ആ മഞ്ഞക്കുറ്റിക്കാരാണ് ഇന്ന് വോട്ട് ചോദിക്കുന്നത്!

by ct william
in Health, Life, News, politics, Science, Social, Social Media, Technology, മലയാളം വാർത്ത
24 Apr 2024
ആ മഞ്ഞക്കുറ്റി ആരും മറന്നുകാണാനിടയില്ല. ഒരു നാടിന്റെ ഹൃദയത്തിലൂടെ അടിച്ചിറക്കിയ മഞ്ഞക്കുറ്റി. കേരളത്തിന്റെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചിറക്കിയവർ ഇന്ന് അതേ ഇടനെഞ്ച് പൊരിഞ്ഞവരോട് വോട്ട് ചോദിക്കാൻ ഇറങ്ങിയിരിക്കുകയാണ്. വീഡിയോ കാണാനും സബ്സ്ക്രൈബ് ചെയ്യാനും.
അത്തരത്തിലൊരു മഞ്ഞക്കുറ്റി തൃശൂർക്കാരുടെ ഇടനെഞ്ചിലേക്ക് അടിച്ചുകയറ്റിയ ഒരിടത്തുനിന്നാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്.
ഇത് തൃശൂരിലെ വഞ്ചിക്കുളം. ഒരുകാലത്തെ കേരളത്തിന്റെ വാണിജ്യകേന്ദ്രം. ഇന്നിതൊരു ചരിത്രപൈതൃക കേന്ദ്രമാണ്. സാക്ഷാൽ വഞ്ചിക്കുളം പാർക്ക്.
തൃശൂരിലെ പൂത്തോൾ എന്നിടത്താണ് വഞ്ചിക്കുളം സ്ഥിതി ചെയ്യുന്നത്. അതായത് തൃശൂർ റെയിൽവെ സ്റ്റേഷന് അഭിമുഖമായി അരണാട്ടുകര-വടൂക്കര പ്രദേശങ്ങളുടെ ഒരറ്റത്തായി പഴയ പ്രൌഡിയോടെ പുതിയ മുഖത്തോടെ സ്വാഗതം ചെയ്യുന്ന ഹൃദയഹാരിയായ ഒരു പാർക്കാണിത്.
വഞ്ചിക്കുളത്തിന്റെ ആധുനികവത്കരണം നേരത്തെ തുടങ്ങിയതായിരുന്നു. അപ്പോഴാണ് ഈ കുളത്തിന്റെ നെറുകെ ചില നെറികെട്ടവർ മഞ്ഞക്കുറ്റി അടിച്ചിറക്കിയത്. അതോടെ ആധുനികവത്കരണം വഴിയാധാരമായി. പിന്നീട് നേരും നെറിയുമുള്ളവരാണ് ഈ മഞ്ഞക്കുറ്റിയെടുത്ത് വഞ്ചിക്കുളത്തിന്നരികെയുള്ള പുത്തൻ ചാലിലേക്ക് വലിച്ചെറിഞ്ഞത്. അവർക്ക് തൃശൂർക്കാരുടെ നമോവാകം. ഈ തെരഞ്ഞെടുപ്പ് അവരെ രക്ഷിക്കട്ടെ.
ഏകദേശം ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് രാജ്യത്തിന്റെ പലയിടങ്ങളിൽ നിന്നായി പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഇത്തിളും മണലുമൊക്കെ ഓടിവള്ളങ്ങളിലും പുരവള്ളങ്ങളിലും സ്വാകര്യവള്ളങ്ങളിലുമായി ഇറക്കിവച്ച ഒരു നാടൻ തുറമുഖമായിരുന്നു പൂത്തോളിലെ ഈ വഞ്ചിക്കുളം. ഇവിടെ നിന്നായിരുന്നു കേരളത്തിലുടനീളവും പിന്നെ മദ്രാസിലേക്കുമൊക്കെ ചരക്ക് നീങ്ങിയിരുന്നത്. കേവലം 18 മീറ്റർ വീതിയുള്ള വടൂക്കര പുത്തൻചാല് വഴിയായിരുന്നു അന്നത്തെ ചരക്ക് നീക്കം. അതൊക്കെ പതിനെട്ടാം നൂറ്റാണ്ടിൽ കൊച്ചി ഭരിച്ചിരുന്ന രാമവർമ്മൻ എട്ടാമന്റെ കാലം. പിന്നീട് വികസനത്തിന്റെ ഭാഗമായി ഇവിടം പാണ്ടികശാലകൾ നിർമ്മിച്ചത് ശക്തൻ തമ്പുരാനായിരുന്നു.
