ശ്രീനാരായണഗുരുവും കൂർക്കഞ്ചേരി തൈപൂയവും

20 Feb 2025
”ശ്രീനാരായണഗുരു ജ്ഞാനിയല്ല; ജ്ഞാനമാണ്…” സ്വാമി നിത്യാനന്ദ, ഗുരുവിനെ നിർവചിച്ചത് ഇങ്ങനെയാണ്. ശ്രീനാരായണ ഗുരു ഒരുപുരോഗമനാത്മക-വികസിത കാലഘട്ടത്തെ സൃഷ്ടിച്ച മഹാത്മാവായിരുന്നു, ജ്ഞാനഗംഗയായിരുന്നു.
മലയാളിയുടെ സാംസ്‌കാരിക സ്വത്വബോധത്തിന്റെ സീമകളെ വികസിപ്പിച്ച്, സാംസ്കാരിക മാലിന്യങ്ങളെ തുടച്ചുനീക്കിയ നവോത്ഥാന ദാര്‍ശനികൻ കൂടിയായിരുന്നു, ഗുരുദേവന്‍. വീഡിയോ കാണാം
എന്നാൽ ആ കാലഘട്ടമൊക്കെ ഇന്ന് അവസാനിച്ചു. ഗുരു വരുംമുമ്പുള്ള അവസ്ഥയിലേക്ക് കാലഘട്ടം തിരിച്ചുനടന്നിരിക്കുന്നു. അതുകൊണ്ടുതന്നെ, ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള ഒരു ദുരന്ത കാലഘട്ടത്തിലൂടെയാണ് ഇന്നു ലോകം കടന്നുപോകുന്നത്.
ബുദ്ധന്‍റെ ധര്‍മ്മതലങ്ങൾക്കും ശങ്കരാചാര്യര്രുടെ വൈജ്ഞാനിക തലങ്ങൾക്കുമപ്പുറം അദ്വൈതദാർശനികനായ ഗുരു ജാതി നിരാസത്തിലൂടെയാണ് അദ്വൈതം പ്രായോഗികമായി നടപ്പാക്കാൻ ശ്രമിച്ചത്. ”ജാതിഭേദം മതദ്വേഷം; ഏതുമില്ലാതെ സര്‍വ്വരും; സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിത്.” എന്ന് വിളംബരം നടത്തിയതും അങ്ങനെയാണ്. അത്തരമൊരു മാതൃകാസ്ഥാനത്താണ് ഞാനിന്ന്.
കൂർക്കഞ്ചേരി ശ്രീനാരായണ മഹേശ്വര ക്ഷേത്രമുറ്റത്താണ് ഞാനിപ്പോൾ നിൽക്കുന്നത്. ഇന്നിവിടെ തൈപൂയമാണ്.
മകരമാസത്തിലെ പൂയ്യം നാളില്‍ ആഘോഷിക്കുന്ന തൈപ്പൂയ്യമഹോത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഈ മഹോത്സവത്തില്‍ മുമ്മൂന്നു ഗജവീരന്മാരുടെ അകമ്പടിയോടെ മൂന്നുദേശക്കാരുടെ പൂരമെഴുന്നള്ളിപ്പും പൂയംനാളിൽ നടക്കും. ഏഴില്‍പ്പരം കാവടി സമാജക്കാരുടെ നിറങ്ങൾ ആളിപ്പടരുന്ന കാവടിയാട്ടവും തൈപ്പൂയ്യമഹോത്സവത്തിനെ പ്രോജ്വലിപ്പിക്കും.
വിദേശ ടൂറിസ്റ്റുകള്‍ സന്ദര്‍ശകരായി എത്തുന്ന പ്രസിദ്ധമായ തൈപ്പൂയ്യമഹോത്സവം കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഫെസ്റ്റീവ് കേരള എന്ന പ്രസിദ്ധീകരണത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
തൃശൂർപൂരത്തിന് ആനച്ചമയം പോലെ കൂർക്കഞ്ചാരി തൈപൂയത്തിനും ഈയടുത്തകാലം മുതൽ പൂയച്ചമയം ആരംഭിച്ചു. ആനച്ചമയത്തോടൊപ്പം ഇവിടെ കാവടിയാട്ടത്തിന് കൊടുക്കുന്ന ട്രോഫികളും പ്രദർശിപ്പിക്കുന്നുണ്ട്.
