അമ്മ വിളിച്ചു, ഞാൻ മൂകാംബിക പൂകി

അമ്മ വിളിച്ചു, ഞാൻ മൂകാംബിക പൂകി

ഒരുപാട് കാലമായുള്ള എന്റെ ഒരാഗ്രഹമാണ് മൂകാംബികയും സൌപർണ്ണികയും കാണുക എന്നുള്ളത്. എന്റെയൊരു ബാല്യകാല സുഹൃത്ത് അജിത് കർണാടകത്തിൽ ഷിമോഗയിൽ ജോലി ചെയ്തുവരുന്ന കാലം മുതലുള്ള ഒരാഗ്രഹമായിരുന്നു ഇത്. കൃത്യമായി പറഞ്ഞാൽ അര നൂറ്റാണ്ടായി സഫലീകരക്കപ്പെടാതെ കിടന്ന ഒരാഗ്രഹം. ഇതിന്നിടെ അജിത് ഈ ലോകം വിട്ട് പോവുകയും ചെയ്തു. ആ ആഗ്രഹം ഇപ്പോഴാണ് സഫലമായത്.

എന്നിൽ ഇനിയും പതിയാനുള്ള ഒരു സുഹൃത്ത് സുബിയാണ് ഈയ്യിടെ ഒരു സന്ധ്യക്ക് എന്നെ മൂകാംബികയ്ക്ക് ക്ഷണിച്ചത്. പുതുസൌഹൃദമാണെങ്കിലും ഞാൻ ആ ക്ഷണം സ്വീകരിക്കുകയായിരുന്നു. മാത്രമല്ല, എന്റെ ആത്മകഥായനം എഴുതിത്തീർന്ന സുവർണ്ണകാലത്തായിരുന്നു ഈ ക്ഷണം. മൂകാംബിക അമ്മ അങ്ങനെയാണത്രെ. ഓർക്കാപുറത്തായിരിക്കും അമ്മ വിളിക്കുക. ഞാൻ ആ വിളി കേട്ടു.

കർണാടകയിലെ കൊല്ലൂരിൽ, ഉഡുപ്പി ജില്ലയിലെ ബൈന്ദൂർ താലൂക്കിൽ  സൗപർണ്ണികാ നദിയുടെ തെക്കേ തീരത്താണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. മൂകാംബിക എന്ന ഭഗവതിക്ക് സമർപ്പിച്ചിരിയ്ക്കുന്ന ഈ മഹാക്ഷേത്രത്തിൽ എല്ലാ ജാതി മതസ്ഥർക്കും ദർശനം സാധ്യമാണ്.

കുടജാദ്രി മലകളുടെ താഴ്‌വാരത്തുള്ള ഈ ക്ഷേത്രം കോലാപുരാ ആദിലക്ഷ്മി ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നു. ലോകം എമ്പാടുമുള്ള ദേവീ ഭക്തരുടെയും ശാക്തേയോപാസകരുടെയും ഒരു പുണ്യകേന്ദ്രം കൂടിയാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം.

കൊല്ലൂർ ഗ്രാമമദ്ധ്യേയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിന്റെ നാലുവശവും നിരവധി മലകളാണ്. പന്ത്രണ്ടടി ഉയരമുള്ള ആനപ്പള്ളമതിൽ ക്ഷേത്രത്തെ ചുറ്റുന്നുണ്ട്. കിഴക്കും പടിഞ്ഞാറും രണ്ട് ഇരുനില ഗോപുരങ്ങൾ കാണാം. പടിഞ്ഞാറുഭാഗത്ത് അര കിലോമീറ്റർ മാറി മാരികാംബാക്ഷേത്രം (മാരിയമ്മൻ ക്ഷേത്രം) എന്ന മറ്റൊരു ദേവീക്ഷേത്രവും കാണാം. അല്പം മാറി സിദ്ധേശ്വരക്ഷേത്രം എന്ന ശിവക്ഷേത്രവുമുണ്ട്. തെക്കേ നടയിലാണ് ക്ഷേത്രം തന്ത്രിമാരുടെ വീട്.

ക്ഷേത്രത്തിന് തൊട്ടുമുന്നിലൂടെ അഗ്നിതീർത്ഥം എന്ന പേരിൽ ഒരു കൊച്ചു അരുവി ഒഴുകുന്നുണ്ട്. ഈ അരുവിയുടെ തെക്കുഭാഗത്തുകൂടെ പോയാൽ മറുകരയിലെത്താം. കുടജാദ്രിയിൽ നിന്ന് വരുന്ന ഈ അരുവിയും മറ്റ് 63 അരുവികളും ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുവച്ച് സംഗമിച്ചാണ് സൗപർണ്ണികയാകുന്നത്.

