ഡാർജിലിങ്ങിന്റെ ചലനാത്മക വിസ്മയങ്ങൾ

ഡാർജിലിങ്ങിന്റെ ചലനാത്മക വിസ്മയങ്ങൾ

ഡാർജിലിങ്ങിലെ സൂര്യോദയവും സന്ധ്യാഡാർജിലിങ്ങും കണ്ട് ഞങ്ങൾ അനുട്രിയിൽ തന്നെ തിരിച്ചെത്തി. ഡാർജിലിങ്ങിലെ കാഴ്ചകൾക്ക് ഗാങ്ങ്ടോക്ക് കാഴ്ചകളിൽ നിന്ന് ഏറെ പുതുമകളൊന്നും അവകാശപ്പെടാനില്ല. ഭൂമിശാസ്ത്രവും നാഗരികതയും തനിയാവർത്തിക്കപ്പെടുകയാണിവിടെ.Watch Video

ഇവിടങ്ങളിലെ തണുത്ത കാലാവസ്ഥ തന്നെയാണ് വിനോദസഞ്ചാരികളെ അപേക്ഷിച്ച് ആകർഷണമെന്ന് പറയാം. മഞ്ഞും ചാറ്റൽമഴയും മാറിയും മറഞ്ഞും ഈ പ്രദേശങ്ങളെ പുതപ്പിച്ചും കുളിപ്പിച്ചും താലോലിച്ചുകൊണ്ടിരിക്കും. ഹിമാലയ താഴ്വാരങ്ങളും കാഞ്ചൻജുംഗ പർവ്വതനിരകളും പാത്തും പതുങ്ങിയും ഒളിച്ചു, കണ്ടെത്തി എന്ന മട്ടിൽ നമ്മേ രസിപ്പിച്ചുകൊണ്ടിരിക്കും. സഞ്ചാരികൾ അതൊക്കെ ആസ്വദിച്ചുകഴിയും, അത്രതന്നെ.

ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ അത്തരം ആസ്വാദനങ്ങൾക്ക് പറ്റിയ ഒരു ഒന്നാംതരം ഹോട്ടലാണ്. ഡാർജിലിങ്ങോളം ഉയരത്തിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഈ ഹോട്ടലിന്റെ അകത്തിരുന്നാലും പുറത്തിരുന്നാലും നമുക്ക് ഡാർജിലിങ്ങ് നന്നായി ആസ്വദിക്കാം. ഞാൻ നേരത്തെ പറഞ്ഞതുപോലെ, സഞ്ചാരികളായ, പുതിയ മരുമക്കൾക്ക് ഈ ഹോട്ടൽ ഒരു വാത്സല്യനിധിയായ അമ്മ തന്നെയാണ്.

ഈ ഹോട്ടലിന്റെ അതിവിശാലമായ മുറ്റങ്ങളിൽ നിന്നാൽ നമുക്ക് മുഴുവൻ ഡാർജിലിങ്ങും കാണാം. വിദൂരങ്ങളിലെ കാഞ്ചൻജുംഗ പർവ്വതനിരകളും കണ്ടു-കണ്ടില്ല എന്ന മട്ടിൽ നമ്മേ എപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. കണ്ണെത്താദൂരങ്ങൾ എന്ന് നമുക്കിവിടെ പറയാനാവില്ല. കാരണം, നമ്മുടെ കണ്ണുകൾക്ക് എത്താവുന്ന ഉയരങ്ങളിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.

ഇവിടെ നിന്നാൽ ഡാർജിലിങ്ങിന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള താഴ്വാരകാഴ്ചകളും, ഗ്രാമ്യ-നഗര കാഴ്ചകളും കയ്യെത്തും ദൂരത്തെന്നോണം കാണാം. ഡാർജിലിങ്ങിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന ബട്ടാസിയ ലൂപ്പ് കാണാം. ഗൂം റെയിൽവെ സ്റ്റേഷൻ കാണാം. കുഞ്ഞുതീവണ്ടികൾ ചൂളം വിളിച്ചുപോകുന്ന കാഴ്ചകൾ കാണാം. ആ തീവണ്ടികളുടെ പുകച്ചുരുളുകളിൽ ഇരമ്പിപ്പായുന്ന ചൂളം വിളിയും കേൾക്കാം.

