ഞാനിപ്പോഴും ടോൺ സായ് ബീച്ചിലാണ്. സത്യത്തിൽ ഇതൊരു റിലാക്സേഷൻ ബീച്ചാണ്. പീപി ദ്വീപുകളൊക്കൊ സന്ദർശിച്ച് ക്ഷീണിതരായ സഞ്ചാരികൾക്കുള്ള വിശ്രമദ്വീപാണിത്. സഞ്ചാരിക ളേയും വഹിച്ചുള്ള ഒരുപാട് ബോട്ടുകൾ ഇവിടെ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. അവർക്കുള്ള സുഖവാസദ്വീപുകൂടിയാണ് ഈ ടോൺ സായ് ബീച്ച്. ഇവിടെ സഞ്ചാരികൾക്ക് ആസ്വദിക്കാനും അനുഭവിക്കാനും ഏറെ വിനോദ സാധ്യതകളുണ്ട്. Watch Video
ഇവിടെ ഈ കാണുന്ന കസേരകളിൽ ഇരിക്കണമെങ്കിൽ 100 ബാത്ത് കൊടുക്കണം. യൂറോപ്പിലെ ബീച്ചുകളിലൊന്നും ഇത്തരത്തിൽ സഞ്ചാരികളെ പിഴിഞ്ഞെടുക്കാറില്ല അതുകൊണ്ടൊക്കെയാവാം പല പാവം സഞ്ചാരികളും ഇവിടെ വെയിലേറ്റ് കിടക്കുന്നത്.

ഇയ്യാൾ അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നാണ്. വിദ്യാർത്ഥിയാണ്. പേരു് എബ്രഹാം. എന്നോട് സംസാരിക്കുന്നുണ്ടെങ്കിലും അയാൾ ആർക്കോ ഫോൺ ചെയ്യുകയാണ്. നാലുദിവസമായി ഇയ്യാൾ ഇവിടെയുണ്ട്.
മിക്കവാറും ഗ്രൂപ്പ് ടൂർ കമ്പനിക്കാർ ഈ ദ്വീപിൽ എത്തുന്നത് സഞ്ചാരികൾക്ക് ഉച്ചഭക്ഷണം വിളമ്പാൻ മാത്രമായാണ്. പരമാവധി ഒരു മണിക്കൂർ മാത്രമായിരിക്കും ടൂർ കമ്പനിക്കാർ ഇവിടെ സഞ്ചാരികൾക്ക് അനുവദിക്കുക. നാലുനക്ഷത്ര ഹോട്ടൽ ഭക്ഷണം എന്നൊക്കെ പറഞ്ഞ് വ്യാമോഹിപ്പിച്ച് കൊണ്ടുവരുന്ന പാവം സഞ്ചാരികൾക്ക് ഇവിടെ കൊടുക്കുന്നത് കേവലം മൂന്നാംതരം തട്ടുകട ഭക്ഷണമായിരിക്കും. അതിന് അവർ പറയുന്ന തൊടുന്ന്യായം ഇവിടെ അത്തരം ഹോട്ടലുകൾ ഇല്ലെന്നാണ്.
ടൂർ കമ്പനിക്കാർ പറയുന്നത് പച്ചക്കള്ളമാണ്. ഇവിടെ ഈ കാണുന്നത് നല്ല മേത്തരം ഹോട്ടലുകളാണ്. ഞാൻ സ്വതന്ത്രനായി ക്യാമറയുമായി സഞ്ചരിച്ചതുകൊണ്ടാണ് ഇതൊക്കെ കാണാൻ കഴിഞ്ഞത്.

സത്യത്തിൽ ടൂർ കമ്പനിക്കാരും ഗൈഡും ബോട്ടുടമയും കൂടി ദല്ലാളു കളിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒളിഞ്ഞുകിടക്കുന്ന മൂന്നാംതരം ഭക്ഷ്യദുരന്തങ്ങൾ സഞ്ചാരികൾക്ക് അനുഭവിക്കേണ്ടിവരുന്നത്.
ഈ ഊഞ്ഞാലിലിരുന്ന് ആടാമെന്നും ആരും വ്യാമോഹിക്കരുത്. ഇവിടെ ഈ ഊഞ്ഞാലാടുന്ന സഞ്ചാരികളും ഈ ഊഞ്ഞാലിന് 100 ബാത്ത് വാടക കൊടുക്കണം.