ഹൈന്ദവ ജഗദീശ്വരിയായ സാക്ഷാൽ ആദിപരാശക്തിയാണ് മൂകാംബിക. ത്രിപുര സുന്ദരി എന്ന പേരിലും മൂകാംബിക അറിയപ്പെടുന്നു. “മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി” എന്നി മൂന്ന് ഭാവങ്ങളുടെ ഐക്യരൂപിണിയാണ് ഈ ത്രിപുരസുന്ദരി. ഈ മൂന്ന് ഭാവങ്ങൾക്കും ഇവിടെ തുല്യ പ്രാധാന്യമാണുള്ളത്. പ്രത്യേക പൂജകളില്ല. എല്ലാ പൂജകളും ഈ മൂന്നു ഭാവങ്ങളെയും സമന്വയിച്ചുള്ളതാണ്.

കിഴക്കേ നടയിലൂടെ അകത്ത് കടന്നാൽ ആദ്യം കാണുന്നത് സ്വർണ്ണക്കൊടിമരവും അതിന് തൊട്ടുമുന്നിലുള്ള ഏതാണ്ടത്രയും വലിപ്പമുള്ള ദീപസ്തംഭവുമാണ്. കന്നഡ ശൈലിയിലാണ് ഇവിടെ കൊടിമരം പണിതിട്ടുള്ളത്. ഇതിന്റെ മുകളിലെ ഭാഗം സ്തൂപാകൃതിയിലും താഴെയുള്ള ഭാഗം ചതുരാകൃതിയിലുമാണ്. ഏറ്റവും മുകളിൽ ദേവിയുടെ വാഹനമായ സിംഹത്തിന്റെ രൂപം കാണാം; താഴേയ്ക്ക് വരുമ്പോൾ വിവിധ ദേവീദേവന്മാരുടെ രൂപങ്ങളും. കൂടാതെ, ദീപസ്തംഭത്തിൽ ഒരു ഗണപതിപ്രതിഷ്ഠയുണ്ട്. ‘സ്തംഭഗണപതി’ എന്നാണ് ഈ പ്രതിഷ്ഠയുടെ പേര്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളെല്ലാം ഈ ഗണപതിയെ വണങ്ങിയേ തുടങ്ങാറുള്ളൂ. 

;

കന്നഡശൈലിയിൽ കരിങ്കല്ലിൽ തീർത്തതാണ് ഇവിടെയുള്ള ചതുരശ്രീകോവിൽ. കേരളത്തിലെ ക്ഷേത്രങ്ങളിലെ ശ്രീകോവിലുകളെ അപേക്ഷിച്ച് കാഴ്ചയിൽ വളരെ ചെറുതും അനാകർഷകവുമാണ് ഈ  ശ്രീകോവിൽ. ചുവർച്ചിത്രങ്ങളോ  ദാരു ശില്പങ്ങളോ ഒന്നും തന്നെ ഇതിനെ അലങ്കരിയ്ക്കുന്നില്ല. എങ്കിലും ആകർഷകമാണ്. മുകളിലേയ്ക്ക് കന്നഡശൈലിയിൽ കെട്ടിപ്പൊക്കിയ ശ്രീകോവിലിന്റെ സ്വർണ്ണത്താഴികക്കുടം ക്ഷേത്രത്തിന്റെ മുഖമുദ്രയാണ്. ശ്രീകോവിലിനകത്ത് ഒരു മുറിയേയുള്ളൂ. അതാണ് വിഗ്രഹവും സ്വയംഭൂലിംഗവും പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടി ഉയരം വരുന്ന ഈ പഞ്ചലോഹ വിഗ്രഹത്തിൽ ശ്രീമൂകാംബികാദേവി  കിഴക്കോട്ട് ദർശനമായി ഇരിക്കുന്നു.

ചതുർബാഹുവായ ദേവിയുടെ തൃക്കൈകളിൽ ശംഖ-ചക്ര-വരദാഭയ-മുദ്രകൾ കാണാം. പഞ്ചലോഹവിഗ്രഹത്തിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. വിഗ്രഹത്തിന്റെ തൊട്ടുമുന്നിലാണ് ക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയായ സ്വയംഭൂലിംഗം കാണപ്പെടുന്നത്.

