ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിട്ട പറപ്പൂർ പള്ളിപുരാണം

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിട്ട പറപ്പൂർ പള്ളിപുരാണം

ഈ കാണുന്നത് തൃശൂർ ജില്ലയിലെ വിശുദ്ധ ജോണ്‍ നെപുംസ്യാന്റെ നാമധേയത്തിലുള്ള പറപ്പൂർ പള്ളിയാണ്. 1731 ല്‍ സ്ഥാപിതം. തോമസ്ശ്ലീഹ AD 52 ല്‍ സ്ഥാപിച്ച പാലയൂര്‍ പള്ളിയില്‍ നിന്നു തന്നെയാണ് ഈ പള്ളിയുടേയും ചരിത്രം ആരംഭിക്കുന്നത്. വീഡിയോ കാണാം.

AD 140 ല്‍ സെന്റ് തോമാസിന്റെ നാമധേയത്തിലുള്ള മറ്റേ പള്ളിയെന്നറിയപ്പെടുന്ന മറ്റം പള്ളിയായിരുന്നു, പണ്ട് പറപ്പൂരുകാരുടെ ഇടവക. പഴയ മലബാറിൽ സ്ഥിതി ചെയ്തിരുന്ന, മറ്റം പള്ളിയിലേക്ക് തിരുകൊച്ചിയിലെ പറപ്പൂരില്‍ നിന്നും 8 കി.മീറ്റര്‍ ദൂരമുണ്ട്. റോഡുകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പുഴയും, കാടും, തോടും വയലുകളും കടന്ന് വേണം, പറപ്പൂരുകാര്‍ക്ക് മറ്റം പള്ളിയിലെത്തി കുർബ്ബാന കാണുക. അതുകൊണ്ടുതന്നെ, സമയത്തിന് കുർബ്ബാന കാണുക പറപ്പുരുകാർക്ക് എളുപ്പമല്ലായിരുന്നു.

അങ്ങനെയൊരു മഴക്കാലത്ത്, പ്രകൃതിയുടെ ദുരിതങ്ങളും സഹിച്ച്, പറപ്പൂരുകാര്‍ മറ്റം പള്ളിയിലെത്തിയപ്പോൾ, അവിടെ തിരുകര്‍മ്മങ്ങള്‍ അവസാനിക്കാറായിരുന്നു. ‘മുഴുവന്‍ കുര്‍ബ്ബാനയില്‍’ പങ്കെടുക്കാനാകാത്തതിൽ, ദുഖിതരായ പറപ്പൂരിലെ വിശ്വാസികൾ ഒരു തീരുമാനമെടുത്തു, ഇനി കുര്‍ബ്ബാനയ്ക്കായി മറ്റം പള്ളിയിലേക്ക് പോവില്ല. ഇനി കുര്‍ബ്ബാനയുണ്ടെങ്കില്‍ അത് പറപ്പൂരില്‍ തങ്ങൾ പണിയുന്ന പള്ളിയിലായിരിക്കും. ഇതായിരുന്നു പറപ്പൂർ തീരുമാനം.

അങ്ങനെ വരാപ്പുഴ അപ്പസ്‌തോലിക വികാരിയായിരുന്ന ബിഷപ്പ് ജോണ്‍ ബാപ്പ്റ്റിസ്റ്റ് പള്ളിനിർമ്മിതിക്കുള്ള പച്ചക്കൊടി വീശി. മനക്കുളം രാജാവും പുന്നത്തൂര്‍ രാജാവും പള്ളിക്കുള്ള സ്ഥലം അനുവദിച്ചു. തുടർന്ന്, 64 കുടുംബങ്ങള്‍ക്കായി, 1731- ല്‍, പനമ്പട്ട കൊണ്ട് വശങ്ങള്‍ മറച്ച്, ഓലകൊണ്ട് മേഞ്ഞൊരു പള്ളിയുണ്ടായി. വിശുദ്ധ ജോണ്‍ നെപുംസ്യാന്റെ നാമധേയത്തിലുള്ള ഇന്ത്യയിലെ ആദ്യ ദൈവാലയമായിരുന്നു ഇത്.

