ഈ കാണുന്നത് തായ് ലണ്ടിലെ ക്രാബി മഴക്കാടുകളാണ്. ഈ കാടുകളും ഇവിടുത്തെ ഗുഹാമുഖങ്ങളും പണ്ട് പുലിമടകളായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ഒരുതരം നിശ്സബ്ദനരിഗർജ്ജനം കേൾക്കുന്നുണ്ട് ഞാനിവിടെ. ഇവിടെയാണ് ക്രാബിയിലെ പ്രസിദ്ധമായ നരിഗഹാക്ഷേത്രം അഥവാ ടൈഗർ കേവ് ടെമ്പിൾ. ഇതൊരു ഭീമൻ ബൌദ്ധ ക്ഷേത്രമാണ്. ഇപ്പോളിവിടെ പുനരുദ്ധാരണം നടക്കുയാണ്. ഇന്നിവിടെ നല്ല മഴയുമാണ്. സഞ്ചാരികളും കുറവാണ്. ചിത്രീകരണം എല്ലാം കൊണ്ടും ദുഷ്കരമാണ്. വീഡിയോ കാണാം

സത്യത്തിൽ തായ് ലണ്ടിലെ കാഴ്ചകൾ എന്തെന്ന് എന്നോട് ചോദിച്ചാൽ ഒരു സഞ്ചാരിയെന്ന നിലയിൽ ഞാൻ പറയുക അവിടങ്ങളിലെ ബൌദ്ധ സ്തൂപങ്ങളെ കുറിച്ചും ബൌദ്ധക്ഷേത്രങ്ങളെ കുറിച്ചും ബൌദ്ധസംസ്കാരത്തെ കുറിച്ചുമാണ്. അത്രകണ്ട് ബൌദ്ധസ്പർശമുണ്ട് തായ് ലണ്ട് ഭൂമിക മുഴുവനും. പക്ഷേ ബഹുഭൂരിപക്ഷം സഞ്ചാരികളും പറയുക, തായ് മസ്സാജിനെകുറിച്ചും തായ് ലഹരിയെകുറിച്ചും തായ് രാത്രികളിലെ രാസലീലകളെ കുറിച്ചുമായിരിക്കും. ഇത് സഞ്ചാരികളുടെ കുഴപ്പം കൊണ്ടല്ല, ടൂർ കമ്പനിക്കാരുടെ ദുരുദ്യേശപരമായ കച്ചവടലാക്കുകൊണ്ടാണ്.
എന്തായാലും നമുക്ക് ക്രാബിയിലെ ഈ ബൌദ്ധക്ഷേത്രം കാണാം. ഇവിടെ ഇപ്പോളിവിടെ ക്ഷേത്രപുനരുദ്ധാരണം നടക്കയാൽ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. പതിവുപോലെ ചൈനീസ്-ടിബറ്റൻ വാസ്തുനിർമ്മിതിയാണ് ഈ ക്ഷേത്രവും. ഒരു പ്രധാന കൂറ്റൻ ഗോപുരവും പിന്നെ ചെറുതും വലുതുമായ കുറേ സ്തൂപങ്ങളിൽ ഉയർന്നുനിൽക്കുന്ന കൊച്ചുകൊച്ചു ഗോപുരങ്ങളും കാണാം. പീതവർണ്ണ പശ്ചാത്തലങ്ങളിൽ തങ്കച്ചാർത്തുകളാണ് ഇത്തരം ക്ഷേത്രങ്ങളുടെ വർണ്ണസങ്കലനം.

ക്ഷേത്രപുനർനിർമ്മിതി നടക്കുന്നതുകൊണ്ട് പുറത്തെ ദൃശ്യങ്ങളാണ് ഞാൻ കൂടുതലും പകർത്തുന്നത്. അതും മഴ മൂലം നന്നായി ചിത്രീകരിക്കാനും കഴിയുന്നി ല്ലെന്നതും സങ്കടകരമാണ്. ഈ ക്ഷേത്രാങ്കണം നന്നായി പരിപാലിക്കുന്നില്ലെന്നത് നിങ്ങൾക്ക് ഈ ദൃശ്യങ്ങളിൽ നിന്നുതന്നെ വ്യക്തമാവും.
ശ്രീകൃഷ്ണന്റെ കാർമുകിൽ വർണ്ണം പോലെ ശ്രീബുദ്ധന് സ്വർണ്ണനിറമാണ് എവിടേയും കണ്ടുവരുന്നത്. ഈ ശില്പം കണ്ടുവോ, തങ്കവർണ്ണനാണ് ശ്രീബുദ്ധൻ. ക്ഷേത്രനിർമ്മിതിയിലും ശ്രീകോവിലിന്റെ വർണ്ണസംവിധാനവും തനി തങ്കത്തിൽ തന്നെ. അലങ്കാരങ്ങളിലും മറ്റ് ശില്പാഭരണങ്ങളിലും തങ്കപശ്ചാത്തലങ്ങളിലുള്ള കടുത്ത ഛായക്കൂട്ടുകൾ കാണാം. ബൌദ്ധക്ഷേത്ര പരിസരങ്ങളും ഹരിതാഭമായിരിക്കും. പൂക്കളാൽ സമ്പന്നവുമായിരിക്കും.

