പുക്കറ്റിലെ പകൽ കാഴ്ചകളും രാക്കാഴ്ചകളും കണ്ട് പുക്കറ്റിന് മാത്രം സ്വന്തമായുള്ള പാട്ടും ആട്ടവും കത്തും കഴിഞ്ഞ് ഞാൻ ആ രാത്രി പുക്കറ്റിനോടൊപ്പം ഉറങ്ങി.
പിറ്റേന്ന് രാവിലെ ഞാൻ ക്രാബിക്ക് പുറപ്പെട്ടു. പുക്കറ്റിലെ ഒരു അഴിമുഖത്തുനിന്നു വേണം ബോട്ടു പിടിച്ച് ക്രാബിയിലെത്താൻ.
ഞാൻ അഴിമുഖത്തേക്ക് പോകും വഴിയുള്ള റോഡുകൾ ഏതാണ്ടൊക്കെ വിജനമായിരുന്നു. വഴിയോരങ്ങളിലെ കച്ചവട സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നിരുന്നു.
അതങ്ങനെയാണ് തായലണ്ടിൽ. ഇവിടെ പകലാണ് രാത്രി. രാത്രിയാണ് പകൽ. കൂറ്റൻ കെട്ടിടങ്ങളോ കെട്ടിട സമുച്ഛയങ്ങളോ അധികമായി കാണാനില്ല. എന്നാലും അവിടവിടെ ചില കെട്ടിടങ്ങളും അപൂർവ്വമായി ഫ്ലാറ്റുകളും തല ഉയർത്തി നില്ക്കുന്നത് കാണാം. കൂടുതലും ഹോട്ടലുകളോ റിസോർട്ടുകളോ ആവണം.

ഞാൻ പുക്കറ്റ് അഴിമുഖമെത്തി. അവിടെതന്നെ ലൈഫ് സ്റ്റൈൽ എന്നൊരു സ്ഫീഡ് ബോട്ട് കമ്പനിയിലേക്കാണ് എന്നെ ഗൈഡ് കൊണ്ടുപോയത്. ഇവർക്ക് സാധാരണ ബോട്ടുകളുമുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഡോൺ എന്നൊരുവനാണ് ഈ ബോട്ടുകമ്പനിയുടെ തലവൻ. എന്നെ കൂടാതെ വേറേയും സഞ്ചാരികളുണ്ട് ഇവിടെ. ഏതാണ്ട് 25 സഞ്ചാരികളെങ്കിലും ഒരു സ്ഫീഡ് ബോട്ടിൽ കയറും. 20 ബാത്താണ് ഒരു സഞ്ചാരിയുടെ ബോട്ട് സവാരിക്കള്ള ടിക്കറ്റ് വില. യാത്രയ്ക്കിടയിൽ ഒരു ഉച്ചഭക്ഷണവും കിട്ടും ഇതൊക്കെ എന്നെ കൊണ്ടുപോകുന്ന ഗൈഡാണ് ഒരുക്കുക. നാമിവിടെ ഒറ്റയ്ക്ക് വന്നാലും ഇത്തരം സഞ്ചാരികളുടെ ഗ്രൂപ്പിൽ ചേരുന്നതാണ് ലാഭം. അല്ലെങ്കിൽ പണചെലവ് കൂടും.
ബോട്ട് എടുക്കുന്നതിന് മുമ്പ് ഡോണിന്റെ ഒരു ക്ലാസ്സ് നിർബന്ധമാണ്. ബോട്ടുസവാരിയെ കുറിച്ചും സമയക്രമത്തെ കുറിച്ചും സഞ്ചാരകേന്ദ്രങ്ങളെ കുറിച്ചും ഡോൺ വിശദീകരിക്കും. അതിനുശേഷം മാത്രമേ ബോട്ടിലേക്ക് പ്രവേശനമുള്ളൂ. സവാരിക്ക് മുമ്പ് സഞ്ചാരികളുടെ കയ്യിൽ ഒരു റബ്ബർ ബാന്ധ് അണിയിക്കും. ഇതാണ് ബോട്ടുകമ്പനിയുടെ തിരിച്ചറിയൽ അടയാളം. ബോട്ടുസവാരിക്ക് ആവശ്യമായ ചില സാധനങ്ങളും യന്ത്രസാമഗ്രികളും ഇവിടെ ലഭ്യമാണ്. ഒപ്പം ഒരു ലഘുഭക്ഷണവും കിട്ടും.
