സ്വിസ്സ് ഹംസങ്ങളുടെ കഥകൾ കേൾക്കാം, സ്വിറ്റ്സർലണ്ട് കാണാം.

സ്വിസ്സ് ഹംസങ്ങളുടെ കഥകൾ കേൾക്കാം, സ്വിറ്റ്സർലണ്ട് കാണാം.
08 Oct 2024

ഏകദേശം 750 വർഷം പഴക്കമുള്ള ഒരു ഐതിഹാസിക ഹരിതഭൂമിയിലേക്കാണ് ഞാനിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ജുറ, ആൽപ്സ് പർവ്വതങ്ങൾ വിരിപ്പിട്ട തൂമഞ്ഞുപുതപ്പിൽ സ്വപ്നം കണ്ടുറങ്ങുന്ന സ്വിറ്റ്സർലണ്ടിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. വീഡിയോ കാണാം

അകലെ, പച്ചച്ച താഴ്വാരങ്ങളിൽ വളപ്പൊട്ടുകൾ പോലെ സ്വിസ്സ് വീടുകൾ കാണാം. പഴയ റോമാ സാമൃാജ്യത്തിന്റെ പ്രൌഡി കൊഴിയാത്ത വിശ്വാസികളുടെ ഭൂമി. അവിടവിടെ തനത് വാസ്തുതെറ്റിച്ചുകൊണ്ടുള്ള കെട്ടിടങ്ങളും കാണാം.

യൂറോപ്പിന്റെ കേന്ദ്രബിന്ദുവാണ് ഈ ഭൂമിക. പച്ചയുടെ നിറഭേദങ്ങൾ കാണാം. റോൺ, റൈൻ നദികൾ സ്വരുക്കൂട്ടിയ സ്വിസ്സിലെ ഹരിതഭൂമിയിലിരുന്നും തടാകക്കരയിലിരുന്നും സ്വിസ്സ് ഹംസങ്ങളോട് പ്രണയസല്ലാപം നടത്തിയിരുന്നു ഞാൻ. നമുക്ക് ആ പ്രണയഹംസങ്ങളുടെ കഥകൾ കേൾക്കാം. അവരോടൊപ്പം ഈ പൂപ്പന്തലുകളിൽ, ഈ സ്വപ്നതടാകങ്ങളിൽ, എന്നോടൊപ്പം നീന്തിത്തുടിക്കാം. സെൽഫിയെടുത്ത് തിമിർക്കുന്നവരെ കാണാം.

റൈൻ നദിയുടെ കൈവഴികളിലൂടെ ബഹുവർണ്ണക്കൊടികൾ ചാർത്തിയ, കച്ചവട ബോട്ടകളും വfനോദസഞ്ചാര ബോട്ടുകളും ഇഴഞ്ഞൊഴുകുന്നത് കാണാം. സ്വിസ്സ് ഹംസങ്ങൾ നീന്തിത്തുടിക്കുന്നത് കാണാം. നീലജല വിസ്മയങ്ങളിൽ, സ്വിസ്സ് സുന്ദരിയെ ധ്യാനിച്ച് നിർവൃതിയടയുന്ന സഞ്ചാരികളെ കാണാം. നദിക്കരയിൽ തിരയിളക്കങ്ങൾ പോലെ സ്വിസ്സ് വാസ്തുനിർമ്മിതികൾ കാണാം

ഫ്രഞ്ച് വിപ്ലവങ്ങളും ലോകമഹായുദ്ധങ്ങളും കണ്ട് മനസ്സും ശരീരവും മഞ്ഞിലുറഞ്ഞുപോയ ഒരു സ്വപ്നഭൂമിയാണ് സ്വിറ്റ്സർലണ്ട്. ആരോടൊക്കെയോ കൂട്ടുകൂടാൻ പാടുപ്പെട്ടിട്ടും ആരോടും കൂട്ടുകൂടാനാവാതെ ബൈബിളിന്റെ വിശ്വാസപ്രമാണങ്ങളിൽ ഇന്നും വിശ്വസിച്ച്, ആശ്രമസമാനമായ ഭവനങ്ങളിൽ ധ്യാനനിരതരായി കഴിയുകയാണ് ഈ അന്തർമുഖജനത.