വാഹനങ്ങളാലും മനുഷ്യരാലും ചലനാത്മകമായ ബട്ടാസിയയെ നമുക്ക് കണ്ണുകൾ കൊണ്ടും കാതുകൾ കൊണ്ടും ആവാഹിച്ചെടുക്കാം. സത്യത്തിൽ ഈ അനുട്രി റിസോർട്ടിൽ മുറിയെടുത്ത് താമസിച്ചാൽ പിന്നെ നമുക്ക് ഡാർജിലിങ്ങ് കറങ്ങിക്കാണേണ്ട ആവശ്യമേ ഇല്ല.

എന്തായാലും ഞാൻ രാവിലെ തന്നെ ഡാർജിലിങ്ങ് റെയിൽവെ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ഹമീശ് തന്നെയാണ് ഇന്നും എന്റെ ഡ്രൈവർ. ഹമീശ് നന്നായി പാടുമെന്നാണ് തോന്നുന്നത്. ഹമീശിന്റെ കാറിൽ നിന്ന് ഒഴുകിയെത്തുന്ന ഹിന്ദി മെലഡിയോടൊപ്പം ഹമീശ് ഇടയ്ക്കിടെ നന്നായി മൂളുന്നത് കേൾക്കാം.

ഡാർജിലിങ്ങ് തെരുവിലേക്ക് ഇറങ്ങിയപ്പോഴാണ് മനസ്സിലായത്, ഏറെ ദുഷ്കരമാണ് യാത്രയെന്ന്. അത്രയ്ക്കും കുടസ്സുവഴികളാണ് ഡാജിലിങ്ങിലേത്. കഷ്ടി ഒരു കാറിന് മാത്രം കടന്നുപോകാവുന്ന വഴികളാണ് ഇവിടം മുഴുവനും. കാറിനകത്തുനിന്നുള്ള എന്റെ ചിത്രീകരണം പോലും ദുഷ്കരമായിരുന്നു. പല റോഡുകളും താരതമ്യേനെ താഴെയാണ്. ബിൾഡിങ്ങുകളുടെ തലപ്പാവ് മാത്രമാണ് പലപ്പോഴും ക്യാമറക്കണ്ണിൽ പതിയുന്നത്.

ഹൈന്ദവാനുഷ്ഠാനങ്ങളുടേയും ബൌദ്ധാനുഷ്ഠാനങ്ങളുടേയും കൊടിതോരണങ്ങൾ തെരുവുകളിൽ കാണാമായിരുന്നു.

ഈ കാണുന്നതാണ് ഡാർജിലിങ്ങ് മുനിസിപ്പാലിറ്റി കെട്ടിടം. ഇതൊക്കെ ബ്രിട്ടീഷ് നിർമ്മിത കെട്ടിടങ്ങളാണ്. വഴിനീളെ ഇങ്ങനെ ചരിത്രസ്മാരകങ്ങളും കാണാം. ഞാൻ കഴിഞ്ഞ വീഡിയോകളിൽ ഡാർജിലിങ്ങിലെ ബ്രിട്ടീഷ് അധിനിവേശകാലങ്ങളെ കുറിച്ച് പറഞ്ഞിരുന്നല്ലോ, അതുകൊണ്ട് ആവർത്തിക്കുന്നില്ല.

ഡാർജിലിങ്ങ് റോഡുകളിലൂടെ ഇങ്ങനെ സഞ്ചരിക്കുമ്പോൾ, ഡാർജിലിങ്ങിലെ പഴയകാല കുട്ടിത്തീവണ്ടികൾ കാണാം. കൽക്കരി തിന്നും പുക തുപ്പിയും ഗൃഹാതുരതയുടെ ചൂളം വിളിച്ചും പോകുന്ന കരിതീവണ്ടികൾ കാണാം. ഡീസൽ തീവണ്ടികളും കാണാം.

അവയിലൊക്കെ രണ്ടോ മൂന്നോ കമ്പാർട്ടുമെന്റുകളേ ഉള്ളൂ. ദൃശ്യസൌകര്യങ്ങൾക്കുവേണ്ടി കമ്പാർട്ടുമെന്റുകൾ സ്ഫടിക ജാലകങ്ങളാൽ സമ്പന്നമാണ്. അത്രക്ക് വേഗതയൊന്നുമില്ല. കാരണം കുടുസ്സുറോഡുകളുടെ ഒുരു ഓരം ചേർന്നാണ് ഈ കുട്ടിത്തീവണ്ടികൾ ഓടുന്നത്. ഈ തീവണ്ടിസവാരിക്കും ഗതകാലസ്മരണകളുടെ ഗൃഹാതുരാസ്വാദനത്തിനുമാണ് സഞ്ചാരികൾ ഡാർജിലിങ്ങിൽ എത്തുന്നത്. ഈ ഞാനും, അങ്ങനെ ഇവിടെ എത്തിയതാണ്.