രാജാവാണെങ്കിൽ പോലും കുമ്പസാരരഹസ്യം പുറത്തുവിടില്ലെന്ന ക്രൈസ്തവ പൌരോഹിത്യ പ്രതിജ്ഞ കൈവിടാത്ത, 1383-ൽ, രക്തസാക്ഷിയായ വശുദ്ധ ജോണ്‍ നെപുംസ്യാനെ പോപ്പ് വിശുദ്ധപദവിയിലേക്ക് ഉയർത്തിയ കാലമായിരുന്നു അത്. അതായത് 1729-കാലം. അക്കാലത്തെ കീഴ്വഴക്കമനുസരിച്ച്, പുതിയ പള്ളി നിർമ്മിക്കുമ്പോൾ, അത് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടവരുടെ പേരിലായിരിക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ്, പറപ്പൂർക്കാർക്ക്, വശുദ്ധ .ജോണ്‍ നെപുംസ്യാന്റെ നാമധേയത്തിലുള്ള പള്ളിയുണ്ടായത്.

പിന്നെപ്പിന്നെ പലപല കാലഘട്ടങ്ങളിലായി ആ പള്ളി വളരുകയായിരുന്നു. ഇന്ന് കാണുന്ന പഴയ പള്ളി ഉണ്ടായത് 1825-35 കാലഘട്ടത്തിലാണ്. പള്ളി വികാരിയും നാട്ടുകാരനുമായിരുന്ന ഇയ്യോബ് ചിറ്റിലപ്പിള്ളിയെന്ന ഇയ്യു കത്തനാരായിരുന്നു പള്ളി നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത തച്ചനും അച്ചനും. ആ നിർമ്മാണം ഏതാണ്ട്,1972-വരെ തുടർന്നു. ഇതിന്നിടെ ഈ പള്ളിയുടെ പരിസരപ്രദേശങ്ങളിൽ വേറേയും പള്ളികളും കപ്പേളകളും ഉണ്ടായി. പല ഇടവകകളും ഉണ്ടായി. അപ്പോഴും ആ പള്ളികളുടേയും കപ്പളകളുടേയുമൊക്കെ തള്ളപ്പള്ളിയായി പറപ്പൂർ പള്ളി നിലകൊണ്ടു.

പറപ്പൂർ പള്ളിയുടെ വളര്‍ച്ചക്കൊപ്പം വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ വളര്‍ച്ചയുമുണ്ടായി. 1874 ല്‍ പറപ്പൂർ പള്ളിയോട് ചേര്‍ന്ന് ആദ്യ എല്‍.പി.സ്‌കൂള്‍ സ്ഥാപിക്കപ്പെടുകയും തുടര്‍ന്ന് 1924 ല്‍ അത് യു.പി.സ്‌കൂളായി വളര്‍ന്ന് ഹയര്‍സെക്കണ്ടറി വരെയെത്തി. ഈ പരിസരങ്ങളിലെ കച്ചവടക്കാർക്കായി പള്ളിവക ഒരു ചന്തയും ഒപ്പം ഇവിടെ വളർന്നു.

കാലാന്തരത്തിൽ, 1992-ല്‍ പറപ്പൂർ പള്ളി, ഫൊറോന  പള്ളിയെന്ന പദവിയിലേക്കുയര്‍ത്തപ്പെട്ടു. ഫൊറോനക്കു കീഴില്‍ ആമ്പക്കാട്, പുറനാട്ടുകര, അടാട്ട്, അമല, ചിറ്റിലപ്പിള്ളി, എടക്കളത്തൂര്‍, പോന്നോര്‍, പെരുവല്ലൂര്‍ എന്നീ പള്ളികളും, അന്നകര, ഊരകം, എന്നിടത്തെ കുരിശുപള്ളികളും, വശുദ്ധ അല്‍ഫോണ്‍സാമ്മയുടെ നാമധേയത്തുള്ള തോളൂര്‍ പള്ളിയുമുണ്ട്.