1902-ൽ ,ഷൊർണ്ണൂർ-കൊച്ചി റെയിൽ വന്നതോടെ ഈ വഞ്ചിക്കുളത്തിന്റെ പ്രസക്തി കുറഞ്ഞിരുന്നു. പിന്നീട് 1924 കാലഘട്ടങ്ങളിൽ ചേറ്റുപുഴ, പെരുമ്പുഴ, ഏനാമ്മാവ്. തൃപ്രയാർ, കണ്ടശ്ശാംകടവ് തുടങ്ങിയ പാലങ്ങൾ കൂടി വന്നതോടെ വഞ്ചിക്കുളം നാമമാത്രമായി നിലനിന്നു. എങ്കിലും അധികം വൈകാതെ വഞ്ചിക്കുളം ഒരു പൊട്ടക്കുളമാവുകയായിരുന്നു.
മഞ്ഞക്കുറ്റി വലിച്ചെറിപെട്ടതോടെ, ഒരുപാട് ചരിത്രമുറങ്ങുന്ന ഈ വഞ്ചിക്കുളത്തെ പിന്നീട് വിനോദ സഞ്ചാരവകുപ്പ് ഒരു ചരിത്രപൈതൃക പാർക്കാക്കി മാറ്റുകയായിരുന്നു.
തൃശൂർക്കാർക്ക് പോലും അറിയാത്ത ഈ വഞ്ചിക്കുളം പാർക്ക് പരിചയപ്പെടുത്തുകയാണ് സീറ്റി സ്കാൻ.
തൃശൂർ റെിൽവെ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാർക്ക് തീവണ്ടിയുടെ വരവും പോക്കും അനുസരിച്ച് സമയത്തെ വിനോദീകരിക്കാനും മനസ്സ് ശാന്തമാക്കാനും പറ്റിയ ഒരു മനോഹരമായ പ്രകൃത്യാൽ നിർമ്മിക്കപ്പെട്ട പച്ചപ്പരവതാനി വിരിച്ച പാർക്കാണിത്. തികച്ചും കേരളത്തനിമയിൽ ഭാരതീയ വാസ്തുകലയിൽ ആവിഷ്കരിച്ച ഈ പാർക്ക് കേരളത്തിന്റേയും തൃശൂരിന്റേയും ചരിത്രം പറഞ്ഞുതരുന്ന ഒരു ഇൻഫർമേഷൻ സെന്റർ കൂടിയാണ്. കേരള ലളിത കലാ അക്കാദമി കലാകാരന്മാരുടെ അതിമനോഹരമായ ചുവർചിത്രങ്ങൾ ഈ പാർക്കിനെ ഒരു ആർട്ട് ഗ്യാലറിയാക്കുന്നുണ്ട്.
ഇവിടെ നങ്കൂരമടിച്ചുകിടക്കുന്ന ഫൈബർ ബോട്ടുകളിൽ നിങ്ങൾക്ക് ജലസവാരി നടത്തി കേരളീയ ഭംഗി ആസ്വദിക്കാവുന്നതാണ്. പ്രണേതാക്കൾക്കും പുതുമണാളനും മണാട്ടിക്കും ഇവിടുത്തെ അരയന്നത്തോണി തുഴഞ്ഞ് പ്രണയസരോവരങ്ങളിൽ ആറാടാം. ഈ പാർക്കിലെ വയസ്സൻ മരങ്ങളുടെ ഛായാതലങ്ങളിൽ, കുളക്കടവുകളിൽ, പടവുകളിൽ, പുത്തൻചാലിന്റെ ഓരങ്ങളിൽ എടുത്തുകൂട്ടുന്ന സെൽഫികളിൽ മതിമറക്കാം.
വൈകുന്നേരങ്ങളിൽ ദീപാലംകൃതമായ ഇവിടുത്തെ വ്യായാമ പാർക്കിൽ ശരീരസൌന്ദര്യവും ആരോഗ്യപരിപാലനവും നിലനിർത്താം. ഇവിടുത്തെ റസ്റ്റോറന്റിൽ നിന്ന് രുചിക്കൂട്ടുകൾ നുണയാം.
ഇതൊക്കെയാണെങ്കിലും ഇവിടെ അതിരാവിലെ മുതൽ ന്യൂജൻ പ്രണേതാക്കളുടെ തിക്കും തിരക്കുമാണ്. പഠിക്കാനെന്ന് പറഞ്ഞാണ് ഇക്കൂട്ടർ ഇവിടെ തമ്പടിക്കുന്നത്. അതുകൊണ്ട് അധികൃതർക്ക് ഇക്കൂട്ടരെ നിയന്ത്രിക്കുകയും ബുദ്ധിമുട്ടാണ്. എങ്കിലും പ്രണയസുഗന്ധം പരത്തുന്ന അവർ തന്നെയാണ് ഈ പാർക്കിന്റെ വികാരവും മധുരവും.