ഇവിടെ കാണുന്ന കൊച്ചുകൊച്ചു ബോട്ടുകൾ വാടകക്ക് എടുത്താൽ നമുക്ക് ടോൺ സായ് ബീച്ചിന്റെ മനോഹാരിത ആസ്വദിക്കാം. ഈ ബീച്ചിന് അധികം ദൂരത്തല്ലാതെ പാറ കയറ്റവും ഡൈവിങ്ങും സ്നോർക്കളിങ്ങും ആസ്വദിക്കാം. അതൊന്നും മിക്കവാറും ടൂർ കമ്പനിക്കാർക്ക് അറിയില്ല. അവരുടെ അറിവ് ഇവിടുത്തെ ഗൈഡുകളുടെ ശർദ്ദിൽ അറിവുമാത്രമായിരിക്കും.
വളരെ കുറഞ്ഞ സമയം മാത്രമേ എന്റെ ഗൈഡും ബോട്ട് കമ്പനിക്കാരും എനിക്ക് ഇവിടെ അനുവദിച്ചിട്ടുള്ളത്. അതുകൊണ്ട് ഞാനെന്റെ ക്യാമറയുമായി വെറുതെ കറങ്ങുകയാണ്. അതിന്നിടെ ചിലരോടൊക്കെ ചുമ്മാ കുശലം പറഞ്ഞും സമയം കളയുകയാണ്.
ഇയ്യാൾ പാക്കിസ്താൻകാരനാണ്. പേര് ഡയൽ. കുടുംബവുമായി ഇവിടെ എത്തിയതാണ്. എന്തൊരു ഐശ്വര്യമാണ് ഇയാൾക്ക്. പാക്കിസ്താൻ എന്ന് കേൾക്കുമ്പോൾ നാമെന്തിന് ഭയപ്പെടണം എന്ന് തോന്നിപ്പോകും ഡയലിനോട് സംസാരിക്കുമ്പോൾ.
ഈ സ്ഫടിക തടാകവും സ്പടികരേണുക്കളും എന്നേയും എന്റെ ഛായാതലത്തേയും അപ്പപ്പോഴായി മായ്ച്ചെഴുതുന്നത് കാണാമായിരുന്നു. അരുകിൽ ലേസ് തുന്നിയ ഈ തിരമാലകൾ എന്നെ രോമാഞ്ചിതമാക്കിക്കൊണ്ടേയിരുന്നു. അപ്പോഴും നമുക്ക് ഈ തിരമാലകളുടെ സ്വകാര്യം പറച്ചിലുകൾ മൃദുമർമ്മരം പോലെ കേൾക്കാമായിരുന്നു.
ഇവിടുത്തെ സഞ്ചാരികളിൽ കൂടുതലും ചൈനാക്കാരാണ്. ചൈനയെ ഒർക്കുമ്പോഴൊക്കെ ഞാൻ ചൈനയുടെ ശോകസംഗീതവും ഓർക്കും. അതുകൊണ്ട് ചൈനാക്കാരെ കണ്ടാൽ ഞാൻ അവരോട് ഒരു പാട്ടും കടമായി ചോദിക്കും. ഈ ചൈനീസ് സുന്ദരിയോടും ഞാനൊരു പാട്ട് ചോദിച്ചു. എന്റെ നിർബന്ധത്തിനുവഴങ്ങി അവൾ എനിക്ക് രണ്ടുവരി മൂളിത്തന്നു.

ഭാഷയുടെ പരിമിതിയെകുറിച്ച് നാം വേവലാതിപ്പെടുക, വിദേശസഞ്ചാരം നടത്തുമ്പോഴാണ്. കാരണം, പലപ്പോഴും നമ്മുടെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം ഇവിടെയൊക്കെ നിസ്സഹായമാവുന്നത് കാണാം. അതുകൊണ്ടുതന്നെ പല സഞ്ചാരികളും എന്നിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
സഞ്ചാരികൾക്ക്, ടൂർ കമ്പനിക്കാരും ഗൈഡും ബോട്ടുകമ്പനിക്കാരും അനുവദിച്ച പരോൾ സമയം കഴിഞ്ഞു. ഞാനും മറ്റു സഞ്ചാരികളെ പോലെ ബോട്ടിൽ കയറി. ഇനി മറ്റൊരു ബീച്ചിലേക്ക്. അധികം സമയമില്ല. പത്തോ ഇരുപതോ മിനിറ്റ് മാത്രമുള്ള ബോട്ടുസവാരി. മലയാളം പാട്ടോടെ ബോട്ട് കുതിച്ചു. ജലസവാരിയിൽ, ഈ ജപ്പാൻ കുട്ടികളാണ് ഏറെ ആഹ്ളാദിക്കുന്നത്.