സുവർണ്ണരേഖയോടുകൂടിയ ഈ ലിംഗത്തിന് ഏകദേശം ഒരടി ഉയരം കാണും. സുവർണ്ണരേഖ ഇതിനെ രണ്ടായി പകുത്തിട്ടുണ്ട്. ഇവയിൽ വലത്തെ പകുതി ത്രിമൂർത്തികളെയും ഇടത്തെ പകുതി അവരുടെ ശക്തികളെയും പ്രതിനിധീകരിയ്ക്കുന്നു.

നിർമ്മാല്യദർശനത്തിനു മാത്രമേ ഈ രൂപത്തിൽ ദർശനമുണ്ടാകൂ. പ്രധാനവിഗ്രഹത്തിൽ അഭിഷേകം നടത്താറില്ല. എല്ലാം സ്വയംഭൂലിംഗത്തിലാണ് നടത്തുന്നത്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആകർഷിച്ചുകൊണ്ട് ജഗദംബികയായ ശ്രീമൂകാംബികാദേവി, മഹാകാളി-മഹാലക്ഷ്മി-മഹാസരസ്വതി-ശിവശക്തി എന്നിവയുടെ ഐക്യരൂപമായി കൊല്ലൂരിൽ കുടികൊള്ളുന്നു.

ക്ഷേത്രം ഇരിയ്ക്കുന്ന ഭാഗം പണ്ട് കൊടും കാടായിരുന്നുവത്രെ. ഇന്നും വനഭംഗിയുണ്ട്. ഈ കാട്ടിലായിരുന്നു കോലമഹർഷി തപസ്സ് ചെയ്തിരുന്നത്. അപ്പോൾ അവിടെ കംഹൻ എന്നൊരു അസുരൻ വരികയും മഹർഷിയെയും മറ്റ് മനുഷ്യരെയും ഉപദ്രവിക്കുകയും ചെയ്തു.

ശക്തിയും അമരത്വവും നേടാനായി കംഹാസുരൻ ബ്രഹ്മാവിനെ തപസ്സ് ചെയ്തു. പരിഭ്രാന്തരായ ദേവന്മാർ പരാശക്തിയെ അഭയം പ്രാപിച്ചു. തപസ്സിൽ പ്രീതനായി ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടപ്പോൾ, കംഹാസുരന്റെ നാവിൽ കുടിയേറിയ ഭഗവതി അയാളെ മൂകനാക്കി മാറ്റി.

മൂകനായ കംഹൻ വരമൊന്നും ചോദിക്കാതെ വന്നപ്പോൾ ബ്രഹ്മാവ് മടങ്ങി. ഇങ്ങനെ കംഹനെ മൂകനാക്കിയതിനാലാണ് ദേവിക്ക് മൂകാംബിക എന്ന പേരു വന്നത്. കംഹൻ അതിനുശേഷം മൂകാസുരൻ എന്ന് അറിയപ്പെട്ടു. തപോലക്ഷ്യത്തിനു വിഘ്‌നം നേരിട്ടതോടെ കോപിഷ്ടനായ മൂകാസുരൻ ദേവലോകം ആക്രമിച്ചു. പിന്നീട് ഭഗവതി, എല്ലാ ശക്തിയും ആർജിച്ച് മൂകാസുരനിഗ്രഹം നടത്തുകയായിരുന്നു.

ഈ സമയം ത്രിമൂർത്തികൾ പ്രത്യക്ഷപ്പെട്ട് ജ്യോതിർമയമായ ശ്രീചക്രം ഉണ്ടാക്കി ലോകരക്ഷാർഥം മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ഐക്യരൂപത്തിൽ ആദിപരാശക്തിയെ കൊല്ലൂരിൽ കുടിയിരുത്തുകയും ചെയ്തു.

ഇങ്ങനെ ത്രിമൂർത്തികൾ ചേർന്ന് പ്രതിഷ്ഠിച്ചതാണത്രെ ഇന്നു കാണുന്ന ത്രിമൂർത്തി സമേതയായ മൂകാംബിക പ്രതിഷ്ഠ. പിന്നീട്, ശ്രീശങ്കരാചാര്യർ ഇവിടെയെത്തി തപസ്സു ചെയ്തു ഭഗവതിയെ പ്രത്യക്ഷപ്പെടുത്തി. അദ്ദേഹം കണ്ട അതേ രൂപത്തിൽ പ്രതിഷ്ഠിച്ചതാണ് ഇന്നു കാണുന്ന നാലു കരങ്ങളോടു കൂടിയ ഭഗവതീപ്രതിഷ്ഠ. അതിനു മുമ്പ് സ്വയംഭൂ ലിംഗം മാത്രമാണ് ഉണ്ടായിരുന്നത്.

