“കടക്ക് പുറത്ത്” സ്ട്രാറ്റജിക്ക് പിൻഗാമിയോ സുരേഷ് ഗോപി?

“കടക്ക് പുറത്ത്” സ്ട്രാറ്റജിക്ക് പിൻഗാമിയോ സുരേഷ് ഗോപി?

സുരേഷ് ഗോപിയും മാധ്യമപ്രവർത്തകരും പാമ്പും കീരിയും പോലെ കഴിയാനും കളിക്കാനും തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷമായി. ഈ കലഹാന്തരീക്ഷത്തെ ഒന്ന് വിശകലനം ചെയ്യണമെന്ന് ഞാൻ വിചാരിച്ചിട്ടും കുറേ നാളായി. സമൂഹമാധ്യമം സംഘിപ്പട്ടും വളയും സമ്മാനിതനായ ഒരാളെന്ന നിലയിൽ വിശകലനം ഇങ്ങനെ നീണ്ടുപോവുകയായിരുന്നു. ഒപ്പം, എന്നിൽ സംഘിയാഭരണ ചാർത്തുകളും കൂടിക്കൂടി, ഇപ്പോൾ, ഏതാണ്ട് നിന്ന മട്ടായി. എന്നാപിന്നെ ആ വിശകലനം ഒന്ന് പൂർത്തീകരിക്കാമെന്ന് തീരുമാനിച്ചു. വീഡിയോ കാണാം

ഞാനും ഒരു മാധ്യമപ്രവർത്തകനായിരുന്നു. അടൽ ബിഹാരി വാജ്പേയി, കെ.ആർ. നാരായണൻ, വി.ആർ. കൃഷ്ണയ്യർ തുടങ്ങിയ ദേശീയ പ്രധാന്യമുള്ള വ്യക്തിത്വങ്ങളടക്കം ഒരുപാട് പേരുടെ അഭിമുഖമങ്ങൾ എടുത്തവനാണ് ഞാൻ. സ്റ്റിങ്ങ് ഓപ്പറേഷൻ തുടങ്ങീ, നിർണ്ണായകമായ ഒരുപാട് മാധ്യമ ആക്ടിവിസം ഏറ്റെടുത്ത ഒരു മാധ്യമ പ്രവർത്തകനുമാണ് ഞാൻ. അതൊരു വലിയ യോഗ്യതയൊന്നുമല്ലെങ്കിലും, വലിയ അനുഭവമായിരുന്നു. അതുമായി ബന്ധപ്പെട്ട അവസാനത്തെ കോടതി വ്യവഹാരം ഈയടുത്താണ് തീർന്നതും.

സുരേഷ് ഗോപിയുടെ സിനിമാവ്യക്തിത്വവും മാനവികവ്യക്തിത്വവും നന്നായി പഠിച്ച ഒരാളാണ് ഞാൻ. അതുകൊണ്ടാണ്, തൃശൂരിൽ മത്സരിക്കാൻ നാമനിർദേശം കൊടുക്കുന്നതിനും വളരെ മുമ്പ് തന്നെ അയാളുടെ വിജയം എനിക്ക് പ്രവചിക്കാൻ കഴിഞ്ഞത്. അന്നുമുതൽ, ഞാൻ അണിഞ്ഞില്ലെങ്കിലും, എന്നിൽ ചാർത്തപ്പെടുകയാണ് സംഘിയാഭരണങ്ങൾ. അതിന്നും തുടരുകയാണ്.

സത്യത്തിൽ സുരേഷ് ഗോപിക്ക് എന്തുപറ്റി? അല്ലെങ്കിൽ നമ്മുടെ മാധ്യമപ്രവർത്തകർക്ക് എന്തുപറ്റി? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ രണ്ട് കൂട്ടരുടേയും കണക്കുകൂട്ടലുകൾ തെറ്റി എന്നതാണ് സുരേഷ് ഗോപി-മാധ്യമ ലഹളക്ക് അടിസ്ഥാനം. സുരേഷ് ഗോപി ഒരു കാരണവശാലും ജയിക്കില്ലെന്നാണ് തൃശൂരിലെ, ഞാനൊഴിച്ചുള്ള എല്ലാ മാധ്യമപ്രവർത്തകരും കണക്കുകൂട്ടിയത്. സുരേഷ് ഗോപി ഏതാണ്ട് 15000 മുതൽ 25000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു, ബിജെപിയുടേയും യഥാർത്ഥത്തിലുള്ള കണക്കുകൂട്ടൽ. ആ കണക്കുകൂട്ടലും തെറ്റി. സുരേഷ് ഗോപി, രാഷ്ട്രീയ കേരളത്തിന് സങ്കല്പിക്കാൻ പോലും കഴിയാത്ത 75000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ഇനി അതിനെ പൂരപ്പറമ്പിൽ വച്ച്, ന്യായീകരിക്കുന്നതിലും അന്യായീകരിക്കുന്നതിലും വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അയാൾ വിജയശ്രീലാളിതനായി. തൃശൂരിന്റെ എംപിയായി. കേന്ദ്രമന്ത്രിയായി.