അങ്ങനെ അവോ നാങ്ങ് ബീച്ചിലെത്തി. മനോഹരമായ പാറക്കാടുകൾ നനഞ്ഞുകിടക്കുന്ന ഒരു ബീച്ചാണ് അവോ നാങ്ങ് ബീച്ച്. ക്രാബി പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഈ ബീച്ച്, വിദേശികളുടെ ഹരമാണ്. പ്രിൻസസ്സ് ബീച്ച് അഥവാ പ്രിൻസസ്സ് ബേ എന്നും ഈ ബീച്ച് അറിയപ്പെടും. നീലയേത് പച്ചയേത് എന്ന് നമ്മേ സംശയിപ്പിക്കുന്ന കരിനീല പളുങ്കുപാളികളാൽ സമൃദ്ധമാണ് ഈ ബീച്ച്.
പണ്ട്പണ്ട് ഇതൊരു മുക്കുവ ബീച്ചായിരുന്നു. ടൂറിസം പച്ചപിടിക്കാൻ തുടങ്ങിയതോടെ ഈ ബീച്ചിനെ ഒരു വിനോദസഞ്ചാര ബീച്ചാക്കുകയായിരുന്നു. ഈ ബീച്ചിൽ നിന്ന് മറ്റെല്ലാ തായ് ബീച്ചുകളിലേക്കും ബോട്ടുകൾ പായുന്നുണ്ട്. തായ് സംസ്കൃതിയും സൌന്ദര്യവും സമ്മോഹനമായി സമ്മേളിക്കുന്ന ഒരു ബീച്ചാണിത്. ഇവിടെ എല്ലാ ജലകേളികളും ജലക്രീഡാവിനോദങ്ങളും ലഭ്യമാണ്. തായ് രുചിക്കൂട്ടുകളുടെ ബീച്ചുകൂടിയാണ് അവോ നാങ്ങ്.
ക്രാബി എയർപോർട്ടിൽ നിന്ന് 30 മിനിറ്റ് യാത്രയേ ഉള്ളൂ ഈ ബീച്ചിലേക്ക്. ഇവിടെ നിന്ന് കോ പോഡാ ദ്വീപിലേക്കും, ചിക്കൻ ദ്വീപിലേക്കും, ഹോങ്ങ് ദ്വീപിലേക്കും, നാഷ്ണൽ പാർക്കിലേക്കും പ്രസിദ്ധമായ ടൈഗർ കേവ് ബൌദ്ധ ക്ഷേത്രത്തിലേക്കും ബോട്ടുസവാരി ലഭ്യമാണ്.
ഈ ദ്വീപിലെ രാക്കാഴ്ചകളാണ് കേമം. ഇവിടുത്തെ അസ്തമന കാഴ്ചയും പാട്ടും കൂത്തും തീനും കുടിയും ആട്ടവും ബഹുകേമമാണ്. പക്ഷേ ഗ്രൂപ്പ് ടൂറുകളൊന്നും ഈ സൌകര്യങ്ങൾ നമുക്ക് തരില്ല. അവരുടേത് കച്ചവട ടൂറിസമല്ലേ. മിനിമം സമയം കൊണ്ട് ഓട്ടപ്രദക്ഷിണം നടത്തി ലാഭമുണ്ടാക്കുകയാണല്ലോ ടൂർ കമ്പനിക്കാരുടെ ലക്ഷ്യം.
ഈ ബീച്ച് നിറയേ നിവർത്തിവച്ച പട്ടുക്കുടകളാണ്. ഓരോ കുടക്കീഴിലും തായ് സംസ്കൃതിയുടെ ഉത്സവമേളമായിരിക്കും. ഫോട്ടോ ഷൂട്ടുകൾക്ക് പ്രസിദ്ധമാണ് ഈ ബീച്ച്. ഇവിടുത്തെ പാറക്കാടുകളുടെ ഛായാതലങ്ങളിലൂടെ, കരിനീല പളുങ്കുപാളികളിലൂടെ, നടന്നുനീങ്ങുമ്പോൾ നാം അറിയാതെ പ്രണേതാക്കളാവും. പ്രണയം ഇവിടുത്തെ തിരമാലകളോടൊപ്പം നുരഞ്ഞുപതയും. ആ ആനന്ദലഹരിയിയിൽ നാം എല്ലാം മറക്കും. കൂട്ടിന് ആരുമില്ലെങ്കിൽ സഞ്ചാരിയിൽ വിരഹത്തിന്റെ നൊമ്പരം കൂടുകൂട്ടും.