വല്ലാത്തൊരു കുടുസ്സുറോഡുകളാണ് ഇവിടുത്തേത്. വൃത്തിയും വെടിപ്പും തീരെയില്ല. അഴുക്കുപിടിച്ച റോഡുകളും കെട്ടിടങ്ങളുമാണ് ഇവിടുത്തെ പ്രധാന നഗരകാഴ്ചകൾ.. ഇവിടുത്തെ ആകാശങ്ങളിലും വൈദ്യുതി-ടെലിഫോൺ കമ്പികൾ മാറാല കെട്ടി വൃത്തികേടാക്കിയിട്ടുണ്ട്. അവിടവിടെ ബ്രിട്ടീഷ് ശേലുള്ള വാസ്തുനിർമ്മിതികൾ കാണാം.

ഞാൻ ഡാർജിലിങ്ങ് റെയിൽവെ സ്റ്റേഷനെത്തി. യുനെസ്കോയുടെ  ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച റെയിൽവെ സ്റ്റേഷനാണിത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ സ്റ്റേഷനാണിത്. ഡാർജിലിങ്ങ് ഹിമാലയൻ റെയിൽവെ എന്നാണ് ഇതറിയപ്പെടുന്നത്. 1881-ൽ സ്ഥാപിതം എന്നിവിടെ എഴുതിവച്ചിട്ടുണ്ട്. ഈ റെയിൽവെയുടെ ഗൂം റെയിൽവെ സ്റ്റേഷന്റെ ഉയരം 7400 അടിയാണ്. ഗൂം ബൌദ്ധാശ്രമവും ബട്ടാസിയ ലൂപ്പും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ഈ റെയിൽവെ സ്റ്റേഷന്, ബ്രിട്ടീഷ് വാസ്തുനിർമ്മിതിയുടെ ശീലും ശേലുമുണ്ട്. ഇവിടെ ഇന്ന് നല്ല തിരക്കുണ്ട്. യാത്രക്കാർ മുഴുവനും വിനോദ സഞ്ചാരികൾ തന്നെ. ഒരു എക്സിബിഷൻ പവലിയൻ പോലെ തോന്നും ഈ റെയിൽവെ സ്റ്റേഷൻ. സിക്കിം-ഡാർജിലിങ്ങ് കൌതുകങ്ങളുടേയും പൈതൃകസ്മാരകങ്ങളുടേയും ഒരു സമൃദ്ധമായ പ്രദർശനശാലയാണിത്.

ഇവിടെ മുഴുവനും സെൽഫിയും റീലും വ്ളോഗ്ഗും എടുക്കുന്നവരുടെ തിരക്കാണ്. സഞ്ചാരികൾ മുഴുവനും, ക്യാമറകൾക്ക് പോസ് ചെയ്യുന്നത് കാണാം.

ഡാർജിലിങ്ങ് ചായ ആസ്വദിച്ചുകൊണ്ട് നൂറ്റാണ്ടുകളുടെ തീവണ്ടിപ്പഴക്കത്തിലേക്ക് ചൂളമടിക്കുകയാണ് ഇവിടെ സഞ്ചാരികൾ.

ഈ സ്റ്റേഷന്റെ ഏതൊരു ഭാഗത്ത് നിന്നാലും നമുക്ക് ഡാർജിലിങ്ങിന്റെ ഹൃദയഹാരിയായ താഴ്വാരങ്ങൾ കാണാം. ഈ കുഞ്ഞു റെയിൽ പാളങ്ങളിലൂടെ നമുക്ക് കളിപറഞ്ഞ് നടക്കാം. ഇന്ത്യൻ റെയിൽവെയുടെ ഗൃഹാതുരതയെ ആവോളം നുണയാം.

