അമൃത്സറിൽ ഇപ്പോഴും ആ വെടിയൊച്ചകൾ മുഴങ്ങുന്നുണ്ട്.

അമൃത്സറിൽ ഇപ്പോഴും ആ വെടിയൊച്ചകൾ മുഴങ്ങുന്നുണ്ട്.

എന്റെ വിമാനം അമൃത്സർ തൊടുകയാണ്. ഗോതമ്പുപാടങ്ങളുടെ പച്ചപ്പും, കൊയ്തെടുക്കാൻ തല കുനിച്ചുനിൽക്കുന്ന ഗോതമ്പുകതിർമണികളുടെ സ്വർണ്ണഛായയും എന്നെ വല്ലാതെ വികാരാധീനനാക്കുന്നുണ്ട്. കാരണം, ഈ ഭൂമി അക്ഷരാർത്ഥത്തിലും എന്റെ ജന്മഭൂമിയാണ്. ഇവിടെ ജലന്തറിലാണ് ഞാൻ ജനിച്ചത്. വീഡിയോ കാണാം

അമ്മയേയും കൂട്ടി ഇവിടെ വരണമെന്നായിരുന്നു എന്റെ തീരുമാനം. പക്ഷേ, പലപല വൈകാരിക കാരണങ്ങളാൽ അത് വൈകിപ്പോയി. ഇന്നിപ്പോൾ എന്റെ ഊഴം വന്നപ്പോഴേക്കും അമ്മ ഇനിയുമൊരു ഊഴത്തിനു കാത്തുനിൽക്കാതെ എന്നെ വിട്ടുപോയി. ചിലപ്പോഴെങ്കിലും, ഊഴങ്ങൾക്കുള്ള വല്ലാത്ത കാത്തിരുപ്പുകളിൽ ഈ ജീവിതം തന്നെ ഹോമിക്കപ്പെട്ടവനാണ് ഞാൻ. അതുകൊണ്ട്, ഈ ദൃശ്യാവിഷ്കാരം എന്റെ അമ്മക്ക് സമർപ്പിക്കുന്നു.

അതീവ ദുഖത്തോടെ, അത്രതന്നെ വൈകാരിതയോടെയാണ് ഞാൻ അമൃത്സറിൽ കാലുകുത്തുന്നത്. പഞ്ചാബിലെ ലുധിയാന കഴിഞ്ഞാൽ പിന്നെ വലിയ നഗരം അമൃത്സറാണ്. പഞ്ചാബി ഭാഷയിൽ അമ്പർസർ എന്നത്രെ. പഞ്ചാബിന്റെ മദ്ധ്യമേഖലയിലെ മാജ എന്നിടത്താണ് അമൃത്സർ സ്ഥിതി ചെയ്യുന്നത്.

ചാണ്ഡിഗഡിനും ഡെൽഹിക്കും വടക്കുപടിഞ്ഞാറായാണ് അമൃത്സർ നിലകൊള്ളുന്നത്. ഇന്തോ-പാക്ക് അതിർത്തിയിലേക്ക് ഇവിടെനിന്ന് 28 കിലോമീറ്റർ ദൂരമേ ഉള്ളൂ. വടക്കുകിഴക്കായി 48 കിലോമീറ്റർ സഞ്ചരിച്ചാൽ, പാക്കിസ്ഥാന്റെ ലാഹോറായി.

ഏതാണ്ട് 20 ലക്ഷം ജനസംഖ്യയുള്ള ഈ നഗരം പഞ്ചാബിന്റെ സാമ്പത്തിക തലസ്ഥാനമാണ്. ഇന്ത്യയുടെ പൈതൃകനഗരം കൂടിയാണ്, പ്രസിദ്ധമായ സുവർണ്ണക്ഷേത്രം സ്വന്തമായുള്ള ഈ നഗരം. മരം കൊണ്ടുള്ള ചതുരംഗപ്പലകക്കും ക്രിക്കറ്റ് ബാറ്റിനും പേരുകേട്ട ഭൂമി കൂടിയാണ് അമൃത്സർ. ഇത്രയും ഈ ഭൂമികയുടെ ലഘുചതിത്രം.