പൂയത്തിന്റെ പന്തലുകളും ഏറെ ശ്രദ്ധയാകർഷിക്കുന്നവയാണ്. എത്രയോ നിലകളുള്ള ഈ കൂറ്റൻ വർണ്ണഗോപുരങ്ങളും ആരും എടുത്താടാത്ത മനോഹര കാവടികളായി നമ്മുടെ കണ്ണഞ്ചിക്കും.
കൂർക്കഞ്ചേരി പൂയത്തിന്റെ മേളവും ബഹുകേമമാണ്. തൃശൂർ പൂരത്തിന്റെ ഏതാണ്ട് അത്രതന്നെ പേരും പെരുമയുമുണ്ട് കൂർക്കഞ്ച്രി പൂയത്തിനും. പൂരത്തിന്റെ മേളപ്രമാണിമാരൊക്കെ തന്നെയാണ് ഇവിടേയും മേളപ്രപഞ്ചം തീർക്കുന്നത്. അതുകൊണ്ടുതന്നെ മുഴുവൻ മേളപ്രേമികളും ഈ അമ്പലപ്പറമ്പിലുമെത്തും.
എത്രകണ്ടാലം മതിവരാത്ത ഈ പന്തലുകൾക്ക് ചുറ്റും പൂയപ്രേമികൾ രണ്ട് പൂയപകലും രാത്രിയും തേനീച്ചകളെ പോലെ പാറിപ്പറക്കും. ചൈനാക്കരന്റെ എല്ലീഡി പ്രകാശവിപ്ലവം ചില്ലറ മാറ്റങ്ങളല്ല നമ്മുടെ ഉത്സവപ്പറമ്പുകളിൽ ഉണ്ടാക്കിയിട്ടുള്ളത്. ഈ പന്തലുകളില്ലാതെ ഒരു ഫ്രെയിമും ഇവിടങ്ങളിലെ ക്യാമറകളിലുണ്ടാവില്ല. ബലൂൺ വില്പനക്കാരും ഏറെ മുന്നിലാണ്.
പലേടങ്ങളിൽ നിന്നായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഇങ്ങനെ ദേശക്കാരുടെ കാവടികൾ വന്നുകൊണ്ടിരിക്കും. അതത്രയും ഏതാണ്ട് ഒരു മണിക്കൂറോളം അമ്പലപ്പറമ്പിൽ ആടിത്തിമിർക്കും. അങ്ങനെ ഏഴ് സെറ്റ് കാവടികൾ പൂയപകലും രാത്രിയും ഈ അമ്പലപ്പറമ്പിൽ നയനോത്സവമാവും. വിദേശികളും ഇവിടെ എന്നടൊപ്പം ഷൂട്ടിലുണ്ട്.
ആനച്ചമയത്തോടെ മൂന്ന് ആനകൾ വീതം ദേശക്കാരുടെ പൂരവും ഈ കാവടിക്കൂട്ടങ്ങളോടൊപ്പം ഇവിടെ വന്നുപോകും.
ഞാൻ ഈ ദേശത്തുകാരനാണ്. പഴയ പടിഞ്ഞാട്ടുമുറിക്കാരനാണ്, പുതിയ വടൂക്കരക്കാരനാണ്. പണ്ടൊക്കെ എന്റെ കുട്ടിക്കാലത്ത്, ഫാഷൻ കാവടികളുടെ പാരീസായിരുന്നു വടൂക്കര.