സന്യസ്തരുടെ അനുഗ്രഹീത ഭൂമി കൂടിയാണ് പറപ്പൂർ. ഈ ദേവഭൂമികയിൽ നിന്ന്, 300-ലധികം സന്യസ്തർ ദൈവസന്നിധിയിൽ സമര്‍പ്പിതരാണ്. ഇവിടെനിന്നുള്ള നാല്‍പ്പതോളം വൈദീകർ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ദൈവശുശ്രൂഷ നടത്തുന്നു. പുണ്യശ്ലോകനായ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചനും തൃശ്ശൂര്‍ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ, പാവങ്ങളുടെ പിതാവെന്നറിയപ്പെടുന്ന മാര്‍ ജോസഫ് കുണ്ടുകളം തിരുമേനിയും, മെല്‍ബണ്‍ രൂപതാധ്യക്ഷനും, ന്യൂസിലാന്റിലെ അപ്പസ്‌തോലിന്‍ വിസിറ്റേറ്ററുമായ മാര്‍ ബോസ്‌കോ പുത്തൂരും ഈ ഇടവകക്കാരാണെന്നുള്ളത് എടുത്തുപറയതക്കതാണ്.

ക്രൈസ്തവചരിത്രത്തിന്റെ വിശ്വാസപൈതൃകത്തിന്റെ 286 വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഈ പറപ്പൂര്‍ ഇടവകക്ക്. എന്നിരുന്നാലും പതിവുപോലെ ഇവിടേയും, ഈയടുത്തകാലത്ത്, ഒരു പുതിയ പള്ളി ഉണ്ടായി. ചരിത്രത്തിന്റെ ഭാഗമായ, പഴയ ദൈവാലയത്തിന്റെ, വിശുദ്ധ അടയാളങ്ങളെ, പുതിയ പള്ളിയുടെ പിന്നാമ്പുറത്തേക്ക് തള്ളിമാറ്റിയാണ് പുതിയ പള്ളി മുന്നിൽ നിൽക്കുന്നത്. പഴയ പള്ളിക്കും പുതിയ പള്ളിക്കും ഇടയിൽ ഒരു തലമുടിനാരിന്റെ വിടവേ കാണൂ. ശ്വാസം വിടാനാവാതെ പഴയ പള്ളി വീർപ്പുമുട്ടി നിൽക്കുന്നത് കാണുമ്പോൾ വിശ്വാസികൾക്ക് അല്പം വേദനയുണ്ടാവണം.

പഴയപള്ളി നന്നായി പരിപാലിക്കുന്നുണ്ടെങ്കിലും സങ്കീർത്തിയ്ക്കരികെ ധൂമക്കുറ്റി കത്തിക്കുന്നതിനും പുകയ്ക്കുന്നതിനുമായുള്ള ഈ യന്ത്രവൽകൃത സംവിധാനങ്ങളുടെ ഈ വെടിപ്പില്ലായ്മ കാണുമ്പോൾ ഇവിടെ വരുന്ന ഭക്തരുടെ ഹൃദയം ഒന്ന് തേങ്ങുന്നുണ്ടാവണം.

ഇടവക പ്രതിഷ്ഠയായ വിശുദ്ധ ജോണ്‍ നെപുംസ്യാനെ പോലെതന്നെ, ഇവിടുത്തെ വിശ്വാസികൾ വണങ്ങുന്ന, മറ്റൊരു പ്രതിഷ്ഠ കൂടിയുണ്ട്, വിശുദ്ധ റോസ. 1586 മുതല്‍ 1617 വരെ പെറുവിന്റെ തലസ്ഥാനമായ ലീമയില്‍ ജീവിച്ചുമരിച്ച, ഇസബെല്ലയെന്ന റോസാ പുണ്യവതിയാണ്, വിശുദ്ധ റോസ.

നവംബര്‍ 20-ാം തിയ്യതി ഞായറാഴ്ചയെങ്കില്‍ അന്നോ, അല്ലെങ്കിൽ അതുകഴിഞ്ഞുവരുന്ന ഞായറാഴ്ചയോ ആണ് വിശുദ്ധ റോസയുടെ തിരുനാള്‍ പറപ്പൂരില്‍ കൊണ്ടാടുന്നത്. തമുക്കുതിരുനാള്‍ എന്ന പേരിലാണ് ഈ തിരുനാള്‍ അറിയപ്പെടുന്നത്.