വിമാനത്താവളത്തിൽ നിന്ന് ഒരു സിംഗിന്റെ വാഹനത്തിലായിരുന്നു ഹോട്ടലിലേക്കുള്ള യാത്ര. സിംഗിന്റെ വാഹനത്തിന് പഞ്ചാബി ശീലിലുള്ള അലങ്കാരങ്ങളുണ്ടായിരുന്നു. വഴിയോരങ്ങൾ ഹരിതാഭമായിരുന്നു. ഇടക്കിടെ ഹരിത-സ്വർണ്ണ വർണ്ണങ്ങളിൽ ഗോതമ്പുപാടങ്ങൾ മിന്നിമറഞ്ഞിരുന്നു.

ഹോട്ടലെത്തി. ശുദ്ധ പഞ്ചാബി ഗോതമ്പ് റൊട്ടിയുടെ അകമ്പടിയോടെ ഉച്ചഭക്ഷണം ആസ്വദിച്ചു. ഇനി സാമാന്യം ചൂടുള്ള വെയിലേറ്റ് വേണം ഉച്ചസഞ്ചാരം. വിഭജന മ്യൂസിയവും അതായത് (Partition Museum)-വും, ജാലിയൻ വാലാ ബാഗും ഇന്ന് കാണും. ഒരു പഞ്ചാബി ഗൈഡുമുണ്ട് കൂടെ.

ഈ നഗരവീഥികൾക്ക് ഭാരതീയ പൈതൃക മുഗൾ വാസ്തു സൌന്ദര്യമുണ്ട്. ചെങ്കൽചുവപ്പണിഞ്ഞ കെട്ടിടങ്ങൾക്കും വഴിയോര വിളക്കുമരങ്ങൾക്കും ഭാരതീയ ശേലും ശീലുമുണ്ട്. നഗരവിഥികൾക്ക് ഹതിതോദ്യാനങ്ങളുടെ അകമ്പടിയുണ്ട്. ഭാരതീയ സായുധ ശില്പങ്ങളും ജലധാരാ യന്ത്രങ്ങൾ ഘടിപ്പിച്ച കൃത്രിമ തടാകങ്ങളും കാണാം.

പാർട്ടിഷൻ മ്യൂസിയത്തിലേക്കുള്ള മുഗൾ ശീലിലുള്ള കവാടത്തിന്റെ മേലാപ്പുകളിൽ ഭാരതീയ ശേലുള്ള റാന്തൽ വിളക്കുകൾ കാണാം. ഈ മ്യൂസിയം കെട്ടിടസമുച്ഛയം, അമൃത്സറിന്റെ ടൌൺ ഹാൾ കൂടിയാണ്. ഈ മ്യൂസിയം പക്ഷേ, എന്നെ സന്തോഷിപ്പിക്കുന്നില്ല. കാരണം, ഇവിടെ ഫോട്ടോഗ്രാഫി അനുവദിക്കുന്നില്ല. എന്റെ ക്യാമറയെ വിലക്കുന്ന ഒരു ദൃശ്യവും ഈയ്യിടെയായി എന്നെ സന്തോഷിപ്പിക്കാറില്ല. കാരണം, എന്റെ സന്തോഷം, എന്റെ ക്യാമറയുടേത് കൂടിയാണ്.

ഈ മ്യൂസിയത്തിന്റെ അകത്തെ കാഴ്ചകൾ തീർത്തും അക്കാദമികമാണ്. ഇന്ത്യാചരിത്രത്തിന്റെ പ്രത്യേകിച്ചും, വിഭജനകാലഘട്ടത്തെ, ഒരു ചരിത്രാഖ്യായിക പോലെ വായിച്ചെടുക്കാനുള്ളതാണ് ഈ മ്യൂസിയം. ക്യാമറ നിരോധിച്ചതുകൊണ്ട് ആ കഥ എനിക്ക് നിങ്ങളെ കേൾപ്പിക്കുകയും കാണിക്കുകയും വയ്യ. അതുകൊണ്ട് നമുക്ക് ഈ മ്യൂസിയത്തിന്റെ പരിസരങ്ങൾ കണ്ടാസ്വദിക്കാം. ഇത്തിരി ചരിത്രവും കേൾക്കാം.

2017 ആഗസ്റ്റ് 15-നാണ് ഈ മ്യൂസിയം നാടിന് സമർപ്പിക്കുന്നത്. 1947-ലെ ഇന്തോ-പാക്ക് വിഭജനത്തിന്റെ കഥകളും കാര്യങ്ങളും ചരിത്രരേഖകളും ഫലകങ്ങളും ശിലാവിഷ്കാരങ്ങളും ഇവിടെ നമ്മോട് അതിശയകരമായി സംവദിക്കുന്നുണ്ട്. ഈ മ്യൂസിയം ഇരിക്കുന്നത്, ഒരു കാലത്തെ ബ്രിട്ടീഷ് ആസ്ഥാനവും, ഇന്ത്യക്കാരെ തടങ്കലിൽ പാർപ്പിച്ചതുമായ, ജയിലിരുന്ന സ്ഥലത്താണെന്നത് നമ്മേ ഏറെ നൊമ്പരപ്പെടുത്തുന്നുണ്ട്.