ചന്ദ്രനിൽ മനുഷ്യനെ ഇറക്കിയ ബഹിരാകാശ വാഹനമായിരുന്നു അന്നത്തെ ട്രെന്ഡിങ്ങ് ഫാഷൻ കാവടി. പിന്നെ തെങ്ങും, വാഴയും, പാലമരവും, ചെമ്പരത്തിയും, ചിതൽപ്പുറ്റും, ട്രോഫികളും വരെ ഫാഷൻ കാവടികളായി ഈ ക്ഷേത്രമൈതാനിയിൽ ആടിത്തിമിർത്തിരുന്നു. അതൊക്കെ തന്നെ മുള പാകിയെടുത്ത കുഞ്ഞുകുഞ്ഞുപാളികൾ കൊണ്ടായിരുന്നു ഉണ്ടാക്കിയത്. പരിസ്ഥതി,സൌഹൃദമുള്ള സാംസ്കാരിക കാവടികൾ.
ഇന്നതൊക്കെ പോയിരിക്കുന്നു. ഇന്ന് എല്ലാ കാവടികളും ഏതാണ്ട് ഒരുപോലെയുള്ളവയാണ്. അതും ഈ ദേശത്തുകാർ ഉണ്ടാക്കുന്നതുമല്ല. എവിടെനിന്നോ വാടകക്ക് എടുക്കുന്ന കാവടികളാണത്രെ. പതിനായിരവും ഇരുപതിനായിരവുമൊക്കെയാണ് ഒരു കാവടിയുടെ വാടകക്കാശ്. ആട്ടക്കാരേയും ഇന്ന് വാടകക്ക് എടുക്കുകയാണ്. ആട്ടക്കാർക്ക് ഏഴായിരം രൂപയാണത്രെ കൂലി. പണ്ടത്തെപോലെ ഇന്ന് പെട്രോമാക്സില്ല, എല്ലീഡി ലൈറ്റാണ്. അത് പിടിക്കുന്നവർക്കും കൂലി കൊടുക്കണം. ആട്ടക്കാരു പണ്ടത്തേ പോലെ കാവടിയാടുന്നില്ല, ആടാൻ പറ്റുന്ന തരത്തിലുള്ള കാവടിയുമല്ല ഇന്നത്തേത്.
ഇനി നമുക്ക് കുറച്ചുകൂടി ക്ഷേത്രചരിത്രം കേൾക്കാം, കാവടിയാട്ടവും കാണാം. ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്ന ക്ഷേത്രമാണ് കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം. കൊല്ലവര്‍ഷം 1092, അതായത് 1916, ചിങ്ങം 28-ന് ഉത്രാടം നാളിലാണ് ഗുരുദേവന്‍ ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നിര്‍വഹിച്ചത്. ക്ഷേത്രനിര്‍മ്മാണത്തിനായ് ഗുരുദേവന്‍റെ പ്രമുഖശിഷ്യനായ ബ്രഹ്മശ്രീ ബോധാനന്ദ സ്വാമികൾ കൂട്ടിനുണ്ടായിരുന്നു.
ഗുരുദേവന്‍റെ കൂര്‍ക്കഞ്ചേരിയിലെ ഗൃഹസ്ഥശിഷ്യരടക്കം ഏതാനും പേര്‍ ഗുരുദേവനെ അക്കാലത്ത് നേരില്‍ ചെന്നു കണ്ട്, ഒരു ക്ഷേത്രം വേണമെന്ന ആവശ്യം അറിയിച്ചു. അതനുസരിച്ച് ഗുരുദേവന്‍ കൂര്‍ക്കഞ്ചേരിയിലെത്തി, ക്ഷേത്രത്തിനുള്ള സ്ഥാനവും അളവും ഒരു രേഖാചിത്രവും വരച്ചുകൊടുത്തു.
എന്നാൽ അന്നത്തെ ക്ഷേത്രനിര്‍മ്മാണകമ്മറ്റി ഗുരുവിന്റെ ക്ഷേത്രസ്ഥാനത്തിലും, അളവിവും, രേഖാചിത്രത്തിലും തൃപ്തരായില്ല. അവർ സ്ഥലത്തെ മറ്റൊരു തച്ചുശാസ്ത്രവിദഗ്ദനെ സമീപിച്ചു. അയാൾ പുതിയ സ്ഥാനവും അളവും രേഖാചിത്രവും തയ്യാറാക്കുകയും, അതനുസരിച്ച്, ക്ഷേത്രനിർമ്മിതി നടത്തുകയും ചെയ്തു.
