കാണാം സുഗുണൻ മാസ്റ്ററുടെ കാതോത്സവം

കാണാം സുഗുണൻ മാസ്റ്ററുടെ കാതോത്സവം

സമ്മാനദാനം കഴിഞ്ഞു. 64-മത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയൊഴിഞ്ഞു. കപ്പടിച്ചവർ മാധ്യമ പവലിയനുകൾക്ക് മുന്നിൽ ആനന്ദോത്സവമായി.

മാധ്യമ ക്യാമറകൾ കാഴ്ചകളുടെ അന്വേഷണം നിർത്തിവച്ചു. അവർക്കും ഉത്സവമായി.

അപ്പോഴാണ് എന്റെ ക്യാമറ വൈറ്റ് കെയിൻ അഥവാ വെളുത്ത വടിയുമായി നിൽക്കുന്ന സുഗുണനെ കണ്ടെത്തുന്നത്. കാഴ്ചകളുടെ ഈ ബഹുവർണ്ണ കലോത്സവ പറമ്പിൽ ഈ മനുഷ്യന്റെ കാതുകൾക്ക് എന്തു പ്രസക്തിയാണുള്ളതെന്ന് എന്റെ ക്യാമറ അന്വേഷിച്ചു. അപ്പോഴാണ് മനസ്സിലായത് കൊല്ലത്തുകാരനായ, ഈ സുഗുണൻ മാസ്റ്ററുടെ കാഴ്ചകൾക്കപ്പുറമുള്ളൊരു ലോകം. കാണാം സുഗുണൻ മാസ്റ്ററുടെ കാതോത്സവം

ആനന്ദോത്സവത്തിന്റെ കഠിനമായ ആരവത്തിനിടയിൽനിന്ന് സുഗുണൻ മാസ്റ്ററുടെ ശബ്ദത്തെ വേർതിരിച്ചെടുക്കുക പ്രയാസമാണ്. എന്നാലും സുഗുണൻ മാസ്റ്റർ പറഞ്ഞു, മാണിക്യവീണയുമായി പാടി, ഞാനതൊക്കെ കേട്ടു.

20 വർഷമായി, കൊല്ലം ശങ്കരമംഗലം ഹൈസ്കൾ അദ്ധ്യാപകനാണ്. കുട്ടികൾക്ക് പ്രിയപ്പെട്ടവനാണ്, പ്രോത്സാഹനമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ചരിത്രത്തിൽ എം.എ. വർക്കല ശ്രിനാരായണ ട്രെയിനിങ്ങ് കോളജിൽ നിന്ന് ബി.എഡ് കരസ്ഥമാക്കി.

ഭാര്യ ജയലക്ഷ്മി പാട്ടുകാരിയാണ്. മകൻ കൃഷ്ണപ്രസാദും പാടും, മിമിക്രി അവതരിപ്പിക്കും. അച്ഛനെപോലെ അവനും ഈ വെളുത്ത വടി വേണം. സ്പെഷ്യൽ സ്കൂൾ കലോത്സവങ്ങളിൽ ആറു തവണയും കൃഷ്ണപ്രസാദ് ഒന്നാമനാണ്. എന്നാലും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനാവില്ല. ഭിന്നശേഷി കുട്ടികൾക്ക് ഇനിയും അതൊക്കെ അസാധ്യമാണ്.

സുഗുണൻ മാസ്റ്റർ ഇക്കാര്യം, വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കലോത്സ സമാപന വേദിയിൽ മന്ത്രി ഇക്കാര്യം ഇനിമുതൽ പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചു. ആ ആത്മാതിരേകത്തിലാണ് സുഗുണൻ മാസ്റ്റർ.