ശ്രീചക്രപീഠത്തിൽ ഭഗവതിയോടൊപ്പം ത്രിമൂർത്തി സാന്നിധ്യം ഉൾക്കൊള്ളുന്ന ശിവലിംഗം കൂടിയുണ്ടിവിടെ. ഗ്രഹണ സമയത്ത് നട അടയ്ക്കാത്ത ഏക ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.

ശിവശക്തി ഐക്യരൂപത്തിലാണ് മൂകാംബിക ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശങ്കരാചാര്യരാണ് ഭഗവതിയെ ഇന്ന്‌ കാണുന്ന രീതിയിൽ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തിയത് എന്ന് കരുതപ്പെടുന്നു. ശ്രീചക്രത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന ജ്യോതിർലിംഗവും അതോടൊപ്പം ശങ്കരാചാര്യർ പ്രതിഷ്ഠിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ചതുർബാഹുവായ മൂകാംബികാദേവിയുടെ വിഗ്രഹവുമാണ് ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠകൾ.

ഗർഭഗൃഹത്തിന് പിറകിലായി ഒരു സ്ഥാനത്ത്‌ ശ്രീശങ്കരന്റെ ചിത്രം കാണാം. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലം ഒരു മുറിയാക്കി മാറ്റിയിട്ടുണ്ട്‌. ശങ്കരാചാര്യർ നിശ്ചയിച്ച പൂജാക്രമങ്ങളാണ് ഇന്നും ഇവിടെ പിന്തുടർന്നു വരുന്നത്.

ഒരിക്കൽ രോഗബാധിതനായി കിടന്ന ശങ്കരാചാര്യർക്ക് വേണ്ടി ഭഗവതി കഷായവുമായി പ്രത്യക്ഷപ്പെട്ടു എന്നതും ഐതീഹ്യം. ഇതിന്റെ സ്മരണയ്ക്കായി ക്ഷേത്രത്തിൽ ഇന്നും കഷായ പ്രസാദം നൽകി വരുന്നു.

ആദിപരാശക്തിയുടെ വാസസ്ഥാനമായി കരുതപ്പെടുന്ന ശ്രീചക്ര പ്രതിഷ്ഠയ്ക്ക് ഇവിടെ അതീവപ്രാധാന്യമുണ്ട്. വടക്ക് ഗോകർണം മുതൽ തെക്ക് കന്യാകുമാരി വരെ വ്യാപിച്ചു കിടന്നിരുന്ന പുരാതന കേരളത്തിന്റെ രക്ഷയ്ക്കായി പരശുരാമൻ പ്രതിഷ്ഠിച്ച നാല് അംബികമാരിൽ പ്രധാനിയാണ് മൂകാംബിക എന്നൊരു സങ്കല്പവുമുണ്ട്. അതിനാൽ മലയാളികൾ ധാരാളമായി ദർശനം നടത്തുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ നല്ലൊരു ശതമാനവും കേരളത്തിൽ നിന്നാണ്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഈ മഹാക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 

മീനമാസത്തിലെ കൊടിയേറ്റുത്സവവും അതിനോടനുബന്ധിച്ചുള്ള മഹാരഥോത്സവവും, ആശ്വിനമാസത്തിലെ ഒമ്പത് നാൾ നീണ്ടു നിൽക്കുന്ന “നവരാത്രി ഉത്സവവും, വിദ്യാരംഭവും” ഇവിടെ അതിപ്രധാനമാണ്. മറ്റൊന്ന് മൂകാംബിക ജന്മാഷ്ടമി ആണ്. കൂടാതെ യുഗാദി, മഹാശിവരാത്രി, ദീപാവലി തുടങ്ങിയ ദിവസങ്ങളും വിശേഷങ്ങളാണ്. കർണാടക സർക്കാരിന് കീഴിലുള്ള ഹിന്ദുമത സാംസ്കാരിക സ്ഥാപനത്തിന് കീഴിലാണ് ഈ മഹാക്ഷേത്രം.