ഇതൊന്നുമറിയാതെ, പിന്നീട് ക്ഷേത്രപ്രതിഷ്ഠയ്ക്ക് വന്ന ഗുരുദേവന്‍ താൻ അടയാളപ്പെടുത്തിയ ക്ഷേത്രസ്ഥാനവും സ്ഥാനവും അളവും രേഖാചിത്രവും മാറ്റിയതറിഞ്ഞു. തന്നിൽ വിശ്വാസം നഷ്ടപ്പെട്ട ക്ഷേത്രകമ്മറ്റിക്കാരോട് അതൃപ്തി പ്രകടമാക്കിയ ഗുരു പര്‍ണ്ണശാലയില്‍ കുറച്ചുനേരം വിശ്രമിച്ചതിനുശേഷം ആരുമറിയാതെ സ്ഥലം വിടുകയായിരുന്നു.
ക്ഷേത്രപ്രതിഷ്ഠാമുഹൂർത്തത്തിൽ പർണ്ണശാലയിലെത്തിയ കമ്മറ്റിക്കാർക്ക് ഗുരുവിനെ കണ്ടെത്താനായില്ല. പിന്നീടെപ്പോഴോ ഗുരുവിന്റെ ശിഷ്യരിലൊരാൾ ഗുരുവിനെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തുകയായിരുന്നു.
പിന്നെ എല്ലാവരും കൂടി ഗുരുവിന്റെ കാല്‍ക്കല്‍ വീണ് മാപ്പുചോദിച്ചു. അവർക്ക് മാപ്പ് കൊടുത്ത ഗുരുദേവന്‍ തിരിച്ചു വന്ന് ക്ഷേത്രപ്രതിഷ്ഠ നിര്‍വഹിച്ചു. ആ ക്ഷേത്രമുറ്റത്താണ് ഞാനിപ്പോൾ നിൽക്കുന്നത്.
അമ്പലപ്പറമ്പിൽ കാവടികൾ ആടിത്തകർത്ത് പൊടിപാറിക്കുകയാണ്. ഇപ്പോഴത്തെ ഉത്സവങ്ങൾക്ക് വന്ന ഒരു മാറ്റം, നമ്മുടെ പെൺകുട്ടികൾ ഇതൊക്കെ ആസ്വദിക്കുന്നു എന്നുള്ളതാണ്. അതൊരു വലിയ മാറ്റം തന്നെയാണ്.
ഈ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള പ്ലാവിന്‍ ചുവട്ടില്‍ വെച്ചാണ് 1928 ജനുവരി 9-ന് ഗുരുദേവന്‍ ശിവഗിരി ആസ്ഥാനമായുള്ള ധര്‍മ്മസംഘം രൂപീകരിച്ചതെന്നതും ശ്രദ്ധേയമാണ്.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീമാഹേശ്വരനാണ്. മറ്റ് ഉപദേവീദേവന്‍മാരായ ശ്രീപാര്‍വ്വതി, വിഘ്നേശ്വരന്‍, സുബ്രഹ്മണ്യന്‍, വേണുഗോപാലന്‍, ശ്രീ അയ്യപ്പന്‍, ഭഗവതി തുടങ്ങിയവരുടെ പ്രതിഷ്ഠകളുമുണ്ടിവിടെ. കൂടാതെ സര്‍പ്പക്കാവും, നവഗ്രഹപ്രതിഷ്ഠയുമുണ്ട്.
ഈ ക്ഷേത്രത്തിൽ ഏറെ മിശ്രവിവാഹങ്ങള്‍ നടക്കുന്നുവെന്നത് ഗുരുദേവന്റെ നവോത്ഥാന മാഹാത്മ്യം വിളിച്ചുപറയുന്നുണ്ട്.
