേർത്തുവച്ചില്ല.
1545-സയാമിലെത്തിയ, അതായത് ഇന്നത്തെ ശ്രീലങ്കയിലെത്തിയ ഫെർനാവോ മെന്ഡസ് പിന്റോ എന്ന പോർച്ചുഗീസ് പര്യവേക്ഷകനാണ് ഈ ദ്വീപ് കണ്ടെത്തിയത്. അന്നിവിടം നിറയേ കപ്പൽകൊള്ളക്കാരായിരുന്നുവത്രെ. പിന്നീട് ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടെയാണ് ഫുക്കറ്റിന് ജീവൻ വച്ചത്. 1688-ലെ സയാമീസ് വിപ്ലവത്തോടെ ഇവിടെ താവളമടിച്ചിരുന്ന ഫ്രഞ്ചുകാർ ഇവിടം വിട്ട് പോവുകയായിരുന്നു. ശേഷം ഡച്ചുകാരും ഇംഗ്ലീഷുകാരും ആധിപത്യം ഉറപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇവിടുത്തെ നിർമ്മിതികൾക്കെല്ലാം ഡച്ച് പോർച്ചുഗൽ ബ്രിട്ടീഷ് ശീല് കാണാം. ബൌദ്ധക്ഷേത്രങ്ങൾക്ക് പൊതുവേ ചൈനീസ് വാസ്തുശീലാണുള്ളത്.
ഇവിടുത്തെ കമ്പോളങ്ങൾക്ക് ചൈന കമ്പോളങ്ങളോട് വലിയ സാദൃശ്യമാണുള്ളത്. തായ് രുചിക്കൂട്ടുകൾക്കും ചൈനീസ് സ്വാദിന്റെ സാമ്യം അനുഭവിക്കാം. പഴങ്ങൾക്ക് പേരുകേട്ട ഭൂമിയാണ് തായ് ലണ്ട്. നല്ല മാമ്പഴവും പൈനാപ്പിളും കിട്ടും ഇവിടെ. ഇവിടുത്തെ ചക്കപ്പഴം ഡ്യൂറിനാണ്. വിദേശീയരായ പലർക്കും പ്രിയപ്പെട്ടതാണെങ്കിലും നമ്മുടെ ചക്കപ്പഴത്തോളം കേമമല്ല തന്നെ. നമ്മുടെ ഒട്ടൻ പച്ചരി പോലെയാണ് ഇവിടുത്തെ ചോറ്. സ്റ്റിക്കി റൈസ് എന്നുതന്നെയാണ് അവരതിനെ വിളിക്കുന്നത്. അതേസമയം ഇവിടുത്തെ കരിക്കിന് ഇരട്ടിമധുരവും ഇരട്ടി വെള്ളവും കാണാം.

1785-ൽ ബർമ്മ ഈ ദ്വീപിനെ ആക്രമിച്ചെങ്കിലും പുക്കറ്റിലെ പെൺശക്തിക്കുമുമ്പിൽ ബർമ്മക്ക് തോറ്റുകൊടുക്കേണ്ടിവന്നു. ഫുക്കറ്റിലെ പെണ്ണുങ്ങൾ ആൺവേഷം ധരിച്ച പട്ടാളക്കാരായി ബർമ്മയെ അടിയറവ് പറയിപ്പിച്ച ചരിത്രവും പുക്കറ്റിന് മാത്രം സ്വന്തം. ധീരവീര യുദ്ധപ്രകടനം കാഴ്ചവച്ച തെപ് കസാത്രി, താവോ സി സിന്തോൺ എന്നീ രണ്ട് സാഹസിക വനിതകൾ അങ്ങനെയാണ് ഫുക്കറ്റിന്റെ ഝാൻസിറാണിമാരായത്. അവരുടെ ചിത്രമാണ് ഇന്നും ഫുക്കറ്റിന്റെ ഔദ്യോഗിക മുദ്രയിൽ കാണുന്നത്.

ഇതൊക്കെ പഴയ ധീരവീര കഥകൾ. ഇന്നിവിടെ വന്ന് തിന്നും കുടിച്ചും മദിച്ചും മടങ്ങുന്നവർക്കൊന്നും ഈ കഥകളറിയില്ല. അതറിയേണ്ട ആവശ്യവും അവർക്കില്ലല്ലോ. അതേസമയം എനിക്ക്, പക്ഷേ, ആ കഥകളൊന്നും തന്നെ പറയാതിരിക്കാനുമാവില്ല.