ഒപ്പം റൈൻ നദിയെ മുത്തമിട്ട്. ഒരു സുവർണ്ണസംസ്കാരത്തിന്റെ തൊഴുകയ്യുമായി ആകാശത്തേക്ക് പ്രാർത്ഥനാനിർഭരമായി ഘനീഭവിച്ചുകഴിയുന്ന കൊച്ചുകൊച്ചു ഗോപുരങ്ങളും, ദേവാലയങ്ങളും, മനുഷ്യാലയങ്ങളും, നമുക്കിവിടെ ഈ സ്വപ്നതീരങ്ങളിൽ.

പച്ചയുടെ വർണ്ണരാജികൾ വിരിയിക്കുന്ന 26 പ്രവശ്യകളുമായി, പടിഞ്ഞാറൻ യൂറോപ്പിൽ, ഒരു മാസ്മരിക വിസ്മയമായി, ഈ ഭൂമിക ലോകത്തിന്റെ സ്വർഗ്ഗമായി വിടർന്നുകിടക്കുന്നു.

മദ്ധ്യകാലങ്ങളിലെ ക്രൈസ്തവപടയാളികളുടെ നിരന്തരമായ കുടിയേറ്റങ്ങളും കുടിയിറക്കങ്ങളുമായി ഇവിടേക്ക് ചേക്കേറിയ ക്രിസ്തുവിന്റെ പോരാളികൾ ഇന്ന് വത്തിക്കാനിന്റെ മുഴുവൻ പോരാളികളാണ്, പോപ്പിന്റെ കാവൽമാലാഖമാരാണ്.

ചോരയുടെ ചുവന്ന പശ്ചാത്തലത്തിൽ നാലുസമതലമുള്ള പരിശുദ്ധ കുരിശ് നെഞ്ചിലേറ്റുന്ന  അവരെ നാം സ്വിസ്സ് ഗാഡ്സ് എന്ന് വിളിച്ചുപോരുന്നു. അന്നും ഇന്നും ആശങ്കകളില്ലാതെ, കുടിയേറുന്നവരുടേയും കുടിയിറങ്ങുന്നവരുടേയും പരിശുദ്ധ രാജ്യം തന്നെ. സാർവ്വലൌകിക മനുഷ്യത്വത്തിന്റെ ചുവന്ന കുരിശിന്റെ, ഭൂമിയിലെ സ്വർഗ്ഗരാജ്യം. സാർവ്വലോക മാനവികതയുടെ റെഡ് ക്രോസ്സ് രാജ്യം.

മതപരിവർത്തനത്തിന്റെ പൊള്ളുന്ന കാലഘട്ടത്തിലെ അഗ്നിപരീക്ഷകളെ അതിജീവിച്ച്, തികച്ചും നിഷ്പക്ഷ സമീപനം കൊണ്ട് നിലനിന്നവരാണ് ഇവിടുത്തെ ക്രിസ്ത്യൻ സമൂഹം. ആ നിഷ്പക്ഷ സമീപനം കൊണ്ടുതന്നെയാണ് ഇവർ ഫ്രഞ്ച് വിപ്ലവത്തിന്റേയും രണ്ട് ലോകമഹായുദ്ധങ്ങളുടേയും ചോരക്കളം നീന്തിക്കയറിയത്. ആ ഭയാശങ്കകൾ ഇന്നും സ്വിസ്സുകാരുടെ മുഖത്ത് മഞ്ഞുമൂടിക്കിടക്കുന്നത് കാണാം.

അവർ അങ്ങനെയൊന്നും എളുപ്പത്തിൽ ചിരിക്കില്ല, മുഖപ്രസാദത്തിന്റെ തിരികൾ തെളിയിക്കില്ല. അവരും കുട്ടികളും, അവരുടെ സൈക്കിളുകളും ഈ തടാകക്കരയിലിരുന്ന്, ഏതോ ഏകാന്തതയിൽ, ദുരൂഹ ദിവാസ്വപ്നങ്ങളും കണ്ട് ഹംസങ്ങളെ താലോലിച്ചും സ്വയം ഓമനിച്ചും കഴിഞ്ഞുകൂടുന്നു. അപ്പോഴും ഹംസങ്ങൾ അവരെ സന്തോഷിപ്പിച്ചും സമാധാനിപ്പിച്ചും കൊണ്ടിരിക്കും. അവരിൽ ചിലരെങ്കിലും തടാകക്കരയിലെ റസ്റ്റോറന്റുകളിൽ, കളിയും ചിരിയുമില്ലാതെ, ചുവന്ന സ്വിസ്സ് മുന്തിരിച്ചാറും സ്വിസ്സ് ചീസ്സും നുണഞ്ഞുനുണഞ്ഞിരിക്കും.