അണിഞ്ഞൊരുങ്ങി ആരും ഇവിടെ വരാൻ പാടില്ല. ദേവിയുടെ സൗന്ദര്യമാണ് ഇവിടെ ആസ്വദിക്കേണ്ടത്. അത് ആനന്ദ ലഹരിയായി മാറും. അതു തന്നെയാണ് ശങ്കരാചാര്യവിരചിതമായ സൗന്ദര്യ ലഹരി. ഏത്‌ ഭാവത്തിൽ സങ്കല്പിച്ച് പ്രാർത്ഥിക്കുന്നുവോ ആ ഭാവത്തിൽ തന്നെ അമ്മ നമ്മെ അനുഗ്രഹിക്കുന്നു എന്നതും വിശ്വാസമാണ്.

സുഹൃത്ത് സുബി

മൂകാംബികാസന്നിധിയിൽ എത്തണമെങ്കിൽ ഭഗവതി വിളിക്കണം എന്നൊരു വിശ്വാസം ഭക്തരിലുണ്ട്. എത്ര സമയമെടുത്ത് മുന്നൊരുക്കങ്ങൾ നടത്തിയാലും മനസ്സിൽ അമ്മയുടെ വിളി എത്തിയില്ലായെങ്കിൽ കൊല്ലൂരിലേക്കുള്ള യാത്ര മുടങ്ങുമത്രെ. എന്റെ അനുഭവവും അതാണ്.

ഇവിടുത്തെ സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിന് തൊട്ടടുത്താണ് പ്രസിദ്ധമായ സരസ്വതീമണ്ഡപം. ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ സ്ഥലം. ഇവിടെ സരസ്വതീദേവിയുടെ ചെറിയ പ്രതിഷ്ഠയുണ്ട്. വെള്ളിയിൽ തീർത്ത, ഏകദേശം രണ്ടടി ഉയരം വരുന്ന വിഗ്രഹം സാധാരണ കാണുന്ന സരസ്വതീരൂപത്തിൽ തന്നെയാണ്. ഇതിന് പിന്നിലായി കാണുന്ന അറയിൽ സിംഹത്തിന്റെ പുറത്ത് ഇരിക്കുന്ന ദുർഗ്ഗാ ഭഗവതിയുടെ പ്രതിഷ്ഠ ഉണ്ട്. എന്നാൽ വിശേഷ ദിവസങ്ങളിൽ മാത്രമേ ഈ നട തുറക്കാറുള്ളു എന്നതിനാൽ എപ്പോഴും ദർശനം സാധിക്കില്ല. ഈ സരസ്വതി മണ്ഡപത്തിൽ മിക്കപ്പോഴും കലാപരിപാടികൾ നടക്കുന്നതായി കാണാം.

സരസ്വതി ദേവിക്ക് സമീപം തന്നെ ഒരു ഗണപതിവിഗ്രഹവും കാണാം. ഇത് വിദ്യാഗണപതിയായി സങ്കല്പിയ്ക്കപ്പെടുന്നു. ഇതിൽ ദിവസവും പൂജകൾ നടക്കുന്നുണ്ട്. അത്താഴശീവേലിസമയത്ത് ദേവിയെ ഇവിടെ കൊണ്ടുവന്ന് അല്പസമയം ഇരുത്തുന്നത് പ്രധാന ചടങ്ങാണ്. ഈ സമയത്ത് ദേവിയെ തൊഴുന്നത് വിദ്യാഭിവൃദ്ധിയ്ക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. 

അവിൽ നിവേദ്യമാണ് ഈ സമയത്തെ പ്രധാന വഴിപാട്. ദിവസവും ആയിരക്കണക്കിന് കുരുന്നുകൾ ഇവിടെ വന്ന് തങ്ങളുടെ നൃത്തസംഗീതമികവുകൾ പ്രകടമാക്കാറുണ്ട്. ഒട്ടുമിക്ക ദിവസവും ഇവിടെ ധാരാളം കലാകാരന്മാരെ കാണാം. ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസ് എല്ലാ വർഷവും തന്റെ ജന്മദിനമായ ജനുവരി 10-ന് ഇവിടെ വന്ന് സംഗീതാർച്ചന നടത്താറുണ്ട്. ഇവിടെ അരങ്ങേറ്റം കുറിയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ആയിരക്കണക്കിന് കുട്ടികൾ വിദ്യാരംഭം ചെയ്യുന്നതും ഇവിടത്തെ പ്രത്യേകതകളിലൊന്നാണ്. Courtesy:Wikkipedia