ഇവിടങ്ങളിലെ മിന്നിയും കെട്ടും കിടക്കുന്ന പാറക്കൂട്ടങ്ങളിൽ തിരമാലകൾ വെള്ളിച്ചിലങ്കകളായി നൃത്തം വക്കും. നാമും അറിയാതെ ആ ചിലങ്കകൾക്കൊപ്പം നൃത്തം വക്കും. നീല മഴമേഘങ്ങൾ മാറിയും മറഞ്ഞും മങ്ങിയും ഈ ബീച്ചിനെ മഴവിൽ പുടവയുടുപ്പിക്കും. പിന്നെ മുന്നറിയിപ്പില്ലാതെ അഴിച്ചുമാറ്റുകയും ചെയ്യും. എന്തൊരു ചേലാണ് ഈ പാറ പൂക്കും മാസ്മരബീച്ചിന്. ഇരുളും വെളിച്ചവും ഊർന്ന് വീഴുന്ന പാറക്കൂട്ടങ്ങളാണ് ഇവിടം നിറയേ.
ഇവൾ ഈ പഞ്ചാരമണലിൽ ശില്പം തീർക്കുകയാണ്. ഈ പഞ്ചാരമണലിൽ പ്രണേതാക്കൾ ഇഴഞ്ഞുപോവുകയാണ്. ഈ തെളിനീരോളങ്ങൾ അവരെ അടിമുടി ഉണർത്തുകയാണ്.
മഴമേഘങ്ങൾ പെയ്യുമെന്ന് നമ്മേ എപ്പോഴും കൊതിപ്പിക്കും പക്ഷേ പെയ്യാതെ പലപ്പോഴും അവ ഒഴിഞ്ഞുപോകും. മറ്റുചിലപ്പോൾ നമ്മേ ഒന്ന് രോമാഞ്ചിതമാക്കി നനച്ച് കടന്നുകളയും.
വിരഹമനുഭവിക്കുന്ന ഈ പാറക്കൂട്ടങ്ങളെ ഉമ്മവച്ചുണർത്തുന്ന വെള്ളിത്തിരമാലകൾ ഒരു ചെറു രതിലീലയിൽ മയങ്ങിമടങ്ങുന്നത് കാണാം.
തായ് രുചിക്കൂട്ടുകളുടെ ബഹുവർണ്ണപട്ടുകുടകൾക്ക് കീഴേ എല്ലാം ആസ്വദിച്ചുകൊണ്ട് സഞ്ചാരികൾ തിന്നും കുടിച്ചും കഴിഞ്ഞുകൂടുന്നത് കാണാം.
മീൻ വിഭവങ്ങൾക്ക് കേമമാണ് തായ് ലണ്ടും അനുബന്ധ ദ്വീപുകളും. ചൈനീസ് രുചി ഭേദങ്ങളോടാണ് തായ് രുചിക്കൂട്ടുകൾക്ക് കൂടുതലും അടുപ്പം. നല്ല ചെമ്മീനും ഞണ്ടും കിട്ടും ഇവിടെ. പിന്നെ പേരറിയാത്ത കുറേ മീനുകളും ഇവിടെ കാണാം.

ഇവൾ ലിന്ധ്. വിയറ്റ് നാം കാരിയാണ്. ഈ കുടുംബവും ഭാഷയെ വെല്ലുവിളിച്ചുകൊണ്ട് എന്നെ സന്തോഷിപ്പിച്ചു.
ഈ ദ്വീപിൽ എനിക്ക് അനുവദിച്ചുകിട്ടിയ സമയവും തീരാറായി. സഞ്ചാരികൾ അവരുടെ അവസാന റൌണ്ട് ഫോട്ടോഷൂട്ട് തീർക്കുന്ന തിരക്കിലാണ്.
നമ്മുടെ ജപ്പാൻ കുട്ടികൾ ഈ കുടക്കീഴിൽ അവരുടെ പ്രണയം പങ്കവക്കുകയാണ്. എന്തോ ഈ കുട്ടികളെ എനിക്ക് വല്ലാതെ ഇഷ്ടമായി. അവർക്ക് എന്നേയും.
കുടകൾ പലതും മടങ്ങിത്തുടങ്ങി. കസേരകൾ പലതും ഒഴിഞ്ഞുതുടങ്ങി. സഞ്ചാരികൾ മടങ്ങാൻ തയ്യാറെടുക്കുകയാണ്.
ഞാനും മടങ്ങുകയാണ്, പുക്കറ്റിലേക്ക്. ഡോണിന്റെ ബോട്ട് പുക്കറ്റണഞ്ഞു. ഡോണും കൂട്ടുകാരും ഞങ്ങൾക്ക് തായ് പൈനാപ്പിളും തണ്ണിമത്തനും വിളമ്പി. സഞ്ചാരികൾ പലരും ഡോണിനും കൂട്ടുകാർക്കും സ്നേഹോപഹാരങ്ങൾ സമർപ്പിച്ചു.