ഇവിടെ ഈ ക്ഷേത്രം പുനരുദ്ധാരണ ജോലികളിലാണെന്നറിഞ്ഞിട്ടും ടൂർ കമ്പനിക്കാരും അവരുടെ ഗൈഡുമാരും ഇവിടേക്ക് ചുമ്മാ സഞ്ചാരികളെ കൊണ്ടുവന്ന് പറ്റിക്കുകയാണ്. ഒരു തായ് ക്ഷേത്രം സഞ്ചാരികളെ കാണിച്ചു എന്ന് വരുത്തിതീർക്കാൻ മാത്രം. കാരണം, അതൊക്കെ അവരുടെ കച്ചവട റീലുകളിൽ ഉൾപ്പെടുത്തിയിട്ടാണ് സഞ്ചാരികളെ ടൂർ കമ്പനിക്കാർ വലവീശി പിടിക്കുന്നത്.
ഈ ക്ഷേത്രാങ്കണം വളരെ വിശാലമാണ്. ചെറുതും വലുതുമായ സ്തൂപങ്ങളാൽ അലംകൃതമാണ് ഈ ക്ഷേത്രഭിത്തികൾ. നാഗശില്പചാതുരിയുടെ അടയാളങ്ങളാൽ സമ്പന്നമാണ് ഈ ക്ഷേത്രവാസ്തുനിർമ്മിതികൾ. വിചിത്രമായ നാഗപടങ്ങളാൽ ഇവിടം മുഴുവനും സ്വർണ്ണക്കെട്ടുള്ള സ്വർണ്ണനാഗങ്ങൾ ഇഴയുന്നതും ശുഭ്രവിഷപ്പല്ലുകൾ കാണിച്ച് ഫണം വിരിച്ചാടുന്നതും കാണാം.

ക്ഷേത്രപുനരുദ്ധാരണം മൂലമോ മഴമൂലമോ അതോ സന്ധ്യയായതുകൊണ്ടോ ഇവിടം തീർത്തും നിർജ്ജീവമാണ്. സമീപത്തെ കെട്ടിടങ്ങളോ ധ്യാനകേന്ദ്രങ്ങളോ ഒന്നും സജീവമല്ല. ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട ഒരു അമ്പലസ്ഥലിയിലൂടെ പോകുന്ന പ്രതീതിയാണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്.
പുലിപാദസ്പർശമേറ്റുകിടക്കുന്ന, പുലിപാദമുദ്രകളാൽ അലംകൃതമായ ഈ ക്ഷേത്രത്തിന്റെ ചെങ്കുത്തായ 1260 ഒതുക്കുകൾ കയറി ഉയരത്തിലെത്തിയാൽ സുവർണ്ണസൂര്യന്റെ ചെങ്കിതിരേറ്റ് ധ്യാനനിരതനായ ബുദ്ധനെ കണ്ട് പ്രണമിക്കാം.