തായ് മസ്സാജാണ് ലോകോത്തര മസ്സാജ് എന്നാണ് പറയുന്നത്. അതിൽ ശരിയുണ്ടാവാം, ഉണ്ടാവാതിരിക്കാം. എന്നിരുന്നാലും കേരളത്തിന്റെ ആയുർവ്വേദ ചിട്ടപ്രകാരമുള്ള ഉഴിച്ചിലിനോടോ നമ്മുടെ പഞ്ചകർമ്മയോടോ കിടപിടിക്കാൻ പോന്നതല്ല, തായ് മസ്സാജ് എന്നാണ് എന്റെ അനുഭവം. പക്ഷേ, കച്ചവടച്ചരക്കായ തായ് മസ്സാജിന് ഒരു തരം ഇക്കിൾ സുഖവും സ്വാതന്ത്ര്യവുമുള്ളതുകൊണ്ട് പലരും അത് കേമം എന്ന് പറയുകയാണ്, ആഘോഷിക്കുകയാണ്. മാത്രമല്ല, തായ് മസ്സാജ് നന്നായി മാർക്കറ്റ് ചെയ്യാനുള്ള ചെട്ടിമിടുക്കും നമുക്ക് ഇവിടങ്ങളിൽ കാണാം. നമ്മുടെ നാട്ടിൽ ഒരു പഞ്ചകർമ്മ പോലും ചെയ്യാത്തവർ ഇവിടെ വന്ന് പതിനായിരങ്ങൾ കൊടുത്ത് തായ് മസ്സാജ് സുഖം അനുഭവിക്കുന്നവരോട് എനിക്ക് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. പക്ഷേ, നമ്മുടെ ആയുർവ്വേദ ഉഴിച്ചിലുകൾക്ക് മുതിരാത്തവർ ഇവിടെ അതിന് അന്ധമായി നിന്നുകൊടുക്കുന്നതിൽ അത്ഭുതപ്പെടുന്നുണ്ട്.
ഞാൻ പരമ്പരാഗത തായ് മസ്സാജ് അനുഭവിച്ച സഞ്ചാരിയാണ്. അതേസമയം നമ്മുടെ പരമ്പരാഗത ആയുർവ്വേദ ഉഴിച്ചിലും അനുഭവിച്ച മലയാളിയുമാണ്. നമ്മുടെ ഉഴിച്ചിലുകൾക്ക് ആയുർവ്വേദത്തിന്റെ ചിട്ടവട്ടങ്ങളുണ്ട്. അത് ഉഴിച്ചിലിന് മുമ്പും പിമ്പും ഉണ്ട്. അത് വളരെ പ്രധാനവുമാണ്. തായ് മസ്സാജിൽ അതില്ല. ആർക്ക് വേണമെങ്കിലും ഏതുസമയത്തും കാലത്തും അതാവാം. മാത്രമല്ല, ഈ മസ്സാജ്, ടെയിലർ മെയ്ഡുമാണ്. യാതൊരുവിധ ചിട്ടവട്ടങ്ങളുമില്ല. ആയുർവ്വേദത്തിലെന്നപോലെ പഥ്യങ്ങളുമില്ല.
സഞ്ചാരികൾ നാല് ദിവസത്തെ ടൂർ കൊണ്ട് ഒരു ഡസനിലധികവും തായ് മസ്സാജ് അനുഭവിച്ചു മടങ്ങാറുണ്ട്. ഇവിടെ ഒരു ശരാശരി മസ്സാജിന് 500 ബാത്ത് കൊടുക്കേണ്ടിവരും. എന്നുവച്ചാൽ ഏകദേശം 1500 രൂപ. മുന്തിയ ഇനം ഇക്കിൾ മസ്സാജുകൾക്ക് 2000-വും അതിൽ കൂടുതലും ബാത്ത് കൊടുക്കേണ്ടതായി വരും. മാത്രമല്ല, ഇവിടെ ഈ മേഖലയിൽ ബാർഗെയിനുമുണ്ട്. കാരണം, ഇത് മസ്സാജുകളുടെ ചന്തയാണ്.