അയൽരാജ്യങ്ങളായ ഫ്രാൻസും ജർമ്മനിയും ബെൽജിയവും ഇറ്റലിയും പങ്കിട്ടെടുക്കുന്ന അതിർരേഖകളുമായി പണ്ടെങ്ങോ നടന്ന ശീതയുദ്ധങ്ങൾ കണ്ട പുൽമേട്. അന്നവർ പരിശീലിച്ച അതേ നിഷ്പക്ഷതയെ ദേശീയ അടയാളമാക്കി സ്വന്തം കാലിൽ യൂറോപ്പ്യൻ യൂണിയനോട് സമദൂരവും ഐക്യദാർഡ്യവും പാലിച്ചുകഴിയുകയാണ് ഇന്നും, സ്വിറ്റ്സർലണ്ട്.

യൂറോപ്പിലെ എല്ലാ മനുഷ്യരും കയറിയിറങ്ങുന്ന തെരുവുകളും ബസ്സുകളും ട്രാമുകളും പോലെ, യൂറോപ്പിന്റെ എല്ലാ സംസ്കൃതിയോടും അവർ നീതി പുലർത്തുന്നുണ്ടാവണം. ഇവിടുത്തെ തെരുവു റസ്റ്റോറന്റുകൾ അതൊക്കെ നേർസാക്ഷ്യം പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ ഭാഷക്കുമുണ്ട് ഒരു നിഷ്പക്ഷതയുടെ ഏകാന്തവിനിമയ സ്വഭാവം. ഫ്രഞ്ചും ജർമ്മനും സാധാരണമാണ് ഇവിടെ. പിന്നെ രണ്ടും കൂടിച്ചേർന്ന ഒരുതരം സ്വിസ്സ് ഭാഷയും. അതുകൊണ്ടുതന്നെ ഈ ഭാഷ വഴങ്ങാനും ബുദ്ധിമുട്ടാണ്. ആ സ്വിറ്റസർലണ്ടിലൂടെയാണ്, ആ കുളിർകാറ്റിലൂടെയാണ്. ഞാനിപ്പോൾ യാത്ര ചെയ്യുന്നത്.

കണ്ണെത്താദൂരങ്ങൾക്കപ്പുറത്തും കാണാമറയത്തും പച്ചവിരിപ്പിട്ട ഇവിടങ്ങളിൽ സ്വിസ്സ് മണിത്താളങ്ങളിൽ മേയുന്ന കാമധേനുക്കളെ കാണാം. അവർ നട്ടുനനച്ചുണ്ടാക്കിയ പഴങ്ങളും അവർ വാറ്റിയെടുത്ത ചുടുവീഞ്ഞുഭരണികളും കാണാം.

സൂര്യൻ ഒളിച്ചുകളിക്കുന്ന ഇവിടം ഇടയ്ക്കിടെ വെളിച്ചവും നിഴലും, ഈ പച്ചക്കമ്പളങ്ങളിൽ ഇളക്കവും തിളക്കവും തീർക്കുന്നത് കാണാം. ഈ ഋതുമതിയുടെ ഹരിതാഭമായ മുഖശ്രീക്ക് ശേല് കൂട്ടുന്ന മുഖക്കുരുക്കൾ പോലെ അവിടവിടെ ശിരസ്സിൽ ത്രികോണപരിവേഷം ചാർത്തിയ കുഞ്ഞുകുഞ്ഞു കളിവീടുകൾ കാണാം. അവയുടെ മുകളിൽ പാൽഗംഗ തുപ്പുന്ന കൊച്ചുകൊച്ചു പൂങ്കുഴലുകൾ കാണാം.

