ഞാൻ സുവർണ്ണക്ഷേത്രത്തിൽ, ബാല്യം നുണഞ്ഞ്

ഞാൻ സുവർണ്ണക്ഷേത്രത്തിൽ, ബാല്യം നുണഞ്ഞ്

ഇത് പഞ്ചാബിലെ അമൃത്സർ നഗരമാണ്. രാത്രിയാണ്. പക്ഷേ വൈദ്യുത ദീപങ്ങളിൽ കുളിച്ചു കുറി തൊട്ട ഈ നഗരത്തിനിപ്പോൾ പകൽശോഭയാണ്. വിശാലമായ തെരുവാണിത്. വലിയ വാഹനങ്ങൾക്ക് ഇവിടെ പ്രവേശനമില്ല. ഇരുച്ചക്ര വാഹനങ്ങൾ കാണാനുണ്ട്.

ആ ദൂരെ കാണുന്നതാണ് ജാലിയൻ വാലാ ബാഗ് സ്തൂപം. ആ സ്തൂപം ഒന്ന് കറങ്ങി നേരെ പോയാൽ പ്രസിദ്ധമായ സുവർണ്ണക്ഷേത്രമാണ്. തെരുവിലുടനീളം തൊപ്പിയും സ്കാർഫും വിൽക്കുന്നവരെ കാണാം. പിന്നെ ടൂറിസ്റ്റ് ഗൈഡുമാരേയും കാണാം.വീഡിയോ കാണാം

സുവർണ്ണക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തരും സഞ്ചാരികളും തല തൂവാലകൊണ്ട് മൂടണം. അതാണ് ഈ കച്ചവടക്കാർ ഇവിടെ തൂവാല കച്ചവടം നടത്തുന്നത്.

ഈ തെരുവിനിപ്പോൾ നല്ല തിരക്കാണ്. എല്ലാവരും പോകുന്നത് സുവർണ്ണക്ഷേത്രത്തിലേക്കാണ്. എല്ലാവരും തിരിച്ചുവരുന്നത് സുവർണ്ണക്ഷേത്രം കണ്ടാണ്.

ദൂരെ നിന്ന് സുവർണ്ണക്ഷേത്രത്തിലെ പ്രാർത്ഥനാമന്ത്രം ഒഴുകുന്നുണ്ട്. തെരുവോരങ്ങളിൽ മുഗൾ ശീലിലുള്ള കെട്ടിടങ്ങൾ കാണാം. ആർച്ച് കമാനങ്ങളും ആകാശത്തേക്ക് കൈകൂപ്പി നിൽക്കുന്ന ചെറുതും വലുതുമായ ഗോപുരങ്ങൾ കാണാം.

സുവർണ്ണക്ഷേത്ര പരിസരമായി. ദാ ഇവിടെ കൊച്ചുകൊച്ചു തൂണുകളിട്ട് ഉപരോധിച്ചിരിക്കുകയാണ്. ഇനി ഒരു വാഹനത്തിനും ഈ ക്ഷേത്രപരിസരങ്ങളിലേക്ക് പ്രവേശനമില്ല.

സുവർണ്ണക്ഷേത്രത്തിലേക്ക് നീളുന്ന ഈ വഴിയോരങ്ങളിൽ നിറയെ കച്ചവടക്കാരാണ്. അവരുടെ ബഹളമാണ്. ഈ മാർക്കറ്റിൽ എന്തും ലഭ്യമാണ്. കൂടുതലും വസ്ത്രമാണ്. പിന്നെ തുകൽ ഉദ്പ്പന്നങ്ങളും പിന്നെ കാർപ്പറ്റുകളും. മധുരപലഹാരങ്ങളും  നിറയേ ഉണ്ട്.

360 ഡിഗ്രിയിലും ഇവിടെ വൈദ്യതവെളിച്ചത്തിന്റെ പ്രളയമായതുകൊണ്ട് ദൃശ്യചിത്രീകരണം പ്രയാസകരമാണ്. നിവൃത്തിയില്ല. ക്യാമറ, ഈ പ്രതികൂല പരിസരങ്ങളെ സഹിച്ചേ മതിയാവൂ.

ക്ഷേത്രമെത്തും മുമ്പ് ഇതുപോലുള്ള ഉപരോധങ്ങൾ കാണാം. തിരക്ക് നിയന്ത്രിക്കുന്നതിനും കൂടിയാണ് ഈ ഉപരോധങ്ങൾ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ദൂരെ സുവർണ്ണക്ഷേത്രം കണ്ടുതുടങ്ങി.

