ഞാനിപ്പോഴുള്ളത് വല്ലാർപാടം ബസിലിക്ക ദേവാലയത്തിലാണ്.
കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചിക്കായലിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് വല്ലാർപാടം. ഈ ദ്വീപിലെ ഒരു ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രമാണ് വല്ലാർപാടം പള്ളി അഥവാ വല്ലാർപാടം ബസിലിക്ക. ഏകദേശം ഒരു കോടിയോളം വിശ്വാസികൾ എല്ലാ വർഷവും ഈ ബസിലിക്ക സന്ദർശിക്കുന്നു. ഈ പള്ളിയുടെ മുറ്റത്താണ് ഞാനിപ്പോൾ. സ്വാഗതം സീറ്റിവില്യംസ്കാനിലേക്ക്.
1524-ൽ പോർച്ചുഗീസുകാരാണ് പരിശുദ്ധാത്മാവിന്റെ നാമത്തിൽ ഈ കൊച്ചു ദേവാലയം നിർമ്മിച്ചത്. പരിശുദ്ധാത്മാവിന്റെ നാമധേയത്തിൽ സ്ഥാപിതമാകുന്ന ഏഷ്യയിലെ ആദ്യ ദേവാലയമാണിത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ 9 മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ പ്രസിദ്ധിയാർജ്ജിച്ച ഈ ദേവാലയം, 2004 സെപ്റ്റംബർ 12 മുതൽ ഇന്ത്യയുടെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു .വീഡിയോ കാണാം

എന്നാൽ 1676- ലെ വെള്ളപ്പൊക്കത്തിൽ ഈ പള്ളി തകരുകയും അൾത്താരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന വിമോചനനാഥയുടെ (Our Lady Of Ransom) ചിത്രം ഒഴുകിപ്പോകുകയും ചെയ്തു.
അന്ന് കൊച്ചി ദിവാനായിരുന്ന രാമൻ പാലിയത്തച്ചൻ ഈ ചിത്രം കായലിൽ നിന്ന് വീണ്ടെടുത്ത് പള്ളിയധികാരികളെ ഏൽപ്പിച്ചുവത്രെ. മാത്രമല്ല, പുതിയൊരു പള്ളി പണിയുന്നതിനായുള്ള സ്ഥലവും ദിവാൻ ദാനമായി നൽകി. തുടർന്ന് വിമോചനനാഥയുടെ നാമത്തിൽ പുതിയ ദേവാലയം സ്ഥാപിക്കുകയും, കടലിൽ നിന്ന് വീണ്ടെടുത്ത മാതാവിന്റെ ചിത്രം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു.
രാമൻ പാലിയത്തച്ചൻ തന്നെയാണ് ഇവിടെ ഒരു കൊടിമരം സ്ഥാപിച്ചത്. പിന്നീട് വിശ്വാസികളായ നാട്ടുകാർ ഈ ദേവാലയം പുതുക്കി സ്ഥാപിച്ച് , മാതാവിന്റെ ചിത്രം അവിടെ പുനപ്രതിഷ്ഠിച്ചു. ദേവാലയത്തിന്റെ ആശീർവാദത്തിൽ രാമൻ പാലിയത്തച്ചൻ പങ്കെടുക്കുകയുണ്ടായി. അദ്ദേഹം അന്ന് ദേവാലയത്തിലേക്ക് ഒരു കെടാവിളക്ക് നൽകുകയും അതിൽ ഒഴിക്കാനുള്ള എണ്ണ കൊട്ടാരത്തിൽ നിന്നും നൽകുമെന്ന് ഉത്തരവ് ഇറക്കുകയുമുണ്ടായി. കാലാന്തരത്തിൽ ഈ പതിവ് എങ്ങിനേയോ മുടങ്ങിപ്പോവുകയുണ്ടായി. എന്നിരുന്നാലും 1994 മുതൽ പാലിയം കൊട്ടാരത്തിൽ നിന്ന് എണ്ണ കൊണ്ടുവരുന്ന ചടങ്ങ് ഇപ്പോഴും നിലനിൽക്കുന്നതായി പറയപ്പെടുന്നു.
രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം 1888 സെപ്റ്റംബർ 23-ന് ലീയോ പതിമൂന്നാമൻ മാർപ്പാപ്പ ഈ ദേവാലയത്തിന് ദണ്ഡവിമോചനത്തിലധിഷ്ടിതമായ വിശിഷ്ട പദവി നൽകി ആദരിച്ചു. അതിൻപ്രകാരം ഇവിടെ ദിവ്യബലിയിൽ സംബന്ധിച്ചു പ്രാർഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