ഈയൊരു രാഷ്ട്രീയ അതിശയം, സുരേഷ് ഗോപി എന്ന ആക്ഷൻ ഹീറോയെ, ആർക്കും ചോദ്യം ചെയ്യപ്പെടാനാവാത്ത, രാഷ്ട്രീയത്തിലേയും ആക്ഷൻ ഹീറോയാക്കി. അതേസമയം ഈയൊരു രാഷ്ട്രീയ അതിശയം, തൃശൂരിലെ ഇടതുസഹയാത്രികരേയും, അവരുമായി നല്ല ബന്ധം പുലർത്തുന്ന, മുഴുവൻ മാധ്യമപ്രവർത്തകരേയും നിരാശപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, അവരൊക്കെ ഇളിഭ്യരാവുകയും ചെയ്തു. എന്നാൽപിന്നെ, സുരേഷ് ഗോപി എന്ന ആക്ഷൻ ഹീറോയെ ന്യനവൽക്കരിക്കാനുള്ള ഒരുതരം കൌണ്ടർ ആക്ഷൻ ഹീറോയിസത്തിന് ഒരുങ്ങുകയായിരുന്നു, തൃശൂരിലെ ഇടതുസഹയാത്രികരും മാധ്യമപ്രവർത്തകരും. കലഹം തുടങ്ങുന്നതിങ്ങനെയാണ്. കലഹത്തിന്റെ കലണ്ടർ ഞാനിവിടെ രേഖപ്പെടുത്തുന്നില്ല. അതൊരു അധികപ്രസംഗമാവും.

സുരേഷ് ഗോപിയുടെ ആക്ഷൻ ഹീറോയിസത്തെ, ബിജെപിയുടെ കേന്ദ്ര നേതൃത്തം അംഗീകരിച്ചു. അതോടെ സുരേഷ് ഗോപിയെന്ന സിനിമയിലെ ആക്ഷൻ ഹീറോയും രാഷ്ടീയത്തിലെ ആക്ഷൻ ഹീറോയും താദാത്മ്യം പ്രാപിച്ചു. തദ്വാര. സുരേഷ് ഗോപിയുടെ രാഷ്ട്രീയ ശരീരത്തെ, സിനിമയിലെ ആക്ഷൻ ഹീറോയുടെ ആത്മാവ് ഭരിക്കാൻ തുടങ്ങി. അതിനനുസരിച്ച് സിനിമയിലെന്നോണം രാഷ്ട്രീയത്തിലും സുരേഷ് ഗോപിക്ക് ഏറെ ആരാധകരുണ്ടായി. അതേസമയം, തിരക്കഥയും സംവിധാനവുമടക്കമുള്ള സിനിമയിലെ സംഘാടനം, അയാൾക്ക് രാഷ്ട്രീയത്തിൽ ലഭിക്കാനായില്ല. അത് സാധ്യവുമല്ല. അങ്ങനെയാണ് രാഷ്ട്രീയത്തിലെ ആക്ഷൻ ഹീറോയായ സുരേഷ് ഗോപിക്ക്, രാഷ്ട്രീയവും സാമൂഹികവുമായ അടുക്കും ചിട്ടയും നഷ്ടമായത്. ഇത് തികച്ചും സ്വഭാവികവുമാണ്. മനശ്ശാസ്ത്രപരമായി ഇത് തിരുത്താൻ സുരേഷ് ഗോപിക്ക് മാത്രമേ കഴിയൂ.

ഇനി നമ്മുടെ മാധ്യമപ്രവർത്തകരുടെ ആക്ഷൻ ഹീറോയിസത്തെ കുറിച്ച് ചർച്ച ചെയ്യാം. നാം പത്രപ്രവർത്തനത്തെ എന്നുമുതൽ മാധ്യമപ്രവർത്തനം എന്നുവിളിക്കാൻ തുടങ്ങിയോ, അന്നുമുതൽ തുടങ്ങിയതാണ് ഈ രംഗത്തെ അപചയം. സമൂഹമാധ്യമപ്രവർത്തനം, ഭൂമിയിൽ വേരുപിടിച്ചതോടെ നമ്മുടെ അഭിനവ മാധ്യമപ്രവർത്തകർ കൊട്ടിഘോഷിക്കുന്ന, മാധ്യമപ്രവർത്തനഗരിമ ഏതാണ്ടൊക്കെ നഷ്ടമായെന്ന് പറയാം. സമൂഹമാധ്യമ രംഗത്ത് എഡിറ്ററോ എഡിറ്റോറിയലോ ഇല്ലെന്ന സത്യം നാം വിസ്മരിക്കരുത്. എന്നാൽ മാധ്യമ രംഗത്ത് ആ സംവിധാനം ഇന്നും നാമമാത്രമായി നിലനിൽക്കുന്നുണ്ടെങ്കിലും അത്രക്ക് കാര്യക്ഷമമല്ല തന്നെ.