ഈ വഴിത്താരകൾ നിറയെ ചാരുബഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭക്തർക്കും സഞ്ചാരികൾക്കും ഈ ബഞ്ചുകളിൽ വിശ്രമിക്കാം. ഈ പരിസരങ്ങളൊക്കെ നല്ല വൃത്തിയിലും വെടിപ്പിലും പരിപാലിക്കുന്നുണ്ട്. ഇവിടെ ചില കാറുകളൊക്കെ കിടക്കുന്നുണ്ട്. കൂട്ടത്തിൽ എന്റേതുപോലെ ഒരു മാരുതി സെന്നും കിടപ്പുണ്ട്. ഈ വാഹനങ്ങളൊക്കെ മിക്കവാറും അധികൃതരുടേതാവാമെന്ന് കരുതുന്നു.

ദാ ഇവിടെ ഒരു ബോർഡുണ്ട്. ഇവിടെയാണ്, നാം നമ്മുടെ ബാഗും ചെരിപ്പുമൊക്കെ സൂക്ഷിക്കേണ്ടത്. ഈ സൂക്ഷിപ്പ് സൌജന്യമാണ്. ക്ഷേത്രത്തിനകത്ത് ബാഗും ചെരിപ്പും അനുവദനീയമല്ല.

ഞാനിപ്പോൾ അമൃത്സറിലെ ഒരു സുപ്രധാന ഗുരുദ്വാരയിലാണ്. സിക്ക് മതവിശ്വാസത്തിന്റെ പുണ്യഭൂമിയിലാണ്. ഈ ഗുരുദ്വാര അറിയപ്പെടുന്നത് സുവർണ്ണക്ഷേത്രം എന്നുകൂടിയാണ്.

ഈ സുവർണ്ണ ക്ഷേത്രത്തിന് ചുറ്റും ഒരു ഭക്തസരോവരമാണ്. തെളിനീരോളങ്ങൾ നിലക്കാത്ത ഒരു സരോവരം. 1577-ൽ നാലാമത് സിക്ക് ഗുരുവായ ഗുരു റാംദാസാണ് ഈ മനോഹര സരോവരം പണി തീർത്തത്. 1904-ലാണ് ഇവിടെ സിക്ക് വിശ്വാസത്തിന്റെ പ്രാമാണിക ഗ്രന്ഥമായ ആദിഗ്രന്ഥം പ്രതിഷ്ഠിക്കുന്നത്.

ഈ ഭക്തസരോവരത്തിൻറെ ഓരങ്ങളിലൂടെ നമുക്ക് വിവിധങ്ങളായ പ്രാർത്ഥനാലയങ്ങൾ വലം വച്ചു നടക്കാം. നമ്മുടെ കാതുകളിൽ ഹാർമോണിയവും തബലയും ബജനും സാന്ദ്രമായ തലോടലാവും. നാമിവിടെ നടക്കുകയല്ല, ഈ ഭക്തസരോവരത്തിലെ കുഞ്ഞോളങ്ങൾ കണക്കെ അലയുകയാണ്.

ചുറ്റും മുഗളവാസ്തുശില്പങ്ങളുടെ ആർച്ച് കമാനങ്ങളും കൊച്ചു കൊച്ചു ഗോപുരങ്ങളും കാണാം. ഇടയ്ക്കിടെ കൂറ്റൻ ഗോപുരങ്ങളും കാണാം. സർവ്വം വെള്ളിവെളിച്ചത്തിൽ ദീപ്തമാണ്. ഈ വെളിച്ചം എന്റെ ക്യാമറയെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മാത്രമല്ല, ഇവിടെ ലളിതമായ ക്യാമറാ ചിത്രീകരണം മാത്രമേ അനുവദിക്കുന്നുള്ളൂ. ജിമ്പലുകളും സെൽഫി സ്റ്റിക്കുമൊന്നും ഇവിടെ അനുവദനീയമല്ല. കയ്യിൽ ഒരു വടിയുമായി സിക്ക് വളണ്ടിയർമാർ ഭക്തരെ നിരീക്ഷിക്കുന്നുണ്ട്. എന്റെ ക്യാമറയുടെ ജിമ്പൽ പാടില്ലെന്ന് വിലക്കിയതും അവരാണ്

നമുക്ക് ചരിത്രം തുടരാം. പണ്ട്,  മുഗളന്മാർ സിക്കുകാരെ വേട്ടയാടുന്ന കാലമായിരുന്നു. അങ്ങനെ ഒരുപാട് കലാപങ്ങൾക്കും കലഹങ്ങൾക്കും ഈ ഗുരുദ്വാര സാക്ഷിയായിരുന്നു. പലതവണ ഈ ഗുരുദ്വാര തകർത്തുകളഞ്ഞിട്ടുണ്ട്.