നീലാകാശവും പച്ചച്ച താഴ്വാരങ്ങളും ഇണചേരുന്നത് കാണാം. സംഭവിക്കില്ലെന്നറിയാമെങ്കിലും, അപ്പപ്പോഴൊക്ക അവിടങ്ങളിൽ ഇറങ്ങിയൊന്ന് കറങ്ങണമെന്ന് തോന്നാം.  ഇതെല്ലാം കാണുമ്പോൾ നാം തന്നെ അറിയാതെ പറയും, ഇത് ഭൂമിയിലെ സ്വർഗ്ഗമാണെന്ന്.

41000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പച്ചവിരിപ്പിൽ കഴിഞ്ഞുകൂടുന്നത് 8 ലക്ഷം മനുഷ്യരാണ്. പക്ഷേ, അവരിൽ പലരും ഫ്രാൻസ്, ജർമ്മനി, ബെൽജിയം, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളാണ്. സ്വിസ്സുകാരിൽ പലരും വിദേശത്തുമാണ് കഴിഞ്ഞുകൂടുന്നത്. സ്വിസ്സ് സ്ത്രീകൾ മാത്രമാണ് ഇവിടങ്ങളിൽ കൂടുതലായും ജീവിക്കുന്നത്. അതിന്റെ ഒരു ഏതാന്തഭാവം ഈ കാണുന്ന വീടുകളിൽ നിന്ന് നമുക്ക് അനുഭവിച്ചെടുക്കാം. എന്തൊരു കാതരമായ കാമനകളാണ് ഈ നിർമ്മിതികൾ നമുക്ക് സമ്മാനിക്കുന്നത്.

ഈ സ്ത്രീകളുടെ കുടുംബാന്തസ്സിലേക്കുള്ള ദൂരവും ഏറെ കൂടുതലാണ്. അവർ ഏകാന്തതയെ കാമിക്കുന്നവരാണ്. അവർ ഇവിടങ്ങളിലെ തടാകങ്ങളിലെ ഹംസങ്ങളേയും, മാറിലെ ഓമന ശുനകന്മാരേയും പരിചരിച്ചും പരിപാലിച്ചും കഴിഞ്ഞുകൂടുന്നു.

ഈ ജാലകക്കാഴ്ചകളാണ് ആനന്ദകരം, നേർക്കാഴ്ചകൾ ഒരുപക്ഷേ ഈ ആനന്ദം കെടുത്തുമോ എന്ന ഭയമുണ്ട് എന്നിലെ സഞ്ചാരിക്ക്. അത്രക്കും സ്നിഗ്ദമാണ്, പവിത്രമാണ് ഈ നയനഭോഗാനുഭവങ്ങൾ.

വിദൂരക്കാഴ്ചകളിൽ നമ്മേ പ്രസാദിപ്പിക്കുന്ന ഇവിടുത്തെ വീടുകൾ സമീപക്കാഴ്ചകളിൽ നമ്മേ അത്രക്കും പ്രസാദിപ്പിക്കുന്നില്ല. രാത്രിയിൽ പോലും അരണ്ടപ്രകാശത്തെക്കാൾ കൂടുതൽ പ്രകാശം കാണില്ലിവിടെ. നിറയേ പൂക്കളും ചിലപ്പോഴെങ്കിലും ആപ്പിളും പൂത്തുലഞ്ഞുകിടക്കുന്ന ഈ വീടുകളിലും തെരുവുകളിലും മനുഷ്യരെ അത്യപൂർവ്വമായെ കാണാറുള്ളൂ. ഉള്ളവരിൽ തന്നെ കൂടുതലും സ്ത്രീകളാണ്. അവർ അവരുടെ ഓമന ശുനകന്മാരേയും കൊണ്ട് ഇവിടുത്തെ പച്ചപ്പരവതാനികളിൽ ഉലാത്തുന്നത് കാണാം. മറ്റുചിലപ്പോൾ വൃദ്ധദമ്പതിമാരെയും കാണാം. അവരിലും ചിരിയും പ്രസാദവും കുറവാണ്.

