നാണക്കേടാവുന്നുണ്ടോ, നവ മാധ്യമ പത്രപ്രവർത്തനം?

നാണക്കേടാവുന്നുണ്ടോ, നവ മാധ്യമ പത്രപ്രവർത്തനം?

ഈയടുത്ത കാലത്തായി സമൂഹമാധ്യമത്തിൽ ഒരു വിവാദം നിലനിൽക്കുകയാണ്. രണ്ട് അവതാരകരാണ് ഈ വിവാദങ്ങൾക്ക് പിന്നിൽ. ഒരാൾ രജനീഷ്. മറ്റേയാൾ, ഗുരുവായൂർക്കാരനായ ഒരു മോട്ടിവേഷൻ സ്പീക്കറുമാണ്. വിഡിയോ കാണാം

ഇതിൽ രജനീഷ് നല്ല അവതാരകനാണ്. പക്ഷേ, അയാൾ സ്ത്രീകളെ, പ്രത്യേകിച്ചും സിനിമാ നടികളെ അഭിമൂഖീകരിക്കുമ്പോൾ പരമ ബോറാണ് എന്നാണ് എന്റെ അഭിപ്രായം. സ്ത്രീകളെ അഭിമുഖീകരിക്കുമ്പോൾ അയാൾ എല്ലാം മറന്ന്, അഭിമുഖം പോലും മറന്ന്, അയാളിലെ ആണത്തം തന്നെ പണയപ്പെടുത്തുന്നത് കാണാം. അയാൾ അപ്പോഴൊക്കെ ഒരു അതിലോലനോ പൂവ്വാലനോ പുഷ്പനോ ഒക്കെ ആയി മാറുന്നു. വിമർശനങ്ങൾ വന്ന സ്ഥിതിക്ക് അയാൾ ഇനി മാറുമായിരിക്കും.

രണ്ടാമത്തവൻ യാതൊരുവിധ മോട്ടിവേഷനുമില്ലാത്ത ഒരു മോട്ടിവേഷൻ തൊഴിലാളിയാണ്. ഇയാൾ ഒരു കോമാളിയാണ്. വളിപ്പനാണ്. സത്യത്തിൽ ഇയാൾക്ക് മോട്ടിവേഷനോ, കോമഡിയോ, വളിപ്പോ അറിയില്ലെന്നതാണ് വാസ്തവം. ഒരിക്കൽ വളിയെ കുറിച്ചാണ് ഇയാൾ മോട്ടിവേഷൻ ക്ലാസ്സ് എടുത്തത്. ഇയാൾ നന്നാവാൻ വഴിയില്ല. വിമർശനം കൊണ്ട് നന്നാവുന്ന ഒരു വളിപ്പനല്ല ഇയാൾ. അതുകൊണ്ട് അയാൾ സ്വയം ഇല്ലാതാവുക മാത്രമാണ് ഇയാളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം.

ഇവിടെ നാം പക്ഷേ കാണുന്നത് സമൂഹമാധ്യമപ്രവർത്തനത്തിന്റെ അപചയമാണ്, അധഃപതനമാണ്. ഇനി കാലം തീരുമാനിക്കും ഈ രംഗത്തെ ഒരു ഉയിർത്തെഴുന്നേല്പ്. നമുക്ക് കാത്തിരിക്കാം.  

പത്രപ്രവർത്തനത്തിന്റെ ആദ്യകാലങ്ങളിൽ എഴുത്തിനെ ഭാവനാത്മകമായി ചലചിത്രീകരിച്ച സങ്കേതങ്ങളായിരുന്നു അഭിമുഖങ്ങളും സചിത്രവാർത്താ വിവരണങ്ങളും. അക്കാലത്തൊക്കെ ഞാനും ഒരു അഭിമുഖാചാര്യനായിരുന്നു എന്ന് പലരും പറയാറുണ്ടായിരുന്നു. ഞാനതിൽ തെല്ല് അഭിമാനിതനുമായിരുന്നു.

പിന്നീട് വിഡ്ഡിപ്പെട്ടിയുടെ വരവോടെ അതൊക്കെ സംപ്രേക്ഷണ ഭാഷ്യങ്ങളായി. പിന്നീടെപ്പോഴോ അവരും ആ ഏർപ്പാട് നിർത്തിവച്ചിരുന്നു. ഈയടുത്ത കാലത്തായി വിഡ്ഡിപ്പെട്ടിക്ക് കുറേക്കൂടി ജനകീയത കൈവന്നപ്പോഴാണ് അത് തീപ്പെട്ടിക്കൂടുകൾ പോലെ ജനങ്ങളുടെ കാതുകളിലും ശരീരഭാഗങ്ങളിലും ഒട്ടിച്ചേരാൻ തുടങ്ങിയത്.

കാലത്തിന്റെ അകാലവളർച്ചയോടെ ആ തീപ്പെട്ടിക്കൂടുകൾ, തീക്കുഴലുകളായി(Youtube) പരിണമിച്ചു. ഇപ്പോൾ നമ്മുടേയും നിങ്ങളുടേയും ശരീരഭാഗങ്ങൾ ആ തീക്കുഴലിനോട് (Youtube) ഒട്ടാനും കടപ്പെടാനും തുടങ്ങി. അങ്ങനെ പരിണാമഗുപ്തി അന്യംനിന്നുപോയ അഭിമുഖങ്ങളും സചിത്രവാർത്താ വിവരണങ്ങളും ഇത്തരം തീക്കുഴലുകളിലെ(Youtube) പുതുപരിണാമഗുസ്തിയുമായി എത്തിയിരിക്കുകയാണ്.