എന്നെ മസ്സാജ് ചെയ്തത് ഒരു ബംഗാളിയാണ്. അവളെപ്പോഴോ മലേഷ്യയിൽ എത്തിയിരുന്നു. അവിടെനിന്നാണ് ഇപ്പോൾ ഈ തൊഴിലുമായി പുക്കറ്റിൽ എത്തിയിരിക്കുന്നത്. അവളുടെ പേരു്, അവൾ പറഞ്ഞത് വിശ്വസിക്കാമെങ്കിൽ കിം എന്നാണ്. ഒരു മണിക്കൂറെടുത്തു എന്നെ മസ്സാജ് ചെയ്യാൻ. അതൊരു പക്ക മസ്സാജായിരുന്നു. എനിക്ക് നല്ല വേദനയെടുത്തിരുന്നു. മസ്സാജ് കഴിഞ്ഞപ്പോൾ ഏകദേശം രാത്രി പത്തര മണി കഴിഞ്ഞിരുന്നു. ആ ദിവസത്തെ അവളുടെ രണ്ടാമത്തെ മസ്സാജായിരുന്നു എന്റേത്. അവൾ രാത്രിഭക്ഷണം കഴിച്ചിരുന്നില്ല. ഞാനും ഭക്ഷണം കഴിച്ചിരുന്നില്ല. ഞാൻ അവളോട് ടിപ്പ് വേണോ, എന്നോടൊപ്പം ഭക്ഷണം വേണോ എന്ന് ചോദിച്ചു. അവൾ പറഞ്ഞു, നമുക്കൊരുമിച്ച് ഭക്ഷണം കഴിക്കാം. നിങ്ങൾ ഒരു ഡീസന്റ് കസ്റ്റമറായിരുന്നു, എന്നും പറഞ്ഞു. ഞങ്ങൾ ആ മസ്സാജ് പാർലറിന് പുറത്ത് കടന്നു. അപ്പോഴേക്കും ആ പ്രദേശത്തെ ഹോട്ടലുകൾ അടച്ചിരുന്നു. അടുത്തുള്ള സെവൻ ഇലവൻ സൂപ്പർ മാർക്കറ്റിൽ നിന്ന് ഞാൻ അവൾക്ക് പാക്കഡ് ഫുഡ് വാങ്ങിക്കൊടുത്തു. ഞാൻ ഒരു തണുത്ത നെസ്കഫേയും വാങ്ങി കഴിച്ച്, ഹോട്ടലിലേക്ക് മടങ്ങി.
നാഗത്തകിട് അഥവാ ടിൻ ഇവിടങ്ങളിൽ നിന്ന് ധാരാളമായി ഖനനം ചെയ്യുന്നതായി പറയുന്നു. റബ്ബറും എണ്ണപ്പനയും വാഴയും ഇവിടങ്ങളിൽ ധാരാളം കാണാം. ഇതൊക്കെയായിരുന്നു, പുക്കറ്റിന്റെ പണ്ടുകാലത്തെ വരുമാനം. മുത്തുക്കളും പവിഴവും വിളയുന്ന ഈ ദ്വീപിനെ ദി പേൾ ഓഫ് ആന്ഡമാൻ എന്നും വിളിച്ചുപോരുന്നു. ഇന്ന് പക്ഷേ, ടൂറിസം തന്നെയാണ് പ്രധാന വരുമാനം. അതിൽ തന്നെ സെക്സ് ടൂറിസം തന്നെയാണ് മുൻപന്തിയിൽ കാണുന്നത്. അതുകൊണ്ടുതന്നെ ഏകദേശം ഒരു ലക്ഷത്തിനുമുകളിൽ വിദേശിയർ ഇവിടെ ഇപ്പോൾ സ്ഥിരതാമസക്കാരായി തുടരുന്നതായി ചില കണക്കുകൾ പറയുന്നു.
ഏകദേശം ഒരു ലക്ഷം ഹോട്ടൽ മുറികളുണ്ടത്രെ ഇവിടെ. ഒമ്പത് ദശലക്ഷം സഞ്ചാരികൾ പ്രതിവർഷം ഇവിടെ വന്നുപോകുന്നു. പട്ടോങ്ങ്, കാരൺ, കാട്ട ഇവയാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ.
2004-ലെ ഭൂമികുലുക്കത്തോടെ താണ്ഡവമാടിയ സുനാമി ഈ ദ്വീപുകളെ ഏതാണ്ട് മുഴുവനായും തകർത്ത് തരിപ്പണമാക്കിയിരുന്നു. മരണങ്ങളുടേയും കാണാതായവരുടേയും കണക്കുകൾ ഇന്നും സ്ഥിരീകിച്ചിട്ടില്ല. പിന്നീട് വന്ന കൊറോണ വൈറസ്സും ഈ ദ്വീപുകളെ വെറുതെ വിട്ടില്ല.
ഇപ്പോഴും ഇവിടെ കൊറോണ വൈറസ്സുണ്ട്. ഞാൻ ഇതെഴുതുമ്പോൾ ഇവിടെ ഒരു ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 40 പേരോളം ഇതിനകം തന്നെ ഇവിടെ കോവിഡ് മൂലം മരണമടഞ്ഞിട്ടുമുണ്ട്. പക്ഷേ, ഇവിടത്തുകാരോ ഇവിടെയെത്തുന്ന സഞ്ചാരികളോ അതൊന്നും കാര്യമായെടുക്കുന്നില്ല. ഒരാൾ പോലും ഇവിടെ മാസ്ക് ധരിച്ചതായി എന്റെ അഞ്ചുദിവസത്തെ യാത്രയിൽ കണ്ടില്ലെന്നതും അതിവിചിത്രമായ വസ്തുതയാണ്.
