ഫ്രഞ്ച് വിപ്ലവവും ലൂസേണിലെ സിംഹവും

28 Nov 2024
ഞാൻ സ്വിറ്റ്സർലണ്ടിലെ ലൂസേണിലേക്കുള്ള യാത്രയിലാണ്. ഈ ഹൈവേകളും പാലങ്ങളും കടന്ന്, ചോളം പൂത്തുനിൽക്കുന്ന പാടങ്ങളും പിന്നിട്ട്, ഈ പച്ചപ്പരവതാനികളുടെ കുളിരും കൊണ്ട് യാത്ര ചെയ്താൽ ലൂസേണിലെത്താം. ഇവിടുത്തെ റോഡുകൾ സൂപ്പറാണ്. ട്രാഫിക്ക് സിഗ്നലുകൾ മാത്രമാണ് ഇവിടുത്തെ ട്രാഫിക്ക് നിയന്ത്രിക്കുന്നത്. അല്ലാതെ നമ്മുടെ നാട്ടിലേതുപോലെ, ട്രാഫിക്ക് പോലീസുകാരുടെ ബഹളവും, അവരുണ്ടാക്കുന്ന ട്രാഫിക് ജാമ്മും ഇവിടെ കാണില്ല. നയനമനോഹരമാണ് ഈ സ്വിസ്സ് യാത്ര. കൺകുളിർയാത്ര. വീഡിയോ കാണാം
ലൂസേൺ എത്താറായി. ലൂസേൺ നഗരക്കാഴ്ചകൾ കണ്ടുതുടങ്ങി. സ്വിസ്സ് നിർമ്മിതികളുടെ ശില്പാവിഷ്കാരങ്ങളും കണ്ടുതുടങ്ങി. സ്വിസ്സ് കൊടിതോരണങ്ങളും, റോഡിലെ പുഷ്പവിതാനങ്ങളും കണ്ടുതുടങ്ങി. ലൂസേൺ എത്തി. സഞ്ചാരികൾ ഫോട്ടോഷൂട്ട് ആരംഭിച്ചു.
ഈ യാത്ര ഒരു സിംഹത്തിന്റെ കഥ പറയാനാണ്, കാഴ്ചകൾ കാണാനാണ്. സ്വിറ്റസർലണ്ടിലെ, ലൂസേണിലെ സിംഹത്തിന്റെ കഥ. ഈ ഹരിതാഭമായ വഴിയിലൂടെ കുറച്ചുനടനാനാൽ മതി, നമുക്ക് ആ സിംഹകാഴ്ച കാണാം. ഫ്രഞ്ച് വിപ്ലവവും സ്വിസ്സ് ചരിത്രവും സമന്വയിപ്പിച്ചെടുത്ത ആ സിംഹകഥയും കേൾക്കാം.
ഈ കഥ പറയുമ്പോൾ നമുക്ക്, പതിനേഴാം നൂറ്റാണ്ടിന്റെ ചരിത്രത്തിലേക്ക് പോകേണ്ടിവരും. പതിനെട്ടാം നൂറ്റാണ്ടിലെ ഒരു സിംഹശിലാസ്മാരകത്തിലേക്കും പോകേണ്ടിവരും. സീറ്റി സ്കാനിന്റെ ക്യാമറ ഇപ്പോൾ ഫോക്കസ്സ് ചെയ്യുന്നത് രണ്ട് നൂറ്റാണ്ടുകളെയാണ്.
സ്വിസ്സുകാരുടെ വിധേയത്തത്തിനും ധീരതക്കുമാണ് ഈ ശിലാസിംഹ സ്മാരകം സമർപ്പിച്ചിട്ടുള്ളത്. പത്ത് മീറ്റർ നീളവും ആറ് മീറ്റർ വീതിയുമുള്ള ഒരു ശിലാഫലകത്തിലാണ് ഈ സിംഹശില്പം നിർമ്മിച്ചിരിക്കുന്നത്. ശില്പകലയുടെ റിലീഫ് സങ്കേതമാണ് ഈ ശില്പത്തിനുള്ളത്.
മുതുകിൽ ഒടിഞ്ഞുകിടക്കുന്ന ഒരു കുന്തവുമായി മരിച്ചുകിടക്കുകയാണ് ഈ സിംഹം. അല്ല, മരിച്ചുകൊണ്ടിരിക്കുകയാണ് ഈ സിംഹം. ഫ്രഞ്ച് ഏകാതിപത്യത്തിന്റെ സൂചകമായി ഒരു കവചവും ഈ വനേതിഹാസത്തിന്നരികിൽ കിടപ്പുണ്ട്. സ്വിറ്റസർലണ്ടിന്റെ മാനവികതയുടെ, ധീരതയുടെ രാജ്യമുദ്രയുമുണ്ട് അവന് അരികെ.