നീലമലകൾ മേലാപ്പ് ചാർത്തിയ, ഇവിടെ കൂടുതലും പുൽമൈതാനങ്ങളാണ്. പുല്ലിന്റെ പുളകം ചൂടിയ പച്ചതാഴ്വാരങ്ങളാണ്. ഇടക്ക് പൊട്ടേറ്റോ പാടങ്ങൾ കാണാം. ചോളം പൂത്ത പാടങ്ങൾ കാണാം. കരിമ്പച്ചയുടെ കറുകറുത്ത കാടുകൾ കാണാം.

തൂമഞ്ഞണിഞ്ഞ, നീലച്ച, പർവ്വതമേലാപ്പുകൾ കാണാം. പർവ്വതങ്ങളിൽ നിന്ന് താഴ്വാരങ്ങളിലേക്ക് ഇറങ്ങിവന്ന വെള്ളിമേഘങ്ങളെ കാണാം. നീലയും പച്ചയും വെള്ളയും വിസ്മയം തീർക്കുന്ന തടാകങ്ങൾ കാണാം. ഈ സ്വപ്നതടാകങ്ങളിൽ നീന്തിക്കളിക്കുന്ന ഹംസങ്ങളെ കാണാം.

ഫെഡറൽ ഭരണസംസ്കാരമുള്ള ഇവിടം മതസൌഹാർദ്ദത്തിന്റെ സ്വർഗ്ഗഭൂമിയാണ്. കൂടുതലും ക്രിസ്ത്യനികളാണ്. അവരിൽതന്നെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരാണ് ഭൂരിഭാഗവും. സർക്കാരിന്റെ ധനസഹായമുള്ള പള്ളികൾ കാണാം. നമ്മുടെ പള്ളികളിലേതുപോലെ തിക്കും തിരക്കുമില്ലാത്ത പള്ളികളാണ് ഇവിടെ കൂടുതലും.

ഈശ്വരവിശ്വാസത്തോളം തന്നെ ദൃഡവും ശാസ്ത്രീയതയുമുള്ള ശാസ്ത്രബോധവും സാങ്കേതിക പരിജ്ഞാനവുമുള്ള ഹൈടെക്ക് ഭൂമി കൂടിയാണ്, സ്വിറ്റ്സർലണ്ട്. കൃത്യതയുള്ള സമയചക്രങ്ങളുടെ നാഡിമിടിപ്പുള്ള, കുയിൽനാദമുള്ള നാടാണ് സ്വിറ്റ്സർലണ്ട്.

ഇൻസ്റ്റന്റ് കോഫിയും, വേഗത്തിൽ പൂട്ടുകയും തുറക്കുകയും ചെയ്യുന്ന സിപ്പ് കണ്ടുപിടിച്ചവരാണിവർ. പാലുമിഠായിയും കമ്പ്യൂട്ടർ മൌസും കണ്ടുപിടിച്ചവർ. സൌരോർജ്ജം കൊണ്ട് വിമാനം ഓടിക്കുന്നവർ. അങ്ങനെയങ്ങനെ സ്വിസ്സ് മിലിറ്ററി ടെക്ക്നോളജിയുടെ വിസ്മയങ്ങൾ പലതാണ്.

ആൽപ്സ് ഒഴുക്കുന്ന മഞ്ഞിനെ തടാകങ്ങളിൽ സൂക്ഷിക്കുന്നവരാണിവർ. നദികളായ റോണിനും റൈനും റിയൂസ്സിനും ജലഗോപുരങ്ങൾ തീർത്തവർ. ഭൂമിയിൽ ജലഗോപുരങ്ങൾ പണിതുയർത്തിയ ആദ്യത്തെ രാജ്യം കൂടിയാണ്, സ്വിറ്റ്സർലണ്ട്. എന്നും എവിടേയും പൂചൂടി നിൽക്കുന്ന ഒരേയൊരു സ്വപ്നസ്വർഗ്ഗ ഭൂമി, സ്വിറ്റസർലണ്ട്. അതേസമയം, സന്ധ്യ മയങ്ങുമ്പോഴേക്കും കെട്ടുപോകുന്ന കെടാവിളക്കാണ് സ്വിറ്റ്സർലണ്ട്.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *