ട്രാവൽ കമ്പനിക്കാർ സഞ്ചാരികളെ പറ്റിക്കുന്നുണ്ടോ?

24 Sep 2024
കോവിഡിനുശേഷം മനുഷ്യർക്കിടയിൽ പ്രത്യേകിച്ചും മലയാളികൾക്കിടയിൽ ഒരു മനം മാറ്റമുണ്ടായി. ഉണ്ടാക്കുന്ന പണം മുഴുവനും ബാങ്കിൽ നിക്ഷേപിച്ചിട്ട് സ്വന്തം വീട്ടിലിരുന്ന് തിന്നിട്ടും കുടിച്ചിട്ടും ആഘോഷിച്ചിട്ടും ഒരു കാര്യവുമില്ലെന്ന ഒരു തിരിച്ചറിവായിരുന്നു അത്. അതുകൊണ്ട്, ഉള്ള കാശൊക്കെ എടുത്ത് നാട് കാണാനും ആസ്വദിക്കാനും തീരുമാനിച്ചു മനുഷ്യർ.
സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരം കൂടി കണ്ടപ്പോൾ ആ തീരുമാനത്തെ മനുഷ്യർ സർവ്വാത്മനാ സ്വാഗതം ചെയ്യുകയായിരുന്നു. പിന്നെ പുതിയ തലമുറയുടെ ദേശാടനം കൂടി ആരംഭിച്ചപ്പോൾ പിന്നെ ഒന്നും നോക്കാനില്ലെന്ന മട്ടിൽ മലയാളികൾ രണ്ടും കല്പിച്ച് ഊരുചുറ്റൽ ആരംഭിച്ചു. മാത്രമല്ല, സ്വന്തം മക്കളുടേയും മരുമക്കളുടേയും പേരക്കുട്ടികളുടേയും ഗാർഹിക പ്രാരാബ്ദങ്ങൾ, വിദേശ രാജ്യങ്ങളിൽ പോയി പങ്കുവക്കാനും നമ്മുടെ പുതിയ മാതാപിതാക്കൾ നിർബന്ധിതരായി. കൂടുതലും, മക്കളുടെ പ്രസവ-പ്രസവാനന്തര കൃത്യങ്ങൾ നിർവ്വഹിക്കാനായിരുന്നു കൂടുതലും മാതാപിതാക്കൾ ദേശാടനം നടത്തിയത്.
എന്തായാലും പുതിയ തലമുറയുടെ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ നമ്മുടെ രാജ്യത്ത് ടൂറിസം പച്ചപിടിച്ചു. രാജ്യാന്തര ടൂറിസത്തേക്കാൾ വിദേശ ടൂറിസമാണ് കൂടുതലും പച്ചപിടിച്ചത്. പുതിയ തലമുറയും, സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരപ്രക്ഷേപണവും, സമൂഹഹമാധ്യങ്ങളിലെ ട്രാവൽ വ്ളോഗ്ഗർമാരും തന്നെയാണ് ഈ വ്യവസായത്തെ പച്ചപിടിപ്പിച്ചതെന്ന് പറയാം. അങ്ങനെ എല്ലാവരും പാസ്പോർട്ട് ഉള്ളവരായി. ഷെങ്കൻ വിസ പറവകളെപോലെ മനുഷ്യർക്കിടയിൽ വ്യാപകമായി. പാസ്പോർട്ട് സേവനകേന്ദ്രവും ഓൺലൈൻ വിസാ സൌകര്യങ്ങളും എല്ലാം സ്പീഡിലാക്കി. ടൂറിസം കമ്പനികളും ഓപ്പറേറ്റർമാരും കൂണുകൾ പോലെ മലയാളക്കര കവിഞ്ഞു.
മലയാളികളേയും വഹിച്ചുള്ള വിമാനങ്ങൾ അറബിക്കടൽ മാത്രമല്ല, ഭൂമിയിലെ എല്ലാ കടലുകളും കടന്ന് പറക്കാൻ തുടങ്ങി. മലേഷ്യയും തായ്ലണ്ടും മലയാളികളുടെ വിളയാട്ട കേന്ദങ്ങളായി. ഷെങ്കൻ വിസയുടെ പരിധിയിലുള്ള നൂറോളം വരുന്ന രാജ്യങ്ങളിൽ മലയാളികൾ ആനന്ദനൃത്തം ചവിട്ടി. ആനന്ദോത്സവത്തിന്റെ ചിത്രങ്ങളും ചലച്ചിത്രങ്ങളും മൊബൈലിൽ നിന്ന് പ്രവഹിച്ചു. അതത്രയും സമൂഹമാധ്യമങ്ങളിൽ ദൃശ്യവിരുന്നായി. മലയാളികൾ കേമൻമാരായി.