സഞ്ചാരികൾ കയറി. സർവ്വം സജ്ജമെന്ന് ഡോൺ ഉറപ്പുവരുത്തി. ബോട്ട് കുതിക്കാൻ തുടങ്ങി. ഏകദേശം 200-250 കിലോമീറ്റർ സ്പീഡിലായിരിക്കണം ബോട്ടിന്റെ കുതിപ്പ്. അക്ഷരാർത്ഥത്തിലും സാഹസികമാണ് ഈ യാത്ര. സഞ്ചാരികൾക്ക് ഒന്ന് പിടിക്കാൻ പോലും ഒരു കമ്പിയോ റെയിലോ ഇല്ല. സുരക്ഷാകവചം മാത്രമാണ് ഏക ആത്മബലം. പേരിന് ഒരു ക്യാൻവാസ് മേൽകൂരയുണ്ട്. ബാക്കിയെല്ലാം തുറന്നുകിടക്കും. സവാരിക്കിടയിലെ കടലിൽ നിന്നുള്ള ഉപ്പു ജലപാളികൾ പലപ്പോഴും ബോട്ടിലേക്ക് ഇരമ്പിക്കയറും. കടൽ സവാരി പിടിക്കാത്ത ഒന്നോ രണ്ടോ സഞ്ചാരികൾ അസ്വസ്ഥരായിരുന്നു. അവർക്കൊക്കെ ഡോൺ ചില ഔഷധങ്ങളും കൊടുക്കുന്ന കണ്ടു. സാധാരണ ഫോട്ടോഗ്രാഫിയൊന്നും ഈ ബോട്ടിനകത്ത് സാധ്യമല്ല. ആക്ഷൻ ക്യാമറ ഉണ്ടെങ്കിൽ മാത്രമേ ഷൂട്ട് നടക്കൂ. അതും സാഹസികം തന്നെ. Watch Video

ഈ ബോട്ട് പായുന്നത് പീപി ദ്വീപ് സമൂഹത്തിലേക്കാണ്. പീപി ദ്വീപ് സമൂഹം ക്രാബി പ്രവിശ്യയിലാണ്. ക്രാബിയുടെ അധികാരത്തിനും നിയന്ത്രണത്തിനും കീഴിലാണ്. ചുറ്റും കടലാണ്. ആന്ഡമാൻ കടലാണ്. കടലല്ലാതെ മറ്റൊന്നും ഈ യാത്രയിൽ കാണാനാവില്ല. വല്ലപ്പോഴും കടലിലെ കാവൽക്കാരെപോലെ തല ഉയർത്തിനില്ക്കുന്ന ചില പാറക്കെട്ടുകൾ കാണാം. ഏകദേശം ഒരു മണിക്കൂറുണ്ട് യാത്രക്ക്. സാധാരണ ബോട്ടിലാണ് യാത്രയെങ്കിൽ അഞ്ചുമണിക്കൂറെടുക്കും പീപി ദ്വീപിലെത്താൻ. അപ്പോൾ നമുക്ക് മനസ്സിലാവും ഈ സ്ഫീഡ് ബോട്ടിന്റെ അപാരമായ വേഗത.

സത്യത്തിലും ഈ ബോട്ട് കടലിന്റെ നെഞ്ചകം ഗ്രൈന്ധ് ചെയ്യുന്നതുപോലെ ഒരു ഫീലാണ് ഈ യാത്രക്ക്. ഗ്രൈന്ധ് ചെയ്യുമ്പോൾ ഉപ്പുജലപാളികൾ തീപ്പൊരിപോലെ ബോട്ടിലോക്ക് ഇരമ്പിത്തെറിക്കുയാണ്. പലപ്പോഴും ഈ ബോട്ടിന്റെ അടിഭാഗം കടലിന്നടിയിലെവിടേയോ തട്ടുന്നപോലെയും അനുഭവപ്പെടും. അപ്പോവൊക്കെ ഉള്ളിലെ കിളിയും പറന്നിരിക്കും. പലരും ഉറക്കം നടിച്ച് സർവ്വ ദൈവങ്ങളേയും വിളിക്കുകയായിരിക്കണം.
ബോട്ട് കുതിക്കട്ടെ. നമുക്ക് ഇത്തിരി പീപി ദ്വീപ് സമൂഹങ്ങളുടെ കഥ പറയാം.
ക്രാബിക്കും മലാക്ക കടലിടുക്കിനും ഇടയിലാണ് പീപി ദ്വീപ് സമൂഹം. കോ പീപി ഡോൺ, കോ പീപി ലേ എന്നീ രണ്ട് ദ്വീപുകൾ അടങ്ങിയതാണ് പീപി ദ്വീപ് സമൂഹം. അത്യാവശ്യം വലുപ്പവും ജനാധിവാസമുള്ള ഇവയിൽ പീപി ഡോൺ ഏകദേശം 10.27 ചതുരശ്ര കിലോമീറ്ററിലും, പീപി ലേ 1.26 ചതുരശ്ര കിലോമീറ്ററിലും വ്യാപിച്ച് കിടക്കുന്നു.
