കൊല്ലങ്കോടിലെ പച്ചപ്പും, ആലിഞ്ചാട്ടിലെ ചുവപ്പും

കൊല്ലങ്കോടിലെ പച്ചപ്പും, ആലിഞ്ചാട്ടിലെ ചുവപ്പും

ഇപ്പോൾ പെയ്യുന്ന മഴയാണ് എന്നെ മലയാളത്തെ ഓർമ്മിപ്പിച്ചത്. കേരളത്തിന്റെ ഗൃഹാതുരതയെ മോഹിപ്പിച്ചത്. അവശേഷിക്കുന്ന കേരളം അന്വേഷിച്ചിറങ്ങിയതാണ് ഞാൻ. അങ്ങനെയാണ് ഞാൻ ഈ കൊല്ലങ്കോട് ഗ്രാമത്തിലെത്തുന്നത്.

പാലക്കാട് ജില്ലയിലെ,ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ്യ ഭംഗിയുള്ള  പട്ടണമോ ഗ്രാമമോ ആണ് കൊല്ലങ്കോട്. വീഡിയോ കാണാം

യാത്രാമദ്ധ്യേ ചെറുതും വലുതുമായ കുറേ വെള്ളച്ചാട്ടങ്ങൾ കാണാം. പച്ചയുടെ ഇന്ദ്രജാലങ്ങൾ കാണാം. ടൂർ കമ്പനിക്കാരുടെ റീലുകളിൽ എഐ കോരിയൊഴിച്ച പച്ചയും നീലയുമല്ല, ഇവിടങ്ങളിൽ കാണുന്ന പച്ചയും നീലയും. ഇനിയും എത്രനാൾ ഇതൊക്കെ ഇവിടെ കാണുമെന്നതും എഐ ക്ക് മാത്രം അറിയാം.

കേരളം-തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വാരങ്ങളിലുള്ള ഒരു മനോഹര ഗ്രാമമാണ് കൊല്ലങ്കോട്. കേരളത്തിൽ വേങ്ങനാട് എന്നറിയപ്പെട്ട ഈ പ്രദേശം പിന്നീട് സാമൂതിരിയുടെ സാമന്തൻമാരായ കൊല്ലങ്കോട് രാജവംശത്തിന്റെ ഭരണത്തിലായിരുന്നു.

ഇടക്ക് വഴിയിലെവിടേയോ വച്ച് യാത്രാതടസ്സം അനുഭവപ്പെട്ടു. സഞ്ചാരികൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കണ്ടു. ആരോ കൂവി വിളിക്കുന്നു, ആന…ആന…നിമിഷം നേരം കൊണ്ട് സഞ്ചാരികൾ കാട് സ്വന്തമെന്ന് തെറ്റിദ്ധരിച്ച ആ ആനകളെ ഉപരോധിച്ചു. ആനകൾ ആപ്പിലായി. സെൽഫികളുടെ തോക്കിൻ മുനകളിൽ ആനകൾ പ്രതിഷേധിക്കുന്നത് കാണാമായിരുന്നു.

നെൽവയലുകളുടെ കുളിർ കോരിയിടുന്ന പച്ചപ്പരപ്പ് ഇനിയുള്ള കാലത്തെ ചിലരുടെ മാത്രം ഗൃഹാതുരതയാവും. ഇവിടുത്തെ പാടവരമ്പുകളിൽ പീലി വിരിച്ച് മയൂരനൃത്തം ചെയ്യുന്ന തെങ്ങുകളും കരിമ്പനകളും ഇനിയും നമുക്ക് ബാക്കിയാവുന്ന കേരളത്തെ ഓർമ്മിപ്പിക്കും.

അപൂർവ്വമായി ഓല മേഞ്ഞ പുരകളുടെ അതിരുകളിൽ ഇല്ലിയും പൂച്ചെടികളും അതിരെന്ന് തോന്നിപ്പിക്കാതെ ഹരിതസ്മിതം തൂകും. ഇവിടെ വാഹനമോടിക്കുമ്പോൾ ഒരു കുറ്റബോധത്തോടെ മാത്രമേ പരിശുദ്ധ സഞ്ചാരികൾക്ക് വാഹനം ഓടിക്കാനാവൂ. കാരണം, ഈ ഗ്രാമങ്ങളുടെ അവശേഷിക്കുന്ന ഗ്രാമ്യചാരിത്ര്യം വാഹനങ്ങളുടെ വിഷലിപ്തമായ രേതസ്സ് നശിപ്പിക്കും.

ഇതാണത്രെ താമരകൾ വിരിയാത്ത താമരപാടം. ഞാറ് നടേണ്ട പാടത്ത് സഞ്ചാരികളാവണം ലോകകപ്പ് ആവർത്തിക്കുന്നത് കണ്ടു. നെൽപാടങ്ങളിൽ ഇന്ത്യയൊഴിച്ചുള്ള രാജ്യങ്ങളുടെ പതാകകൾ പാറിപ്പറക്കുന്ന കണ്ടു. ആ കൊടിക്കൂറകൾക്ക് താഴെ നെൽച്ചെടികൾ കാറ്റിൽ ഏത്തമിട്ടുകൊണ്ടിരുന്നു. താമരപാടത്ത് എല്ലീഡി വെളിച്ചം രാപകലില്ലാതെ ആർക്കോവേണ്ടി മിന്നിയും കെട്ടും നിന്നു. ഞാറ്റുപാട്ടും വിതപ്പാട്ടും കൊയ്ത്തുപാട്ടും മാത്രം കേട്ടുശീലിച്ച നെൽചെടികളുടെ കാതിൽ പാട്ടല്ലാത്ത എന്തോ ബഹളവും കോലാഹലവും കുത്തിതിരുകുന്നുണ്ടായിരുന്നു.

ഈ പാലക്കാടൻ ഗ്രാമക്കാഴ്ചകൾ ഇന്നലെകളിലെ കേരളത്തിന്റെ ഗ്രാമത്തനിമയാണ്. മരണത്തിന് തയ്യാറെടുക്കുന്ന ഗ്രമത്തനിമ. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട ഈ ഗ്രാമം വിസ്മൃതിയുടെ ചിതയിലേക്കെടുക്കാൻ ഇനിയും അധികം നാൾ വേണ്ടിവരില്ല. കാരണം, അരിയാഹാരം കഴിക്കുന്നവർ ഇന്ന് കേരളത്തിലില്ല. കോഴിമാംസം മുഖ്യാഹാരമാക്കുന്നവർക്ക് ഈ ഗ്രാമം സെൽഫിയെടുക്കാനുള്ള കേവലം ശവപ്പറമ്പ് മാത്രമായിരിക്കും.

കുറച്ചുകൂടി കൊല്ലങ്കോട്ടേക്ക് പോയപ്പോൾ അവിടെ തലയറുത്ത കോഴികളുടെ ചോരച്ചാലുകളിൽ നഗ്നപാദരായ ചിലർ രുദ്രനൃത്തം ചവിട്ടുന്നത് കണ്ടു. ചിങ്ങൻചിറയിൽ ഞാൻ കണ്ടത് പച്ചയാം വിരിപ്പിട്ട ഒരു ഗ്രാമത്തിന്റെ ചോരവിരിപ്പിട്ട ശവഘോഷയാത്രയോ? ആ കഥ അടുത്ത ലക്കം സീറ്റിസ്കാനിൽ കാണാം.