ഇന്നിപ്പോൾ യൂറോപ്പിലേക്കാണ് തിക്കും തിരക്കും. ഏഴ് ദിവസം മുതൽ പതിനേഴ് ദിവസം വരെ യൂറോപ്പ് ചുറ്റിക്കറക്കലാണ് ടൂറിസം കമ്പനികളും ഓപ്പറേറ്റർമാരും, സാധാരണയായി, ഉന്നം വക്കുന്നത്. ഇന്നിപ്പോൾ, ഇവർക്ക് കൊയ്ത്തുകാലമാണ്. ഒന്നര ലക്ഷം മുതൽ ഏകദേശം നാല് ലക്ഷം വരെയാണ് യൂറോപ്പ് ടൂറിന്റെ കമ്പോളവിലനിലവാരം.
ഈ കമ്പോളം പഠിക്കാനായി ഇറങ്ങിയ ഞാൻ ഏകദേശം പത്തോളം ടൂർ കമ്പനികളും അതിലേറെ ഓപ്പറേറ്റർമാരേയും ബന്ധപ്പെട്ടു. അവസാനം ലാഭനഷ്ടങ്ങളൊന്നും നോക്കാതെ ഒരു ഇന്റർനാഷ്ണൽ കമ്പനിയെ സ്വീകരിക്കുകയായിരുന്നു. അന്താരാഷ്ട്ര നാണയവിനിമയ കോർപ്പറേറ്റ് കൂടിയാണ് ഞാൻ തെരഞ്ഞെടുത്ത ടൂർ കമ്പനി. കമ്പനിയുടെ പേരു വെളിപ്പെടുത്താത്തത് എനിക്ക് സഞ്ചാരത്തോടുള്ള അഭിനിവേശം കൊണ്ടാണെന്ന് കരുതിക്കോളൂ. അതേസമയം, ഇത്തരം കമ്പനികൾ സഞ്ചാരികളെ ചൂഷണം ചെയ്യുന്നത് കയ്യും കെട്ടി കാണാനുമാവില്ല. അതുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.
ഏഴുദിവസത്തെ യൂറോപ്പ് സഞ്ചാരത്തിന് ഞാൻ കൊടുത്തത് മൂന്ന് ലക്ഷമാണ്. ഞാൻ ഈ കമ്പനിയെ സമീപിക്കുമ്പോൾ അവർ എന്നോട് ആവശ്യപ്പെട്ടത് രണ്ടര ലക്ഷമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ ഒരു ലക്ഷം രൂപ അഡ്വാൻസായി കൊടുക്കുകയും ചെയ്തു. പിന്നീട് പലപല കാരണങ്ങൾ പറഞ്ഞ്, ഡീൽ ക്ലോസ് ചെയ്തത് മൂന്ന് ലക്ഷം രൂപക്കായിരുന്നു. അപ്പോഴും ഈ രംഗത്തെ മറ്റ് ടൂർ കമ്പനികൾ രണ്ട് ലക്ഷത്തിനും രണ്ടേകാൽ ലക്ഷത്തിനും ഇതേ യൂറോപ്പ് വിനോദസഞ്ചാരം വിറ്റുപോന്നിരുന്നു. വിശദീകരണം ചോദിച്ചപ്പോൾ പറഞ്ഞത്, എനിക്കവർ തികച്ചും സൌജന്യമായി, പ്രീമിയം ഹോട്ടലുകളും ഭക്ഷണസൌകര്യങ്ങളും കാഴ്ചകളുമാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നാണ്. അതുകൊണ്ടുതന്നെ ആ ഇന്റർനാഷ്ണൽ ടൂർ കമ്പനിക്ക് മുന്നിൽ എനിക്ക് സംശയാലുവായ തോമയാവേണ്ടി വന്നില്ല. ഞാനൊരിക്കലും സംശയാലുവായ തോമ(Doubtful-Thomas)യുമായിരുന്നില്ല. അതുകൊണ്ടുതന്നെ കമ്പനിയുടെ അന്ത്യ അത്താഴത്തിന്റെ പാചകത്തെ (Cook-ing) സംശയിച്ചതുമില്ല.