പിന്നേയും ദ്വീപുകളുണ്ട്, പീപിയോട് അനുബന്ധമായി. ബിഡാ നോക്ക്, ബിഡാ നായ്, കോ മായ് പായ്, കോ പൈലേ തുടങ്ങിയവയാണ് അവയിൽ പ്രധാനം. കോ പൈലേ, പക്ഷേ, ജനാധിവാസമില്ലാത്ത ഒരു കൊച്ചു ദ്വീപാണ്.
ഇവിടേക്കൊക്കെ ഇവിടങ്ങളിലെ ചുണ്ടൻ വള്ളങ്ങളിൽ പോവാം. ഇത്തരം ചുണ്ടൻ വള്ളങ്ങൾ പുക്കറ്റിൽ നിന്നും ക്രാബിയിൽ നിന്നും ലഭ്യമാണ്. അവിടുത്തെ കാഴ്ചകൾ അതിമനോഹരവും, അപാരവും, അമ്പരപ്പിക്കുന്നവയുമാണ്. വിദേശ സഞ്ചാരികൾ പ്രത്യേകിച്ചും യൂറോപ്യൻ സഞ്ചാരികളൊക്കെ അവിടെയൊക്കെ പര്യവേക്ഷണം നടത്തും.
സാധാരണ ടൂർ കമ്പനിക്കാരാരും തന്നെ അതൊന്നും നമ്മേ കാണിച്ചുതരില്ല. അതേക്കുറിച്ചൊന്നും അവർക്ക് അറിയുകയുമില്ല. അതാണ് സത്യം.
പീപി ഡോണിലെ ജനസംഖ്യ രണ്ടായിരമോ മൂവ്വായിരമോ മാത്രം. പണ്ടിവിടെ മുഴുവനും മുക്കുവരായിരുന്നു. 1940-ന് ശേഷം ഇവിടങ്ങളിൽ തെങ്ങ് കൃഷി വ്യാപകമായി. പണ്ടിവിടെ 80 ശതമാനവും മുസ്ലീങ്ങളായിരുന്നു. ഇപ്പോൾ പക്ഷേ ബുദ്ധവിശ്വാസികളാണ് കൂടുതലും.
പീപി ലേ ദ്വീപ് മുഴുവനും ബ്രിട്ടീഷ്-അമേരിക്കൻ അധിനിവേശ ദ്വീപായിരുന്നു. ഒരു സിനിമാ ചിത്രീകരണം കൊണ്ട് നാമാവശേഷമായ ഒരു ദുരന്ത ദ്വീപാണ് പീപി ലേ. ദി ബീച്ച് (The Beach) എന്ന പേരിൽ ഈ ദ്വീപിൽ ഷൂട്ട് ചെയ്ത സിനിമയാണ് ഈ ദ്വീപിനെ കൊലപ്പെടുത്തിയത്. 1996-ൽ പുറത്തിറങ്ങിയ, അലക്സ് ഗാർലണ്ടിന്റെ, ദി ബീച്ച് (The Beach) എന്ന നോവലിനെ ആധാരമാക്കിയാണ് 2000-ലാണ് ഈ സിനിമ ഇവിടെ ചിത്രീകരിച്ചത്. ഇവിടുത്തെ പ്രകൃതിയെ മുഴുവനായും ബുൾഡോസർ വച്ച് തകർത്ത് ഇവിടുത്തെ പരിസ്ഥിതി മുഴുവനായും നശിപ്പിച്ചത്, ഈ സിനിമാകമ്പനിയായിരുന്നു. ഡാനി ബോയലാണ് ഈ ചിത്രം സംവിധാനം നിർവ്വഹിച്ചത്.

അതിന്റെ ഒരു ദുരന്ത സാക്ഷ്യം മാത്രമാണ് ഇന്നിവിടെ സഞ്ചാരികൾ സന്ദർശിക്കുന്ന ദി വൈക്കിങ്ങ് കേവ് The Viking Cave. ആ സിനിമാ കമ്പനിക്കാർക്ക് കൊന്നുതിന്നാനുള്ള പക്ഷികളെ വളർത്തിയിരുന്നത് ഈ ഗുഹയിലായിരുന്നു. പോരാത്തതിന് 2004-ലെ സുനാമി ഈ ദ്വീപിനെ വീണ്ടും അതിദയനീയമായി മാനഭംഗപ്പെടുത്തി.