അത്രയും തവണ ഈ ഗുരുദ്വാര പുനർനിർമ്മിച്ചിട്ടുമുണ്ട്. അവസാനം സിക്ക് സാമൃാജ്യത്തിന്റെ മുന്നണി പോരാളിയായ മഹാരാജ രൺജിത്ത് സിംഗാണ്, 1809-ൽ മാർബിളിലും ചെമ്പിലുമായി ഈ ഗുരുദ്വാര പുതുക്കി പണിതത്. 1830-ൽ ഈ ഗുരുദ്വാരയുടെ ശ്രീകോവിൽ സ്വർണ്ണം പൊതിഞ്ഞതോടെയാണ് ഈ ക്ഷേത്രം സുവർണ്ണക്ഷേത്രമായത്.

ഇവിടെ എവിടെ നിന്ന് നോക്കിയാലും ഒരേ കാഴ്ചയാണ്. ഭക്തസരോവരത്തിൽ നീരാടിനിൽക്കുന്ന സുവർണ്ണക്ഷേത്രം. എവിടെ ക്യാമറ വച്ചാലും ഒരേയൊരു കാഴ്ച, ഭക്തസരോവരത്തിലെ ഓളങ്ങളോട് നാമം ജപിക്കുന്ന സുവർണ്ണക്ഷേത്രം. ഏത് ആംഗിളിൽ നിന്ന് നോക്കിയാലും സുവർണ്ണക്ഷേത്രത്തിന്റെ ബിംബവും, ഭക്തസരോവരത്തിലെ ഓളങ്ങളിലിഴയുന്ന പ്രതിബിംബവും കാണാം. ഹാർമോണിയവും തബലയുമൊരുക്കുന്ന ബജനും കാതിലണിയാം.

ഇതൊക്കെ കാണുമ്പോൾ ആരുടെ കൈകളും കൂമ്പിപ്പോകും. ആരുടെ ശിരസ്സും അറിയാതെ കുനിഞ്ഞുപോകും. ഞാനും എന്റെ കൈകൾ കൂപ്പി, ആ സുവർണ്ണലഹരിയിൽ മുഴുകി. അപ്പോഴും ഭക്തരും സഞ്ചാരികളും സുവർണ്ണക്ഷേത്രത്തെ അവിരാമം വലം വച്ചുകൊണ്ടിരുന്നു. അവരിൽ ചില പ്രാർത്ഥനാസംഘങ്ങളും കാണും. അവർ നമുക്ക് മധുരപ്രസാദവും വിളമ്പും.

ഇടയ്ക്കൊരിടത്തുനിന്ന് സുവർണ്ണക്ഷേത്രത്തിലെ പുണ്യജലവും നമുക്ക് പാനം ചെയ്യാം. അങ്ങനെ നമുക്കും ഈ സുവർണ്ണഭൂമിയിൽ ജ്ഞാനസ്നാനപ്പെടാം. ഞാനും അങ്ങനെ ഈ സുവർണ്ണക്ഷേത്രത്തിൽ ജ്ഞാനസ്നാനിതനായി.

ഈ ക്ഷേത്രനിർമ്മാണത്തിലും ആചാരാനുഷ്ഠാനകർമ്മങ്ങളിലും ഒരു  ഹൈന്ദവസംസ്കാരം കൂടി പ്രകടമാണ്. ഈ സുവർണ്ണക്ഷേത്രസമീപമത്തെ ഈ മരം ആൽമരത്തെ ഓർമ്മിപ്പിക്കുന്നുണ്ട്. ഈ കുഞ്ഞിലകൾ ആൽമരത്തെ പുനർജനിപ്പിക്കുന്നുണ്ട്. ഈ പച്ചപ്പിലൂടെ സുവർണ്ണക്ഷേത്രം, ഏതോ അമ്പലപറമ്പിലെ ഹൈന്ദവക്ഷേത്രത്തേയും ഓർമ്മിപ്പിക്കുന്നുണ്ട്. ഒപ്പത്തിനൊപ്പം മുഗളവാസ്തുശില്പഭംഗിയും നമ്മേ തലോടുന്നുണ്ടാവണം.