പുഴുക്കല്ലരി വറുത്ത് പൊടിച്ച് ശര്‍ക്കരയും, പഴവും, ചുക്കും, ഏലക്കയും ചേര്‍ത്തുണ്ടാക്കുന്ന പ്രസാദമാണ് തമുക്ക്. ഇവിടുത്തെ വിളക്കുകളിലെ എണ്ണയും, തമുക്കും ഗര്‍ഭിണികളുടെ സുഖപ്രസവത്തിനും, മറ്റുള്ളവരുടെ ഉദരസംബന്ധമായ അസുഖങ്ങൾക്കും അത്ഭുതപ്രസാദമെന്നും വിശ്വസിച്ചുപോരുന്നു.

വിശുദ്ധ ജോൺ നെപുംസ്യാനും വിശുദ്ധ റോസയും വാഴുന്ന ഈ ഇടവകയിലെ വിശ്വാസികളുടെ പേരിന്റെ ഭൂരിഭാഗവും ജോൺ, റോസ തുടങ്ങിയ പേരുകളുടെ ചേരുവകളാൽ സമ്പന്നമാണ്, സമൃദ്ധമാണ്.

പള്ളിയുടെ മൊത്തത്തിലുള്ള നിർമ്മിതിയിൽ ആധുനിക ദേവാലയനിർമ്മിതിസങ്കേതങ്ങളുടെ പരിഷ്കാരങ്ങളുണ്ടെങ്കിലും, അൾത്താരയുടെ ശില്പകല്പനകളിൽ പഴയ ദേവാലയങ്ങളുടെ ശീലും ശേലും കാണാം. നീലയും വെളുപ്പും സുവർണ്ണനിറവും ചാലിച്ചെഴുതിയ ഒരു ശില്പകാവ്യം പോലെ സുന്ദരമാണ് ഈ പള്ളി. ഓഫ് വൈറ്റും സുവർണ്ണനിറവും പൂശിയ ഈ പള്ളിയുടെ മുഖവാരത്തിനും നല്ല ചന്തമുണ്ട്.

സ്റ്റെയിന്റ് ഗ്ലാസ്സിന്റെ പശ്ചാത്തലത്തിൽ സുവർണ്ണ പ്രൌഡിയോടെ ഒരു ദൈവീകപരിവേഷം പോലെ കാണപ്പെടുന്ന ഈ പള്ളിയുടെ അൾത്താരയും ഭക്തർക്ക് നീലരാശിയിലുള്ള ഒരു സ്വർണ്ണനിറമാലയാണ്. സ്റ്റെയിന്റ് ഗ്ലാസ്സിലൂടെ അരിച്ചിറങ്ങുന്ന പ്രകൃത്യാലുള്ള വെളിച്ചം അൾത്താരയുടെ മാറ്റ് കൂട്ടുന്നുണ്ട്.

ഇതിന്നിടെ ഈ പള്ളി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു.  2017 നവംബറിൽ കൂദാശ കർമ്മം നിർവ്വഹിക്കപ്പെട്ട പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിലെ അൾത്താരക്കാണ് ആ ഭാഗ്യം കൈവന്നത്.

ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സ്റ്റെയിൻഡ് ഗ്ലാസ്സ് അൾത്താരയെന്ന വിഭാഗത്തിലാണ്, ആ റെക്കോർഡ്. ജോസഫ്. സി.എൽ. എന്ന ശിൽപ്പ കലാകാരന്റെ പേരിലാണ് റെക്കോർഡ്. പ്രതീകാത്മകമായി പരിശുദ്ധാത്മാവിനെയും ക്രിസ്തുശിഷ്യരായ 12 പേരുടെയും ചിത്രങ്ങളാണ്, സ്റ്റെയിന്റ് ഗ്ലാസ്സിൽ, ജോസഫ് ഇവിടെ ആലേഖനം ചെയ്തിരിക്കുന്നത്. 70 അടി നീളവും 45 അടി ഉയരവുമുള്ള പറപ്പൂരിലെ അൾത്താര, ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റയിന്റ് ഗ്ലാസ്സ് അൾത്താരയെന്ന നിലയിൽ രാജ്യാന്തര തലത്തിൽ അറിയപ്പെടുന്നു.