കരയുന്ന ചോദ്യചിഹ്നങ്ങൾ

കരയുന്ന ചോദ്യചിഹ്നങ്ങൾ

പെഹൽഗാമിലെ കണ്ണീരൊഴിഞ്ഞിട്ടില്ല, ഒഴിയുകയുമില്ല. ഞാനും ആ യാത്രയിൽ ഉൾപ്പെടേണ്ടവനായിരുന്നു. എന്നാൽ കശ്മീരിലെ ഇപ്പോഴത്തെ തിക്കും തിരക്കും കണക്കിലെടുത്ത്, ഞനെന്റെ യാത്ര സിക്കിമ്മിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തിരക്ക് ഇഷ്ടപ്പെടാത്ത സഞ്ചാരിയാണ് ഞാൻ. ദൈവാനുഗ്രഹത്താൽ ഞാൻ തൽക്കാലം രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാനാവാതെ നാടിനുവേണ്ടി ഹോമിക്കപ്പെട്ട എന്റെ പ്രിയ സഞ്ചാരികൾക്ക് ആദരം, പ്രണാമം. വീഡിയോ കാണാം

എങ്കിലും പറയേണ്ടത് പറയാതിരിക്കാനാവുന്നില്ല. നമ്മുടെ വിമാനതാവളങ്ങളിലും മറ്റും കനത്ത സുരക്ഷാപരിശോധന കഴിഞ്ഞ് എത്തുന്നവരാണ് ഞാനടക്കമുള്ള, നമ്മുടെ സഞ്ചാരികൾ. അങ്ങനെതന്നെ എത്തിയവരാണോ ഈ ഭീകരവാദികളും.

നമ്മുടെ യാത്രകളിലെ ഏറ്റവും വലിയ കടമ്പയും ഇത്തരം സുരക്ഷാപരിശോധനകളാണ്. നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക്, ബാഗുകൾ മുഴുവനും തുറന്ന് വിസ്തരിച്ച് കാണിച്ചുകൊടുക്കണം,. ബെൽറ്റും ഷൂസും വരെ അഴിച്ചുവക്കണം, അവരുടെ മുമ്പിൽ. എന്നിട്ടാണ് നാം, വിമാനതാവളങ്ങളിലേക്ക് പോകുന്നതും അവിടെനിന്ന് പുറത്തേക്ക് വരുന്നതും. കശ്മീരിലാണെങ്കിൽ സുരക്ഷാപരിശേധനകൾ കൂടും.

അങ്ങനെ സുരക്ഷിതമാണെന്ന സമ്പൂർണ്ണ ബോദ്ധ്യത്തോടെ വരുന്ന പാവപ്പെട്ട സഞ്ചാരികൾക്ക് നേരെയാണ് ഭീകരവാദികൾ പോയിന്റ് ബ്ലാങ്കിൽ നിറയൊഴിച്ചത്. ഇതെങ്ങനെ സംഭവിക്കുന്നു. ഈ ഭീകരവാദികൾ എങ്ങനെ പെഹൽഗാം എന്നിടത്ത് എകെ 47- തോക്കുകളുമായെത്തി. ഇവർ എങ്ങനെ പെഹൽഗാമിലേക്ക് നുഴഞ്ഞെത്തി. ഇവർ എങ്ങനെ അതിർത്തി കടന്നു. ആരുടെ സഹായത്തോടെയാണ് ഈ ഭീകരർ ഈ വിനോദസഞ്ചാര കേന്ദത്തിലെത്തിയത്. നമ്മുടെ അതിർത്തിരക്ഷാസേനയെ മറികടക്കാനെങ്ങനെ ഇവർക്ക് കഴിയുന്നു. ഇപ്പോൾ പുറത്തുവരുന്ന വാർത്ത അനുസരിച്ച് ഇവർ കശ്മീരിൽ, പ്രദേശികരുമായി ഗൂഡാലോചനായോഗം ചേർന്നതായും പറയുന്നു.

ഇത്രയേറെ സെൻസിറ്റീവായ വിനോദസഞ്ചാര കേന്ദ്രത്തിന്റെ സുരക്ഷാസംവിധാനം എങ്ങനെ പാളിപ്പോയി. ആരാണ് ഇതിനൊക്കെ ഉത്തരവാദി. പാവപ്പെട്ട വിനോദസഞ്ചാരികളെ പോയിന്റ് ബ്ലാങ്കിൽ വെടിവക്കാനുള്ള ഈ സൌകര്യം ഇവർക്ക് എങ്ങനെ കൈവന്നു. ഇതെല്ലാം ചോദ്യങ്ങളാണ്.

ഇപ്പോൾ നമ്മുടെ പട്ടാളവും മറ്റ് സുരക്ഷാസന്നാഹങ്ങളും സജീവമാണ്. അതിർത്തിയുടെ ആകാശങ്ങളിൽ നമ്മുടെ പട്ടാളം പറക്കുന്നുണ്ട്. ഇനിയും നാം സുരക്ഷിതരാണോ. നമുക്ക് എവിടെയാണ് പിഴക്കുന്നത്. നാം മതങ്ങളെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുയാണ്. ഈ ഭീകരവാദികൾക്ക് മതമുണ്ടോ. എങ്കിൽ അതേതു മതം. മനുഷ്യരെ കൊല്ലുന്ന ആ മതത്തെ മറികടക്കാൻ നമ്മുടെ രാഷ്ട്രത്തിന് കഴിയില്ലേ. നാം രാഷ്ട്രീയത്തേയും പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. ഭരണപക്ഷം, പ്രതിപക്ഷത്തേയും പ്രതിപക്ഷം, ഭരണപക്ഷത്തേയും പഴിചാരിയാൽ പരിഹരിക്കപ്പെടുന്നതാണോ ഈ പ്രശ്നം.

കശ്മീർ നമ്മുടെ രാജ്യമാണ്. പെഹൽഗാം നമ്മുടെ ഗ്രാമമാണ്. അവിടെ എത്തുന്ന ഭാരതീയരെ വെടിവച്ചിടാൻ ഭീകരർക്ക് അധികാരവും അവകാശവും കൊടുത്തതാരാണ്. നാമാരും വീരചരമങ്ങൾക്കോ പരമവീരചക്രങ്ങൾക്കോ വേണ്ടി മാത്രം ജീവിക്കുന്നവരാവരുത്. വീരചരമങ്ങളും പരമവീരചക്രങ്ങളും നമ്മുടെ നാടിനെ രക്ഷിക്കുന്ന ധീരജവാന്മാർക്കുള്ളതാവണം. ഇനിയും പ്രണാമങ്ങൾ ഏറ്റുവാങ്ങാൻ നമുക്ക് സഞ്ചാരികൾ ഉണ്ടാവാതിരിക്കട്ടെ.