സിനിമ എക്കാലത്തും ഒരു കച്ചവടമായിരുന്നു. സിനിമകൾ ഉൾക്കൊള്ളുന്ന കച്ചവടചരക്കുകൾ മാത്രമേ മാറിയിരുന്നുള്ളൂ. കൂടുതലും ലൈംഗികത തന്നെയായിരുന്നു സിനിമകളുടെ കച്ചവടച്ചരക്ക്. ആർട്ട്-സെമി ആർട്ട് സിനിമകളിലും കച്ചവടം തകൃതിയായിനടന്നുവന്നിരുന്നു. ചിലപ്പോൾ തീവ്രവാദ പ്രസ്ഥാനങ്ങളേയും കഥാപാത്രങ്ങളേയും ന്യായീകരിച്ചും അന്യായീകരിച്ചുമാണ് അത്തരം ബുദ്ധിജീവി സിനിമകളുണ്ടായിട്ടുള്ളത്. ചുരുക്കത്തിൽ കച്ചവടഗന്ധമില്ലാതെ ഒരു സിനിമയും ഈ ഭൂമിയിൽ ജനിച്ചിട്ടില്ല.സാഹിത്യവും ഏതാണ്ട് ഇപ്പറഞ്ഞ സിനിമാസങ്കേതങ്ങളുടെ ഫോർമുലയിൽ തന്നെയാണ് ഇക്കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വീഡിയോ കാണാം
ഇവിടെ ഇപ്പോളൊരു എമ്പ്രാൻ വിവാദം കൊഴുക്കുകയാണല്ലോ. അതുകൊണ്ടാണ് ഇത്രയും പറയേണ്ടിവന്നത്. എക്കാലത്തും ഏതുവിവാദത്തിലും അവസാന റൌണ്ടിൽ പൊട്ടാത്ത തോക്കുമായെത്തുന്നവരാണ് എഴുത്തുകാർ അഥവാ സാംസ്കാരിക നായകന്മാർ. അവരെ ഒന്ന് പൊളിച്ചെഴുതുകയാണ് എന്റെ ഉന്നം.
ഇവിടെ ആ സിനിമയിൽ നിന്ന് വെട്ടിമാറ്റിയെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ അഥവാ ആവിഷ്കാര സ്വാതന്ത്ര്യാംശങ്ങൾ ഇവിടെ വളരെ മുമ്പും ഉണ്ടായിരുന്നു. അതൊന്നും എഴുതാനുള്ള “ധൈര്യവും തന്റേടവും അന്തസ്സും” കാണിക്കാത്തവരാണ് നമ്മുടെ എഴുത്തുകാരും സാംസ്കാരികപ്രമാണിമാരും. കാരണം, സിനിമയുടെ പ്രേക്ഷകരല്ല, ഇക്കാലത്തെ വായനക്കാരെന്ന് അവർക്ക് നന്നായറിയാം.
അതുകൊണ്ട് അവർ പുട്ടിന് നാളികേരം എന്ന കണക്കിന് ലൈംഗികതയും ബുദ്ധനേയും ഓഷോയേയും ഗീതാകാരനേയും ഒന്നിടവിട്ട അദ്ധ്യായങ്ങളിലും പാരഗ്രാഫുകളിലുമായി മദോന്മത്തമായി വിതറിയിട്ടിരുന്നു. പുതിയ കാലങ്ങളിൽ അവർ, ഗാന്ധിയേയും സവർക്കറേയും യോഗിയേയും എന്തിന് മോദിയേയും പ്രതീകാത്മകബിംബ മേമ്പൊടിയായും ചേർത്തിരുന്നു. ഇത്തരം അലങ്കാരവേലകളൊക്കെ അവർ ചെയ്തിരുന്നത് സേഫ് മോഡിലായിരുന്നു. അതായത് അവരുടെ എഴുത്തുകച്ചവടത്തിന് ദോഷം വരരുതാത്ത ഒരു സേഫ് സോണിൽ നിന്നാണ് അവരിതൊക്കെ ചെയ്തിരുന്നത്.
അതായത് എല്ലാവരും പൊളിറ്റിക്കലി സെൻസിറ്റീവായ ഏരിയയിൽ തൊട്ടു-തൊട്ടില്ല എന്ന മട്ടിലാണ് അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഉപയോഗിച്ചുപോന്നത്. അതുകൊണ്ടാണ്, ഈ കാലഘട്ടത്തിൽ, എഴുത്തുകാരൻ മുകുന്ദൻ, ഇങ്ങനെ പറഞ്ഞത്, ‘എഴുത്തുകാർ സർക്കാരിനൊപ്പം നിൽക്കണം.’ മുകുന്ദൻ അങ്ങനെ പറഞ്ഞതുകൊണ്ട് പറയുകയല്ല, എന്നാലും പറയുകയാണ്.
മുകുന്ദനടക്കും മലയാളത്തിലെ ഘോഷിക്കപ്പെട്ട എല്ലാ എഴുത്തുകാരും സർക്കാർ അവർക്കായി പതിച്ചുകൊടുത്ത സേഫ് സോണിൽനിന്നുതന്നെയാണ് എഴുതിയിട്ടുള്ളത്. ഇയെം ശങ്കരൻ നമ്പൂതിരിപ്പാടിനെ ഇപ്പറഞ്ഞ സേഫ് സോണിനപ്പുറം പരാമർശിച്ചതിന്റെ ഒറ്റ കാരണത്താൽ മുകുന്ദൻ എന്റെ ഒരു പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടഞ്ഞതും ഞാൻ ഇവിടെ ഓർമ്മിപ്പിക്കട്ടെ. പിന്നീട് ആ പുസ്തകം എം,പി. വീരേന്ദ്രകുമാറിന്റെ അവതാരികയോടെ മാതൃഭൂമി, ധൈര്യത്തോടെ, തന്റേടത്തോടെ, അന്തസ്സോടെ പ്രസിദ്ധീകരിച്ചതും ഓർമ്മിപ്പിക്കട്ടെ.
ഭരണകൂടത്തെ അട്ടിമറിക്കലല്ല, എഴുത്തിന്റെ ലക്ഷ്യം. ഭരണകൂടത്തിന്റെ, ഗോപ്യമാക്കിവച്ച അപകടകരമായ അടരുകളെ തന്മയത്തത്തോടെ സാഹിത്യത്തിന്റെ അടിയൊഴുക്കിലൂടെ, അവർ പോലും അറിയാതെ, അവതരിപ്പിക്കുകയാണ് വേണ്ടത്. അതുതന്നെയാണ് നമ്മുടെ പഴയ എഴുത്തുകാരും ചലചിത്രകാരന്മാരും ചെയ്തതും ചെയ്തുകൊണ്ടിരുന്നതും. തല മറന്ന് ഇവിടെ ഒരു സാഹിത്യകാരനും സാംസ്കാരിക നായകരും എണ്ണ തേയ്ക്കണ്ട, കാരണം, ആ എണ്ണ ആയുർവ്വേദത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, തണുപ്പാണ്.