ഇത് ക്രാബിയോ ക്രബിയോ അതോ ക്രാബോ-ക്രാബി യാത്രാനുഭവം

ഇത് ക്രാബിയോ ക്രബിയോ അതോ ക്രാബോ-ക്രാബി യാത്രാനുഭവം

ക്രാബി പ്രവിശ്യയിലെ പാറക്കൂട്ടങ്ങളും അവ തീർക്കുന്ന ഹരിത-നീല തടാകങ്ങളും കണ്ട് ഞാൻ ക്രാബി നഗരത്തിലേക്ക് പോവുകയാണ്. ഏകദേശം അഞ്ചു മണിക്കൂറെങ്കിലും എടുക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതായത് അന്ന്, ക്രാബിയിൽ രാപാർക്കാം എന്ന് ചുരുക്കം.

പുക്കറ്റിൽ നിന്ന് ക്രാബിയിലേക്കുള്ള റോഡുകൾ മികച്ചതായിരുന്നു. റോഡിന്റെ ഇരുവശങ്ങളും ഹരിതാഭമായിരുന്നു. വാഹനത്തിന്റെ സ്ഫടികജാലകത്തിലൂടെയുള്ള ക്യാമറക്കാഴ്ചകളാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇനി ഉച്ചയൂണിനേ ഈ വാഹനം നിർത്തൂ. വാഹനത്തിലുള്ള മലയാളികളുടെ പാട്ടും കൂത്തും ബഹളവുമുണ്ട്. എന്റെ പ്രേക്ഷകരെ കേൾപ്പിക്കാനുള്ള നിലവാരമില്ലാത്തതുകൊണ്ടാണ് ആ പശ്ചാത്തല ബഹളം വീഡിയോയിൽ നിന്ന് നീക്കം ചെയ്തത്.

എന്തായാലും നമുക്ക് ഈ വഴിയോരകാഴ്ചകളും എണ്ണപ്പനകളും റബ്ബർ തോട്ടങ്ങളും കണ്ടുകണ്ടു പോകവേ ഞാൻ നിങ്ങൾക്ക് അല്പം കൂടി ക്രാബി കഥകൾ പറഞ്ഞുതരാം.

പുക്കറ്റിനും തെക്കൻ തായ് ലണ്ടിനും ഇടയിൽ പ്രസിദ്ധമായ ക്രാബി നദിയുടെ തലോടലേറ്റ് കിടക്കുന്ന ഒരു ശിലാ-ഹരിത ഭൂമിയാണ് ക്രാബി. വിസ്തീർണ്ണം 650 ചതുരശ്ര കിലോ മീറ്റർ. ജനസംഖ്യ കേവലം 32600. ഇവിടുത്തെ പ്രധാന ഏർപ്പാട് ടൂറിസം തന്നെ.

300 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഈ ഭൂമികയിൽ, ഏകദേശം 5000 വർഷം മുമ്പ് മാത്രമാണ് മനുഷ്യാധിവാസം ഉണ്ടായിരുന്നതെന്നാണ് ചരിത്രകാരൻമാർ അവകാശപ്പെടുന്നത്. അതിന് മുമ്പ് ഇവിടെ കുരങ്ങന്മാരും ആനകളും കണ്ടാമൃഗങ്ങളും ചില വിചിത്ര ജലജീവികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ചരിത്രകാരന്മാർ പറയുന്നു.

സത്യത്തിൽ ആനത്താവളങ്ങളുടെ ഭൂമിയാണ് ക്രാബി. അങ്ങനെ ആനപ്രേമികളുടെ താവളങ്ങളായ പക്കാസായ്, ക്ലോങ്ങ് പോൺ, പാക്ക് ലാവോ എന്നിവ കൂടിച്ചേർന്നുണ്ടായ ഒരു പ്രവിശ്യയാണ് ക്രാബി. ഈ പ്രദേശത്തിന്റെ രൂപകല്പന നടന്നത് 1872-ൽ ചൂലാലോങ്ങകോങ്ങ് രാജാവിന്റെ കാലത്താണ്. ലുവാങ്ങ് തെപ് സേന ആയിരുന്നു ആദ്യത്തെ ഗവർണർ. പിന്നീട് ഭരണം ബാങ്ങ്കോക്ക് തലസ്ഥാനത്തുനിന്നുള്ള തായ് അഡിമിനിസ്ട്രേറ്റർ മാരിലേക്ക് പോയി.