മഞ്ഞക്കിളിയെ പോലെ മഞ്ഞസാരിയും കറുപ്പ് ഓവർകോട്ടും കറുത്ത കണ്ണടയും ധരിച്ച ഈ സുന്ദരിയാണ് ഇന്ന് ഈ റെയിൽവെ സ്റ്റേഷനിലെ താരം. ഞാൻ ക്യാമറ അവളിലേക്ക് ഫോക്കസ്സ് ചെയ്തത് അവൾക്ക് മനസ്സിലായിരിക്കുന്നു. അതുകൊണ്ട് എന്റെ ക്യാമറ അവളേയോ അവൾ എന്റെ ക്യാമറയേയോ അറിഞ്ഞോ അറിയാതേയോ എപ്പോഴും പിൻതുടരുന്നത് കാണാം.

ഏതോ ഒരു തീവണ്ടിയുടെ ചൂളം വിളി കേൾക്കുന്നുണ്ട്. സഞ്ചാരികൾ ക്യാമറകൾ കൊണ്ട് ഉന്നം പിടിക്കാൻ തുടങ്ങി. തീവണ്ടി വന്നു. ക്യാമറ വെടികൾ മുഴങ്ങി. ഇരയെ കീഴ്പ്പെടുത്തിയ ആനന്ദത്തോടെ ക്യാമറത്തോക്കുകളേന്തിയ സഞ്ചാരികൾ ആഹ്ളാദിച്ചു.

ഒന്നിനും ഒരു പ്ലാനിങ്ങ് ഇല്ലാത്തതുപോലെയാണ് ഈ റെയിൽവെ സ്റ്റേഷൻ. ഏത് പ്ലാറ്റ് ഫോം ഏത് തീവണ്ടി, എന്നൊന്നും അറിയാതെ സഞ്ചാരികൾ ഓരോരോ തീവണ്ടികളെത്തുമ്പോഴും പാഞ്ഞടുക്കും. ആ വണ്ടിയും പ്ലാറ്റ്ഫോം അല്ലെന്നറിയുമ്പോൾ പിൻവാങ്ങും.

സഞ്ചാരികൾ ഇങ്ങനെ വന്നും പൊയ്ക്കൊണ്ടിരിക്കുകയാണ്. ഏതാണ്ടൊരു തീവണ്ടിച്ചന്ത പോലെയാണ് ഈ റെയിൽവെ സ്റ്റേഷനിപ്പോൾ.

നമ്മുടെ മഞ്ഞമന്ദാര സുന്ദരി ഇപ്പോഴും എന്റെ ക്യാമറകളുടെ കൺവെട്ടത്തുണ്ട്. അവൾ ഈ തീവണ്ടിയേയും എന്റെ ക്യാമറയേയും ആഘോഷിക്കുകയാണെന്ന് തോന്നുന്നു.

എനിക്കുള്ള തീവണ്ടി വന്നു. ഞാനും എന്നോടൊപ്പമുള്ള സഞ്ചാരികളും കയറി. കരിവണ്ടി ചീറി. പുക തുപ്പി. ചക്രങ്ങളെ ഉരുട്ടാൻ തുടങ്ങി. തീവണ്ടി ഇഴയാൻ തുടങ്ങി.

തീവണ്ടിയുടെ സ്ഫടികജാലകങ്ങൾ കാഴ്ചക്ക് കണ്ണുതുറന്നെങ്കിലും ഡാർജിലിങ്ങിലെ വഴിയോരകാഴ്ചകൾക്ക് ചന്തം പോര. കാരണം, തീവണ്ടി കടന്നുപോകുന്നത് കൂടുതലും വൃത്തിയും വെടിപ്പുമില്ലാത്ത ചന്തയിലൂടെ തന്നെയാണ്.

അതുകൊണ്ട് ഞാൻ എന്റെ ക്യാമറ കമ്പാർട്ട്മെന്റിലെ സുന്ദരികളിലേക്ക് തിരിച്ചു. ഏതോ ഒരു സുന്ദരി എനിക്ക് ടാറ്റ തന്നു. ഏതോ ഒരു സുന്ദരൻ കൈ വീശുന്നതും കണ്ടു. ജാലകങ്ങളിലൂടെ, അപൂർവ്വമായിമാത്രം ഡാർജിലിങ്ങിന്റെ പച്ചച്ച കാഴ്ചകൾ കാണാമായിരുന്നു.

തീവണ്ടി ബട്ടാസിയ ലൂപ്പ് എത്തി. എന്നുവച്ചാൽ ഇതൊരു റൌണ്ട് എബൌട്ട് പോലെയാണ്. അതായത് എല്ലാ തീവണ്ടികളും ഒരു ചെറുവൃത്തത്തെ വലം വക്കും ഇവിടെ. അതുകൊണ്ടാണ് ഇതിനെ ബട്ടാസിയ ലൂപ്പ് എന്ന് വിളിക്കുന്നത്.

