ടൂറിസം പഠിക്കാത്ത ടൂറിസ്റ്റ് ഗൈഡും വാഗ ബോർഡറും

ടൂറിസം പഠിക്കാത്ത ടൂറിസ്റ്റ് ഗൈഡും വാഗ ബോർഡറും

ഞാനിപ്പോൾ നിൽക്കുന്നത് അമൃത്സറിലെ വാഗ ബോർഡറിലാണ്. എന്നരികിലുള്ള ഈ ചൂണ്ടുപലക ദിശാവശങ്ങൾ നിങ്ങളോടും അത് പറയുന്നുണ്ടാവണം. ഒരു കൂറ്റൻ കൊടിമരത്തിൽ പാറുന്ന ദേശീയപതാകയും നിങ്ങൾക്കിവിടെ കാണാം. വീഡിയോ കാണാം

അമൃത്സറിൽ നിന്ന് വടക്കുകിഴക്കായി 48 കിലോമീറ്റർ സഞ്ചരിച്ചാൽ, പാക്കിസ്ഥാന്റെ ലാഹോറായി. ഇവിടെയാണ് വാഗ അതിർത്തി. കൃത്യമായി പറഞ്ഞാൽ വാഗ സോണിലാണ് ഞാനിപ്പോൾ നിൽക്കുന്നത്. വാഗ സോൺ എന്നത്, പാക്കിസ്താന്റെ ലാഹോറിന്റെ അതിർത്തിപ്രദേശമായ ഒരു ഇന്ത്യൻ ഗ്രാമമാണ്. അമൃത്സറിനേയും ലാഹോറിനേയും ബന്ധിപ്പിക്കുന്ന ഗ്രാന്ഡ് ട്രങ്ക് റോഡിന് പടിഞ്ഞാറായാണ് വാഗ ഗ്രാമം സ്ഥിതിചെയ്യുന്നത്.

ഭാരതീയ വാസ്തുശില്പമാതൃകയിൽ കാണന്ന ഈ കെട്ടിടം വാഗ അതിർത്തിയിലെ ബിഎസ്എഫിന്റെ സ്റ്റേഡിയം കെട്ടിടമാണ്. എല്ലാവരും പോകന്നത് ഈ സ്റ്റേഡിയത്തിനകത്തേക്കാണ്. കാൽ ലക്ഷം പേരെ ഉൾകൊള്ളാനുള്ള ശേഷിയുണ്ട്, ഈ സ്റ്റേഡിയത്തിന്. സ്റ്റേഡിയത്തിനകത്തെ കാഴ്ചകൾ എല്ലാവർക്കും കാണുവാനായി, ഈ സ്റ്റേഡിയത്തിന് പുറത്തും അകത്തുമായി കൂറ്റൻ ടീവി സ്ക്രീനും സ്ഥാപിച്ചിട്ടുണ്ട്.

ഇന്നിവിടെ പൊള്ളുന്ന ചൂടാണ്. നല്ല വെയിലാണ്. വെയിൽ വെളിച്ചത്തിന്റെ അതിപ്രസരം കൊണ്ട് ദൃശ്യചിത്രീകരണം ദുഷ്കരവുമാണ്. എന്നാലും, എല്ലാവരുടെ മോബൈൽ ക്യാമറകളും ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന തിരക്കിലാണ്. പട്ടാളക്കാർ പോലും ദൃശ്യചിത്രീകരണത്തിന് സഹായവും സൌകര്യവും ഒരുക്കുന്നുണ്ട്.

എന്നോടൊപ്പമുണ്ടായിരുന്ന വിവരം കെട്ട ഒരു പ്രാദേശിക ടൂർ ഗൈഡും ടൂർ മാനേജരും കാരണം ഈ ദൃശ്യം എനിക്ക് പ്രൊഫഷണലായി ചിത്രീകരിക്കാൻ കഴിഞ്ഞില്ല. പ്രേക്ഷകർ മാപ്പാക്കണം, കാരണം, ഇവിടെ മൊബൈൽ ഫോൺ അടക്കം ഒരു ക്യാമറയും, എന്തിന് തോൾസഞ്ചി പോലും അനുവദിക്കില്ലെന്ന ശുദ്ധ അസംബന്ധമാണ് ഈ രണ്ട് അസംസ്കൃത വിനോദസഞ്ചാര ഗൈഡുകളും പറഞ്ഞത്.