അതിപാറ്റ് പഞ്ചിനാഥനാകുൻ ആണ് ഇപ്പോഴത്തെ ക്രാബി മുനിസിപ്പാലിറ്റി മേയറും സെക്രട്ടറിയും. അഴിമതിയും കൈക്കൂലിയും ഇല്ലാത്ത ഭരണമാണ് ഇവിടുത്തേതെന്നാണ് പറയപ്പെടുന്നത്. 

ആനാധിവാസ ഭൂമികയായ ക്രാബിയുടെ ദേശീയ ചിഹ്നവും പുരോഗതിയുടെ ചക്രത്തിനുള്ളിലെ വാളേന്തിയ ആനയാണ്. ക്രാബി എന്നാൽ വാൾ എന്നത്രെ. പണ്ട്പണ്ട് ഇവിടെനിന്ന് ചരിത്രഗവേഷകർക്ക് കിട്ടിയ ഒരു വാളിൽ നിന്നാണ് ക്രാബിക്ക് ഈ പേരു് കിട്ടിയത്.

ബാങ്ങ്കോക്കിനേയോ പട്ടായയേയോ പുക്കറ്റിനേയോ അപേക്ഷിച്ച് ക്രാബി അത്രകണ്ട് ആകർഷകത്വമുള്ള നഗരമേയല്ല. കുറച്ച് പാറക്കൂട്ടങ്ങളും തടാകങ്ങളുമുള്ള ഒരു സാധാരണ ബീച്ച് ഭൂമിക. ടൂറിസം പച്ചപിടിക്കാൻ തുടങ്ങിയപ്പോൾ തായ് സർക്കാർ അത് വില്പനച്ചരക്കാക്കിയെന്ന് മാത്രം. വീഡിയോ കാണാം

ഇവിടുത്തെ വൈകുന്നേരങ്ങളിൽ പ്രത്യേകിച്ചും വെള്ളി ശനി ഞായർ ദിവസങ്ങളിൽ ഈ തെരുവിലൂടെ നടക്കുന്നത് ഒരു രസമെന്ന് പറയാം. അതേസമയം ബാങ്ങ്കോക്കും പട്ടായയും തരുന്ന ഒരു വൈബ് ഇവിടെ ഇല്ലെന്ന് പറയുന്നതാവും ശരി. രാത്രകാല വിനോദവും ഇവിടെ അത്ര കേമമല്ലതന്നെ.  

ഈ നഗരത്തിലെ കറുത്ത ഞണ്ടിന്റെ ശില്പം പ്രസിദ്ധമാണ്. ക്രാബിയിലെ ഞണ്ട് വിഭവങ്ങൾ കേമമായതുകൊണ്ടാവാം ഈ ശില്പം ഇവിടെ പണിതുയർത്തിയതെന്ന് കരുതാം. അല്ലാതെ ക്രാബിയും ക്രാബും തമ്മിൽ കാര്യമായ ഒരു ബന്ധവും ഇന്നാട്ടുകാർ പറയുന്നില്ല.

ക്രാബി നഗരത്തിലെ ഉത്തരാകിറ്റ് റോഡിലാണ് ഈ ശില്പം സ്ഥിതി ചെയ്യുന്നത്. കറുപ്പ് ഷേഡിലുള്ള ചെമ്പ് ലോഹത്തിലാണ് ഈ ശില്പം തീർത്തിട്ടുള്ളത്. ഒരു അമ്മ ഞണ്ടും മൂന്ന് ഞണ്ടിൻ കുഞ്ഞുങ്ങളുമാണ് ഈ ശില്പത്തിലുള്ളത്.

ഇതുകൂടാതെ ഇവിടെ നഗരമദ്ധ്യത്തിൽ ഒരു ബൌദ്ധക്ഷേത്രവുമുണ്ട്. 1900-ാം ആണ്ടിലാണ് ഈ ക്ഷേത്രം ഉണ്ടാവുന്നത്. ക്രാബി നഗരത്തിലെ മഹാരഥ് റോഡിൽ നിന്നാണ് ഈ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം.  ഇതൊരു രാജകീയ ക്ഷേത്രം കൂടിയാണ്. അതുകൊണ്ടുതന്നെ രാജകീയ ആഘോഷങ്ങളൊക്കെ ഇവിടെ വച്ച് നടക്കുക പതിവാണ്.  1912- മുതൽ ഈ ക്ഷേത്രം തായ്ലണ്ടിലെ ഒരു സുപ്രധാന ബൌദ്ധ പഠന കേന്ദ്രം കൂടിയാണ്.