ഏകദേശം 2500 വർഷങ്ങൾക്ക് മുമ്പ് അജാ ജുമ്നീൻ എന്നൊരു ബൌദ്ധമുനി ഇവിടെ ധ്യാനിച്ചിരുന്നതായി പറയപ്പെടുന്നു. നിറയെ പുലികളുണ്ടായിരുന്ന ഒരു ഗുഹയായിരുന്നു ഇത്. അങ്ങനെയാണ് ഈ ക്ഷേത്രത്തിന് നരിഗുഹാക്ഷേത്രം എന്ന പേരു് വീണത്. തായ് ഭാഷയിൽ വാട് താം സുയീ ക്ഷേത്രം. ഇവിടുത്തെ ഗുഹാമുകങ്ങളിലും ചുറ്റുപാടുകളിലും പുലിപാദമുദ്രകൾ കണ്ടെത്തിയതോടെയാണ് ഈ ക്ഷേത്രത്തിന് ആ പേരുണ്ടായതെന്നും പറയപ്പെടുന്നുണ്ട്. ബുദ്ധദേവന്റെ പാദമുദ്രകളാലും ഈ ക്ഷേത്രം അലംകൃതമാണ്.
നാല് ഗുഹകൾ അടങ്ങിയ ഒരു ഗുഹാസമുച്ഛയത്തിലാണ് ഈ നരിപാദക്ഷേത്രം സ്ഥിതിചെയ്യുന്നത്. തും കോൻ താൻ, തും ലോഡ്, തും ചാങ്ങ് കിയോ, തും ലുക്ക് ഇവയാണ് ആ നാല് ഗുഹകൾ. ഈ ഗുഹാപരിസരം നിറയേ മഴക്കാടുകളാണ്. പിന്നേയും കുറേ ഗുഹകൾ ഇവിടങ്ങളിലുണ്ടെങ്കിലും അവിടേക്കൊന്നും സഞ്ചാരികൾക്ക് പ്രവേശനമില്ല. മാത്രമല്ല, മനുഷ്യ അസ്ഥികൂടങ്ങളാൽ അലംകൃതവുമാണ് ഈ ചരിത്രപൈതൃക ക്ഷേത്രം. ഇവിടെ ഇപ്പോൾ പുലികളൊന്നുമില്ല. തീരെ സൌഹൃദമില്ലാത്ത കുറേ കുറുമ്പൻ കുരങ്ങൻമാരാണ് ഇവിടം നിറയേ.
ഇവിടെ ഒരു കൂറ്റൻ സുവർണ്ണ ബുദ്ധശില്പം കാണാം. പിന്നെ ക്രാബിയുടെ അതിമനോഹരമായ ഒരു പക്ഷിക്കൺ ദൃശ്യവും ആസ്വദിക്കാം.
പക്ഷേ ഇന്ന് ഇപ്പറഞ്ഞ ഒരു കാഴ്ചയും സാധ്യമല്ല. കാരണം, സന്ധ്യക്ക് ആറുമണിക്ക് ഇറങ്ങും രീതിയിൽ വേണം ഉയരങ്ങളിലേക്കുള്ള ഒതുക്കകൾ കയറാൻ. ഞാനിവിടെ എത്തുമ്പോൾ തന്നെ ഏതാണ്ട് ആറുമണിയായി. മാത്രമല്ല, ടൂർ ഗൈഡ് നമ്മളോട് ഒരു നുണയും പറഞ്ഞു. ഇപ്പോളിവിടുത്തെ ഒരുക്കുകൾക്ക് ഭയങ്കര വഴുക്കലാണ്, കയറുന്നത്, ആപൽക്കരമാണ്. പച്ചക്കള്ളമായിരുന്നു അതെന്ന് ആ കുന്ന് കയറിവന്ന സ്പെയിൻ സഞ്ചാരികൾ എന്നോട് പറഞ്ഞു.

നിരുത്തരവാദ ടൂർകമ്പനിക്കാരും അവരുടെ ഗൈഡുമാരും ഇങ്ങനെയൊക്കെയാണ് തന്ത്രപൂർവ്വം സഞ്ചാരികളെ പറ്റിക്കുക. മാത്രമല്ല, സഞ്ചാരികൾക്കും ഇവിടുത്തെ ക്ഷേത്രങ്ങളുമൊന്നുമല്ലല്ലോ പ്രധാനം. അവർക്കൊക്കെ ഇവിടുത്തെ മദ്യവും മദിരാക്ഷിയും മസ്സാജും മാത്രം മതി. ടൂർ കമ്പനിക്കാർ അവഡക്ക് കൊടുക്കുന്നതും അതുതന്നെ. അതാണല്ലോ വിനോദസഞ്ചാര കച്ചവടവും.
തിരിച്ചുനടക്കുമ്പോഴാണ് ഈ സ്പെയിൽ മിഥുനങ്ങളെ കണ്ടത്. അവർ ആയിരങ്ങളുടെ ഒതുക്കുകൾ കയറി ഉയരങ്ങളിലെ ശ്രീബുദ്ധനെ കണ്ടു. എന്നോട് ആ വിശേഷങ്ങളും പങ്കുവച്ചു. അവരാണ് ഭാഗ്യം ചെയ്ത സഞ്ചാരികൾ. കാരണം അവരെ ഇവിടെ കൊണ്ടുവന്നത്, നിരുത്തരവാദ ടൂർ കമ്പനിയല്ല, ഗൈഡുമല്ല. അവരുടെ ഓർമ്മക്കായി, അവർ എനിക്ക് തന്ന ഒരു വീഡിയോ ക്ലിപ്പ് ഞാൻ ഇവിടെ ചേർക്കുന്നു.