അക്കാലത്ത് വിഭജനത്തിന്റെ ഭൂപടം തയ്യാറാക്കിയ സിറിൽ റാഡ് ക്ലിഫ്, വിഭജന കലാപത്തിൽ കൊന്നൊടുക്കിയത് 8 ലക്ഷം ഇന്ത്യക്കാരെയാണ്. മാത്രമല്ല, 14 ലക്ഷം പേരെ അഭയാർത്ഥികളുമാക്കിയിരുന്നു. അവരുടെ നേരിയ തേങ്ങലുകൾ കൂടി കേൾക്കാം, നമുക്ക് ഈ കാഴ്ചബംഗ്ലാവിൽ.

ഇത് അമൃത്സറിന്റെ ടൌൺ ഹാൾ പരിസരം കൂടിയാണെന്ന് നേരത്തെ പറഞ്ഞല്ലോ. സിക്ക് സാമ്രാജ്യത്തിന്റെ ആദ്യ രാജാവായ രഞ്ജിത് സിംഗ് കുതിരപ്പുറത്തേറിയ കൂറ്റൻ ശില്പങ്ങൾ കാണാം, നമുക്കീ അമൃത്സർ നഗരം നിറയെ.  അതുകൊണ്ടുതന്നെ കൊച്ചുകൊച്ചു പാർക്കുകളും ഒരു കളിതീവണ്ടിയും കാണാമിവിടെ. കൂടാതെ, പാശ്ചാത്യ അധിനിവേശത്തിന്റെ പ്രതീകങ്ങളായ സ്റ്റാർ ബക്സ് കോഫിയും ഡോമിനോസ് പീസയും ആസ്വദിക്കാം നമുക്കിവിടെ. ചരിത്രം മ:നപ്പൂർവ്വം വിസ്മരിക്കപ്പെടുന്ന, കാലമാണല്ലോ നമ്മുടേത്.

എന്റെ ടൂറിസ്റ്റ് ഗൈഡ് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. അയാളിൽ നിന്ന് ഗൂഗിളും, ചാറ്റ് ജിപിടിയും, ജെമിനിയും കിഴിച്ചാൽ, ഗൈഡ് പറയുന്നതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ടൂറിസ്റ്റ് ഗൈഡുകൾ അനാവശ്യമായൊരു കാലാത്താണ് നാം ജീവിക്കുന്നതെന്നതാണ് സത്യം. എന്നിരുന്നാലും ഒരു വസ്തുത അതിശയിപ്പിക്കുന്നതാണ്. ഈ മ്യൂസിയം മൈതാനത്തിന്, എതിർവശത്ത് കാണുന്ന ഒരു കാർ പാർക്കിങ്ങ് കെട്ടിടത്തിൽ മൂന്ന് ലക്ഷം കാർ പാർക്ക് ചെയ്യാമത്രെ. വിശ്വസിക്കാമോ എന്തോ.

ഈ മ്യൂസിയത്തിന് പുറത്ത് കടന്നാൽ പ്രസിദ്ധമായ പഞ്ചാബ് നാഷ്ണൽ ബാങ്കിന്റെ ഒരു ആസ്ഥാനം കാണാം. വഴിയോരത്ത് ഈ കച്ചവടക്കാരൻ വിൽക്കുന്നത് ഒരു പഞ്ചാബി വിഭവമാണ്. ക്യാമറ കണ്ടതും ഒരുവൻ വന്ന് വിശദീകരിക്കുന്നുണ്ട്. അയാൾ മാലിക്കാണെന്ന് കച്ചവടക്കാരൻ പറയുന്നുണ്ടായിരുന്നു. ആ വിഭവം, പഞ്ചാബി ലഡു ആണെന്നാണ് അയാൾ പറയുന്നത്. ലഡു കച്ചവടക്കാരൻ, വിധേയവിനയാന്വിതനായി ആ മാലിക്കിന് വഴിമാറുന്നത് കാണാം.