എല്ലാവരുടേയും അറിവിലേക്കായി പറയുകയാണ്. ഇവിടെ അത്തരത്തിൽ യാതൊരു വിലക്കുമില്ല. ഈ മനോഹര ദൃശ്യം ചിത്രീകരിക്കാനുള്ളതാണ്. ഇന്ത്യൻ ബി എസ് എഫ് പട്ടാളം അത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. എന്റെ ദൃശ്യങ്ങളിൽ നിന്ന് നിങ്ങൾക്ക് അത് വ്യക്തമായി കാണാവുന്നതുമാണ്. അതുകൊണ്ട്, എന്റെ പ്രേക്ഷകർ, അമൃത്സറിൽ വരുമ്പോൾ ഇത്തരം തട്ടിപ്പ് ഗൈഡുകളേയും ടൂർ കമ്പനിക്കാരേയും ഒഴിവാക്കണം എന്നുകൂടി ഓർമ്മിപ്പിക്കുന്നു.

വിനോദ സഞ്ചാര നിരക്ഷരരായ എന്റെ ടൂർ ഗൈഡ് കാരണം, ഞാൻ എന്റെ ക്യാമറാബാഗ് എടുത്തില്ല. ഭാഗ്യത്തിന് ഞാൻ എന്റെ ഫോൺ എടുത്തിരുന്നു. നല്ല വെയിലിലാണ് ഈ ഷൂട്ട് എടുത്തത്. അതുകൊണ്ട്, മോബൈൽ ഫോണിലെടുത്ത ദൃശ്യങ്ങൾക്ക് വേണ്ടത്ര മിഴിവ് ലഭിക്കാതെ പോയി. ഞാൻ എന്റെ ടൂർ ഗൈഡിനെ, നിങ്ങളുടെ അനുവാദപ്രകാരം, ശപിക്കട്ടെ.

സ്റ്റേഡിയത്തിനകത്ത് ദേശഭക്തിഗാനങ്ങൾ ഉച്ചത്തിൽ മുഴങ്ങുന്നുണ്ട്. ദേശീയ പതാകകളേന്തിയ ദേശഭക്തർ ദേശഭക്തലഹരിയിൽ ഇവിടെ ആടിതിമിർക്കുന്നുണ്ട്. കാഴ്ചക്കാരും ദേശീയപതാകകൾ വീശിക്കൊണ്ട് സ്റ്റേഡിയത്തെ പുളകിതമാക്കുന്നുണ്ട്.

നമുക്ക് വാഗ ബോർഡറിന്റെ അല്പം ചരിത്രം കേൾക്കാം. 1947-ലെ വിഭജനകാലത്ത് സിറിൾ റാഡ് ക്ലിഫ് വരച്ചിട്ട അതിർ രേഖയാണ് വാഗ ബോർഡർ. എല്ലാ ദിവസവും സൂര്യാസ്തമന സമയത്ത് രണ്ട് മണിക്കൂർ നീളുന്ന പട്ടാളോത്സവമാണ് വാഗ ബോർഡർ സെറിമണി.

ഒരു സാധാരണ പട്ടാള മാർച്ച് മാത്രം അരങ്ങേറിയിരുന്ന ഇവിടെ, 1986-ലെ ഇന്തോ-പാക്ക് സമാധാനകരാറിനെ തുടർന്നാണ് പ്രസിദ്ധമായ പതാകയിറക്കൽ പട്ടാളാഘോഷം ആരംഭിച്ചത്.  ഇരു രാജ്യത്തിന്റേയും ദേശീയതയെ ആളിക്കത്തിക്കുന്ന സമാധാനപരമായ ഒരു പട്ടാളോത്സവമാണ് വാഗ ബോർഡർ പതാകയിറക്കൽ സെറിമണി.

പാക്കിസ്താനും ഇന്ത്യക്കും ഇടയിൽ അതിർത്തിയിലെ ചരക്കുനീക്കത്തിനുള്ള ഒരു റെയിൽവേ സ്റ്റേഷനും നമുക്ക് ഇവിടെ കാണാം. എന്നിരുന്നാലും ഈ ഗ്രാമത്തിലെ സുപ്രധാന കാഴ്ച എന്നു പറയുന്നത് കെങ്കേമമായ വാഗ ബോർഡർ ആഘോഷമാണ്. ഇതൊരു ഭാരതീയ പട്ടാളകാഴ്ചകളുടെ ധീരവിസ്മയം തീർക്കുന്ന ദേശീയോത്സവമാണെന്നും പറയാം. ഭാരതീയരിൽ ദേശീയത കത്തിപ്പടർത്തുന്ന ഒരു ഗംഭീര പട്ടാളപ്രകടന വിസ്മയം, അനുഭവിക്കാം, ആസ്വദിക്കാം നമുക്കിവിടെ.