ഈ ക്ഷേത്രത്തിനുപുറത്ത് സ്ഥിതിചെയ്യുന്ന ശില്പചാതുര്യം കൊണ്ട് ആകർഷകമായ ഒരു വിശാലമായ ഹാളുണ്ട്. വളരെ പ്രസിദ്ധമായ ഈ ഹാളിലേക്കുള്ള ഒതുക്കുകളും വിളക്കുമരങ്ങളും ആരേയും വിസ്മയിപ്പിക്കുന്ന നാഗകല്പനകളുള്ള കാഴ്ചയാണ്. ബുദ്ധദേവന്റെ പിറവികൊള്ളുന്ന അനശ്വര മുഹൂർത്തങ്ങളും കാണാം നമുക്കിവിടെ.

ഈ റോഡിൽ തന്നെയാണ് പ്രസിദ്ധമായ ആന്റമാൻ സാംസ്കാരിക പഠന കേന്ദവും. ക്രാബിയുടെ ചരിത്രത്തിന്റെ നാൾവഴികൾ ചിത്രീകരിച്ചിട്ടുള്ള ഇവിടുത്തെ ചരിത്രമ്യൂസിയം മനോഹരമാണ്.

പിന്നേയുമുണ്ട് ക്രാബിയെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ദൃശ്യങ്ങൾ.

ക്രാബി നദിയുടെ തീരത്ത് ഏകദേശം 100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് മനോഹരമായ കുന്നുകളും സഞ്ചാരികൾക്ക് ദൃശ്യവിരുന്നാണ്. ചാവോ ഫാ പീറിൽ നിന്ന് ചുണ്ടൻ വള്ളം  എടുത്തുപോയാൽ നമുക്ക് ഇത് കാണാം. മാത്രമല്ല, സമീപത്തെ മാന്തോപ്പുകളും കാണാം. ഇവിടെയൊക്കെ അധിവസിക്കുന്ന മനുഷ്യസമൂഹത്തെ കാണാം, പഠിക്കാം. ഇവിടുത്തെ പാർക്ക് കാണാം.

എന്നാൽ ഇവിടെ വരുന്ന സഞ്ചാരികളിൽ എത്ര പേർ ഇതൊക്കെ കണ്ടു എന്ന് ചോദിച്ചാൽ ഉത്തരം നമ്മേ അതിശയിപ്പിക്കാനാണ് സാധ്യത. സഞ്ചാരികൾ ആരും ഇവിടങ്ങളിലെ ആനകളേയും ഞണ്ടിനേയും ബൌദ്ധക്ഷേത്രങ്ങളും മ്യൂസിയങ്ങളും പാഠശാലകളും കാണാൻ നിൽക്കില്ല. അവരൊക്കെ, ഇവിടങ്ങളിലെ മദ്യവും മദിരാക്ഷിയും മസാജും ഇത്തിരി ജലകേളികളും ആസ്വദിച്ച് ഇവിടം വിടുകയാണ് പതിവ്. ഇതൊന്നും കാണിക്കലും ടൂർ കമ്പനിക്കാരുടെ ഉത്തരവാദിത്തവുമല്ല. ഇതേകുറിച്ചൊന്നും പഠിച്ചുവരുന്ന ടൂർ കമ്പനിക്കാരും സഞ്ചാരികളും നന്നേ കുറവാണ്.

അങ്ങനെ ഞാൻ അവ്നോങ്ങ് നഗരമെത്തി. ഇവിടുത്തുകാർ പറയുന്നത് ആർസിഎ അവ്നോങ്ങ് എന്നാണ്. ക്രാബി നഗരത്തിലേക്ക് ഇനിയും 30 മിനിറ്റ് എടുക്കും. എന്തായാലും ഇവിടെ നിന്നാണ് ഉച്ചയൂണ്. ഒരു തരം സാമ്പാർ കൂട്ടിയുള്ള, നമ്മുടെ നാട്ടിലെ തട്ടുകട  ഊണ്. ഇവിടെ നല്ല മുന്തിയ നാലുനക്ഷത്ര പദവിയുള്ള ഹോട്ടലുകളൊക്കെ ഉണ്ടെങ്കിലും സഞ്ചാരികൾക്ക് എന്നും എവിടേയും ഈ ചോറും സാമ്പാറും മത്രമേ ടൂർ കമ്പനിക്കാർ വിളമ്പൂ. എന്റെ യൂറോപ്പ് സഞ്ചാരത്തിനിടയിലും അതുതന്നെയായിരുന്നു ടൂർ കമ്പനിക്കാരുടെ ബോധപൂർവ്വമുള്ള ഏർപ്പാട്.