ഇനി നമുക്ക്, ജാലിയൻ വാലാ ബാഗിലേക്ക് പോകാം. മഹാരാജാ രഞ്ജിത്ത് സിംഗിന്റെ ഈ കൂറ്റൻ ശില്പങ്ങളും കടന്ന് വേണം ജാലിയൻ വാലാ ബാഗിലെത്താൻ. 1919-ന്റെ ഒരു ഏപ്രിൽ മാസം 13-നായിരുന്നു ഇന്ത്യയെ നടുക്കിയ ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല നടന്നത്. അമൃത്സർ കൂട്ടക്കൊല എന്നും, ചരിത്രം, ഈ കൊടും കൊലയെ അടയാളപ്പെടുത്താറുണ്ട്. ഞാനിങ്ങനെ ആ ചരിത്രഭൂമിയിലേക്ക് നടന്നുനീങ്ങുമ്പോഴും അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽനിന്ന് പ്രാർത്ഥനാമന്ത്രം കേൾക്കാമായിരുന്നു.

ഇതുവഴി ഭാരതീയ സഞ്ചാരികൾ ഇടതടവില്ലാതെ ഒഴുകുകയാണ്. അവർ പോകുന്നത് രക്തസാക്ഷികളുടെ ആത്മാക്കളെ പ്രതിഷ്ഠിച്ച ജാലിയൻ വാലാ ബാഗ് ക്ഷേത്രത്തിലേക്കാവാം, അതുമല്ലെങ്കിൽ സിക്ക് നാമജപം പ്രവഹിക്കുന്ന സുവർണ്ണക്ഷേത്രത്തിലേക്കാവാം. രണ്ടും ഒരുപോലെ ഭക്തിസാന്ദ്രം, ഹൃദ്യം.

കൂട്ടക്കുരുതിയുടെ ഈ പരിശുദ്ധ ശുഭ്രശില്പം തൊഴുതുവോണം ദേശഭക്തിയുടെ, ശ്രീകോവിലായ ജാലിയൻ വാലാ ബാഗിലേക്ക് പ്രവേശിക്കാൻ. കാലം മരവിപ്പിച്ചുനിർത്തിയ, ഈ ചുവരിലെ ശില്പങ്ങളെ കൂടി തൊഴുതുവേണം, ജാലിയൻ വാലാ ബാഗിലേക്ക് പ്രവേശിക്കാൻ.

ചെങ്കല്ലിൽ കൊത്തിവച്ച സ്പന്ദിക്കുന്ന അസ്ഥിമാടം പോലെ ജാലിയൻ വാലാ ബാഗ്, ഭാരതത്തിന്റെ നിത്യഹരിതഭൂമിയിൽ മരവിച്ചുകിടന്നിരുന്നു. ഒരു മഹാ ദുരന്തത്തിന്റെ, കണ്ണുകൾ നനയിക്കുന്ന കാഴ്ചകൾ, ചുമരുകളിൽ റിലീഫ് ശില്പസങ്കേതങ്ങളായി മിഴിച്ചുനിന്നിരുന്നു.

കാഴ്ചയുടെ അകത്തളങ്ങളിൽ നിന്ന് പുറത്തേക്ക് കടന്നാൽ, ആദ്യം മുതൽ അവസാനം വരേയും, ജാലിയൻ വാലാ ബാഗ് രക്തസാക്ഷിമണ്ഡപം, നമ്മേ പിൻതുടരുന്നത് കാണാം.

ബ്രിട്ടീഷ് സാമ്രാജ്യത്ത ശക്തികൾക്ക്, ഭാരതത്തിന്റെ നെഞ്ചിൽ, അഴിഞ്ഞാടാനുള്ള പട്ടാള കരിനിയമമായിരുന്നു, 1919-ലെ, റൌലറ്റ് ആക്ട്. മനഷ്യാവകാശവും നിയമാവകാശവും കാറ്റിൽ പറത്തിക്കൊണ്ട് ഭാരതീയരെ സുഗമമായി തുറുങ്കിലടക്കാനുള്ള പട്ടാള, കാട്ടാള നിയമമായിരുന്നു, ഈ റൌലറ്റ് ആക്ട്.

