കൊല്ലങ്കോടിന്റെ ഗ്രാമ്യഭംഗിയൊക്കെ ആസ്വദിച്ചുകൊണ്ട് ഞാൻ മടങ്ങവേ വഴിയരികിലെ കൊല്ലങ്കോടുകാരോട് ചുമ്മാ ചോദിച്ചതാണ് ഇനിയിവിടെ കാണാൻ കാഴ്ചകളുണ്ടോ എന്ന്. അപ്പോൾ അവരാണ് എന്നെ ചിങ്ങൻചിറ ക്ഷേത്രത്തിലേക്ക് പോകാൻ നിർബന്ധിച്ചത്. ക്ഷേത്രക്കാഴ്ചകൾ എനിക്കെന്നും പ്രിയപ്പെട്ടതുമാണ്. വീഡിയോ കാണാം
പച്ചച്ച പാടവരമ്പെന്നോണം ഒരു റോഡ് എന്നെ ചിങ്ങൻചിറയിലെത്തിച്ചു. പാടങ്ങളുടെ പച്ചക്കണ്ടങ്ങൾ ഞങ്ങളോടൊപ്പം ചിങ്ങൻചിറ വരെ ഉണ്ടായിരുന്നു. അങ്ങനെ ചിങ്ങൻചിറയിലെ അഴുക്കുകൾ അതിരിട്ട ഒരു താമരക്കുളത്തിന്നരികെ ഞാനെത്തി. കുളക്കരയിൽ ആൽമരങ്ങൾ കൂട്ടംകൂടി നിൽക്കുന്നുണ്ടായിരുന്നു. വല്ലാത്തൊരു ജനക്കൂട്ടവും അവിടെ ഉണ്ടായിരുന്നു.
പ്രകൃതിരമണീയമായ കൊല്ലങ്കോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രകൃതി ക്ഷേത്രമാണ് ചിങ്ങൻചിറ കറുപ്പുസ്വാമി ക്ഷേത്രം. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സ്വാമിയുടെ പേരു് കേൾക്കുന്നത്. ഈ ആലിഞ്ചോടുകൾ നിറയെ ഭക്തരാണ്. നല്ല കോഴിക്കറിയുടെ മസാലമണം മൂക്കിലും കണ്ണിലും കാതിലും നിറയുന്നുണ്ട്. ആലിഞ്ചോടുകളിൽ തുറന്നുവച്ച കുഞ്ഞുകുഞ്ഞു അടുക്കളകളിൽ കോഴിക്കറിയും ചോറും കാലമാവുന്നുണ്ട്. സമയം മഴ മാറിനിന്ന നട്ടുച്ച.കോഴിക്കറിയും ചോറും വിശപ്പ് കത്തിക്കുന്നുണ്ട്.
അക്ഷരാർത്ഥത്തിലും ഇതൊരു പ്രകൃതി ക്ഷേത്രമാണ്. ഭീമൻ ആലുകളുടെ ഛായാതലങ്ങളിൽ പ്രകൃത്യാൽ നിർമ്മിതമായൊരു ഗുഹാ ക്ഷേത്രമാണ് ഇത്. ഒരു ചിറയോട് ചേർന്ന് നിൽക്കുന്ന ആൽമരങ്ങളുടെ തണലിലും തണുപ്പിലുമാണ് ഈ ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെ ഒരു ചിറയുടെ പേരാണ് ചിങ്ങൻചിറ. അതുകൊണ്ടാവണം, ഈ ക്ഷേത്രം ചിങ്ങൻചിറ ക്ഷേത്രം എന്നറിയപ്പെടുന്നത്. ഇവിടുത്തെ ഭക്തരിൽ നിന്ന് കേട്ട അറിവാണ്, രുദ്രശിവഭാവമുള്ള കറുപ്പുസ്വാമിയാണത്രെ ഇവിടുത്തെ പ്രതിഷ്ഠ. ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചുകൊടുക്കുന്ന സാക്ഷാൽ രുദ്രശിവഭാവമുള്ള കറുപ്പുസ്വാമി ഈ ആലിഞ്ചോട് നിറയെ അട്ടഹസിക്കുന്നതുപോലെ തോന്നും നമുക്ക്.
കൊല്ലങ്കോടിൽ നിന്ന് സീതാർകുണ്ട് അല്ലെങ്കിൽ പലകപാണ്ടി പോകുന്ന റോഡിലൂടെ ഏകദേശം ആറ് കിലോമീറ്റർ യാത്രചെയ്താൽ ഈ പ്രകൃതി ക്ഷേത്രത്തിലെത്താം. ഈ വഴി ബസുകൾ വളരെ കുറവാണ്. അതുകൊണ്ട് മറ്റ് ചെറുവാഹനങ്ങളെ ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. കാരണം ഇങ്ങോട്ടേക്കുള്ള വഴികൾ ഇടുങ്ങിയതാണ്. ഒരു പാടവരമ്പിന്റെ സൌകര്യമേ ഉള്ളൂ ഈ വഴികൾക്ക്.