ഇവിടെ ഒരുതരം ഓട്ടോ-കം-തട്ടുകടകൾ സുലഭമാണ്. ഒരു ടൂ വീലറിനോട് ഘടിപ്പിച്ചുവച്ച, ചക്രങ്ങളുള്ള ഒരു കച്ചവടത്തട്ടാണ് ഇവിടുത്തെ തട്ടുകടകളും, ഒരു പരിധി വരെ ഓട്ടോറിക്ഷകളും. ഇതുകൂടാതെ അഞ്ചെട്ടുപേർക്ക് സഞ്ചരിക്കാവുന്ന ഓട്ടോറിക്ഷകളും കാണാമിവിടെ. പതിവുപോലെ മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള ടാക്സികളും കാണാം.

എന്റെ പുക്കറ്റ് നഗരസഞ്ചാരത്തിനിടെ കണ്ട ഒരു ബൌദ്ധക്ഷേത്രം ശ്രദ്ധേയമായിരുന്നു. അടഞ്ഞുകിടന്ന ഈ ക്ഷേത്രകവാടത്തിൽ കുറച്ച് ചൈനീസ് സുന്ദരികൾ ഫോട്ടോഷൂട്ട് നടത്തുന്നത് ശ്രദ്ധയിൽ പെടുകയുണ്ടായി. ഭാഷയുടെ പരിമിതികളെ അതിജീവിച്ചുകൊണ്ട് ഞാൻ മനസ്സലാക്കിയതിങ്ങനെ. അവരിൽ, തലയിൽ സ്വർണ്ണപൂ ചൂടി വിശറിപിടിച്ച ഒരുവളുടെ വിവാഹമാണത്രെ. അതിന്റെ ഫോട്ടോഷൂട്ടാണ് അവിടെ നടക്കുന്നത്. ഷൂട്ടിനിടെ മഴ പെയ്തതുകൊണ്ടാണ് എനിക്ക് ഈ സംഘത്തോട് ഇണങ്ങനായത്.
സിറ്റി ടൂറും കഴിഞ്ഞ് ഞാൻ ഹോട്ടലിൽ മുറിയെടുത്തു. ഇതൊരു നല്ല ഹോട്ടലാണ്. ഈ ഹോട്ടലിന് അകത്തും പുറത്തും ബാറുണ്ട്. അതിവിടങ്ങളിൽ പതിവാണ്. ബാഗെല്ലാം റൂമിൽ വച്ച് ഞാൻ ഹോട്ടലിന്റെ പുറത്തെ ബാറിൽ ബിയർ നുണയാനെത്തി. അവിടെ സഞ്ചാരികൾ പാട്ടും കൂത്തും ആട്ടവും തുടങ്ങി. ആണുങ്ങളും പെണ്ണുങ്ങളും ആടിയും പാടിയും ആ രാത്രി ആഘോഷിച്ചു. പാതിരാവോടെ ആ ആട്ടവും പാട്ടും കൂത്തും പുക്കറ്റിന്റെ ബഹുവർണ്ണ കച്ചവട തെരുവുകളിലേക്കും രതിലീലാതെരുവുകളിലേക്കും നീങ്ങി. പിന്നെ സഞ്ചാരികൾ ആ രതിസുഖസാരെ പകലിലേക്ക് ഉണർന്നു.

പുക്കറ്റിലെ ബംഗ്ലാ ചന്തത്തെരുവിലാണ് ആഘോഷം. പ്രലോഭനങ്ങളുടെ തെരുവാണിത്. നിറയേ ബാറുകളാണ്. കഞ്ചാവടക്കമുള്ള ലഹരിയുടെ ഉന്മാദഭൂമിയാണ്, ഈ തെരുവ്. റോഡിന്റെ ഇരുവശങ്ങളിലും പ്രലോഭനങ്ങളുടെ കൊച്ചുകൊച്ചു പറുദീസകൾ, നിശാക്ലബ്ബുകൾ. ഡാൻസ് ബാറുകൾ. ഡിസ്കോത്തികൾ, എന്തിനും കൊതിക്കുന്ന ലോക സുന്ദരികൾ, അക്ഷരാർത്ഥത്തിൽ മാംസഗന്ധമുള്ള ഒരു തെരുവാണിത്. ഞാൻ എപ്പോഴോ ആ തെരുവിനെ ഉപേക്ഷിച്ച്, ഒരു ഓട്ടോറിക്ഷയിൽ ഹോട്ടലിൽ എത്തിയെന്നും, മുറിയിൽ വന്നെന്നും പിറ്റേന്ന് ഉണർന്നപ്പോഴാണ് മനസ്സിലായത്. അതുതന്നെയാണ് പുക്കറ്റിലെ യാത്രയുടെ ലഹരിയും. തുടരും……