ടൂർ കമ്പനിക്കാരുടെ പരസ്യത്തിൽ പറയുന്നത് നാലുനക്ഷത്ര ഭക്ഷണമെന്നൊക്കെയാണ്. അതവരുടെ സ്ഥിരം പല്ലവിയാണ്.

അവർ സഞ്ചാരികളെ വീഴ്തുന്നത് പലപ്പോഴും അവർ താമസത്തിനായി തെരഞ്ഞെടുക്കുന്ന ചില ഹോട്ടലുകളിലെ സൌജന്യ യൂറോപ്യൻ ബ്രേക്ക് ഫാസ്റ്റ് ഭക്ഷണം നീട്ടിയാണ്. മിക്കവാറും വിദേശങ്ങളിലൊക്കെ ഇത്തരം ഹോട്ടലുകളിലെ യൂറോപ്യൻ പ്രഭാതഭക്ഷണം സൌജന്യമാണെന്ന നഗ്നസത്യം ഇപ്പോഴും നമ്മുടെ മലയാളികൾക്ക് അറിയില്ല. ഈ അറിവില്ലായ്മയിലാണ് നമ്മുടെ ടൂർ കമ്പനികൾ തഴച്ചുവളരുന്നത്. എന്തായാലും ഇനി അധികം നാൾ ഈ തട്ടിപ്പ് നടക്കില്ല. കാരണം, മലയാളികൾ വിനോദസഞ്ചാരമൊക്കെ പഠിച്ചുവരികയാണ്.

ഞാൻ ഇവിടുത്തെ ചില ഹോട്ടലുകളിലൊക്ക സന്ദർശിച്ചു ഇവിടെയൊക്കെ എണ്ണിയാലൊടുങ്ങാത്ത നല്ല അസ്സൽ തായ് വിഭവങ്ങളുണ്ട്. ചിലതൊക്കെ ഞാനും രുചിച്ചുനോക്കി. നമ്മുടെയൊക്കെ നാവിന് പറ്റുന്ന നല്ല രുചിയുള്ള തായ് വിഭവങ്ങളുണ്ടിവിടെ.

ഇതൊരു ഭീമൻ തായ് റസ്റ്റോറന്റാണ്. ഇത് തായ് വിഭവങ്ങളുടെ ഒടുങ്ങാത്ത കലവറയാണ്. തായ് രുചിക്കൂട്ടുകൾ കൊണ്ട് അലംകൃതമാണ് ഈ റസ്റ്റോറന്റ്. ഭാഷയുടെ പരിമിതികളെ അതിജീവിച്ച് ഞാനും ഈ റസ്റ്റോറന്റിലെ മനുഷ്യരോട് സംസാരിച്ചു.

ഇവൾ ഹന്ന, തായ്ലണ്ടുകാരിയാണ്. തരക്കേടില്ലാതെ ചടുലമായി ഇംഗ്ലീഷ് പറയുന്നുണ്ട് ഇവൾ. അവരിൽ ഒരാൾ എനിക്ക് പാട്ടുകൾ പാടിത്തന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന സഞ്ചാരികൾ അത് ചിത്രീകരിക്കുന്നത് കാണാമായിരുന്നു. കുറേ പേർ ആ പാട്ടുകാരനെ കയ്യടിച്ച് ആദരിച്ചു. ആ പാട്ടുകാരനാണ് എനിക്ക് തായ് ഭക്ഷണവിഭവങ്ങളെ കുറിച്ച് പറഞ്ഞുതന്നത്. അവയിൽ നീത്ത എന്ന വിഭവമാണത്രെ കേമം.

ഇവൾ എന്തോ ഉണ്ടാക്കുകയാണ്. അവൾ ആ ജോലിയിൽ മുഴുകിയിരിക്കുകയാണ്. എന്റെ ക്യാമറക്കും ചോദ്യങ്ങൾക്കും അവൾ പ്രതികരിക്കുന്നതേയില്ല. ഇവിടെ നിറയേ തണുത്ത തായ് പാനീയങ്ങളാണ്.

