ആത്മകഥായനം-ആസ്വാദനം-5

ആത്മകഥായനം-ആസ്വാദനം-5

ആത്മകഥായനം കുമ്പസാരം തുടരുകയാണ്….

ആത്മകഥായനത്തിൽ നിന്ന് കുമ്പകാരരഹസ്യങ്ങൾ ഒഴുകുകയാണ്. സർവപാപങ്ങളും നമ്മുടെ മുന്നിൽ നിരത്തിവെക്കുകയാണ് എഴുത്തുകാരൻ. അദ്ദേഹത്തിന്റെ ആഖ്യാനശൈലിയും ഭാഷയും അത്ഭുതത്തോടെ വായിച്ചുപോകുകയാണ് ഞാൻ.

“എന്റെ പാപഗംഗയെ നിങ്ങളുടെ മുന്നിൽ ഞാൻ പരസ്യമായി ഒഴുക്കുകയാണ്. എന്നിലൂടെ ഒഴുകുന്ന പവിത്രഗംഗയുടെ സ്മൃതിയോ വിസ്മൃതിയോ അല്ല അത്. എന്റേത് മാത്രമായ ഗംഗയുടെ നിയോഗമാണ്. ഗംഗയ്ക്കുപോലും അറിയാത്ത നൈതികതയാണ്. നിതാന്തസത്യമായി എന്റെ ഗംഗ ഒഴുകിക്കൊണ്ടിരിക്കുന്നു.”

ആത്മകഥായനത്തിലെ കുറുമ്പനായിരുന്ന കുട്ടിയെ പട്ടാളച്ചിട്ടയിൽ അച്ഛൻ ശിക്ഷിക്കുന്നതും ഉപദ്രവിക്കുന്നതും വായിക്കുമ്പോൾ സങ്കടം തോന്നുന്നു. കർശനമായ പട്ടാളജീവിതം. സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിക്കാത്ത അച്ഛൻ.

പട്ടാളത്തിലെ ജോലി നഷ്ടപ്പെട്ടതിനുശേഷം നാട്ടിൽ ഏറെ ബുദ്ധിമുട്ടിയാണ് അച്ഛന് ജീവിക്കേണ്ടിവന്നത്. അങ്ങനെയായിരിക്കണം, വീടിന്റെ ഒരു മുറി വാടകയ്ക്ക് കൊടുത്തത്. ആ വാടകമുറിയിലായിരുന്നു തങ്കേച്ചി ജീവിച്ചിരുന്നത്.

ആത്മകഥായനം ആ കഥയും ഒർത്തെടുക്കുന്നുണ്ട്….

അവിവാഹിതയായ  അയൽക്കാരി തങ്കേച്ചി തന്റെ ലൈംഗിക കുസൃതികൾക്കായി എന്നെ ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് പ്രായമായപ്പോഴാണ് എനിക്ക് ബോധ്യമായതെന്ന എഴുത്തുകാരന്റെ തുറന്നുപറച്ചിൽ  ഏറെ നോവിപ്പിക്കും.

ലൈംഗികത എന്താണെന്ന് പോലും അറിയാത്ത പ്രായത്തിത്തിൽ  ആ സ്ത്രീ  കുഞ്ഞുകുട്ടിയെ ലൈംഗിക താത്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്.  ഇത് പലരുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. ആരും തുറന്നു പറയാത്ത സത്യങ്ങൾ.  ഇതൊരു ഓർമപ്പെടുത്തലാണ്  പെൺകുട്ടികളെപ്പോലെ തന്നെ ആൺകുട്ടികളും ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന പച്ചയായ യാഥാർഥ്യത്തിന്റെ ഓർമപ്പെടുത്തലാണ് ഇത്.

പുസ്തകത്തിൽ നിന്നും ആ അച്ഛനും അമ്മയും ഇങ്ങനേയും പുറത്തുവരുന്നുണ്ട്….

അച്ഛനും മകനും പുസ്തകവായനയുടെ ലോകത്തായിരുന്നു. അമ്മയുമായി വൈകാരികമായ വാക്കുതർക്കങ്ങളുണ്ടാകുമ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു: “നിങ്ങളാരും എനിക്കുവേണ്ടി ബുദ്ധിമുട്ടേണ്ട. പരാശ്രയം വേണ്ടിവരുമ്പോൾ ഞാൻ ജീവിതം അവസാനിപ്പിക്കും.”

ഹെമിംഗ്വേയുടെ ജീവിതാന്ത്യത്തിൽ, ഹെമിംഗ്വേ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു, എന്നാണ് ആ ഹെമിംഗ്വേ ആരാധകനായ അച്ഛൻ ഓർമ്മിപ്പിച്ചത്.

വലിയ വായനകളും അച്ഛന്റെ വായനാനുഭവവും കൂടി വില്യമിന്റെ കൗമാരത്തിന് അകാലവാർധക്യം സമ്മാനിക്കുകയായിരുന്നു.

തുടരും…