എത്രകണ്ടാലും മതിയാവാത്ത ഈ സുവർണ്ണക്ഷേത്രം കണ്ടുമടങ്ങുമ്പോൾ, നമ്മുടെ ഉള്ളുനിറയെ ഭാരതീയത തുളുമ്പുന്നുണ്ടവും.

പുറത്തുകടന്ന് ജാലിയൻ വാലാ ബാഗ് സ്തൂപം വലം വച്ച് തിരിച്ചുനടക്കുമ്പോഴും നമ്മുടെ ഹൃദയതാളത്തിൽ സുവർണ്ണക്ഷേത്രം കൂടി ഏതോ ഭക്തസരോവരത്തിൽ തിരയിളക്കുന്നുണ്ടാവും.

സിക്ക് സമുദായത്തിന്റെ സുവർണ്ണഭൂമിയായ ഈ സുവർണ്ണക്ഷേത്രാങ്കണം 1980-കളിൽ അക്കലത്തെ കോൺഗ്രസ്സ് ഭരണകൂടവുമായി സംഘർഷത്തിലായിരുന്നു. അക്കാലത്ത് സിക്ക് തീവ്രവികാരവുമായി രംഗത്തുണ്ടായിരുന്ന ബിന്ദ്രൻവാലയും സംഘവും അന്നത്തെ കോൺഗ്രസ്സ് ഭരണകൂടവുമായി നേർക്കുനേർ പോർവിളി നടത്തുകയുണ്ടായി.

ചരിത്രം അടയാളപ്പെടുത്തിയ 1984-ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ മുഖേനെ അന്നത്തെ സർക്കാർ സിക്ക് തീവ്രവാദികളെ അടച്ചൊതുക്കി. അവരുടെ അത്യന്താധുനിക ആയുധപ്പുരകളും തകർക്കപ്പെട്ടു. ആയിരക്കണക്കിന് സിക്കുകാർ ആത്മബലി കൊടുത്ത ഈ സംഘർഷത്തിൽ സുവർണ്ണക്ഷേത്രത്തിന്റെ ഏതാനും ഭാഗങ്ങൾ തകർക്കപ്പെട്ടിരുന്നു. അസോസ്യേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ടറായ ബ്രഹ്മ ചെല്ലാനിക്ക് മാത്രമാണ് ഇത് ലോകത്തോട് റിപ്പോർട്ട് ചെയ്യാനായത്.

ഏകദേശം 780 തീവ്രവാദികളും 400 പട്ടാളക്കാരും കൊല്ലപ്പെട്ടതായാണ് ആദ്യ റിപ്പോർട്ടുകളിൽ പറയുന്നത്.

പിന്നീട് ബ്ലൂ സ്റ്റാർ ഓപ്പറേഷനിൽ നിശ്ശബ്ദമായി പ്രതികരിച്ച, സിക്ക് തീവ്രവാദികൾ, 1984 ഒക്ടോബർ 31-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വെടിവച്ചിട്ടതിനുശേഷമാണ് ആ പക പിൻവലിച്ചത്.

നാല് പ്രവേശന കവാടമുള്ള സുവർണ്ണക്ഷേത്രം ഈ ഭൂമിയിൽ ഏവർക്കും നിർഭയം പ്രവേശിച്ച് സിക്ക് പ്രാർത്ഥനാമന്ത്രത്തിന്റെ അകമ്പടിയോടെ ധ്യാനനിരതരായി പ്രാർത്ഥിക്കാവുന്ന ക്ഷേത്രസമുച്ഛയമാണ്. അതിമനോഹരമായ സരോവരം ചുറ്റി ഈ ക്ഷേത്രത്തിന്റെ ഏതെങ്കിലും പ്രവേശനകവാടത്തിലൂടെ അകത്ത് പ്രവേശിക്കാവുന്നതാണ്. അമൃത് സരോവരം എന്നും ഈ ക്ഷേത്രക്കളത്തിന് മറ്റൊരു പേരുണ്ട്. ഏകദേശം ഒന്നര ലക്ഷം സന്ദർശകർ പ്രതിദിനം ഈ യുനെസ്കൊ പൈതൃക  സുവർണ്ണക്ഷേത്രം വലം വക്കുന്നുണ്ട്. ഇവിടുത്തെ അന്നദാനവും പ്രസാദ ഊട്ടും കേമമാണ്. ഈ അമൃത്സർ നഗരം തന്നെ ഈ ക്ഷേത്രത്തിനോട് കടപ്പെട്ടുകഴിയുന്നു എന്നാണ് ചരിത്രം പറയുന്നത്.