ഓൺലൈൻ സംവിധാനവും, തത്സമയ പ്രക്ഷേപണ സംവിധാനവും, മാധ്യമങ്ങൾ തമ്മിലുള്ള റേറ്റിങ്ങിനുവേണ്ടിയുള്ള കടുത്ത മത്സരങ്ങളും, ഈ രംഗത്ത് അരാജകത്വം സൃഷ്ടിച്ചു. ഈ അരാജകത്വത്തെ അവർ മാധ്യമ ആക്ടിവിസം എന്ന് വിളിച്ചുപോന്നു. രാഷ്ട്രീയപാർട്ടികളുടെ പിൻതുണയോടെ വളർന്നുകൊണ്ടിരിക്കുന്ന ഈ ആക്ടിവിസമാണ്, സുരേഷ് ഗോപി-മാധ്യമ കലഹത്തിനും ലഹളക്കും കാരണമായത്. നിലനിൽക്കുന്ന ഏതൊരു മാധ്യമപ്രവർത്തന സമ്പ്രദായം അനുസരിച്ചും ഈ കലഹ-കാഹളത്തെ മാധ്യമപ്രവർത്തനം എന്ന് വിളിക്കാനാവില്ല. ഇത് മാധ്യമ അരാജകത്വം തന്നെയാണ്, മാധ്യമ ആക്ടിവിസവുമല്ല.

കേരളത്തിലെ മാധ്യമരംഗത്തെ അപചയത്തേയും അരാജകാവസ്ഥയേയും മനസ്സിലാക്കിയ ഒരേയൊരു രാഷ്ട്രീയവ്യക്തിത്വം പിണറായി വിജയനാണ്. അതുകൊണ്ടാണ് അയാൾ മാധ്യമപ്രവർത്തകരോട് “കടക്ക് പുറത്ത്” എന്ന് ആജ്ഞാപിച്ചത്. പിണറായി വിജയന്റെ, മാധ്യമപ്രവർത്തകരോടുള്ള ആ അകറ്റിനിർത്തൽ സ്ട്രാറ്റജിക്കുശേഷം, കേരളത്തിലെ ഒരു മാധ്യമപ്രവർത്തകരും പിണറായിയുടെ മുന്നിലോ പിന്നിലോ ഇത്തരം അരാജക-ആക്ടിവിസ്റ്റിക്ക് ഓപ്പറേഷന് ധൈര്യപ്പെട്ടില്ലെന്നതും വാസ്തവമാണ്.

കാര്യങ്ങളെ അപഗ്രഥിച്ചുപഠിക്കുമ്പോൾ എനിക്ക് മനസ്സിലാവുന്നത്, അതേ പിണറായി സ്ട്രാറ്റജി തന്നെയാണ് സുരേഷ് ഗോപിയും പിൻതുടരുന്നത്. അതേ “കടക്ക് പുറത്ത്” സ്ട്രാറ്റജി തന്നെയാണ് സുരേഷ് ഗോപിയുടേതും. ഞാൻ ഇരുവരുടേയും തന്ത്രപരമായ ഈ സമീപനത്തെ ജനാധിപത്യപരമായി ശരിവക്കുന്നില്ലെങ്കിലും, വ്യക്തികളുടെ മൌലികസ്വാതന്ത്ര്യം കണക്കിലെടുത്ത് ആ സമീപനത്തെ പാടെ തള്ളുന്നുമില്ല.

ഇവിടെ മാധ്യമപ്രവർത്തകർ മനസ്സിലാക്കേണ്ട കാര്യം, വാർത്തകളുടെ സോഴ്സ്  അഥവാ ഉറവിടം, ഒരു പിണറായി വിജയനിലും സുരേഷ് ഗോപിയിലും മാത്രം ഒതുങ്ങുന്നതോ പരിമിതപ്പെടുന്നതോ അല്ലെന്നാണ്. ഈ സത്യം പിണറായി വിജയനും, സുരേഷ് ഗോപിക്കും കേരളത്തിലെ മാധ്യമപ്രവർത്തകർക്കും ഒരുപോലെ ബാധകമാണെന്നോർക്കുക. ഓർത്താൽ നന്ന്. ഈ തിരിച്ചറിവിൽ അവസാനിക്കേണ്ടതാണ് സുരേഷ് ഗോപി-മാധ്യമ ലഹളയും കോലാഹലങ്ങളും.