ഇനി കാര്യത്തിലേക്ക് കടക്കാം. അവർ എനിക്ക് രേഖാമൂലം തന്ന യാതൊരുവിധ വാഗ്ദാനങ്ങളും പാലിച്ചില്ല. നഗരഹൃദയത്തിൽ നാലുനക്ഷത്ര ഹോട്ടലുകൾ തരാമെന്ന് പറഞ്ഞവർ, എന്നെ കൊണ്ട് പോയത് നഗരത്തിൽ നിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ അകലെയുള്ള ഇടത്തരം ഹോട്ടലുകളിലേക്കാണ്. ആശുപത്രി കിടക്കകളെ ഓർമ്മിപ്പിക്കുന്ന കട്ടിലും വിരിയുമാണ് അവർ എനിക്ക് തന്നത്. കുടിക്കാൻ ഒരു കുപ്പി വെള്ളമൊ, തുടക്കാൻ ടിഷ്യൂ പേപ്പറോ തന്നില്ല. ഇന്റർനാഷ്ണൽ ബ്രേക്ക്ഫാസ്റ്റ്, പുട്ടും കടലയും എന്ന തട്ടുകട സംവിധാനത്തിലേക്ക് ചുരുങ്ങുകയായിരുന്നു, പലപ്പോഴും. അവസാനം മാത്രമാണ്, ഭേദപ്പെട്ട ഒരു ഹോട്ടൽ മുറിയും ഭക്ഷണവും ലഭിച്ചത്. പല സഞ്ചാരികളും ആദ്യമായാണ് ഇതൊക്കെ കാണുന്നതും അനുഭവിക്കുന്നതുമെന്നതുകൊണ്ട് അവർക്ക് പരാതികളുണ്ടായിരുന്നില്ല. പിന്നെയുള്ള ചിലർ അവരുടെ സ്റ്റാറ്റസ്സിൽ ദുരഭിമാനിതരായി പരാതികൾക്കായി നാവനക്കിയതുമില്ല.
ഇനി കാഴ്ചകളിലേക്ക് കടക്കാം. വിദേശരാജ്യങ്ങളിൽ കണ്ടുവരുന്ന, എന്നാൽ നാം കാണാത്തതുമായ ശരാശരി ലക്ഷ്വറി ബസ്സിലായിരുന്നു യാത്രകൾ. വൈഫൈ സംവിധാനം ഈ ബസ്സിൽ ഇല്ലായിരുന്നു. അതിരാവിലെ നേരത്തെ സൂചിപ്പിച്ച ശുഷ്കിച്ച ബ്രേക്ക്ഫാസ്റ്റും കഴിച്ച്, ബസ്സിൽ കയറിയ സഞ്ചാരികൾ, അന്തിയാവും വരെ ആ ബസ്സിൽ തന്നെ യാത്ര ചെയ്യണം. ഒരു യൂറോ അഥവാ 97 രൂപയോളം മുടക്കി മുള്ളാനും മറ്റ് കാര്യങ്ങൾ പ്രാപിക്കാനും മാത്രമായി അപൂർവ്വമായി ഈ ബസ്സ് നിർത്തിയിരുന്നു. സഞ്ചാരികൾക്ക് വിഹിതമായ കാഴ്ചകളുടെ ഓട്ടപ്രദക്ഷിണം മാത്രമായിരുന്നു വിനോദസഞ്ചാരം. ഒരു കാഴ്ചക്കും ടിക്കറ്റ് എടുക്കേണ്ടതില്ലെന്ന് ഉറപ്പ് കൊടുത്ത് കൊണ്ടുവന്ന സഞ്ചാരികൾ നിസ്സഹായരായി പത്തും പതിനഞ്ചും യൂറോ കൊടുത്ത് ടിക്കറ്റ് വാങ്ങേണ്ടിവന്നു. യൂറോപ്പിന്റെ അന്തസ്സ് കളയരുതല്ലോ, എന്ന് വിചാരിച്ച് സഞ്ചാരികൾ, ആരും ഒരക്ഷരം പോലും ഉരിയാടിയില്ല. ഇന്റർനാഷ്ണൽ വിനോദസഞ്ചാരമല്ലേ, അവരെല്ലാം ഇന്റർനാഷ്ണലായി തന്നെ അതൊക്കെ സഹിച്ചു.
ഇനി ഭക്ഷണത്തിലേക്ക് കടക്കാം. ഏതോ ഗുജറാത്തിയോ പഞ്ചാബിയോ ഹിന്ദിക്കാരനോ നടത്തുന്ന ഇടത്തരം ഭക്ഷണശാലകളിൽ നിന്നായിരുന്നു ഭക്ഷണം. നമ്മുടെ തട്ടുകടകളേക്കാൾ മോശമായിരുന്നു ഇവിടങ്ങളിലൊക്കെ വിളമ്പിയ ഇന്ത്യൻ ഭക്ഷണം. മിക്കവാറും വർഷങ്ങളുടെ തുരുമ്പുകറ വീണ സ്റ്റീൽ എന്ന് തോന്നിപ്പിക്കുന്ന പ്ലേറ്റുകളിലായിരുന്നു ഈ തട്ടുകട ഭക്ഷണം വിളമ്പിയത്. ഈ ഹോട്ടലുകളുടെ പിന്നാമ്പുറത്തായിരുന്നു പലപ്പോഴും ഭക്ഷണം വിളമ്പിയത്. മുൻവശത്തെ സീറ്റുകൾ വെളുത്തവർക്കായി റിസർവ്വ് ചെയ്ത് വച്ചിരുന്നു. ഇവിടങ്ങളിലെ ശുചിമുറികൾ പലപ്പോഴും ഉപയോഗശൂന്യമായിരുന്നു. സഞ്ചാരികളിലെ വല്യേ കേമന്മാരും ഡോക്ടർമാരും വ്യവസായികളും അതിൽ സംതൃപ്തിയും സായൂജ്യവും പ്രാപിച്ച് പഴയകാലത്തെ കറുത്തവനെപോലെ അടങ്ങിയൊതുങ്ങിയിരുന്നു.