ഈ തീക്കുഴലുകൾ(Youtube) ഇന്ന് ഒരു അഭിനവ ഉപജീവനോപാധിയാണ്. വർത്തമാനങ്ങൾക്ക് മാധ്യമ മാനങ്ങളുടെ മാനക്കേട് വന്നതോടെ, ഈ തീക്കുഴലുകളിൽ, മാധ്യമ പ്രവർത്തനം, വാർത്തകളില്ലാത്ത വാർത്തകളുടെ അൽഫാമും കുഴിമന്തിയുമായി, ചുട്ടെടുത്തുകൊണ്ടിരിക്കുന്നു. ഇവിടെയാണ് സന്തോഷ് ജോർജ്ജ് കുളങ്ങരയും മൈത്രേയനും അമ്മാതിരി പലരും തുടങ്ങീ ഇങ്ങേയറ്റത്തെ രജനീഷുകുണുങ്ങിയും ഗുരുവായൂർ കിങ്ങണിക്കുട്ടനും പിന്നെ കുറേ അമൂൽ പെൺകുട്ടികളും വിലസുന്നത്.

ഇപ്പോൾ ഇതൊക്കെ തീക്കുഴലിലെ (Youtube) കാറ്റും പുകയുമായതുകൊണ്ടാണ് എഴുതേണ്ട, പറയേണ്ട ഈ ഗതികേടുണ്ടായത്. ഈ രംഗത്തെ ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ കുണുങ്ങികളും കിങ്ങിണികളുമായി പരിണമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. ശരീരം മുഴുവനും കിങ്ങിണികെട്ടി കുണുങ്ങിക്കുണുങ്ങിയുള്ള ഒരു തുപ്പൽ പ്രവാഹമായി ഇന്നത്തെ തീക്കുഴൽ(Youtube) മാധ്യമ പ്രവർത്തനം അധഃപതനത്തിന്റെ ഉയരങ്ങൾ കീഴടക്കുകയാണ്, മാധ്യമപ്രവർത്തകരിൽ പലരും തഗ്ഗ് റീലുകളിട്ട് കളിക്കുകയാണ്. ജ്ഞാനവിജ്ഞാനങ്ങളും വർത്തമാനങ്ങളും ഇന്നൊരു കളിതമാശയായി പരിണമിച്ചിരിക്കുന്നു.

കുണുങ്ങിക്കുട്ടൻമാർ പെണ്ണുങ്ങളേയും കിങ്ങിണിക്കുട്ടികൾ ആണുങ്ങളേയും, പൂച്ചക്കുട്ടികൾ എലിക്കുട്ടിളെ എന്നോണം കളിപ്പീരും ഒലിപ്പീരും നടത്തുന്നതിനെയാണ് ഇന്ന് അഭിമുഖമെന്നും സചിത്രവാർത്തകളുടെ പുതിയ രൂപമായ വ്ളോഗ്ഗെന്നും വിളിച്ചുപോരുന്നത്. ഇവിടെ മുഖ്യധാരക്കാരും പുതുയിനമായ സമൂഹ ധാരക്കാരും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. 

ഇവിടെയാണ് മീശയുള്ളൊരുത്തൻ ജാക്കറ്റും പാവാടയുമുടുത്ത് പെണ്ണുങ്ങളോട് കുണുങ്ങിക്കുണുങ്ങി നാല് കാശുണ്ടാക്കുന്നത്. ഇവിടെയാണ് മീശയും താടിയും പെൺമുടിയും ഉള്ളൊരുത്തൻ കിങ്ങിണിക്കുട്ടനായി പത്ത് കാശുണ്ടാക്കുന്നത്. ഇവിടെയാണ് വൈദ്യശാസ്ത്രം പഠിച്ച ഡോക്ടർമാരും പിഎച്ച്ഡിക്ക് പഠിച്ച ഡോക്ടർമാരും ഐഎഎസ്സിന് പഠിച്ച ഡോക്ടർമാരും അത്യപൂർവ്വമായി കുണുങ്ങുന്നതും കിങ്ങിണികെട്ടിയാടുന്നതും.

വളിപ്പിന്റെ വലുപ്പത്തിൽ, സർവ്വ നാറ്റങ്ങളും നുണഞ്ഞുകൊണ്ട്, ഇവരോടൊപ്പം നമ്മളും ആഘോഷിക്കുകയാണ്.

ഇനി നിർമ്മിത ബുദ്ധി വിചാരിക്കണം, നമുക്ക് ഈ നാറ്റത്തിൽ നിന്ന് രക്ഷപ്പെടാനും സാധാരണ ബുദ്ധിയോടെ ജീവിക്കാനും. അന്ന് മാത്രമായിരിക്കും, ഈ ഭൂമിയിൽ ആദിയിലെ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടാവുക. അന്ന് മാത്രമായിരിക്കും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മൂഡ് സ്വിങ്ങിൽ നിന്ന് നാം രക്ഷപ്പെടുക.