ആൽമരങ്ങൾ കൊണ്ട് തണൽ പെയ്യുന്ന ഈ പ്രകൃതിക്ഷേത്രത്തിലേക്ക് നിരവധി ഭക്തർ എത്താറുണ്ട്. ഇന്ന് ഇവിടെ ഭക്തർ ഏറെയുണ്ട്. കൂടുതലും തമിഴ്നാട്ടുകാരാണ്. സാധരണയായി ഒഴിവ് ദിവസങ്ങളിലാണ് കൂടുതൽ ഭക്തർ എത്താറുള്ളത്. ഈയ്യിടെയായി കൊല്ലങ്കോടിന്റെ പ്രകൃതി ആസ്വദിക്കാനെത്തുന്ന മലയാളികളായ വിനോദസഞ്ചാരികളും ഇവിടെ സെൽഫിയെടുക്കാനെത്തുന്നുണ്ട്. അവർക്ക് ഭക്തിയൊന്നുമില്ലെന്നത് സത്യമാണ്. അതേസമയം ഇക്കൂട്ടരുടെ വിഭക്തിയും വികൃതിയും ഈ ക്ഷേത്രപരിസരത്തിന്റെ പരിശുദ്ധിയെ വല്ലാതെ കളങ്കപ്പെടുത്തുന്നുമുണ്ട്.
കുരുതിയാണ് ഈ ക്ഷേത്രത്തിലെ കറപ്പുസ്വാമിഭക്തിയുടെ മൂർത്തീഭാവം എന്ന് പറയേണ്ടിവരും. പ്രധാനമായും സന്താനലബ്ദി, ഭവനലബ്ദി, മംഗല്യപ്രാപ്തി, ഉദ്യോഗലബ്ദി തുടങ്ങിയവയോടൊപ്പം ഇത്തിരി ശത്രുസംഹാരവും വിഘ്നസംഹാരവും ഈ ക്ഷേത്രത്തിന്റെ വരദാനപരിധിയിൽ വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ലബ്ദികളുമായി ബന്ധപ്പെട്ട മാതൃകാരൂപങ്ങളാണ് ഇവിടുത്തെ കാണിക്കകളും വഴിപാടുകളും. വീടിന്റെ രൂപങ്ങളും കുട്ടിത്തൊട്ടിലുകളുടെ രൂപങ്ങളുമാണ് കൂടുതൽ. പിന്നേയും നമുക്ക് പിടിതരാത്ത മറ്റുപല രൂപങ്ങളും നമുക്കിവിടെ കാണാം.
പരമശിവന്റെ രുദ്രമൂർത്തീഭാവമാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ള കറുപ്പുസ്വാമിക്കെന്നാണ് ഭക്തരിൽ കൂടുതൽപേരും അവകാശപ്പെടുന്നത്. ഇക്കാര്യത്തിൽ അവരുടെ അറിവാണ് എന്റേയും അറിവ്.
കറപ്പുസ്വാമിയുടെ രുദ്രഭാവംകൊണ്ടാവണം ഇവിടെ കുരുതി നടക്കുന്നതെന്നാണ് ഞാൻ ഊഹിച്ചെടുക്കുന്നത്. കോഴി, ആട് മുതലായവയെ ഇവിടുത്തെ ആൽമരച്ചോട്ടിലെ ശിലാബലിപീഠങ്ങളിൽ അറുത്ത് കുരുതി നിർവ്വഹിക്കപ്പെടുന്നു. ആ ബലിപീഠങ്ങളിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചോരച്ചാലുകളിലൂടെ നടന്നുവേണം ഇവിടെ ഭക്തർക്ക് വഴിപാടുകൾ അനുഷ്ഠിക്കേണ്ടിവരിക.
പിന്നീട് കുരുതി കൊടുത്ത കോഴികളേയും ആടുകളേയും കറിവച്ച് ചോറിനോടൊപ്പം ചേർത്ത് ഇവിടുത്തെ വനദൈവങ്ങൾക്ക് നേർച്ചാവിഹിതം വച്ചതിനുശേഷം ഭക്തർ ആയതിന്റെ തിരുശേഷിപ്പ് കഴിക്കുന്നു. അങ്ങനെ കറുപ്പുസ്വാമിയിടെ അനുഗ്രഹാശിസ്സുകളോടെ വനദൈവസായൂജ്യം പ്രാപിച്ച് ശാന്തിയോടെ സമാധാനത്തോടെ ഭക്തർ മടങ്ങുന്നു.
ഈ ചിറയും പരിസരങ്ങളും പല സിനിമകളുടേയും ദൃശ്യപരിസരങ്ങളുമായിട്ടുണ്ട്. കളിയാട്ടം, കഞ്ഞിരാമായാണം, ശശിയും ശകുന്തളയും, പെരുങ്കളിയാട്ടം തുടങ്ങിയ പല സിനിമകളിലും ചിങ്ങൻചിറ നിറഞ്ഞുനില്ക്കുന്നുണ്ട്. ഭാവിയിലും ഈ ക്ഷേത്രം ഒരു സെലിബ്രിട്ടി ക്ഷേത്രമായി നിലനിൽക്കുമെന്നാണ് ഞാനും കരുതുന്നത്.