ചുറ്റും പച്ചപടർന്ന ഈ ജലാശയത്തിന് അഭിമുഖമായാണ് ഈ ഇതിഹാസ സിംഹം തല താഴ്ത്തി, മരണത്തിനും ഉയർപ്പിനുമിടയിൽ കഴിയുന്നത്. 1821-ൽ പൂർത്തീകരിച്ച ഈ സ്മാരകശിലയിൽ, ഫ്രഞ്ച് വിപ്ലവത്തിൽ കൊല്ലപ്പെട്ട 760 സ്വിസ്സ് പട്ടാളക്കാരേയും അപകടകരമായി രക്ഷപ്പെട്ട 350 പട്ടാളക്കാരേയും ഓർമ്മിക്കുന്നുണ്ട്. രാഷ്ട്രീയമായി വിഭിന്നങ്ങളായ വ്യാഖ്യാനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഈ സ്വിസ്സ് ശില്പം, യൂറോപ്പിന്റെ അഭിമാനമാണ്. ഫ്രാൻസിന്റെ അടയാളമാണ്. സ്വിറ്റ്സർലണ്ടിന്റെ മഹത്വമാണ്.
നമുക്കിവിടെ ചരിത്രത്തെ അയവിറക്കാം. ഈ ഫലകങ്ങിൽ അതെല്ലാം സചിത്രം, ആലേഖനം ചെയ്തിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവം ചോരമഴ ചൊരിഞ്ഞ കാലം. അന്നത്തെ രാജാവ് ലൂയിസ് പതിനാലാമന് ഒളിച്ചോടേണ്ടതായി വന്നു. അങ്ങനെ സ്വിസ്സ് പട്ടാളക്കാരുടെ അകമ്പടിയോടെ, സുരക്ഷാവലയം തീർത്ത്, രാജാവിന് വേഴ്സായിൽസ് കൊട്ടാരത്തിൽ നിന്ന് പാരീസിലെ ട്യൂലറീസ് കൊട്ടാരത്തിൽ അഭയം പ്രാപിക്കേണ്ടതായി വന്നു. ഇത് നടക്കുന്നത് ഏതാണ്ട് 1789, ഒക്ടോബർ, 6-നാണെന്ന് ഫ്രഞ്ച് ചരിത്രം പറയുന്നു.
എന്നാൽ ലൂയിസ് പതിനാലാമന് അവിടേയും രക്ഷയുണ്ടായിരുന്നില്ല. ആയതിനാൽ, 1791-ൽ രാജാവ് അതിർത്തിയിലെ നോർമണ്ടിയിലേക്ക് രഹസ്യപലായനം നടത്താൻ ശ്രമിച്ചു പക്ഷേ, ആ ഓപ്പറേഷൻ നടന്നില്ല. കാരണം, രാജാവിന്റെ പട്ടാളത്തെ മുഴുവനും അപ്പോഴേക്കും ഫ്രഞ്ച് വിപ്ലവകാരികൾ കോൺസെന്ട്രേഷൻ ക്യാമ്പിലടച്ചിരുന്നു.
ഫ്രഞ്ച് വിപ്ലവം തുടരുകയാണ്. 1792, ഓഗസ്റ്റ് 10-ന് വിപ്ലവകാരികൾ ട്യൂലറീസ് കൊട്ടാരം വളഞ്ഞു. രാജാവിന്റെ സുരക്ഷ ഏറ്റെടുത്ത സ്വിസ്സ് പട്ടാളം രാജാവിനെ, ഫ്രഞ്ച് നിയമസഭാ മന്ദിരത്തിലേക്ക് മാറ്റാൻ ശ്രമിച്ചു. എന്നാൽ, ഫ്രഞ്ച് വിപ്ലവകാരികളുടെ കരുത്തിന് മുന്നിൽ സ്വിസ്സ് പട്ടാളത്തിന് തോറ്റുകൊടുക്കേണ്ടതായി വന്നു.
സ്വിസ്സ് പട്ടാളത്തിന്റെ ആയുധവും വെടിക്കോപ്പുകളും തീർന്നു. സ്വിസ്സ് പട്ടാളത്തിന് പിൻവാങ്ങാനും അവരുടെ ബാരക്കുകളിലേക്ക് മടങ്ങി സുരക്ഷിതരാവാനുമുള്ള ഉത്തരവ്, പതിനൊന്നാം മണിക്കൂറിൽ, രാജാവ് ഇറക്കിയെങ്കിലും പട്ടാളക്കാർക്ക് ഒന്നിനും കഴിഞ്ഞില്ല.