അതിർത്തിലെ ഒരു പടുകൂറ്റൻ കവാടത്തിന്റെ അപ്പുറമിപ്പുറമായി ഇന്ത്യൻ ബിഎസ് എഫ് പട്ടാളവും പാക്കിസ്താന്റെ റെയിഞ്ചേഴ്സ് പട്ടാളവും, ഇവിടെ നിത്യേനെ സയാഹ്നത്തിൽ, അവരവരുടെ പതാകകൾ താഴ്ത്തുന്ന പട്ടാളാഘോഷത്തിനെയാണ് വാഗ ബോർഡർ സെറിമണി എന്ന് വിളിക്കുന്നത്. ഒരുപാട് സഞ്ചാരികളും, ഇരുവശങ്ങളിലെ ഗ്രാമവാസികളും ഈ ആഘോഷത്തിൽ പങ്കെടുക്കുന്നു. 1959-മുതൽ ഈ ആഘോഷം ഇവിടെ ഇങ്ങനെ തുടരുകയാണ്.

ഈ ആഘോഷം അവതരിപ്പിക്കുന്ന പട്ടാളക്കാരൻ മനുഷ്യോർജ്ജത്തിന്റെ ഒടുങ്ങാത്ത കലവറയാണ്. ഈ സ്റ്റേഡിയത്തിലെ മുഴുവൻ പ്രേക്ഷകരേയും ദേശീയതയുടെ മൂശയിൽ അയാൾ ചുട്ടെടുക്കുന്നത് കാണാം, നമുക്കിവിടെ. ആ ഭടന്റെ ഊർജ്ജം, അവിടെ സായുധാഭ്യാസപ്രകടനങ്ങൾ കാഴ്ചവക്കുന്ന പട്ടാളക്കാർക്കും ആവേശമാണ്. ഈ ആവേശത്തിൽ നാം ഇവിടുത്തെ തിളച്ചുമറയുന്ന വെയിലിന്റെ ചൂട് മറക്കുന്നു.

തിളച്ചുമറിഞ്ഞ സൂര്യൻ പാക്കിസ്താന്റെ പടിഞ്ഞാറ് അസ്തമിക്കും വരെ നാം എല്ലാം മറക്കുന്നു. ഇന്ത്യൻ പട്ടാളത്തിന്റെ അഭ്യാസപ്രകടനം കണ്ട് കയ്യടിച്ച് കയ്പ്പടം പൊള്ളുന്നതുപോലും നാമറിയില്ല. ഇതെല്ലാം ആ വട്ടകണ്ണടയിലൂടെ കാണുന്ന കൂറ്റൻ മഹാത്മാഗാന്ധിയുടെ ചിത്രവും നമുക്ക് എന്തെന്നില്ലാത്ത ആവേശം പകരും.

സന്ധ്യയോടടുക്കുമ്പോൾ സൂര്യൻ പാക്കിസ്താന്റെ പടിഞ്ഞാറ് താഴുമ്പോൾ ആവേശത്തിന്റെ കൊടുങ്കാറ്റ് പോലെ ഇന്ത്യൻ പട്ടാളം അതിർത്തിയിലെ പടുകൂറ്റൻ ഗെയിറ്റിലേക്ക് അലറിച്ചീറിയടുക്കും. പിന്നെ രണ്ട് രാജ്യങ്ങളും സമാധാന-സൌഹൃദത്തോടെ അവരവരുടെ ദേശീയപതാകകൾ താഴെയിറക്കും. വാഗ ബോർഡർ പട്ടാളോത്സവത്തിന് യവനിക വീഴും. ഓരോ ഭാരതീയന്റേയും മനസ്സിലും ഹൃദയത്തിലും ആത്മാവിലും ജ്വലിക്കുന്ന ദേശീയതയുടെ യവനിക ഉയരുകയും ചെയ്യും.