സമയത്തിന്റെ ഭൂമി അഥവാ സമയസൂക്ഷിപ്പിന്റെ ഭൂമി ഏതെന്ന് ചോദിച്ചാൽ അത് ജർമ്മനിയിലെ ഈ കരിങ്കാടുകൾ എന്ന് പറയേണ്ടിവരും. ജർമ്മനിയിലെ ഫർട് വാഞ്ചൻ എന്ന കരിങ്കാട് അഥവാ ബ്ലാക്ക് ഫോറസ്റ്റ് നഗരത്തിലാണ് ചരിത്രപ്രസിദ്ധമായ കുക്കുക്ലോക്കിന്റെ ബീജാവാപം നടന്നതെന്ന് ചരിത്രം പറയുന്നുണ്ട്. ഇവിടെ ഇപ്പോഴും കുക്കുക്ലോക്കുകളുണ്ട്. അത്തരം കുക്കുക്ലോക്കുകളുടെ കഥ പറയുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട്. വീഡിയോ കാണാം.
ഫർട് വാഞ്ചൻ കരിങ്കാടുകളിൽ ക്ലോക്ക് നിർമ്മാണം ഒരു കുടിൽവ്യവസായമായിരുന്നു. പിന്നീടെപ്പോഴോ അതൊരു വ്യവസായമായി വളരുകയായിരുന്നു. ഇവിടുത്തെ മ്യൂസിയത്തിൽ പഴയ മരനിർമ്മിത ക്ലോക്കുളും, പതിനെട്ടാം നൂറ്റാണ്ടിലെ കുയിൽനാദമൊഴുക്കുന്ന കുക്കു ക്ലോക്കുകളും സുലഭമാണ്. ലോകത്തുനിന്നെമ്പാടുമുള്ള ക്ലോക്കുകളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. മാത്രമല്ല, കലാമേന്മയുള്ള സ്മാരകശീലിലുള്ള കൌതുകക്ലോക്കുകളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.
എന്നാൽ എന്റെ ഈ യാത്ര സ്വിറ്റ്സർലണ്ടിലെ കുക്കുക്ലോക്കുകൾ തേടിയള്ള യാത്രയാണ്. ജർമ്മനിയുടെ കരിങ്കാടുകളും കടന്ന്, റിയൂസ്സ് നദിയും കടന്ന് ഞാനിപ്പോൾ സ്വിസ്സ് തീരത്തെത്തിയിരിക്കുകയാണ്.
ഇപ്പോൾ ചൈന അടക്കമുള്ള രാജ്യങ്ങൾ വില കുറഞ്ഞ ഡിജിറ്റൽ അഥവാ ക്വാർട്സ് വാച്ചുകൾ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും പഴയ ജർമ്മൻ കുക്കുക്ലോക്കുകൾക്ക് ഇന്നും വലിയ ഡിമാന്റാണ്. അതേസമയം ഘടികാരസങ്കേതങ്ങളിൽ വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സ്വിറ്റ്സർലണ്ട് ഇപ്പോൾ അവരുടെതായ ശൈലിയിൽ കുക്കുക്ലോക്കുകൾ ലോകമാർക്കറ്റിലേക്ക് വിക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. അത്തരമൊരു ക്ലോക്ക് കടയിലാണ് ഞാനിപ്പോൾ, അതായത് ഡ്രബ്ബ ഷോപ്പിങ്ങ് മാളിലാണ് ഞാനിപ്പോൾ.
പൂക്കളും ചെടികളും വിതാനിച്ച, ഈ വഴിയിലൂടെ നടന്നുനീങ്ങുമ്പോൾ നമുക്ക് കുക്കുക്ലോക്കുകളുടെ കടകമ്പോളങ്ങൾ കാണാം. അതിൽ തന്നെ ഡ്രബ്ബ ഷോപ്പിങ്ങ് മാളിലാണ് സന്ദർശകർ കൂടുതലും എത്തുക. കാരണം, ഇവിടെയാണ്, കുക്കുക്ലോക്കുകളെ കുറിച്ചുള്ള ഔദ്യോഗിക വിവരണങ്ങളും വർത്തമാനങ്ങളും നടക്കുക. ഇതൊക്കെ ടൂറിസ്റ്റ് ഗൈഡുമാരുടെ കച്ചവടകേന്ദ്രങ്ങളാണ്. ടൂറിസ്റ്റുകൾ ഇവിടെ നടത്തുന്ന കച്ചവടത്തിന്റെ ഒരു വിഹിതം അവർക്കുള്ളതാണ്.
ഇവിടെ മായ എന്ന് പേരുള്ള ഒരു ഗൈഡായിരിക്കണം, ഈ ക്ലോക്കുകളെ കുറിച്ച് ഔദ്യോഗികമായി വിശദീകരിക്കുന്നതും ഡ്രബ്ബയിലേക്ക് ടൂറിസ്റ്റുകളെ ആകർഷിപ്പിക്കുന്നതും. അവർക്കും ഈ കച്ചവടത്തിന്റെ ഒരു വിഹിതം കിട്ടുമായിരിക്കും. ഗൂഗിളും എഐ സങ്കേതങ്ങളും ഭൂമിയിൽ ഉണ്ടെന്ന വിവരം ഈ ഗൈഡുമാരൊക്കെ അറിയാതിരിക്കുന്നതോ അതോ കണ്ണുംപൂട്ടി ടൂറിസ്റ്റുകളെ കൊള്ളയടിക്കുന്നതോ.