വിപ്ലവകാരികളുമായുള്ള ഏറ്റുമുട്ടലിൽ നിലവിലെ കണക്കനുസരിച്ച് 760 സ്വിസ്സ് പട്ടാളക്കാരെ വിപ്ലവകാരികൾ, നിർദയം വധിച്ചുകളഞ്ഞു. മരിച്ച സ്വിസ്സ് പട്ടാളക്കാരുടെ എണ്ണം കൂടാനാണ് സാധ്യത. കൊല്ലപ്പെട്ടവർക്ക് ഇന്നും, കണക്കില്ലാത്ത, വിപ്ലവമാണ്, ഫ്രഞ്ച് വിപ്ലവം. സപ്തംബർ കൂട്ടക്കൊല എന്ന പേരിൽ ചരിത്രം അടയാളപ്പെടുത്തിയ ഈ മനുഷ്യക്കരുതിയിൽ ആയിരങ്ങൾ വധിക്കപ്പെട്ടു കാണണം എന്ന് ചരിത്രം നമ്മേ ഓർമ്മിപ്പിക്കുന്നുണ്ട്.
രക്ഷപ്പെട്ട പട്ടാളക്കാരിൽ കുറേ പേർ വിപ്ലവകാരികളോടൊപ്പവും കുറച്ചുപേർ രാജനീതിയോട് കൂറുപുലർത്തി, രാജാവിനൊപ്പവും നിലകൊണ്ടു. പിന്നീട് കൊല്ലപ്പെട്ടവർക്ക്, താമ്രപത്രവും, ജീവൻ നിലനിർത്തിയവർക്ക് ധീരവീര ചക്രങ്ങളും സമ്മാനിക്കപ്പെട്ടതായി ചരിത്രത്തിന്റെ സ്ഥിരീകരിക്കപ്പെടാത്ത സാക്ഷ്യമുണ്ട്. രക്ഷപ്പെട്ട, ചില സ്വിസ്സ് പട്ടാളമേധാവികൾ, പിന്നീട് നെപ്പോളിയന്റെ ഇടം-വലം കൈബലം അലങ്കരിച്ചതായും ചരിത്രം പറയുന്നുണ്ട്.
ഏറെ കാലത്തിനുശേഷം, ഓഗസ്റ്റ്-സപ്തംബർ കൂട്ടക്കൊലകാലത്ത്, ഭാഗ്യവശാൽ അവധിയിലായിരുന്ന, ലൂസേണിലെ കാൾ ഫൈഫർ വോൺ ആൾടിഷോഫൻ (Karl Pfyffer von Altishofen) എന്ന സൈനികൻ, ഈ കൂട്ടക്കൊലയെ കുറിച്ച് ഒരു പുസ്തകമെഴുതി. സംപ്തംബർ കൂട്ടക്കൊലയിലകപ്പെട്ട സ്വിസ്സ് പട്ടാളക്കാരെ കുറിച്ചുള്ള ഒരു വൈകാരിക ആഖ്യാനമായിരുന്നു ആ പുസ്തകം. അതുകൊണ്ടുതന്നെ ആ പുസ്തകം ഫ്രാൻസിലും സ്വിറ്റസർലണ്ടിലും വലിയ ദേശീയ, വൈകാരിക ചലനങ്ങൾ സൃഷ്ടിച്ചു.
അങ്ങനെ കൊല ചെയ്യപ്പെട്ട സ്വിസ്സ് പട്ടാളക്കാർക്ക് ഒരു സ്മാരകം നിർമ്മിക്കണമെന്ന ഒരു പൊതു വികാരവും വിചാരവും ഉടലെടുത്തു. കാൾ ഫൈഫർ തന്നെ അതിന്നായി മുൻകയ്യെടുത്തു. അങ്ങനെ യൂറോപ്യൻ ജനതയുടെ പങ്കാളിത്തത്തോടെ സ്ഥാപിച്ച സ്മാരകമാണ്, ലൂസേണിലെ “ലൂസേണിലെ മരിച്ചുകൊണ്ടിരിക്കുന്ന സിംഹം” എന്ന ഈ കാണുന്ന സിംഹശിലാസ്മാരകം. 1818-ലാണ് ഈ സ്മാരകം ലൂസേണിൽ ഉയരുന്നത്.