1951-ൽ ഭാരതസർക്കാർ വല്ലാർപാടം പള്ളിയെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതിനെ തുടർന്ന്, അര നൂറ്റാണ്ടിനുശേഷം കേരളാ സർക്കാർ 2002- ൽ ഈ പള്ളിയെ ഒരു വിനോദ സഞ്ചാരകേന്ദ്രമായും ഉയർത്തി. പിന്നീട്, 2004 സെപ്റ്റംബർ 12-ന് ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. അതേ വർഷം തന്നെ, ഡിസംബർ 1- ന് ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ പള്ളിക്ക് ബസിലിക്ക എന്ന പദവി നൽകുകയും ചെയ്തു. തുടർന്ന് നവംബർ 21-ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി പെദ്രോ ലോപ്പസ് ക്വിന്താന മെത്രാപ്പോലീത്ത ഇവിടം സന്ദർശിച്ചിരുന്നു.
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ്, 2004 ഡിസംബർ ഒന്നിന് ഈ പള്ളിയെ മൈനർ ബസിലിക്കയായി ഉയർത്തിയത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം 2005 ഫെബ്രുവരി 12-ന് വരാപ്പുഴ അതിരൂപതാ മെത്രാൻ ഡോ. ഡാനിയൽ അച്ചാരുപറമ്പിലാണ് നിർവഹിച്ചത്.
വല്ലാർപാടം പള്ളിയിലെ അടിമ നേർച്ച പ്രസിദ്ധമാണ്. പള്ളിയുടെ മുറ്റം ചൂല് കൊണ്ട് വൃത്തിയാക്കിയാൽ മനസിൽ ആഗ്രഹിച്ചത് നടക്കുമെന്നാണ് വിശ്വാസം. ഇതുമായി ബന്ധപ്പെട്ട് ഒരു കഥയും പ്രചാരത്തിലുണ്ട്, അതിങ്ങനെ- പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വല്ലാർപാടം സ്വദേശിനിയായിരുന്ന മീനാക്ഷിയമ്മ തന്റെ കുഞ്ഞിന്റെ ചോറൂണിനായി മട്ടാഞ്ചേരി പഴയന്നൂർ ക്ഷേത്രത്തിലേക്ക് വഞ്ചിയിൽ പോകുമ്പോൾ പെട്ടെന്നുണ്ടായ പേമാരിയിൽ വഞ്ചിമറിയുകയും അമ്മയും കുഞ്ഞും അപകടത്തിൽപ്പെടുകയും ചെയ്തുവത്രെ.

വല്ലാർപാടത്തമ്മേ രക്ഷിക്കണേ എന്ന് നിലവിളിച്ചുകൊണ്ടാണ് മീനാക്ഷിയമ്മ വെള്ളത്തിലേക്ക് വീണത്. അപകടവിവരമറിഞ്ഞ് നാട്ടുകാർ ഇരുവരെയും തിരയാൻ ഇറങ്ങിയെങ്കിലും മോശം കാലാവസ്ഥയെത്തുടർന്ന് ശ്രമം ഉപേക്ഷിച്ചു. മീനാക്ഷിയമ്മയും മകനും മരിച്ചുപോയിട്ടുണ്ടാവും എന്നവർ ഉറപ്പിക്കുകയും ചെയ്തു.
വല്ലാർപാടം പള്ളിയിൽ അന്നത്തെ വികാരിയായിരുന്ന ഫാ. മിഗുവൽ കോറയ്ക്ക് ഈ സംഭവത്തെ മുൻകൂട്ടികണ്ടുവത്രെ. ഈ സംഭവത്തെ തുടർന്നുള്ള രാത്രികളിൽ വികാരിയച്ചന് അത്തരമൊരു ദർശനം കിട്ടിയത്രേ. പിന്നീട്, വികാരിയച്ചന്റെ നിർദേശപ്രകാരം തിരച്ചിൽ നടത്തിയപ്പോൾ മീനാക്ഷിയമ്മയെയും കുഞ്ഞിനെയും അത്ഭുതകരമായി ജീവനോടെ കണ്ടെത്തിയെന്നാതാണ് കഥ.
പിന്നീട് മീനാക്ഷിയമ്മയും കുഞ്ഞും ഈ ദേവാലയത്തിലെ അടിമകളായി ദേവാലയം തൂത്തുവാരിക്കൊണ്ടിരുന്നു. അത്തരം അടിമയിരുത്തൽ നേർച്ചയും ദേവാലയം തൂത്തുവാരലും ഇന്നും ഒരു പുണ്യകർമ്മമായി, ആചാരമായി ഇവിടെ അനുഷ്ഠിച്ചുപോരുന്നു.