എന്തായാലും, നമുക്ക്, ഈ സമയസങ്കേതങ്ങളുടെ ശാസ്ത്രീയ വിശദാംശങ്ങളും സാങ്കേതിക വിവരങ്ങളും ചൊരിയുന്ന, സ്വിറ്റ്സർലണ്ടിലെ മായ എന്ന ഈ ക്ലോക്ക് ഗൈഡിൽ നിന്ന് തന്നെ അതൊക്കെ നേരിട്ട് കേൾക്കാം. ഒറ്റസൂചിയുള്ള ക്ലോക്ക് മുതൽ ഡിജിറ്റൽ സംവിധാനമുള്ള ക്ലോക്കുകളുടെ നൂറ്റാണ്ടുകളുടെ കഥകളും പുരാണവും നന്നായി പറഞ്ഞുതരുന്നുണ്ട് മായ.
ജർമ്മൻ കുക്കുക്ലോക്കുകളെ പോലെ തന്നെ സ്വിസ്സ് കുക്കുക്ലോക്കുകൾക്കും രണ്ട് ഭാഗങ്ങളാണുള്ളത്. മരനിർമ്മിതമായ സിംഹഭാഗവും പിന്നെ യാന്ത്രികമായ പ്രധാന ലോഹ ഭാഗവും.
ജർമ്മനിയിലേതുപോലെ, സ്വിറ്റസർലണ്ടിലെ ബ്രീൻസ് ഗ്രാമത്തിലെ ലിന്ഡൻ മരങ്ങളിൽ കലാകൌതുകങ്ങൾ കൊത്തിയെടുക്കുന്ന തച്ചൻമാരും സ്വിസ്സ് ടെക്നോളജിയുടെ വൈദഗ്ദ്യവും ചേർത്തുവച്ച് സൂറിക്കിലാണ് ഇത്തരം ക്ലോക്കുകൾ നിർമ്മിക്കുന്നത്. മൂന്ന് മാസം കൊണ്ടാണത്രെ ഇത്തരത്തിലുള്ള ഒരു ക്ലോക്ക് നിർമ്മിക്കുന്നത്. 200 ഡോളർ മുതൽ 2000 ഡോളർ വരെ വിലയിടുന്നുണ്ട് ഇവർ ഇത്തരം പ്രകൃതിയുടെ സംഗീതമൊഴുക്കുന്ന, ക്ലോക്കുകൾക്ക്. അതായത് ചുരുങ്ങിയത് 20000 ഇന്ത്യൻ രൂപയെങ്കിലും വരും ഒരു ക്ലോക്കിന്. അതേസമയം ജർമ്മൻ ടെക്നോളജി ഇത്തരം ക്ലോക്ക് നിർമ്മിതികൾ ഉപേക്ഷിക്കുന്നുമില്ല.
പണ്ട് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നിഴലുകളുമാണ് നമ്മുടെ സമയത്തെ രേഖപ്പെടുത്തിയിരുന്നത്. ഇത്തരം സമയരേഖകളുടെ ബഹിരാകാശ ഭൌമ ക്ലോക്കിന്റെ ഉപജ്ഞാതാക്കളെന്ന് അവകാശപ്പെടുന്നവർ പതിനഞ്ചാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ടുവരെ ഉള്ളതായി പറയപ്പെടുന്നു.
എന്തായാലും പതിനെട്ടും പത്തൊമ്പതും നൂറ്റണ്ടിലാണ് ജർമ്മനിയിലെ കരിങ്കാടുകളിൽ നിന്ന് സാധാരണക്കാർക്കുള്ള, ലിന്ഡൻ മരനിർമ്മിതമായ ഘടികാരങ്ങൾ പുറത്തിറക്കിയത്. ഇത്തരം ക്ലോക്കുകൾ അക്കാലത്ത് അറിയപ്പെട്ടിരുന്നത് ബ്ലാക്ക് ഫോറസ്റ്റ് ക്ലോക്കുകളെന്നാണ്.
പ്രകൃതിയോട് ഇണങ്ങി പ്രകൃതിയുടെ ശബ്ദങ്ങളോടെ പാടുന്ന ഈ സമയചക്രങ്ങളും കണ്ട് ഞാൻ വീണ്ടും സ്വിസ്സിന്റെ ഹരിതാഭമായ തെരുവിലേക്കിറങ്ങി. അവിടെ യാതൊരു സമയബോധവുമില്ലാതെ അപ്പോഴും സ്വിസ്സുകാർ ആനന്ദോത്സവത്തിൽ ആറാടുന്നത് കണ്ടു.