സ്ത്രി തന്നെ വേണം, പുരുഷകമ്മീഷൻ മേധാവി

സ്ത്രി തന്നെ വേണം, പുരുഷകമ്മീഷൻ മേധാവി

ഏറെ എഴുതണ്ട, അത്രതന്നെ പറയണ്ട എന്നുതന്നെയാണ് എന്റെ തീരുമാനം. അതുകൊണ്ടുകൂടിയാണ്, ഞാൻ, പലപ്പോഴും ഒറ്റവാചകത്തിൽ എഴുതുന്നതും പ്രതിഷേധിക്കുന്നതും.

അതേസമയം, പറയേണ്ടത് ആരും പറയാതെ വരുമ്പോൾ, പറയാൻ ധൈര്യപ്പെടാതെ വരുമ്പോൾ, അത് പറയേണ്ടത്, എന്റെ സാമൂഹ്യബാധ്യതയണെന്ന് ഞാൻ വിശ്വസിക്കുന്നു.

മാത്രമല്ല, വ്യവസ്ഥാപിത പുരുഷവിഗ്രഹങ്ങൾക്കിടയിലേക്ക്, ഒരു പുതുപുരുഷലിംഗത്തിന്, സമൂഹത്തിൽ ആരാധനയും പ്രസക്തിയും ഏറുമ്പോൾ, ആ ലിംഗം ഛേദിച്ചുകളയാനുള്ള പ്രവണത രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിൽ, ഇന്ന് കൂടുന്നതായും കണ്ടുവരുന്നു.

വ്യവസ്ഥാപിത പുരുഷവിഗ്രഹങ്ങൾക്ക് അസാധ്യമായത്, പുതുപുരുഷലിംഗം നേടിയെടുക്കുന്നത് കാണുമ്പോൾ, അത് വ്യവസ്ഥാപിത പുരുഷവിഗ്രഹങ്ങളിലും അവരടങ്ങുന്ന ഭരണകൂടങ്ങളിലും ഒരുതരം അസൂയയും അപകർഷതാബോധവും ഉണ്ടാക്കുന്നു.

അപ്പോൾ ഇക്കൂട്ടർ എതിർലിംഗകരുത്ത് പ്രയോഗിച്ചും, അതിനെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ഭരണകൂടകരുത്ത് പ്രയോഗിച്ചും, പുതുപുരുഷലിംഗഛേദ യജ്ഞത്തിന് ആഹ്വാനം കൊടുക്കുന്നു. അതിൽ അവർ വിജയിക്കുകയും ചെയ്യുന്നു.

വർത്താമാന കേരളത്തിൽ ആണുങ്ങളെ വേട്ടയാടുന്ന വിനോദം കൂടിക്കൂടി വരികയാണ്. സത്യത്തിൽ, ആണുങ്ങളാണ് ഇരകൾ. വേട്ടക്കാർ എതിർലിംഗത്തിൽ കൂടിക്കൂടി വരുന്നുവെന്നതാണ് സത്യം. ഞാനിത് പറയുമ്പോൾ ഞാനൊരു ആണധികാരിയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അധികാരത്തിന്റെ കാര്യത്തിൽ ലിംഗസമത്വം അവകാശപ്പെടുന്ന ഒരാളാണ് ഞാൻ. മാത്രമല്ല, ആണധികാര തെമ്മാടിത്തങ്ങൾക്ക് ഞാൻ കൂട്ടുനിൽക്കുന്നുമില്ല.

ആണധികാരം അസ്തമിച്ച ഒരു കാലത്താണ് നാമിന്ന് ജീവിക്കുന്നത്. അതേസമയം, പെൺജീവിതങ്ങൾക്ക് പുണ്യപുരാതന കാലത്ത് കൊടുത്തിരുന്ന സഹതാപാനുകൂല്യം, ഇന്നും, കുറച്ചുകൂടി വിശദീകരിച്ചാൽ, അതവർപോലും അവകാശപ്പെടാത്ത, ഈ കാലത്തും, കൊടുത്തുപോരുന്നു എന്നതാണ് ദുരന്തവസ്തുത. ആ സൌജന്യം അവർ ആവശ്യമുള്ളപ്പോഴൊക്കെ അവകാശപ്പെടുന്നുണ്ടെന്നതും ഒരു വസ്തുതയാണ്.

ഇന്ന് ആണത്തത്തിന് നേരെയുള്ള പുതുനിയമസംഹിതയുടെ യുദ്ധമാണ് നടക്കുന്നത്. ഭൂമിയിൽ ആണത്തം ന്യൂനവൽക്കരിക്കുന്നതിലേക്കുള്ള സുസംഘടിത യജ്ഞമാണ് ഈ യുദ്ധം. ഇതൊരു ആണൊരുത്തനും കാണുന്നില്ല. ഞാനും ഇക്കാര്യത്തിൽ ഒരു ഇരയാണെന്നതുകൊണ്ടാണ്, ഞാനിതൊക്കെ പറയുന്നത്. നെഞ്ചെരിയുന്ന അനുഭവങ്ങൾ ഇന്നോ നാളേയോ നമ്മേ തേടിവരുമ്പോൾ മാത്രമേ നമുക്കൊക്കെ പൊള്ളുകയുള്ളൂ. അതൊരു പൊള്ളലിൽ അവസാനിക്കില്ല. അത് നമ്മേക്കൂടി അവസാനിപ്പിച്ചേ അണയൂ. അപ്പോൾ മാത്രമേ അത് നമ്മുടെ ഹോമാഗ്നിയായിരുന്നു എന്ന് നാമറിയൂ.

ആണുങ്ങളെ നന്നായി പഠിച്ചനുഭവിച്ച ഒരു സ്ത്രി, ഭാവിയിലെ പുരുഷകമ്മീഷൻ മേധാവിയാവുന്ന ഒരു കാലത്ത് മാത്രമേ ഈ ആണത്ത ന്യൂനവൽക്കരണത്തിന് പരിഹാരമുണ്ടാവൂ. കാരണം, പുരുഷന്റെ ശത്രു എന്നും പുരുഷൻ തന്നെയാണ്. കാരണം, പുരുഷൻ എന്നും സ്ത്രീപക്ഷത്തായിരിക്കും നിലയുറപ്പിക്കുക.