ക്രാബിയിലെ നീലജലാശവും ജലോല്ലാസകേളികളും

ക്രാബിയിലെ നീലജലാശവും ജലോല്ലാസകേളികളും

അങ്ങനെ മായാ ദ്വീപിലെ മായാവിസ്മയാനുഭൂതികളുമായി ഞങ്ങൾ പീലേ ലഗൂണിലേക്ക് പുറപ്പെട്ടു. പീപി ഡോണിലാണ് പീലേ ലഗൂൺ. കപ്പിത്താൻ ഡോൺ സഞ്ചാരികളെ എണ്ണിതിട്ടപ്പെടുത്തി, തന്റെ സ്പീഡ് ബോട്ടിലേക്ക് കയറ്റി. ലോഹ് സമയ് ബേയിൽ നിന്ന്, ഇനി കേവലം 15 മിനിറ്റ് യാത്രയേ ഉള്ളൂ പീലേ ലഗൂണിലേക്ക്. നേരത്തേതുപോലെതന്നെ ഒരു കുഞ്ഞു സ്പീഡ് ബോട്ട് യാത്ര. അതേസമയം, തലയെടുപ്പുള്ള പാറക്കൂട്ടങ്ങൾ ദൂരേയും അരികിലുമായി കണ്ടുകണ്ടാണ് ഈ യാത്ര. വീഡിയോ കാണാം

ഡോണിന്റെ സ്പീഡ് ബോട്ട് പതുക്കെപ്പതുക്കെ നീന്തി. അപ്പോഴും അവിടവിടെ സഞ്ചാരികളുടെ പലതരം ബോട്ടുകൾ നൃത്തം വക്കുന്നത് കാണാമായിരുന്നു. ഞങ്ങൾ പാറക്കൂട്ടങ്ങളെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് പോയത്. സഞ്ചാരികൾക്ക് ചിത്രീകരണം സുഗമമാക്കാനായിരിക്കണം ഡോൺ പതുക്കെയാണ് ബോട്ട് ചലിപ്പിച്ചത്. പലപ്പോഴും ഈ കടൽ ഒരു ഗോളം പോലെ കാണപ്പെട്ടിരുന്നു.

ഞങ്ങൾ പീലേ ലഗൂണിലെത്തി. ഇവിടെ എത്തിയാൽ പിന്നെ സ്പീഡ് ബോട്ടുകളുടെ കപ്പിത്താൻമാർ ബോട്ട് കടലിൽ നിശ്ചലമാക്കും. ആ ബോട്ട് അങ്ങനെ കടലിൽ ചാഞ്ചാടി സഞ്ചാരികളെ കോൾമയിർ കൊള്ളിക്കും. അവിടെ അപ്പോഴും സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു. തടാകത്തിൽ സഞ്ചാരികൾ നീന്തിത്തുടിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ബോട്ടിലെ സഞ്ചാരികളെ കപ്പിത്താൻ ഡോൺ സുരക്ഷാസന്നാഹത്തോടെ ആ തടാകത്തിലേക്ക് സമർപ്പിച്ചുകൊണ്ടിരുന്നു. ജലകേളികളിൽ മിടുക്കന്മാരായ ചില സഞ്ചാരികൾ സുരക്ഷയൊന്നുമില്ലാതേയും ആ തടാകത്തിലേക്ക് എടുത്തുചാടിയിരുന്നു. അതിൽ ഉത്കണ്ഠയുള്ള പ്രിയതമമാർ അവർക്ക് പിന്നീട് സുരക്ഷാകവചം എറിഞ്ഞുകൊടുക്കുന്നതും കാണാമായിരുന്നു.

ഡോൺ സഞ്ചാരികളെ സുരക്ഷാകവചം അണിയിച്ചുകൊണ്ടേയിരുന്നു. പിന്നെ വേണ്ട നിർദേശങ്ങളും കൊടുത്തുകൊണ്ടേയിരുന്നു. ഡോണിന്റെ അനുഗ്രഹാശിസ്സുകളോടെ എല്ലാവരും ബോട്ടിന്റെ അമരത്തുനിന്ന് ഈ നീലജലാശയത്തിലേക്ക് എടുത്തുചാടി. നീന്താനറിയാവുന്നവർ നീന്തും. അല്ലാത്തവർ പൊന്തുപോലെ ഈ തടാതത്തിൽ പൊന്തിക്കിടക്കും. ഏകദേശം ഒരു മണിക്കൂർ സമയം അനുവദിക്കും ഈ ജലകേളിക്ക്. പിന്നെ എല്ലാരും നനഞ്ഞുകേറും.

അതിമനോഹരമാണ് ഈ കടൽതടാകം. ഇവിടെ നിറയേ ബോട്ടുകളാണ്, സഞ്ചാരികളാണ്. തെളിമയാർന്ന വെള്ളം എപ്പോഴും പളങ്കുമണികളെ പോലെ തുള്ളിത്തുളുമ്പി കിടക്കും. കടുത്ത പച്ചയും കടുത്ത നീലയും ഇണചേരുന്ന ഒരു തടാകം. ആകാശത്തിന്റെ മൃദുവെളിച്ചത്തിൽ ആ തടാകം, രാസലീലകളിൽ ഏർപ്പെടുന്നത് കാണാൻ എന്തു ചന്തമാണെന്നറിയാമോ. ഈ മനോഹര ദൃശ്യകാവ്യം ചിത്രീകരിച്ചുകൊണ്ടിരുന്ന എന്നെ ചില വിദേശികൾ കൈവീശി പ്രോത്സാഹിപ്പിച്ചിരുന്നു. പല ബോട്ടുകളിലും ഫോട്ടോഷൂട്ടും തിരുതകൃതിയായി നടക്കുന്നുണ്ടായിരുന്നു.

ഈ തടാകം സുരക്ഷിതമാണ്. അധികം ആഴമില്ല. പലപ്പോഴും ഈ തടാകത്തിന്റെ അകക്കാമ്പ് കാണാം. സപ്തവർണ്ണങ്ങളിലുള്ള മീനുകൾ അവിടവിടെ നീന്തിക്കളിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ സഞ്ചാരികൾ ഇവിടെ ഈ കുഞ്ഞുമിനുകളോടൊപ്പം നീന്തിതിമിർക്കും.

പിന്നെ ബോട്ട് കുറച്ചുകൂടി ഓടിച്ച് മറ്റൊരിടത്ത് നിശ്ചലമാവും. ഇവിടെയാണ് സഞ്ചാരികൾ മുങ്ങാംകുഴി കളിക്കുക. സ്നോർക്കളിങ്ങ് എന്നാണത്രെ ഇംഗ്ലീഷിൽ പറയുക. വായിൽ ഒരു കുഴലും തലയിലേക്ക് ഉയർത്തിവച്ച ഒരു കൊമ്പും പിന്നെ കറുത്ത കണ്ണടയും വച്ചുകൊണ്ടാണ് സഞ്ചാരികൾ മുങ്ങാംകഴിയിടുക. ഇത്തിരി നേരത്തേക്കുള്ള ശ്വാസവുമായി സഞ്ചാരികൾ ഈ തടാകത്തിന്റെ അടിത്തട്ടിലേക്ക് സഞ്ചരിക്കും പിന്നെ മീനുകളോട് കിന്നാരം പറയും. അത്രയും പടം പിടിച്ച് പൊങ്ങിവരും. ഇതിന് അല്പം പരിശീലനം ആവശ്യമാണ്.

ബോട്ടിൽ വച്ചുതന്നെ ഡോൺ സഞ്ചാരികളെ സ്നോർക്കളിങ്ങ് പരിശീലിപ്പിക്കും. അതിനുള്ള കൊമ്പും കുഴലും കണ്ണടയുമൊക്കെ ഡോൺ തന്നെ സഞ്ചാരികൾക്ക് കൊടുക്കും. മുങ്ങാംകുഴിയിടാൻ ധൈര്യമില്ലാത്ത സഞ്ചാരികൾ ബോട്ടിലിരുന്ന് അതൊക്കെ നോക്കി കാണും, അവരുടെ പ്രിയപ്പെട്ടവർക്കായി ദൃശ്യങ്ങൾ ചിത്രീകരിക്കും. എനിക്ക് ദൃശ്യചിത്രീകരണമാണ് മുഖ്യമെന്നുള്ളതുകൊണ്ട് ഞാൻ ബോട്ടിൽ തന്നെയായിരുന്നു.

സ്നോർക്കളിങ്ങിന്റെ സമയപരിധി കഴിഞ്ഞാൽ പിന്നെ സഞ്ചാരികളേയും കൊണ്ട് ബോട്ടുകൾ അവിടം വട്ടും കറങ്ങും. കൂറ്റൻ പാറക്കൂട്ടങ്ങൾക്ക് നടുമുറ്റം പോലെ പീപി ഡോൺ അപ്പോൾ സഞ്ചാരികൾക്ക് അനുഭവിക്കാനാവും. ഗ്രൂപ്പായി വരുന്ന സഞ്ചാരികൾക്ക് പീപി ഡോൺ കാണുന്നതിന് പരിധിയും പരിമിതിയുമുണ്ട്. അല്ലാതെ വരുന്ന സഞ്ചാരികൾ അവിടെ മുഴുവനായും കറങ്ങിക്കാണും. ആ കാഴ്ചകൾ അതിമനോഹരമാണെന്നാണ് അനുഭവസ്ഥരായ സഞ്ചാരികളുടെ സാക്ഷ്യം.

നമുക്കിപ്പോൾ വൈക്കിങ്ങ് ഗഹാമുഖങ്ങൾ കാണാം. ദി ബീച്ച് സിനിമാകമ്പനിക്കാർക്ക് കൊന്നുതിന്നാനായി പക്ഷികളെ വളർത്തിയിരുന്ന ഗുഹയാണത്രെ വൈക്കിങ്ങ് ഗുഹ. ഇതേക്കുറിച്ചൊക്കെ ഞാൻ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിരുന്നു. ഇവിടെ കുരങ്ങൻമാരുടെ പാറയറകളും കാണാം. മങ്കി ബേ എന്നാണ് അതിനെ വിളിക്കുക. ഈ കുരങ്ങുകൾ ആക്രമണകാരികളാണ്. ഇന്നെന്തോ അവിടം കുസൃതിക്കുരങ്ങുകൾ കുറവായിരുന്നു. സഞ്ചാരികൾ സൂക്ഷിച്ചില്ലെങ്കിൽ ജീവഹാനി വരെ സംഭവിക്കാം എന്ന് ഡോൺ പറയുന്നു.

പീപി ഡോണിന്റെയും പീപി ലേയുടേയും അനുപമസുന്ദരമായ കാഴ്ചകൾ കാണാവുന്ന വ്യൂ പോയിന്റുകളുണ്ട് അവിടെ. അവിടേക്കൊക്കെ ബോട്ടുകളിൽ വിസ്മയസഞ്ചാരങ്ങൾ നടത്താവുന്നതാണ്. അത്തരം മൂന്ന് വ്യൂ പോയിന്റുകൾ ഇവിടെ ഉണ്ടെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, ഇതുപോലെ കൊച്ചുകൊച്ചു ദ്വീപുകളും തടാകങ്ങളുമുണ്ടത്രേ അവിടങ്ങളിലൊക്കെ. അതൊക്കെ സന്ദർശിക്കുന്നതിന് അമ്പത് മുതൽ നൂറ് ബാത്ത് വരെ കൊടുക്കേണ്ടതായും വരും.

മുള ദ്വീപ് അഥവാ ബാംബു ദ്വീപ്, കുരങ്ങൻ ബീച്ച് അഥവാ മങ്കി ബീച്ച്, ലോഹ് ഡാലം ബീച്ച് പിന്നെ നുയീ ബീച്ച് തുടങ്ങിയവയൊക്കെ അത്തരത്തിൽ സഞ്ചാരികൾക്ക് കാണാനുള്ളവയാണ്. അവിടേക്കൊക്കെ കൊച്ചുകൊച്ചു ബോട്ടുകളിലാണ് പോകേണ്ടതെന്നും അനുഭവസ്ഥരായ സാഹസിക സഞ്ചാരികൾ പറയുന്നു.

എന്തായാലും ഞങ്ങൾ പീപി ഡോൺ ദ്വീപ് കാഴ്ചകളൊക്കെ കണ്ട് അവസാനം ടോൺ സായ് അഴിമുഖത്തേക്ക് ബോട്ട് കുതിച്ചു. സമയം ഉച്ച കഴിഞ്ഞു. ഞങ്ങൾ ബീച്ചെത്തി. ഇനി ബീച്ചിലാണ് ഞങ്ങൾക്ക് ഉച്ചഭക്ഷണം. പിന്നെ ഈ ബീച്ചിൽ അല്പം വിനോദസഞ്ചാരം. പിന്നെ വീണ്ടും ജലസവാരി തന്നെ.

ഈ ഇടവഴിയിലൂടെ കുറച്ച് നടക്കാനുണ്ട് ബീച്ച് ഹോട്ടലിലേക്ക്. വഴിയോരങ്ങളിൽ വേറേയും കൊച്ചുകൊച്ചു ഹോട്ടലുകളും തട്ടുകടകളും കാണാമായിരുന്നു. ആക്രമണകാരികളായ കുരങ്ങന്മാർ ഇവിടെയുമുണ്ട്. ജാഗ്രത പാലിക്കണമെന്ന് ഡോൺ ഇടയ്ക്കിടെ സഞ്ചാരികളോട് ഓളിയിട്ട് പറയുന്നുണ്ടായിരുന്നു.

മിക്കാവാറും തായ് രുചിക്കൂട്ടുകളുടെ ഉച്ചഭക്ഷണമായിരിക്കും ഇവിടെ കിട്ടുക. സഞ്ചാരികളാൽ നിബിഢമാണ് ഈ ഹോട്ടലും ചുറ്റുപാടുകളും. പറയത്തക്ക വിശേഷണങ്ങളൊന്നും ഇവിടുത്തെ ഭക്ഷണത്തെ കുറിച്ച് പറയാനില്ല. ആർക്കും അതിലൊന്നും പരിഭവവുമില്ല. സഞ്ചാരികൾ ഭക്ഷണം കഴിഞ്ഞ് ബീച്ചിലേക്ക് മടങ്ങുകയാണ്. ഞാനും. ടോൺ സായ് ബീച്ചിലെ കഥകൾ ഞാൻ അടുത്ത എപ്പിസോഡിൽ പറയാം.