ഡാനിഷ് ശില്പിയായ ബെർട്ടൽ തോർവാൾഡ്സൺ രൂപകല്പന ചെയ്ത ഈ ശില്പനിർമ്മിതിക്കായി, ലൂക്കസ്സ് അഹോൺ എന്ന കൽപണിക്കാരന്റെ സഹായവും ഉണ്ടായിരുന്നു. 1820-1821- കാലയളവിലാണ് ലൂസേണിൽ ഈ സ്മാരകം സമ്പൂർണ്ണമായും പൂർത്തിയാവുന്നത്.
പ്രതിവർഷം ഒന്നര ദശലക്ഷം സഞ്ചാരികൾ സന്ദർശിക്കുന്ന ഈ ശില്പത്തെ കുറിച്ച് പ്രസിദ്ധ എഴുത്തുകാരനായ മാർക്ക് ട്വൈൻ, ഇങ്ങനെ പറയുന്നു. “ലോകത്തിലെ ഹൃദയസ്പർശിയായ വിലപിക്കുന്ന ശിലയാണ്.” ഈ മരിച്ചുകൊണ്ടിരിക്കുന്ന സിംഹം.
മാർക്ക് ട്വൈന്റെ വർണ്ണന അവസാനിക്കുന്നില്ല. അത് തുടരുന്നത് ഇങ്ങനെ. “ഭീമാകാരനായ സിംഹം, ജീവൻ സ്ഫുരിക്കുന്ന ഈ ശിലാഫലകത്തിൽ, അവന്റെ മടയിൽ, തല താഴ്ത്തി കിടക്കുകയാണ്. തല കുനിഞ്ഞുള്ള, അവന്റെ ഭാവം മഹത്തരമാണ്. ഒടിഞ്ഞ കുന്തം അവന്റെ തോളിൽ വിശ്രമിക്കുന്നുണ്ട്. അവന്റെ പാദങ്ങൾ ഫ്രാൻസിന്റെ ലില്ലിപൂക്കളിൽ വിശ്രമിക്കുകയാണ്. പാറമേൽ നിന്ന് ഒഴുകിയിറങ്ങുന്ന മുന്തിരിവള്ളികൾ കാറ്റിലിളകുന്നുണ്ട്. പാറയുടെ മുകളിൽ നിന്ന് പളുങ്കുമണികൾ പോലെ വെള്ളം, താഴെയുള്ള ജലാശയത്തിലേക്ക്, ഇറ്റിറ്റ് വീഴുന്നുണ്ട്. തെളിമയാർന്ന ജലാശയത്തിൽ, ലില്ലിപൂക്കൾക്കിടയിൽ, അവന്റെ പ്രതിഫലനമുണ്ട്. അവന് ചുറ്റും പുല്ലും ഹരിതാഭമായ വൃക്ഷങ്ങളുമുണ്ട്. ശബ്ദകോലാഹലങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന, സ്വച്ഛമായ ഒരു വനാഭയമാണ് അവന്റേത്. എല്ലാംകൊണ്ടും അവന് സ്വസ്ഥമായി മരിക്കാൻ പറ്റുന്ന ഒരിടമാണ് അവന്റേത്. അവൻ കിടക്കുന്നത് മാർബിളിലല്ല, അവന് ചുറ്റും ഇരുമ്പുവേലികളും ഇല്ല. ലൂസേണിലെ സിംഹം എവിടേയും പതിഞ്ഞുകിടക്കാം, പക്ഷേ, ഈ ശിലയിലേതുപോലെ എവിടേയും പതിഞ്ഞുകിടക്കില്ല.”
വനരാജകഥാഖ്യാനവും വിപ്ലവചരിത്രാഖ്യാനവും കഴിഞ്ഞു. ഇനി തിരിച്ച് ലൂസേൺ നഗരത്തിലേക്ക്. വീണ്ടും പച്ചക്കരിങ്കാടുകൾ താണ്ടി ഇനിയും അവശേഷിച്ച സ്വിസ്സ് നുണയാനുള്ള യാത്ര. ഈ കരിമ്പച്ച കാടുകളിലെവിടേയോ ഞാൻ ആ സ്വിസ്സ് സിംഹത്തിന്റെ മരണരോദനം കേൾക്കുന്നുണ്ട്. അതത്രയും എന്റെ ഹൃത്തടങ്ങളിൽ തേങ്ങുന്നുണ്ട്. ചരിത്രത്തിന്റെ ഗാംഭീര്യമുള്ള ഒരു തേങ്ങൽ. എന്നിലും നിങ്ങളിലുമുള്ള ചരിത്രകുമ്പസാരക്കൂട്ടിനകത്തെ, ഒരിക്കലും പശ്ചാത്താപം കിട്ടാത്ത, അനശ്വരമായ ഒരു തേങ്ങൽ.