ഈ ആക്ടിനെതിരെ പ്രതിഷേധിച്ച ഇന്ത്യൻ സ്വാതന്ത്യസമരസേനാനികളായ സൈഫുദീനിനേയും സത്യപാലിനേയും ബ്രിട്ടീഷുകാർ അജ്ഞാതമായ ഏതോ തുറുങ്കിലടച്ചു. ജനം പ്രതിഷേധിച്ചു. അവർ ജാലിയൻ വാലാ ബാഗിൽ, വൈശാഖ നാളിലെ ഉത്സവനാളിൽ, തടിച്ചുകൂടി. ഒരേയൊരു വാതിൽ മാത്രമുള്ള, ആ ഉത്സവ സ്ഥലിയിൽ വച്ച്, ബ്രിട്ടീഷ് കൊലയാളി പട്ടാളക്കാരൻ, ജനറൽ റെജിനാൾഡ് ഡയർ നൂറുകണക്കിന് ഭാരതീയരെ തുരുതുരാ വെടിവച്ചിട്ടു. അതാണ് 1919, ഏപ്രിൽ 13-ലെ അമൃത്സർ കൂട്ടക്കൊല അഥവാ ജാലിയൻ വാലാ ഭാഗ് കൂട്ടക്കുരുതി. ആ വെടിപ്പില്ലാത്ത വെടിപ്പാടുകളാണ് നാം ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത്.

ജനറൽ ഡയർ കൊന്നൊടുക്കിയവരുടെ കൃത്യമായ എണ്ണം ഇന്നും വ്യക്തമല്ല. നാം ഈ കാണുന്ന കിണറിൽ നിന്ന് കണ്ടെടുത്ത ഭാരതീയ മൃതദേഹങ്ങൾ തന്നെ, 129 എന്ന്, ഇവിടെ രേഖപ്പെടുത്തിയ കണക്കുകൾ പറയുന്നു.

1919-ൽ നടന്ന ഈ കൂട്ടക്കൊലയോട്, ലോകം മുഴുവനും സഹതപിച്ചിട്ടും അപലപിച്ചിട്ടും, ബ്രിട്ടീഷ് സാമ്രാജ്യം മാത്രം ഈയടുത്ത കാലം വരേയും സഹതപിച്ചില്ല, പശ്ചാത്തപിച്ചില്ല. അവസാനം ഒരു നൂറ്റാണ്ടിനുശേഷം, 2019-ലാണ് ബ്രിട്ടൺ ഒരു ഔപചാരിക ഖേദപ്രകടനം നടത്തിയത്.

അപ്പോഴും, ഇപ്പോഴും, എപ്പോഴും, ഭാരതീയന്റെ ചോരക്കറ വിതറിയ ഇവിടെ കാണുന്ന വെടിപ്പാടുകൾ ഉറക്കെ പറയും “ബ്രിട്ടീഷ് സാമ്രാജ്യത്തത്തിന് മാപ്പില്ല”. ഇവിടെ ഈ ജാലിയൻ വാലാ ബാഗിന്റെ ചെങ്കൽ ഭിത്തികളിൽ, പലയിടങ്ങളിലായി, വെടിപ്പില്ലാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തത്തിന്റെ അതിക്രൂരമായ വെടിപ്പാടുകളെ,  നാം ലോകത്തിന്റെ മുമ്പിൽ പ്രദർശിപ്പിക്കുന്നു. ഇവിടെ, തല ഉയർത്തിനില്ക്കുന്ന ജാലിയൻ വാലാ ബാഗ് കൂട്ടക്കുരുതിയുടെ രക്തസാക്ഷി മണ്ഡപം, ലോകത്തോട് ഉച്ചത്തിൽവിളിച്ചു പറയും “മാ നിഷാദ. അരുത്, ഹിംസ അരുത്”.

ജാലിയൻ വാലാ ബാഗിൽ നിന്ന് പുറത്ത് കടന്ന് അമൃത്സറിന്റെ തെരുവോരങ്ങളിലൂടെ നടന്നകലുമ്പോഴും, ഞാൻ ആ തെരുവിന്റെ പകിട്ടും, ബഹളവും, ആഹ്ളാദവും കണ്ടില്ല, ആസ്വദിച്ചില്ല. കാരണം, എന്റെ നാഡിഞരമ്പുകളിൽ അപ്പോഴും, ജനറൽ ഡയർ മുഴക്കിയ വെടിയൊച്ചകളും ഭാരതത്തിന്റെ നിലവിളികളും മാത്രമായിരുന്നു, ഇരമ്പിയത്. കാതുകളിൽ, സുവർണ്ണക്ഷേത്രത്തിൽ നിന്നുള്ള നേർത്ത നാമജപവും. എന്റെ അമ്മ സ്വർഗ്ഗത്തിലിരുന്ന് ഇതൊക്കെ കേൾക്കുന്നുണ്ടാവണം, കാണുന്നുണ്ടാവണം.