നിത്യവും പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിനുള്ള സൌകര്യവും ഈ ക്ഷേത്രത്തിലുണ്ട്. കര്‍ക്കിടകമാസത്തിലെ അമാവാസിനാളിലടക്കം ഇവിടെ ആയിരക്കണക്കിന്ന് ഭക്തരാണ് ബലിതര്‍പ്പണം നടത്തുന്നത്.
ഇനി ഇത്തിരി പൂയം കാണാം. ഇന്നും സജീവമായ മയിലാട്ടമാണ് ഒരുപക്ഷേ എന്നെ ആ പഴയ കാവടിയാട്ടക്കാലത്തേക്ക് കൊണ്ടുപോകുന്നത്. സത്യത്തിൽ ഈ കലാരൂപങ്ങളിലാണ് കാവടിയാട്ടം ഗൃഹാതുരമാവുന്നത്.
ഈ ഇലത്താളക്കാരനെയൊക്കെ കാണുമ്പോഴാണ് നമ്മുടെ കണ്ണുകൾ കുളിർക്കുന്നത്. നമ്മുടെ സാംസ്കാരിക യൌവ്വനം മരിച്ചില്ലെന്ന് നമ്മേ ഓർമ്മിപ്പിക്കുന്നതും ഈ കൊട്ടിത്തുള്ളുന്ന ചെറുപ്പക്കാരാണ്.
ശൂലക്കാരനും സ്ത്രീകൾ പിടിക്കുന്ന ഈ പട്ടുകുടകളും ഈ ചലിക്കുന്ന കലാരൂപങ്ങളും നമ്മേ പഴയ സാംസ്കാരിക ഭൂമിയിലേക്ക് കൊണ്ടുപോവുന്നുണ്ട്. അതുതന്നെ വലിയ ആശ്വാസം.
അമ്പലപ്പറമ്പിൽ കാവടിക്കൂട്ടങ്ങൾ ആടിത്തകർക്കുകയാണ്.
നമ്മുടെ ഉത്സവപറമ്പുകളിലും ഉത്സവത്തെരുവുകളിലും പെൺസാന്നിദ്ധ്യം ഇരമ്പിത്തുടങ്ങി. അതൊരു വിജയമാണ്. സത്യത്തിലും ഇപ്പോഴാണ് നമ്മുടെ പെണ്ണുടലുകൾ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തുന്നത്.
കാവടികളുടെ പകലാട്ടം കഴിഞ്ഞ്, രാക്കാവടിയാട്ടവും ഉണ്ടാവും . അപ്പോൾ പകലാടിയ കാവടികളിൽ എല്ലീഡി ദീപമാലകൾ മിന്നിമറയും.
താളബദ്ധരാവുന്ന പെൺസാന്നിദ്ധ്യവും പെൺതാളവുമാണ് നമ്മുടെ ആശാവഹമായ പ്രതീക്ഷകൾ. യൌവ്വനയുക്തരായ താളവാദ്യക്കാരും.
ആടിത്തളർന്ന ഈ കുട്ടികളും അമ്മമാരും മുളകുബജിയാനന്ദത്തിലാവുന്നതും അമ്പലപ്പറമ്പിലെ കാഴ്ചയാണ്. ഈ പൂയം കഴിയുവോളം അവരൊക്കെ ഈ ആനന്ദത്തിൽ ആറാടും. ബജിക്കാരും ആവേശത്തിലാവും.
ക്ഷേത്രപ്പറമ്പിൽ മേളം കൊളുക്കുകയാണ്. രാക്കാവടികൾ രാവിനെ വീണ്ടും പകലാക്കുകയാണ്.
അമ്പലമെത്തി. ആട്ടക്കാരൻ കാവടി കൈമാറുകയാണ്. ഇനി പുതിയ ആട്ടക്കാരന്റെ ഊഴം.
അമ്പലത്തിനകത്തും പൂജാവിധികൾ തുടരുമ്പോഴും പുറത്ത് മേളം കൊഴുക്കുകയാണ്. ഈ രാവ് പൂയത്തിന് സ്വന്തം, ദേശക്കാർക്കും. പൂയം തുടർന്നുകൊണ്ടേയിരിക്കും.