പ്രകൃതിരമണീയമായ പീപി ദ്വീപ് സമൂഹം നിറയേ ലൈംസ്റ്റോൺ കുന്നുകളും ആമകളും ബഹുവർണ്ണ മത്സ്യങ്ങളും നിറഞ്ഞ ജലാശയങ്ങളാണ്. ഇവയിൽ പീപി ലേയിൽ ജനവാസമില്ല. അതേസമയം പീപി ഡോണിൽ നിറയെ പ്രകൃതിരമണീയ കാഴ്ചകളും ഹോട്ടലുകളും റസ്റ്റോറന്റുകളും സുഖവാസ കേന്ദ്രങ്ങളുമാണ്. പക്ഷേ, ഇവിടെ വരുന്ന സഞ്ചാരികൾ അതൊന്നും കാണാൻ നില്ക്കില്ല. അവരൊക്കെ ഇവിടുത്തെ മായ ബീച്ച് കണ്ട് മടങ്ങുകയാണ് പതിവ്. അതേസമയം യൂറോപ്യൻ സഞ്ചാരികൾ അതൊക്കെ ആസ്വദിച്ചേ ഇവിടങ്ങളിൽ നിന്ന് മടങ്ങാറുള്ളൂ.
കഥ പറഞ് പറഞ് ഞാനും മായ ബീച്ചിലെത്തി. സ്പീഡ് ബോട്ടുകളും ചുണ്ടൻ വള്ളങ്ങളും അടുക്കുന്ന ഈ തീരത്തെ ലോഹ് സമയ് ബേ എന്നാണ് വിളിക്കുന്നത്. ഗൈഡ് ഡോണിന്റെ ഉച്ഛാരണം മയാബെ എന്നാണ്. ഇവിടെ ഈ കാണുന്ന സ്റ്റീൽ പാലത്തിലൂടെ ഒതുക്കുകൾ കറിയിറങ്ങിയാൽ നമുക്ക് മായാബീച്ചിൽ എത്താം. പച്ചപിടിച്ച പാറകെട്ടുകളുടെ ഛായാതലങ്ങളിലൂടെ അഞ്ച് മിനിറ്റ് കുളിരുകോരി നടന്നാൽ മായാ ബീച്ചായി.

തൂമഞ്ഞിൻ നിറമാണ് ഇവിടുത്തെ മണലിന്. ശാന്തവും സാന്ദ്രവുമാണ് മായാബീച്ചിലെ കുഞ്ഞുതിരമാലകൾ. തായ് ലണ്ട് ടൂറിസത്തിന്റെ പണം കായ്ക്കുന്ന ബീച്ചാണ് മായാബീച്ച്. പ്രതിദിനം 5000 സഞ്ചാരികളെങ്കിലും ഇവിടെ വന്ന് മടങ്ങുന്നു. അധികൃതർ ഈ ബീച്ച് നന്നായി പരിചരിക്കുന്നുണ്ട്.
മായാബീച്ച് ഫോട്ടോഗ്രാഫിക്കുള്ളതാണ്. ഇവിടുത്തെ ലൈംസ്റ്റോൺ പാറക്കെട്ടുകളും പാറത്തലപ്പാവുകളും ഫോട്ടോഗ്രാഫർമാരെ ത്രസിപ്പിക്കുന്നവയാണ്. മഴക്കാലത്ത് രണ്ട് മാസം ഈ ബീച്ച് അടഞ്ഞുകിടക്കും. മഴ ശക്തമെങ്കിൽ മറ്റു ബീച്ചുകളും അടഞ്ഞുതന്നെ കിടക്കും.
ഇവിടുത്തെ പളങ്കുസമാനമായ ജലപാളികളിൽ നമുക്ക് വർണ്ണമത്സ്യങ്ങളേയും ആമക്കഞ്ഞുങ്ങളേയും കുഞ്ഞൻ സ്രാവുകളേയും കാണാം. ഈ ബീച്ചിന്റെ ഒരറ്റത്ത് ഒരു ഗുഹ കാണാം. സ്വച്ഛസുന്ദരമായ ഈ ഗുഹാമുഖങ്ങളിലെ ഫോട്ടോഫ്രെയിമുകൾ ലോക പ്രസിദ്ധമാണ്. എല്ലാം ക്യാമറകളിലും മനസ്സിലും നിറച്ചുവച്ചാൽ പിന്നെ നമുക്ക് ഈ തീരം വിടാം.

പീപി ദ്വീപ് സമൂഹകാഴ്ചകളുടെ ആദ്യഘട്ടം ഇവിടെ അവസാനിക്കും. പിന്നെ തടരും, വീണ്ടും നമ്മുടെ ജലസവാരി.