ഈ കാണുന്ന സെവൻ ഇലവൻ ആണ് ഇവിടങ്ങളിലെ സൂപ്പർ മാർക്കറ്റ് ശൃംഖല. ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇവിടെ കിട്ടും. മറ്റു കടകളെ അപേക്ഷിച്ച് വില ന്യായവും കുറവുമായിരിക്കും. ഇവിടെ എല്ലാവിധ വിദേശമദ്യവും കിട്ടുമെന്നുള്ളതാണ് ഈ സൂപ്പർ മാർക്കറ്റിന്റെ പ്രത്യേകത. എല്ലാ ടൂർ കമ്പനിക്കാരും ഇത്തരം സൂപ്പർ മാർക്കറ്റുകളിൽ വാഹനം നിർത്തും. അവർക്കൊക്കെ സാരമായ കമ്മീഷനും കിട്ടും ഇവിടെ നിന്നൊക്കെ.

ഇവിടെ മക്ക്നോൾഡും സ്റ്റാർബക്സും നിറയേ കാണാം. പക്ഷേ കെഎഫ്സി അധികം കണ്ടില്ല.

ഇതൊരു ബാർ കം റസ്റ്റോറന്റാണ്. ഈ കുട്ടിയോട് സംസാരിക്കുന്നത് വല്ലാത്തൊരു രസം തന്നെ. അവളുടെ നാണവും, കൊഞ്ചലും, ചിരിയും, നിഷ്കളങ്കമായ മുഖഭാവങ്ങളും എന്നെ വല്ലാതെ ആകർഷിച്ചു. ഞാനും അവളെ വല്ലാത്തൊരു വാത്സല്യത്തോടെ കൊഞ്ചിച്ചു. അത് അവൾ ആഘോഷിക്കുകയും ചെയ്തു. ഇവളും തായ്ലണ്ടുകാരിയാണ്.

രാത്രിയായി. ഇനി ക്രാബി രാക്കാഴ്ചകൾ കാണാം. ഞാൻ നേരത്തെ പറഞ്ഞില്ലേ, തായ്ലണ്ടിനേയും ബാങ്ങ്കോക്കിനേയും പട്ടായയേയും അപേക്ഷിച്ച് പുക്കറ്റിലേയും ക്രാബിയിലേയും രാവുകൾക്ക് അത്ര ത്രില്ലില്ല. വൈബില്ല. ഷോപ്പിങ്ങ് സൌകര്യങ്ങളൊക്കെ ഉണ്ടെങ്കി്ലും ക്വാളിറ്റി ഷോപ്പിങ്ങിന് കൊള്ളില്ല. റസ്റ്റോറന്റുകൾ നിറയേ ഉണ്ടെങ്കിലും ഒന്നാം തരം എന്നുപറയാൻ വിരലിൽ എണ്ണാവുന്നതേ കണ്ടുള്ളൂ. ഇവിടെയും മക്ക്നോൾഡും സ്റ്റാർബക്സും സുലഭമാണ്.

നൈറ്റ് ക്ലബ്ബുകളും ഡിസ്ക്കോത്തികളും കുറവാണ്. ബാറുകളും അധികം കണ്ടില്ല. ഞാൻ ക്രാബി വാക്കേഴസ് സ്ട്രീറ്റിലൂടെ കുറേ നടന്നു. ഞാൻ പട്ടായയിൽ പ്രതീക്ഷിച്ച വൈബ് ഇവിടെ കണ്ടില്ല. സഞ്ചാരികളും കുറവാണ്. സമയം ഏതാണ്ട് പതിനൊന്നായി. ക്രാബി ഏതാണ്ടൊക്കെ ഉറങ്ങിക്കഴിഞ്ഞു. ഞാൻ ഒരു ഓട്ടോ പിടിച്ച് ഹോട്ടലിലേക്ക് മടങ്ങി. ഓട്ടോ ഓടിക്കുന്ന ചെന്നൈകാരനിലും ഒരു വൈബ് കണ്ടില്ല. ഈ പുക്കറ്റും ക്രാബിയുമൊക്കെ ടൂർ കമ്പനിക്കാർക്കുള്ള തരികിട കച്ചവട കേന്ദ്രങ്ങളാണ്.