നാം ബട്ടാസിയ ലൂപ്പെത്തുമ്പോൾ ഡാർജിലിങ്ങ് ഗോത്ര വേഷവിധാനങ്ങളിൽ ഡാർജിലിങ്ങിലെ സുന്ദരന്മാരും സുന്ദരികളും നമ്മേ സ്വീകരിക്കും. പിന്നെ അവർ നമ്മേ ആ വേഷവിധാനങ്ങൾ അണിയിച്ച് നമുക്ക് സെൽഫികളും റീലുകളും എടുത്തുതരും. അതിനൊക്കെ പണം കൊടുക്കണം.

ബട്ടാസിയ ലൂപ്പ് യഥാർത്ഥത്തിലും ഒരു എക്സിബിഷൻ മൈതാനം പോലെയാണ്. ഡാർജിലിങ്ങിന്റെ എല്ലാം നമുക്ക് ഇവിടെ സ്മാരകങ്ങളായി കാണാം, സ്വന്തമാക്കാം. സഞ്ചാരികൾ ഇവിടെ ഡാർജിലിങ്ങ് സ്മാരകങ്ങളെ സ്വന്തമാക്കുന്നുണ്ട്.

പനകളുടെ ഈ ഛായാതലങ്ങളിൽ സഞ്ചാരികൾ ഡാർജിലിങ്ങ് ഗോത്ര സംസ്കൃതിയിലേക്ക് പകർന്നാടും. അതത്രയും ക്യാമറകളിൽ സെൽഫിയും റീലുമാവും.

ദൂരെ ആ കാണുന്നതാണ് ഞാൻ താമസിക്കുന്ന ഹോട്ടൽ, അനുട്രി.

തീവണ്ടി പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമേ ഇവിടെ കാണൂ. പിന്നെ ഗൂം റെയിൽവെ സ്റ്റേഷനിലേക്ക് പോകും.

ദാ എന്റെ തീവണ്ടിയുടെ തിരിച്ചുവരാനുള്ള ചൂളംവിളി വന്നു. ഇനി ഗൂം റെയിൽവെ സ്റ്റേഷനിലേക്ക്. ഗൂം എത്തി. ഇവിടെ ഡാർജിലിങ്ങ് ഹിമാലയൻ റെയിൽവെയുടെ ഒരു മ്യൂസിയമുണ്ട്. അത്ര നല്ല മ്യൂസിയമൊന്നുമല്ല. പഴയകാല തീവണ്ടികളുടെ ചരിത്രവും ചരിത്രാവശിഷ്ടങ്ങങ്ങളും കാണാം, ഇവിടെ സഞ്ചാരികൾക്ക്. തീവണ്ടികളെ സ്നേഹിക്കുന്നവർക്ക് ഈ മ്യൂസിയം ഇഷ്ടമാവും.

തീവണ്ടി ഗൂം വിടുകയാണ്. നമുക്ക് വേണമെങ്കിൽ യാത്ര തുടരാം. പക്ഷേ എന്റെ യാത്ര ഞാനിവിടെ അവസാനിപ്പിക്കുകയാണ്.

ഇവിടെ കുറച്ചുപേർ എന്റെ ക്യാമറയോട് സൊറ പറഞ്ഞു. ഡാർജിലിങ്ങുകാരും ദില്ലിക്കാരും ഉണ്ടതിൽ. എല്ലാവർക്കും യാത്ര ഇഷ്ടപ്പെട്ടു.

ഇവൻ പക്ഷേ, മൈസൂർ മലയാളിയാണ്. ഇവന് യാത്രയല്ല, ഓറിയോ ബിസ്കറ്റാണ് ഇഷ്ടപ്പെട്ടതത്രെ.

ഇയാൾ ഒരു സന്യാസിയെ പോലെ പറയുന്നു. കുട്ടികൾ എവിടെയോ ആണ്. ഭാര്യ ബൂട്ടാനിലാണ്. ഇയാൾ ഈ തീവണ്ടിയിലും. യാത്ര തുടരുകായണ്.

ഞാനും എന്റെ യാത്ര തുടരുകയാണ്. എന്റേയും കുട്ടികൾ എവിടെയൊക്കയോ ആണ്, ഭാര്യയും. എനിക്കും എന്റെ യാത്ര തുടർന്നേ പറ്റൂ.