പത്തോ ഇരുപതോ വർഷം പരിചയമുള്ള മലയാളി ഗൈഡിനെയാണ് കമ്പനി നിയോഗിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കഷ്ടിച്ച് മുറി ഇംഗ്ലീഷ് പറയുന്ന ഒരു തമിഴ് ഗൈഡിനെയാണ് കമ്പനി നിയോഗിച്ചിരുന്നത്. അയാൾ അപ്പപ്പോൾ ഗൂഗിൾ ചെയ്ത് വിരസമായ യാത്രാവിവരണം ശർദ്ദിച്ചുകൊണ്ടിരുന്നു.. സഞ്ചാരികൾ കയ്യിൽ കരുതിയ യൂറോയിൽ, മലമൂത്ര വിസർജ്ജനത്തിന് ചെലവായത് കിഴിച്ച്, മിച്ചം വന്ന തുച്ഛമായ തുകയ്ക്ക്, യൂറോപ്പിന്റെ തെരുവുകളിൽ നിന്ന് മിഠായിയും, കീ ചെയിനും, കൊച്ചുകൊച്ചു സ്മാരകങ്ങളും വാങ്ങി സംതൃപ്തിയടഞ്ഞു. പിന്നേയും യൂറോ ബാക്കിവന്നവർ. നമ്മുടെ നാട്ടിൽ കിട്ടുന്ന, പലതും പലതും വാങ്ങി അന്തസ്സും ദുരഭിമാനവും സംരക്ഷിച്ചുകൊണ്ട് യാത്രയെ ശുഭപര്യവസായിയാക്കി.
വാൽകഷണം- വിനോദസഞ്ചാരം നടത്താനാഗ്രഹിക്കുന്നവർ, പുതിയ തലമുറയിൽപെട്ട ഒന്നോ രണ്ടോ പേരുടെ നേതൃത്തത്തിൽ ചെറിയ ഗ്രൂപ്പുകളായി പോവുക. ഒരു വിനോദസഞ്ചാരവും ഇന്ന് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് മനസ്സിലാക്കുക. അതിന്നായി ഒരു ടൂർ കമ്പനിയുടേയോ ഏജന്റന്മാരുടേയോ സഹായവും ആവശ്യമില്ല. ഏതൊരു വിനോദസഞ്ചാരിക്കും അത്യാവശ്യമായത് തോന്നുതെല്ലാം കാണാനുള്ള സ്വാതന്ത്ര്യമാണ്. അവകാശമാണ്. നാം വിനോദസഞ്ചാരത്തിന് പോകുന്ന രാജ്യത്തെ യാത്രാസംവിധാനങ്ങളും, ഭക്ഷണവിഭവങ്ങളും, സാംസ്കാരിക വിഭവങ്ങളുമാണ് ആസ്വദിക്കേണ്ടത്. യൂറോപ്പിൽ പോയി ചോറും സാമ്പാറും കഴിക്കേണ്ടതില്ല. കാലപ്പഴക്കം ചെന്ന തുരുമ്പിച്ച സ്റ്റീലെന്ന് തോന്നിപ്പിക്കുന്ന പാത്രങ്ങളിൽ ഭക്ഷണം കഴിക്കേണ്ടതില്ല. നാമിപ്പോൾ, വെളുത്ത ബ്രിട്ടീഷുകാരുടെ കറുത്ത അടിമകളല്ല. വെളുത്തവർ ആസ്വദിക്കുന്നതൊക്കെ ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം ഇന്ന് നമുക്കുണ്ട്. ടൂർ കമ്പനികളും ഏജന്റൻമാരും കഴിയുന്നിടത്തെല്ലാം കമ്മീഷൻ വാങ്ങി, നമ്മേ ചൂഷണം ചെയ്യുകയാണെന്ന് ഓർക്കുക. അനുഭവസമ്പത്തുള്ള ഒരു സഞ്ചാരിയുടെ ഓർമ്മപ്പെടുത്തലാണ് ഈ കുറിപ്പ്.